ഈ ബ്ലോഗിലെ കഴിഞ്ഞ
പോസ്റ്റിലെ കമന്റുകളിലൂടെ ഉരുത്തിരിഞ്ഞ പുതിയ കാഴ്ചപ്പാടുകളെയും നിര്‍ദ്ദേശങ്ങളെയും ഉള്‍പ്പെടുത്തി ജാതിയുടെയും പേരിന്റെയും രാഷ്ട്രീയം അല്‍പം കൂടി സമഗ്രമായ രീതിയില്‍ അപഗ്രഥിക്കേണ്ടതുണ്ട് എന്ന ചിന്തയാണ് ഈ പോസ്റ്റിനു കാരണം. എല്ലാ കമന്റുകളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുക സാധിച്ചിട്ടില്ല എന്നതിനാല്‍ മുന്‍പോസ്റ്റും കമന്റുകളും വായിക്കുമല്ലോ.ഇതും പൂര്‍ണ്ണത അവകാശപ്പെടുന്ന ഒരു കുറിപ്പല്ല. തെറ്റുകളും വ്യക്തിപരമായ ചില ആശയങ്ങളോടുള്ള പിന്‍പറ്റലുകളും ഉണ്ടായേക്കാം. ഇനിയും തിരുത്താന്‍ ഞാന്‍ സന്നദ്ധനായിരിക്കും. ഇത് ഈ വിഷയത്തില്‍ അവസാന പോസ്റ്റല്ല, ആകരുത് എന്ന് ചുരുക്കം.
ഡിസ്‌ക്ലൈമര്‍: ഈ കുറിപ്പില്‍ താഴ്‌ന്നജാതിയെന്നോ മേല്‍ജാതിയെന്നോ ഉപയോഗിക്കുമ്പോള്‍ മലയാളികളുടെ പൊതുബോധത്തില്‍, പൊതു വ്യവഹാരങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന അര്‍ഥമാണ് ഉദ്ദേശിക്കുന്നത്. ഒരു ജാതിയും മോശമെന്നോ മെച്ചമെന്നോ ഞാന്‍ കരുതുന്നില്ല. 'സോ കോള്‍ഡ്', ഇന്‍വര്‍ട്ടഡ് കോമ തുടങ്ങിയ ജാമ്യങ്ങള്‍ എടുക്കുന്നില്ല എന്നു ചുരുക്കം.
ആദ്യമെ പറയേണ്ടത് എം.ടിയെക്കുറിച്ചു തന്നെ. അദ്ദേഹം തന്റെ ജാതി പേരിലൂടെ പ്രകടമാക്കിയത് അദ്ദേഹത്തിന്റെ ജനസമ്മതിയെ സ്വാധീനിച്ചിട്ടുണ്ടോ എന്നതായിരുന്നു കഴിഞ്ഞ പോസ്റ്റില്‍ ഞാനുയര്‍ത്തിയ സന്ദേഹം. ഇത്രയും കമന്റുകള്‍, എന്റെ തന്നെ സാമൂഹിക-വായനാ അനുഭവങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി ഈ വിഷയത്തെക്കുറിച്ച് അല്‍പം ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഇല്ല എന്നു തന്നെയാണ് ഉത്തരം. കൂടാതെ രാജീവ് ചേലനാട്ട് പറഞ്ഞതു പോലെ എം.ടിയും ബഷീറുമെല്ലാം തികച്ചും മനുഷ്യസ്നേഹത്തിന്റെ പക്ഷത്തുനിന്നാണ് രചന നടത്തിയതെന്ന് തന്നെയാണ് ഇവരുടെ രണ്ടു പേരുടെയും 95% കൃതികളും വായിച്ചിട്ടുള്ള എനിക്കും പറയാനുള്ളത്. ബാബുരാജിന്റെ ആദ്യകമന്റ് സമീപകാലത്തു നടന്ന നാലുകെട്ട് ആഘോഷങ്ങള്‍ കൃതിയെ എന്നതിലുപരി നായര്‍ സ്വത്വത്തെയാണ് ആഘോഷിച്ചത് എന്നു പറയുന്നു. അപ്പോള്‍ എം.ടിയെ വായിച്ചിട്ടുള്ളവരില്‍ ചിലരെങ്കിലും അദ്ദേഹത്തിന്റെ ജാതിയെ പരിഗണിച്ചിരുന്നു എന്ന് സൂചന. എഴുത്തുകാരന്‍ സമൂഹത്തിന്റെ ധാര്‍മ്മികബോധത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേരിനെ അടിസ്ഥാനമാക്കിയുള്ള ചില അന്വേഷണങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.
മെര്‍കുഷ്യോയില്‍ സനാതനന്‍ പറഞ്ഞതു പോലെ ഇത്തരം അന്വേഷണങ്ങള്‍ വിഷലിപ്തമായ ചില അടിയൊഴുകുകളെ സഹായിക്കുമെന്നും വിഭാഗീയതയെ ശക്തിപ്പെടുത്തുമെന്നും ഞാനും കരുതുന്നു. ഇക്കാരണങ്ങളാല്‍ തന്നെ ഇത്തരം അന്വേഷണങ്ങള്‍ അതില്‍ തന്നെ പ്രതിലോമകരമാണെന്നും ഞാന്‍ തിരിച്ചറിയുന്നു. ഇനി ഭാവിയില്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇത്തരം ചില വാദങ്ങളുണ്ടാവുകയാണെങ്കില്‍ സമകാലികരായ നമ്മുടെ ചര്‍ച്ചകളും തീര്‍പ്പുകളും പ്രസ്തുത വാദങ്ങളെ റദ്ദ് ചെയ്യും എന്ന് പ്രതീക്ഷിക്കാം.
എം.ടിയുടെ നായര്‍ വ്യക്തിത്വം കൂടുതല്‍ സ്വാധീനിച്ചത് മലയാള സിനിമയെ ആണെന്ന്
മെര്‍കുഷ്യോ നിരീക്ഷിക്കുന്നു. വള്ളുവനാടന്‍-നായര്‍ ചുറ്റുപാടുകളും ഭാഷയും മലയാളിയെ പ്രതിനിധീകരിക്കുന്നു എന്ന രീതിയിലേക്ക് ജനപ്രിയസിനിമയെ കൊണ്ടു പോയതില്‍ ലോഹിതദാസിനും പത്‌മരാജനുമൊപ്പം എം.ടിയ്ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് ഞാനും കരുതുന്നു. എന്നിരിക്കിലും 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമയില്‍ പത്മരാജന്‍ ചെയ്തതു പോലെ-താഴ്‌ന്ന ജാതിക്കാരന്‍ അനുഭവിക്കുന്ന എല്ലാ നിന്ദനങ്ങളും അവന്‍ അര്‍ഹിക്കുന്നു എന്ന മട്ടിലുള്ള തികച്ചും പ്രതിലോമകരമായ തീര്‍പ്പുകള്‍ എം.ടിയില്‍ നിന്നും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയം.
മാരീചന്‍ ചൂണ്ടിക്കാട്ടിയതു പോലെ, ജാതി സംബന്ധമായ എല്ലാ ചര്‍ച്ചകളിലും ഉണ്ടായിരിക്കേണ്ട നിശിതമായ ചരിത്രബോധത്തിന്റെ അഭാവമാണ് പോസ്റ്റിന്റെ ഏറ്റവും പ്രകടമായ ന്യൂനത. കേരളത്തിലെ ജാതിവ്യവസ്ഥയുടെ ചരിത്രം അറിയാന്‍ സഹായിക്കുന്ന ഒരു പുസ്തകവും വായിച്ചിട്ടില്ല എന്ന് ആദ്യമേ പറയട്ടെ. ഒരു പുസ്തകവും കിട്ടാനുള്ള സാഹചര്യവുമല്ല ഇന്നെനിക്ക്. ബ്ലോഗില്‍ തന്നെയുള്ള ഒരു സുഹൃത്ത് എനിക്കയച്ച ഒരു വ്യക്തിപര- ഇ മെയിലില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നതില്‍ പ്രസക്തിയുണ്ടെന്നു കരുതുന്നു...കത്ത് ഇങ്ങനെയാണ്...
ഈ വിഷയത്തെ ചരിത്രപരമായി സമീപിക്കേണ്ടതുണ്ടെന്നു കരുതുന്നു. നായര്‍ എന്ന സമൂഹത്തെ സവര്‍ണ്ണജാതിയായി പരിഗണിക്കുന്ന നിന്റെ എഴുത്ത് സമീപകാല ചരിത്രത്തില്‍ മാത്രമേ ന്യായീകരിക്കപ്പെടുന്നുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നായര്‍ ഒരു സവര്‍ണ്ണജാതി ആയിരുന്നില്ല, പ്രത്യേകിച്ച് തിരുവിതാംകൂറില്‍. നമ്പൂതിരിമാര്‍ പോലും തമിഴ് ബ്രാഹ്മണര്‍ക്കു ശേഷം രണ്ടാം ക്ലാസ് പൗരന്മാരായിരുന്നു. മലയാളി മെമ്മോറിയലടക്കമുള്ള സാമൂഹികവിമോചനത്തിനായുള്ള ഒരുപാട് സമരങ്ങള്‍ക്ക് ശേഷമാണ് നായര്‍ സവര്‍ണ്ണജാതിയാകുന്നത്. (ഈ സമരത്തില്‍ അവര്‍ക്ക് കിട്ടിയ സാംസ്കാരിക പിന്തുണ നായന്മാര്‍ക്ക് ഒരു സുവര്‍ണ്ണ ഭൂതകാലം ഫിക്ഷനിലൂടെ നിര്‍മ്മിച്ചു നല്‍കിയ സി.വി രാമന്‍പിള്ളയുടെ എഴുത്തായിരുന്നു. ഓര്‍മ്മിക്കുക, അദ്ദേഹത്തിന്റെ കൃതികളിലെല്ലാം വ്യത്യസ്തമായ പ്രതിസന്ധികളില്‍ നിന്നും രാജാക്കന്മാരെ രക്ഷിച്ചിരുന്നത് നായന്മാരായിരുന്നു.) അതിനാല്‍ സവര്‍ണ്ണരാീ കണക്കാക്കപ്പെടുന്നതിനു മുന്‍പ് നായന്മാര്‍ക്ക് പേരില്‍ വാല് ഉണ്ടായിരുന്നോ എന്ന് അറിയില്ല; ഉണ്ടെങ്കില്‍ തന്നെ അത് സ്റ്റാറ്റസ് എന്നതിലുപരി പേരിന്റെ ഒരു ഭാഗം മാത്രമായിരുന്നു.നമ്മുടെ സമൂഹത്തില്‍ നടന്ന സാമൂഹ്യപരിഷ്കരണങ്ങളുടെയെല്ലാം പരിമിതി അതെല്ലാം പ്രസ്തുത ജാതിസമൂഹങ്ങളില്‍ ഒതുങ്ങി എന്നതായിരുന്നു. (ബംഗാളില്‍ പോലും പരിഷ്കരണങ്ങള്‍ ജാതിയുടെ മതില്‍ക്കെട്ടുകളെ ഭേദിച്ചില്ല.) ശ്രീനാരായണഗുരുവിന്റെ പരിഷ്കരണശ്രമങ്ങള്‍ ഈഴവസമൂഹത്തില്‍ മാത്രമൊതുങ്ങി. വി.ടി ഭട്ടതിരിപ്പാടിന്റേത് നമ്പൂതിരി സമൂഹത്തിലും. ഈ ഒരു വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍ വി.ടി എന്തുകൊണ്ട് അദ്ദേഹത്തിന്റെ വാല് എടുത്തുകളഞ്ഞില്ല എന്നു മനസ്സിലാകും. സമുദായത്തിലെ മാറ്റങ്ങള്‍ക്ക് സമുദായത്തിലൊരാളായി നില്‍ക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ബ്രാഹ്മിണ്‍/നമ്പൂതിരി എന്ന പദത്തിന്റെ സ്വഭാവിക അര്‍ത്‌ഥങ്ങളെയും വ്യവഹാരങ്ങളെയും തകര്‍ത്തുകളഞ്ഞു. അങ്ങനെ വി.ടി അദ്ദേഹത്തിന്റെ വാലു മുറിച്ച് കളയാതെ തന്നെ അതിന്റെ അര്‍ഥത്തെ നശിപ്പിച്ചു.പിന്നീടുവന്ന ദേശീയ/കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ സാംസ്കാരികരാഷ്ട്രീയത്തിന്റെ ഭൂമികയില്‍ നിന്നും പതുക്കെ പുറത്തു കടന്നു. അങ്ങനെ കാലക്രമേണ ജാതി സ്റ്റാറ്റസ് ആയി. സാമൂഹികചലനങ്ങളെ ലക്ഷ്യമാക്കി ആരംഭിച്ച NSS, SNDP തുടങ്ങിയ സംഘടനകള്‍ പോലും ജാതി-സ്വാര്‍ത്ഥതയുടെ പര്യായങ്ങളായി.അതുകൊണ്ട് എന്റെ സന്ദേഹങ്ങള്‍:1. നായര്‍ എന്ന വാല് ഒഴിവാക്കിയാല്‍ എം.ടിയ്ക്ക് മതത്തില്‍ നിന്നും രക്ഷപെടാനാകുമോ?2. ബാബറി മസ്ജിദിനു ശേഷം casteism, Religionism പോലെ അപകടകരമാണോ?3. ആളുകള്‍ക്കെല്ലാം കാറുകള്‍ക്ക് ഉള്ളതു പോലെ രജിസ്റ്റര്‍ നമ്പറുകള്‍ നല്‍കിയാല്‍ പരിഹാരമാകുമോ?4. എങ്കില്‍ എന്താണു പരിഹാരം?എനിക്കു തോന്നുന്ന ഒരേയൊരു പോംവഴി സംസ്കാരത്തെ കൂടുതല്‍ secularize ചെയ്യുക എന്നതാണ്. എങ്ങനെ എന്നത് വലിയൊരു ചോദ്യം തന്നെ.അതുകൊണ്ട് നിന്റെ ലേഖനത്തിലെ ചോദ്യങ്ങള്‍ ഭാവിയെ അഭിമുഖീകരിക്കുന്ന രിതിയിലാകുകയായിരുന്നെങ്കില്‍ നന്നായിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അത് ഈയവസ്ഥയില്‍ ഭൂതകാലത്തോടുള്ള ചില വാഗ്വാദങ്ങള്‍ മാത്രമായി ചുരുങ്ങുന്നു. അങ്ങനെ നമ്മള്‍ വി.ടിയെ ഒരു ഭട്ടതിരിപ്പാടുമാത്രമായി തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ കര്‍മ്മങ്ങളുടെ മഹത്വവും തീക്ഷ്ണതയും വിസ്മരിക്കുന്നു.ഞാനുദ്ദേശിക്കുന്നത്, നിന്റെ ലേഖനത്തില്‍, ഏറ്റവും പുതിയ തലമുറയെ, വരും തലമുറയെ ജാതിവാലുകള്‍ അറുത്തുകളയാന്‍ ആഹ്വാനം ചെയ്യുന്ന ഒരു വാചകമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായേനെ. കാരണം, പുതിയ തലമുറയില്‍, ഈ ജാതിപ്പേരുകള്‍ അവരുടെ സ്റ്റാറ്റസിന്റെ പ്രഖ്യാപനം മാത്രമാണ്.(പരിഭാഷയില്‍ സാരമായ തകരാറുകള്‍ ഇല്ലെന്ന് കരുതുന്നു)
ഇനി പ്രസ്തുത പോസ്റ്റില്‍ കമന്റുകളിലൂടെ ഉയര്‍ന്നു വന്ന ആശയങ്ങള്‍ പരിശോധിക്കുമ്പോള്‍,പേരില്‍ ജാതിയുള്ളവരേക്കാള്‍ മനസ്സില്‍ ജാതി സൂക്ഷിക്കുന്നവരാണു കൂടുതല്‍ അപകടകാരികളെന്നാണ് സ്വന്തം താത്പര്യപ്രകാരമല്ലെങ്കിലും പേരിനു വാലുള്ള രാധേയന്റെയും ഗുപ്തന്റെയും അഭിപ്രായം. അതായത് ജാതിപ്പേര് നിലനിര്‍ത്തുന്നതില്‍ പൊളിറ്റിക്കല്‍ മോട്ടിവേഷന്‍ ഉണ്ടാവണമെന്നില്ല എന്നര്‍ത്ഥം. പക്ഷെ, ഒരാള്‍ പൊളിറ്റിക്കല്‍ മോട്ടിവേഷന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നത് എങ്ങനെ തിരിച്ചറിയും?മനസ്സില്‍ ജാതിയില്ലെങ്കിലും പേരിലുള്ളവര്‍ സാമൂഹികമായ ഈ പിന്‍പറ്റല്‍ അനുഭവിക്കുന്നവരാണെന്ന് നളന്‍ അഭിപ്രായപ്പെടുന്നു. ജാതിപ്പേരുകള്‍ പ്രത്യക്ഷമായി തന്നെ ചില താരതമ്യങ്ങള്‍ കൊണ്ടുവരുന്നുവെന്നും നളന്‍ പറയുന്നു. പേരില്‍ നിന്നും ജാതി കളഞ്ഞാല്‍ മനസ്സില്‍ നിന്നും പോകുമെന്ന് ഉറപ്പില്ലെന്ന് മാരീചന്‍.(പേരില്‍ നിന്നും കളയേണ്ടതില്ല എന്ന വാദത്തിനായല്ല മാരീചന്‍ ഇതു പറയുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.) എങ്കിലും കാലക്രമേണ ജാതി ചിന്ത അപ്രത്യക്ഷമാകാന്‍ അതു വഴി വെക്കുമെന്ന് ഉറപ്പ്.
മാരീചന്‍ തന്നെ ചൂണ്ടിക്കാണിച്ച മംഗളത്തിലെ
കെ.ഇ. എന്‍ ലേഖനത്തിലെ ഒരു വാചകം:
“ചെരിപ്പിടാനെന്ന പോലെ പേരിടാനുള്ള അവകാശത്തിനു വേണ്ടിയും നിരന്തര സമരങ്ങള്‍ നടന്നിരുന്നെന്ന സത്യം അവഗണിക്കുന്നതുകൊണ്ടാണ്, 'ഒരു പേരിലെന്തിരിക്കുന്നു' എന്ന അലസവും അപകടകരവുമായ ചോദ്യം നിരുപദ്രവകരമായ ഒരു മുഖഭാവത്തോടെ നമ്മുടെ മുമ്പില്‍ വന്നുനില്‍ക്കുന്നത്.”സാഹചര്യം കൊണ്ട് പേരിന്റെ വാലില്‍ കിടക്കുന്ന ജാതിപ്പേരില്‍ രാഷ്ട്രീയം കാണാന്‍ ശ്രമിക്കുന്നത് ഉപരിപ്ലവമാണെന്നും ഗുപ്തന് അഭിപ്രായമുണ്ട്. സ്വഭാവികവ്യവഹാരങ്ങളില്‍ എവിടെയാണു ജാതി ഏറ്റവും പ്രകടമാകുന്നത് എന്ന അന്വേഷണത്തിന് പേരില്‍, ചില അഡ്മിഷന്‍, ജോലി എന്നിവയോടനുബന്ധിച്ച്, ജാതിക്കോളം പൂരിപ്പിക്കാന്‍ എന്നൊക്കെയാകും ഉത്തരം. ജീവിതത്തില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍, പിന്നെ ജാതിയറിയുക പേരില്‍ നിന്നു മാത്രമാകും. അതിനാല്‍ ജാതി പ്രകടമാകുന്ന ഏവും ഉപരിതലം എന്ന രീതിയില്‍ പേരുകള്‍ക്ക് പ്രാധാന്യമുണ്ട്. പ്രായോഗികജീവിതത്തില്‍ ഒരുപാടു ചെയ്യാനുള്ളതിനെ മൂടിവെക്കാനുള്ള ഒരു പുതപ്പാണ് ഈ പേരു ചിന്തയെന്നും ഗുപ്തപക്ഷം. അങ്ങനെയെങ്കില്‍ എല്ലാ ആശയസംവാദങ്ങള്‍ക്കും അത്രയല്ലേ അര്‍ത്ഥമുള്ളൂ എന്നു വരുന്നു. സ്വന്തം കടമകളും ഉത്തരവാദിത്വങ്ങളും മൂടിവെക്കാന്‍... ആ ആശയത്തിലെ പ്രതിലോമകത വിശദീകരിക്കേണ്ടതില്ല എന്നു കരുതുന്നു.
ജാതിപ്പേര് വെറുമൊരു പേരുമാത്രമായി കണ്ടാല്‍ പോരേ എന്ന് അനിയന്‍സും, തൊഴില്‍പരമായ ഉച്ചനീചത്വങ്ങള്‍ അവസാനിക്കുന്ന ഇക്കാലത്ത് ജാതിയില്‍ കാര്യമുണ്ടോ എന്ന് പപ്പൂസും ചോദിക്കുന്നു. കേരളത്തിലെ ജനങ്ങളെല്ലാം സാത്വികന്‍മാരും ശുദ്ധന്മാരുമല്ല എന്നാണു മറുപടി.
ജാതി തിരിച്ചറിയുന്നത് പേരിലൂടെയാണെങ്കിലും തലമുറകളിലേക്ക് തുടരുന്നത് വിവാഹത്തിലൂടെയാണെന്ന നിരീക്ഷണവും ഉണ്ടായി. അത് ആഴത്തില്‍ അപഗ്രഥനം അഹിക്കുന്ന വിഷയമായതിനാലും ഈ ചര്‍ച്ചയില്‍ ഒതുങ്ങില്ല എന്നതിനാലും ഇവിടെ പരാമര്‍ശിക്കുന്നില്ല. ചലചിത്രനടന്‍ തിലകന്റെ അനുഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് നന്ദയും, ഭൂമിപുത്രിയും ശ്രദ്ധേയമായ ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ ടെര്‍മിനോളജിയെസംബന്ധിച്ച് ഗുപ്തനവതരിപ്പിച്ച മൂന്ന് concluding remarks-ല്‍ ഒന്നാമത്തെയും മൂന്നാമത്തെയും പോയിന്റുകളോട് യോജിക്കുമ്പോള്‍ തന്നെ, രണ്ടാമത്തെ പോയിന്റ്, ജാതിനാമങ്ങള്‍ സാമൂഹികാര്‍ത്ഥത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ഘടനാപരമായി നിലനിര്‍ത്താമെന്ന ആശയം, അതെങ്ങനെ എന്നു വ്യക്തമാകാത്തതിനാല്‍ അനുകൂലിക്കാനാകുന്നില്ല. സമാനമായ രീതിയില്‍, ഒരു സാംസ്കാരിക തിരിച്ചറിവായി ജാതിയെ കൊണ്ടുനടക്കുന്നവരെ വെറുതെ വിടണമെന്ന് രാജ് വാദിക്കുന്നുണ്ട്. സാംസ്കാരിക തിരിച്ചറിവായി ജാതിയെ കൊണ്ടുനടക്കുന്നവരെ എങ്ങനെ തിരിച്ചറിയും എന്ന ന്യായമായ സംശയം ബാക്കിയാവുന്നു. അതൊഴിച്ചു നിര്‍ത്തിയാല്‍ ജാതി നാമങ്ങള്‍ പരിരക്ഷിക്കണമെന്നും തുടരണമെന്നും അഭിപ്രായപ്പെട്ടത് ഇഞ്ചിപ്പെണ്ണ്‍ മാത്രമാണ്. സംസ്ക്കാരം സംരക്ഷിക്കാനെന്നതാണ് ന്യായം. ഒരു പടി കൂടി കടന്ന് താഴ്‌ന്നജാതിക്കാരും അവരുടെ ജാതിപ്പേര് ഉപയോഗിക്കണമെന്നും ഇഞ്ചി ആവശ്യപ്പെടുന്നു. ഇഞ്ചിയോട് ചില ചോദ്യങ്ങള്‍:
1. സംസ്കാരം എന്നത് പേരിന്റെ വാലില്‍ മാത്രമാണോ?
2. ജാതിപ്പേര് ഉപേക്ഷിച്ച അനേകരുണ്ട്. അവര്‍ക്കൊക്കെ സംസ്കാരം നഷ്ടപ്പെട്ടുവോ?3. താഴ്‌ന്നജാതിക്കാരുടെ ഏതു സംസ്കാരമാണ് ഇഞ്ചിക്ക് സംരക്ഷിക്കേണ്ടത്. അവരുടെ ഭൂതകാലത്തെ അനുഭവങ്ങള്‍ അറിഞ്ഞു തന്നെയാണൊ ഇതൊക്കെ പറയുന്നത്?
കേരളസമുഹത്തെക്കുറിച്ചുള്ള പരിമിതമായ അറിവാണ് ഇഞ്ചിയെ ഇതു പറയിപ്പിച്ചതെന്നു ഞാന്‍ കരുതുന്നു.
ജാതിപേര് ഉപേക്ഷിക്കാന്‍ ആരെയും നിര്‍ബന്ധിക്കാനാകില്ല. നിയമം മൂലം നിരോധിക്കാനുമാകില്ല. എന്നാല്‍ ഏതു ജാതി പേരും(ഏതു സര്‍നെയിമും) ആര്‍ക്കുമിടാമെന്ന ഒരവസ്ഥ വന്നാലോ? അങ്ങനെയൊരവസ്ഥയിലും ജാതിപേര് അര്‍ഥരഹിതമാകുമെന്ന് കരുതാം. പക്ഷെ, അങ്ങനെയാകുമ്പോള്‍ സംവരണത്തിനുള്ള അര്‍ഹത തുടങ്ങിയ വിഷയങ്ങള്‍ പിന്നെയും സങ്കീര്‍ണ്ണമാകും. ഏതായാലും ഈ ഒരാശയം കൂടി ഇവിടെ ചിന്തയ്ക്കു സമര്‍പ്പിക്കുന്നു.
ഉപസംഹാരം: സമൂഹത്തിലെ സാധാരണ വ്യവഹാരങ്ങളില്‍ ജാതി പ്രത്യക്ഷത്തില്‍ പ്രകടമാകുന്നു എന്ന കാരണത്താല്‍ ജാതിപ്പേരുകള്‍ ഉപേക്ഷിക്കുന്നത് സമത്വത്തിന്റെ പാതയില്‍ വളരാന്‍ സമൂഹത്തെ സഹായിക്കുമെന്നു തീര്‍ച്ച. ജാതി ആഴമുള്ള മുറിവാണ്. തൊലിപ്പുറമെയുള്ള മുറിവ് ഉണക്കുന്നത് കൂടുതല്‍ മണ്ണും ചെളിയും പറ്റി മുറിവ് കൂടുതല്‍ ഭീകരമാകുന്നതിനെ മാത്രമെ തടയുകയുള്ളൂ. ആഴങ്ങളില്‍ മുറിവ് ഭേദമാക്കാന്‍ വര്‍ഷങ്ങളെടുക്കും. അതിന് വ്യക്തിപരമായ ശ്രമങ്ങളും വേണം. ഒരാളെങ്കിലും ഇതു വായിച്ച് അടുത്ത തലമുറയില്‍ ജാതി പേര് ഉപേക്ഷിക്കാന്‍ തയ്യാറാകുമെങ്കില്‍ ഈ കുറിപ്പിന്റെ, ചര്‍ച്ചയുടെ ഉദ്ദേശ്യം സഫലമാകും...ഈ ചിന്തകള്‍ കൂടുതല്‍ ക്രിയാത്മകമായി നമുക്ക് തുടരാം.
അനുബന്ധം: ജാതിയുടെ ചരിത്രത്തെക്കുറിച്ച് വിക്കിപീഡിയ തികച്ചും തെറ്റായ അറിവുകളാണ് നല്‍കുന്നത്. നായര്‍ ജാതി ശൂദ്രജാതിയായിരുന്ന ഭൂതകാല യാഥാര്‍ത്ഥ്യം അതു മറച്ചു വെക്കുന്നു. പകരം നായരെ ക്ഷത്രിയനാക്കിയിരിക്കുന്നു. സാമൂതിരിപോലെ ഒരു ക്ഷത്രിയജാതിയെ നായരുമാക്കുന്നു. അധികാരം സംബന്ധിച്ച വിഷയങ്ങളില്‍ വിക്കിപീഡിയ പോലെ ജനാധിപത്യവത്കരിക്കപ്പെട്ട ഒരു വിജ്ഞാനശ്രോതസ്സിനെ മുഖവിലയ്ക്കെടുക്കാനാവില്ല എന്ന് നിഗമനം.