Friday, March 14, 2008

ഒരു നൊബേല്‍ ശാസ്ത്രജ്ഞനുമായി കൂടിക്കാഴ്‌ച

1995-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.ഫ്രാങ്ക്‌ ഷേര്‍വുഡ്‌ റൗളണ്ട്‌ ഇന്നലെ ഞാന്‍ പഠിക്കുന്ന സ്കൂളില്‍ വന്നപ്പോള്‍ കാണാനും സംസാരിക്കാനും അവസരമുണ്ടായി. ക്ലോറോ-ഫ്ലൂറോ കാര്‍ബണുകള്‍ അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളെ നശിപ്പിക്കുമെന്ന കണ്ടെത്തലിനാണ്‌ അദ്ദേഹത്തിന്‌ നൊബേല്‍ സമ്മാനം കിട്ടിയത്‌. നമ്മളൊക്കെ സ്കൂളില്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചതും മനുഷ്യരാശിയുടെ നിലനില്‍പ്പിനെ പ്രത്യക്ഷത്തില്‍ തന്നെ സഹായിക്കുന്നതുമായ ഒരു വലിയ കണ്ടെത്തല്‍.

യൂണിവേഴ്സിറ്റി ഓഫ്‌ ഷിക്കാഗോയില്‍ carbon-14 ഡേറ്റിംഗ്‌ കണ്ടെത്തിയതിന്‌ നൊബേല്‍ സമ്മാനം നേടിയ പ്രൊഫ.ലിബിയുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറല്‍ ഗവേഷണം. അവിടെ അതിപ്രശസ്തരായ ഡോ.ഫെര്‍മി, ഡോ.ഹരോള്‍ഡ്‌ യുറെ, ഡോ.ഹെന്‍റി ടോബെ, ഡോ.മരിയ മയര്‍ എന്നിവരെല്ലാം അദ്ദേഹത്തിന്റെ അധ്യാപകരായിരുന്നു...എല്ലാവരും നൊബേല്‍ സമ്മാനം നേടിയവര്‍.റേഡിയോ കെമിസ്റ്റ്രിയിലായിരുന്നു ആദ്യകാലത്ത്‌ അദ്ദേഹത്തിന്റെ ഗവേഷണം. അമേരിക്കയുടെ അണുശക്തി ഗവേഷണത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്‌ പ്രമുഖ സ്ഥാനമുണ്ട്‌.
എഴുപതുകളിലാണ്‌ അദ്ദേഹത്തിന്റെ ഗവേഷണം പാരിസ്ഥിതിക-രസതന്ത്രത്തിലേക്ക്‌ തിരിയുന്നത്‌.

ഇത്രയും പ്രശസ്തനായ ഒരു വ്യക്തി നമ്മുടെ നാട്ടില്‍ ഒരു സ്ഥാപനത്തിലേക്കു വരുന്ന കാരം ഞാനാലോചിച്ചു പോയി..
താലപ്പൊലി, പൊട്ടു തൊടല്‍, പൂമാലയിടല്‍, സ്വാഗതപ്രസംഗം, ബൊക്കെ...വിദ്യാര്‍ത്‌ഥികള്‍ക്കൊന്ന്‌ ശരിക്കു കാണാന്‍ കൂടി കിട്ടില്ല.
ഇവിടെ ഇതൊന്നുമുണ്ടായില്ല. ലാബിലെ ഒരു ഇടവേളയില്‍ ഞാന്‍ ഇഞ്ചിയുടെ യാഹൂ പോസ്റ്റും കമന്റുകളും വായിച്ചിരിക്കുമ്പോള്‍ ആറടിയിലധികം ഉയരമുള്ള ഒരു മനുഷ്യന്‍ സ്യൂട്ടൊക്കെയിട്ട്‌ എന്റെ ഗൈഡിന്റെ കൂടെ പെട്ടെന്ന് കയറി വന്നു. പിന്നെ അവര്‍ പുറത്തു പോയി വരാന്തയില്‍ നിന്ന് എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടു.

ഉച്ചയ്ക്ക്‌ ഒന്നരയ്ക്കായിരുന്നു വിദ്യാര്‍ത്‌ഥികള്‍ക്ക്‌ പ്രൊഫസര്‍മാര്‍ക്കും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം. ഒന്നരയ്ക്കു മുന്‍പേ ഞങ്ങള്‍ മൂന്നുപേര്‍ കോണ്‍ഫറസ്‌ മുറിയില്‍ അവിടെ കിട്ടിയ സാന്‍ഡ്വിച്ചും എടുത്ത്‌ (ഇവിടെ വിദ്യാര്‍ത്‌ഥികള്‍ ക്ലാസ്സിലിരുന്നും ഭക്ഷണം കഴിക്കും) ഏറ്റവും പുറകിലെ വരിയില്‍ സുരക്ഷിത സ്ഥാനം നോക്കി ഇരിപ്പായി. ഒന്നരയായിട്ടും മുറിയിലാകെ ഞങ്ങള്‍ മൂന്നു വിദ്യാര്‍ഥികളും നാലു പ്രൊഫസര്‍മാരും ഒരു പോസ്റ്റ്‌ ഡോകും മാത്രം. പ്രൊഫ.റൗളണ്ട്‌ മുറിയിലേക്കു വന്നതും ഞങ്ങളിരിക്കുന്ന വരിയുടെ തൊട്ടുമുന്നില്‍ ഒരു കസേര തിരിച്ചിട്ട്‌ ഞങ്ങള്‍ക്കഭിമുഖമായി ഇരുന്നു. പിന്നെ ഒരു മണിക്കൂര്‍ കൊച്ചു വര്‍ത്തമാനം. എന്തെങ്കിലും പറഞ്ഞാല്‍ ഓഫായി പോകുമോ എന്നു പേടിച്ച്‌ കുറെ നേരം ഞാനൊന്നും മിണ്ടിയില്ല. (മൗനം അറിവില്ലാത്തവര്‍ക്കും ഭൂഷണം). പിന്നെ എനിക്ക്‌ കെമിസ്ട്രിയില്‍ സംശയമൊന്നും ഇല്ലായിരുന്നു...:)

ഒടുവില്‍ മറ്റുള്ളവരൊക്കെ എന്തെങ്കിലും ചോദിക്കുന്നത്‌ സമയം കളയാനാണെന്നു തോന്നിയപ്പോള്‍ ഞാനെന്റെ ആയുധമെടുത്തു. രാഷ്ട്രീയം...

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കേണ്ടതും ഭരണകൂടത്തെ Environment friendly ആയ തീരുമാനങ്ങളെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതും അകാദമിക്‌ സമൂഹത്തിന്റെ ബാധ്യതയാണെന്ന് പ്രൊഫസര്‍ കരുതുന്നുണ്ടോ? താങ്കളുടെ പ്രശസ്തിയും അറിവും ഉപയോഗിച്ച്‌ താങ്കള്‍ക്ക്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ കരുതുന്നു.

ഇതിന്‌ പ്രൊഫസര്‍ പറഞ്ഞ മറുപടി - അതിന്‌ നമുക്കിത്‌ പറയാനുള്ള അറിവും അതോറിറ്റിയുമുണ്ടെന്ന്‌ അവര്‍ മനസ്സിലാക്കേണ്ടെ...:) അവരുടെ വിചാരം അവര്‍ക്കെല്ലാമറിയാമെന്നും അവര്‍ ദൈവത്തിന്റെ അടുത്ത ആള്‍ക്കാരാണെന്നുമാണല്ലോ.

പിന്നീട്‌ ഞാന്‍ കേരളത്തിലെ കരിമണല്‍ വിഷയത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും അണുശക്തി ഉത്‌പാദനത്തിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്തും അതുപയോഗിക്കാത്തതും ചൂണ്ടിക്കാട്ടി. (നമ്മുടെ നാട്ടിലെല്ലാവര്‍ക്കും ഭയങ്കര പരിസ്ഥിതി ബോധമാണെന്നും പ്രകൃതി സ്നേഹമാണെന്നും ഈ അമേരിക്കക്കാര്‍ ചുമ്മാ കരുതട്ടെ...:))

അപ്പോള്‍ ചിരിച്ചു കൊണ്ട്‌ അത്‌ ലോകത്ത്‌ മറ്റൊരിടത്തും നടക്കില്ല, പ്രത്യേകിച്ച്‌ അമേരിക്കയില്‍ എന്നു പറഞ്ഞു. അണുശക്തി ഉത്‌പാദനത്തിന്റെ ദോഷവശങ്ങള്‍ പരിഹരിക്കുന്നതു വരെ അതുപയോഗിക്കാത്തതാകും ബുദ്ധി എന്നും കൂട്ടി ചേര്‍ത്തു.(അണുശക്തി ഉത്‌പാദനത്തിലെ സുരക്ഷാപ്രശ്നങ്ങള്‍ എന്ന പോയിന്റ്‌ മുന്‍ചര്‍ച്ചയുടെ സ്വഭാവം നോക്കി ഞാനൊരു തുണ്ടിട്ടതായിരുന്നു...:)
നമ്മുടെ നാട്ടില്‍ ആരാണ്‌ ഈ വിഷയം ചിന്തിച്ചിട്ടുള്ളത്‌)

12 comments:

Roby said...

ജീവിതത്തിലാദ്യമായി നൊബേല്‍ സമ്മാനം നേടിയ ഒരാളെ നേരിട്ടു കണ്ടു...അതിനെക്കുറിച്ച്...

Pramod.KM said...

വളരെ നന്നായിട്ടുണ്ട് റോബീ ഈ ഉദ്യമം. ആശംസകള്‍:)
മലയാളിനെയെന്ന നിലയില്‍ താല്‍ക്കാലിക റൌളണ്ടിന്റെ മുന്നില്‍ അഭിമാനം തോന്നിയിട്ടുമുണ്ടാവുമല്ലേ അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍:)

നാട്ടുപടങ്ങള്‍ said...

നല്ല വിവരണം, ഈ വിഷയത്തെക്കുറിച്ച്, പ്രത്യെകിച്ചും ആണവകരാരിന്റെ പശ്ചാത്തലത്തില്‍, ആധികാരികമായി ഒന്ന് പോസ്റ്റിക്കൂടെ?

Unknown said...

ഏറ്റവും അടുത്ത ആള്‍ക്കെഴുതുന്ന കത്താണെന്ന് കരുതിയാല്‍ വാക്കുകള്‍ സ്നേഹം കൊണ്ടു നിറയും.റോബീ,നല്ലത്..തുടരുക

രുദ്ര said...

“താലപ്പൊലി, പൊട്ടു തൊടല്‍, പൂമാലയിടല്‍, സ്വാഗതപ്രസംഗം, ബൊക്കെ...വിദ്യാര്‍ത്‌ഥികള്‍ക്കൊന്ന്‌ ശരിക്കു കാണാന്‍ കൂടി കിട്ടില്ല.“ റോബിയെ :) ഇതൊക്കെ തെറ്റിദ്ധാരണയാട്ടോ. നോബല്‍ സമ്മാനം കിട്ടിയവര്‍ വന്നാല്‍ ഇതൊന്നും പതിവില്ല. ഗൈഡ് കനിഞ്ഞാലേ സ്റ്റുഡന്റ്സിന്‍ സംസാരിക്കാന്‍ കിട്ടുവെന്നത് സത്യം. വന്നാലൊരു talk പതിവാണ്. അല്ലാത്ത കലാപരിപാടികളൊന്നും ഗവേഷണം ചെയ്യുന്നിടത്ത് പറഞ്ഞുകേട്ടിട്ടില്ല.

ഡാലി said...

“അപ്പോള്‍ ചിരിച്ചു കൊണ്ട്‌ അത്‌ ലോകത്ത്‌ മറ്റൊരിടത്തും നടക്കില്ല, പ്രത്യേകിച്ച്‌ അമേരിക്കയില്‍ എന്നു പറഞ്ഞു.“
അമേരിക്കയില്‍ നടക്കില്ല ശരിയാവും. (ക്ലോറോ-ഫ്ലൂറോ കാര്‍ബണുകള്‍ സൃഷിക്കുന്ന) ഓസോണ്‍ സുഷിരങ്ങള്‍ ഉണ്ടാക്കാന്‍ അമേരിക്കയൂടെ (മറ്റ് വികസിത രാജ്യങ്ങളുടേയും)പങ്ക് ഇപ്പൊഴും കുറവൊന്നല്ലല്ലോ. എന്നട്ട് നോബേലൊക്കെ വാങ്ങി മറ്റ് രാജ്യങ്ങളോട് പറയും നിങ്ങള്‍ ഇനി ക്ലോറോ-ഫ്ലോറോ കാര്‍ബണ്‍ ഉള്ളതൊന്നും ഉപയോഗിക്കരുതെന്ന്. കാശില്ലാത്ത കാലത്ത് നമ്മളതൊക്കെ കേക്കും. വികസിക്കാന്‍ തുടങ്ങിയാല്‍ കേക്കാന്‍ പറ്റോ? ഇന്നാളോരു പഠനം കണ്ടാര്‍ന്നു ഇന്ത്യയില്‍ ഉപരി വര്‍ഗ്ഗം പുറംതള്ളുന്ന സി.എഫ്.സി വികസിതന്റെ അത്രെം വരുമ്മെന്നു. ഇച്ചിരി കൂടെ വികസിക്കട്ടെ കരിമണല്‍ ഖനനമൊക്കെ ഈസിയായിട്ട് നടക്കണ കാണാം. അക്കാലമാവുമ്പോഴെക്കും നോണ്‍ സി.എഫ്.സി സാധനങ്ങള്‍ ഉണ്ടാക്കണ ഒരു കമ്പനി തുടങ്ങണം.;)
ആശാന്‍ റ്റോക്കൊന്നും തന്നില്ലേ. ഇവിടെ താലപൊലി ഇല്ലെങ്കിലും റ്റോക്ക് കാണും,ഒരോ കഷ്ടണം പീറ്റ്സയും കിട്ടും. താലപൊലി കാണണമെങ്കില്‍ ഫണ്ടിങ് ഏജന്‍സി വരണം.:)

Roby said...

രുദ്ര പറഞ്ഞതും ശരിയാണ്. IISc പോലെയുള്ള സ്ഥാപനങ്ങളിലൊന്നുമ്ം ഉണ്ടാകില്ല. കോളജുകളിലൊക്കെ പ്രശസ്തരായ ആരു വന്നാലും ഇത്തരം ആഘോഷങ്ങളൊക്കെ ഉണ്ടാകും.

ഡാലി, ടോക്ക് ഉണ്ടായിര്രുന്ന്നു. അതിനെ പറ്റി എഴുതിയാല്‍ എനിക്കും ഉറക്കം വരും:)

ഇത്ര പ്രശസ്തനായ ഒരാള്‍ക്ക് സാധിക്കുന്ന രീതിയില്‍ ഡോ.റൌളണ്ട് പാരിസ്ഥിതിക വിഷയങ്ങളില്‍ ഇടപെട്ടിട്ടില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാനാ ചോദ്യം ചോദിച്ചത്..

പ്രമോദ്:)

നാട്ടുപടaങ്ങള്‍, സമയം കിട്ടുന്നതു പോലെ നോക്കാം.

ഗോപിയേട്ടാ, ഇനി ഗോപിയേട്ടനു കത്തെഴുതുന്നതു പോലെ എഴുതാം...:)

ഗുപ്തന്‍ said...

പ്രമുഖരെ ആഘോഷിക്കുന്നതില്‍ എപ്പോഴും മുന്നിലാണ് ഭാരതീയര്‍. എന്നാലും റൊബീ ബ്രിട്ടനി സ്പിയേഷ്സ് നിങ്ങളുടെ കോളേജില്‍ വന്നാല്‍ ഉള്ള കഥയും കൂടി എഴുതണേ...

പ്രൊഫൈല്‍ ഇന്നാണ് നോക്കിയത്. മകളാണ് രാഷ്ട്രീയം എന്ന വാക്യത്തിന് ഒരു സല്യൂട്ട്. ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥമാണതിനുള്ളതെന്ന് കരുതുന്നു :)

പുട്ടിഷ്ടമല്ല എന്ന് കേട്ടതില്‍ സങ്കടം. പുട്ടിഷ്ടമില്ലാത്ത നല്ലമനുഷ്യരുമുണ്ടോ.. സഹിക്കുക തന്നെ!

nalan::നളന്‍ said...

പുതിയ ബ്ലോഗ് !
ആശംസകള്‍ റോബി..

അങ്ങേരു പറഞ്ഞത് ശരിയാ.. ശാസ്ത്രജ്ഞന്മാ‍രു പറയുന്നതിനു പുല്ലു വിലയാ അവിടെ, സാമ്പത്തിക (ദീര്‍ഘവീക്ഷണമില്ലാത്ത) ലാഭം, ക്രിസ്തുമതം , മുതലാളിത്തം, ഇതു മൂന്നിനും നിരക്കുന്ന രീതിയില്ല് പറഞ്ഞാല്‍ മാത്രമേ ശ്രദ്ധിക്കാന്‍ ആളു കാണൂ.
വായിട്ടലയ്ക്ക്കുന്നത് മിച്ചം, ബുഷിനെ രണ്ടാമത് വെള്ളക്കൊട്ടാരത്തിലവരോധിച്ച വിവേകമാ!

Unknown said...

റോബി,

താലപ്പൊലിയും പക്കമേളവുമൊക്കെ മതം, രാഷ്ട്രീയം, സിനിമാ എന്നീ രംഗത്തെ "കലാകാരന്‍‌മാര്"‍ക്കല്ലേ കിട്ടുന്നത്. :)

ഡോ. ജെയിംസ് വാട്സണെ രണ്ടു തവണ നാട്ടില്‍ വെച്ച് കണ്ടിട്ടുണ്ട്. ടാക്ക് കേട്ടിട്ടുണ്ട്. ഒരിക്കല്‍ കേരളാ യൂണിവേഴ്സിറ്റയില്‍ വെച്ച്. പിന്നീട് ഐ.ഐ.എസ്.സിയില്‍ വെച്ച്. രണ്ടിടത്തും മേല്പറഞ്ഞ കലാപരിപാടികളൊന്നുമില്ലായിരുന്നു. :)

പിന്നെ പരിസ്ഥിതിയുടെ കാര്യം, ഗ്ലോബല്‍ വാമിങ്ങ് വെറും തട്ടിപ്പാണെന്നും അതിനു വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും കരുതുന്നവരാണല്ലോ ഈ ബുഷും, ബുഷിന്റെ ഉപദേശികളും. ശാസ്ത്രജ്ഞന്മാര്‍ പലതും പറയും അതൊക്കെ കേട്ട്, അവര്‍ക്ക് പണമുണ്ടാക്കാതെയിരിക്കാന്‍ പറ്റുമോ?
ഇറാക്ക് പോലെ എവിടെയെങ്കിലുമൊക്കെ ബോംബിടുന്ന കാര്യം പറഞ്ഞാല്‍ എപ്പോ കേട്ടെന്ന് ചോദിച്ചാ മതി. കാരണം, ബോംബിട്ടാലും കിട്ടും പണം!

un said...

സ്റ്റീഫന്‍ ഹോക്കിന്‍സ് ഡല്‍ഹിയില്‍ വന്നപ്പോള്‍ സിരിഫോര്‍ട്ട് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞരംഗമോര്‍ത്തു പോയി. ഞാന്‍ കണ്ടത് പുറത്തു വച്ച ക്ലോസ് സര്‍ക്യൂട്ട് ടി.വിയില്‍. ചോദ്യോത്തര വേളയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചത് അലഹബാദില്‍ നടക്കാന്‍ പോകുന്ന കുംഭമേളയെക്കുറിച്ച് എന്താണഭിപ്രായമെന്ന്!!!

pratheesh said...

"ഇത്രയും പ്രശസ്തനായ ഒരു വ്യക്തി നമ്മുടെ നാട്ടില്‍ ഒരു സ്ഥാപനത്തിലേക്കു വരുന്ന കാരം ഞാനാലോചിച്ചു പോയി..
താലപ്പൊലി, പൊട്ടു തൊടല്‍, പൂമാലയിടല്‍, സ്വാഗതപ്രസംഗം, ബൊക്കെ...വിദ്യാര്‍ത്‌ഥികള്‍ക്കൊന്ന്‌ ശരിക്കു കാണാന്‍ കൂടി കിട്ടില്ല"

അതിഭാവുകത്വം ...കാരണം 1981ഇല്‍ രസതന്ത്ര നോബല്‍ നേടിയ പ്രൊ. Roald Hoffman കഴിഞ്ഞ വര്‍ഷം ഞാന്‍ ഗവേഷണം ചെയ്യുന്ന സ്ഥാപനത്തില്‍ വന്നിരുന്നു ...ഈ പറഞ്ഞ താലപ്പൊലിയും മാലയിടലും ഒന്നും ഉണ്ടായില്ല ....ഞങ്ങള്‍ കുറെ പേര്‍ കൂടെ നിന്ന് ഫോട്ടോ എടുത്തു . പിന്നെ Woodward-Hoffman rule ആദ്യമായി പ്രസിദ്ധീകരിച്ച ആ പേപ്പറില്‍ ഒരു ഓട്ടോഗ്രാഫും വാങ്ങി...പക്ഷെ ഒരു കാര്യം സമ്മതിച്ചു ...It was a great experience

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.