Showing posts with label പരിഭാഷ. Show all posts
Showing posts with label പരിഭാഷ. Show all posts

Wednesday, April 7, 2010

ബ്രെഹ്റ്റിന്റെ പേരറിയാത്ത ഒരു കവിത-(ഒരു ഡയറിക്കുറിപ്പ്)

ഞങ്ങളുടെ നഗരങ്ങളിൽ
വർദ്ധിച്ചു വരുന്ന അക്രമങ്ങളെ മുൻ‌നിർത്തി
ഞങ്ങളിൽ ചിലർ-

കടൽത്തീരത്തെ പട്ടണങ്ങളെക്കുറിച്ചും
മേൽക്കൂരയിലെ ഹിമവർഷത്തെക്കുറിച്ചും
പെണ്ണുങ്ങളെക്കുറിച്ചും നിലവറകളിലെ പഴുത്ത ആപ്പിളിന്റെ
സൌരഭ്യത്തെക്കുറിച്ചും
മാംസത്തിന്റെ അനുഭൂതികളെക്കുറിച്ചും
മനുഷ്യനു മനുഷ്യത്വവും
പൂർണതയും നൽകുന്ന
എല്ലാറ്റിനെക്കുറിച്ചും-

ഇനിമേൽ സംസാരിക്കേണ്ടതില്ലെന്ന്
തീരുമാനിച്ചിരിക്കുന്നു.
പകരം ഭാവിയിൽ
ഈ അക്രമങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുവാൻ
അങ്ങനെ വികലരും ഏകപക്ഷീയരുമാകാൻ
വൈരുദ്ധ്യാത്മക സമ്പദ്ശാസ്ത്രത്തിന്റെ
ശുഷ്കവും അസുന്ദരവുമായ
പദാവലിയിലും രാഷ്ട്രീയവ്യാപാരങ്ങളിലും-

കുരുങ്ങിപ്പോകാൻ
ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
-ബെയത്തോൾഡ് ബ്രെഹ്റ്റ്




ഇവിടെ യൂണിവേഴ്സിറ്റിയിൽ, ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി, ലാഭമില്ലാത്ത 16 കോഴ്സുകൾ-മ്യൂസിക്, തിയറ്റർ, ഫോറിൻ ലാംഗ്വേജ്സ്, വിമൻ സ്റ്റഡീസ്, ഇന്റർനാഷണൽ സ്റ്റഡീസ്, പീസ് സ്റ്റഡീസ് ഉൾപ്പെടെ- ഒഴിവാക്കുവാൻ സർവ്വകലാശാല അധികാരികൾ തീരുമാനിച്ചതിനെതിരെ വിദ്ധ്യാർത്ഥികളും ഫാക്കൽട്ടികളുമുൾപ്പെടെയുള്ള അകദമിക് സമൂഹം ഇന്ന് പ്രതിഷേധപ്രകടനം നടത്തി.



Wednesday, July 23, 2008

വായനാശീലമുള്ള ഒരു തൊഴിലാളിയുടെ ചോദ്യങ്ങൾ

ഏഴു കവാടങ്ങളുള്ള തീബ്‌സ്‌ ആരാണു നിർമ്മിച്ചത്‌?
പുസ്തകങ്ങളിൽ നിങ്ങൾ രാജാക്കന്മാരുടെ പേരുകൾ കാണും.
കല്ലുകൾ ചുമന്നത്‌ രാജാക്കന്മാരായിരുന്നോ?
ഒരുപാട്‌ തവണ തകർക്കപ്പെട്ട ബാബിലോൺ, ഓരോ തവണയും പണിതുയർത്തിയത്‌ ആരായിരുന്നു?
സുവർണ്ണതിളക്കമുള്ള ലിമയുടെ പണിക്കാർ
ഏതു തരം വീടുകളിലായിരുന്നു ജീവിച്ചിരുന്നത്‌?
ചൈനയിലെ വന്മതിൽ പണി തീർന്നയന്ന്
കൽപണിക്കാർ എങ്ങോട്ടാണു പോയത്‌?മഹത്തായ റോമ,
വിജയകമാനങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.
ആരായിരുന്നു അവ പണിതുയർത്തിയത്‌?
സീസർ ആരുടെ മുന്നിലാണ്‌ വിജയശ്രീലാളിതനായത്‌?
പാട്ടുകളിൽ പ്രകീർത്തിക്കപ്പെട്ട ബൈസാന്റിയത്തിൽ,
എല്ലാ അന്തേവാസികൾക്കും കൊട്ടാരങ്ങളുണ്ടായിരുന്നോ?
കഥകളിൽ മാത്രമാണെങ്കിലും, അറ്റ്‌ലാന്റിസിനെ കടൽ വിഴുങ്ങിയ
അന്നും മുങ്ങിക്കൊണ്ടിരുന്നവർ അടിമകളെ ശകാരിക്കുന്നുണ്ടായിരുന്നു.

യുവാവായ അലൿസാണ്ടർ ഇന്ത്യ കീഴടക്കി.
അയാൾ തനിച്ചായിരുന്നോ?
സീസർ ഗ്വോളുകളെ പരാജയപ്പെടുത്തി.
ഒരു കുശിനിക്കാരൻ പോലും കൂടെയില്ലായിരുന്നോ?
തന്റെ അർമ്മദ താണു പോയപ്പോൾ സ്പെയിനിലെ ഫിലിപ്പ്‌ വിതുമ്പി.
അയാൾ മാത്രമേ കരയാനുണ്ടായിരുന്നുള്ളോ?
ഫ്രെഡറിക്‌ രണ്ടാമൻ ഏഴുവർഷങ്ങളുടെ യുദ്ധം ജയിച്ചു. കൂടെ ആരൊക്കെ ജയിച്ചു?

ഓരോ താളും ഓരോ വിജയം.
വിജയികൾക്ക്‌ അത്താഴമൊരുക്കിയത്‌ ആരായിരുന്നു?
ഓരോ പത്തുവർഷങ്ങളിലും ഒരു മഹാൻ?
ആരായിരുന്നു ബില്ലടച്ചത്‌?

ഒരുപാട്‌ റിപ്പോർട്ടുകൾ.
ഒരുപാട്‌ ചോദ്യങ്ങൾ.


ബ്രെഹ്‌ത്തിന്റെ പ്രശസ്തമായ Questions From a Worker Who Reads എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ.

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.