Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

Wednesday, October 9, 2013

രാസശാസ്ത്ര നൊബേൽ - 2013



       ഈ വർഷത്തെ രാസശാസ്ത്രത്തിനുള്ള നൊബേൽ, കമ്പ്യൂട്ടേഷണൽ രാസശാസ്ത്രജ്ഞരായ മാർട്ടിൻ കാർപ്ലസ്, മൈക്കൽ ലെവിറ്റ്, ആരിയെ വാർഷെൽ എന്നിവർക്ക് ലഭിച്ചത്, ഇവർ രൂപപ്പെടുത്തിയ ജ്ഞാനശാഖയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് വ്യക്തിപരമായിത്തന്നെ എനിക്ക് സന്തോഷം തോന്നിയ ഒന്നായി. വളരെ സങ്കീർണമായ ഘടനയുള്ള പ്രോട്ടീൻ പോലുള്ള ബൃഹദ്തന്മാത്രകളെയും അവയുൾപ്പെടുന്ന രാസപ്രവർത്തനങ്ങളെയും പഠിക്കുവാനും മനസ്സിലാക്കുവാനും സഹായിക്കുന്ന രീതിയിൽ, ക്വാണ്ടം ബലതന്ത്രം, മോളിക്യുലാർ മെക്കാനിക്സ് (തന്മാത്രാ ബലതന്ത്രം ?) എന്നീ കമ്പ്യൂട്ടിംഗ് രീതികളെ സം‌യോജിപ്പിച്ച് നൂതനമായൊരു കമ്പ്യൂട്ടേഷണൽ സങ്കേതം വികസിപ്പിച്ചതിനാണ് ഇവർക്ക് നൊബേൽ സമ്മാനം നൽകപ്പെട്ടത്.
                മുകളിലെ ചിത്രത്തിൽ ന്യൂട്ടനും ആപ്പിളും ന്യൂട്ടോണിയൻ ഭൗതികത്തിലധിഷ്ഠിതമായ മോളിക്യുലാർ മെക്കാനിക്സിനെ പ്രതിനിധീകരിക്കുന്നുവെങ്കിൽ, പൂച്ചയും പെട്ടിയും (Schrodinger's cat) ക്വാണ്ടം ബലതന്ത്രത്തെ പ്രതിനിധീകരിക്കുന്നു. തന്മാത്രകളെയും രാസപ്രവർത്തനങ്ങളെയും പഠിക്കാനുപയോഗിക്കുമ്പോൾ തികച്ചും വേറിട്ട സവിശേഷതകളാണ് ഈ രണ്ടു സങ്കേതങ്ങൾക്കുമുള്ളത്.

മോളിക്യുലാർ ഡൈനാമിക്സിൽ, ന്യൂട്ടന്റെ രണ്ടാം ചലനനിയമമുപയോഗിച്ച് (F=ma) ഒരു ബൃഹദ്തന്മാത്രയുടെ സമയബന്ധിതസ്വഭാവമാണു പഠിക്കുന്നത്. ഈ തന്മാത്രയിലടങ്ങിയിരിക്കുന്ന ഓറ്റോ ആറ്റത്തെയും മെക്കാനിക്കൽ സ്വഭാവമുള്ള ഓരോ പാർട്ടിക്കിളുകളായാണ് പരിഗണിക്കുന്നത്. സമയത്തിനനുസരിച്ച്, ഓരോ ആറ്റത്തിന്റെയും സ്ഥാനത്തിലുള്ള മാറ്റം കണക്കാക്കുകയും അതിൽ നിന്നും, ഓരോ ആറ്റത്തിലും ഏല്‍പ്പിക്കപ്പെടുന്ന force കണക്കാക്കുകയും പിന്നീട് ഈ force ഉപയോഗിച്ച് തന്മാത്രയുടെ ഊർജ്ജനിലയെ വിശദീകരിക്കുന്ന Born-Oppenheimer surface കണ്ടെത്തുകയുമാണു ചെയ്യുന്നത്. പ്രോട്ടീനുകളും ഡി.എൻ.എയും പോലുള്ള ബൃഹദ്തന്മാത്രകളുടെ ഘടനയെ കാര്യമായ കമ്പ്യൂട്ടർ ശേഷി ഉപയോഗിക്കാതെ തന്നെ പഠിക്കാനാകും എന്നതാണ് മോളിക്യുലാർ മെക്കാനിക്സിന്റെ സവിശേഷത.

എന്നാൽ രാസപ്രവർത്തനങ്ങളിൽ ആറ്റങ്ങളെ തമ്മിൽ കണക്ട് ചെയ്യുന്ന കെമിക്കൽ ബോണ്ടുകൾ പൊട്ടുകയും പുതിയ ബോണ്ടുകൾ രൂപപ്പെടുകയും ചെയ്യുന്നതുകൊണ്ട്, രാസപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഈ മെത്തേഡ് പര്യാപ്തമല്ല. അതിനായി ഓരോ ആറ്റത്തെയും വിശദാംശങ്ങളോടെ പരിഗണിക്കുന്ന ക്വാണ്ടം ബലതന്ത്രം(Quantum Mechanics) തന്നെ ഉപയോഗിക്കണം. എന്നാൽ ക്വാണ്ടം ബലതന്ത്രം ഉപയോഗിച്ചുള്ള സങ്കീർണമായ കമ്പ്യൂട്ടേഷനുകൾ കൂടുതൽ കമ്പ്യൂട്ടർ ശേഷിയും സമയവും ആവശ്യപ്പെടുന്നു. അതുകൊണ്ട് താരതമ്യേന വലിപ്പം കുറഞ്ഞ തന്മാത്രകൾ മാത്രമേ ക്വാണ്ടം ബലതന്ത്രംഉപയോഗിച്ച് പഠിക്കാനാകൂ.

പ്രോട്ടീനുകൾ പോലുള്ള ബൃഹദ്തന്മാത്രകൾ ഉൾപ്പെടുന്ന രാസപ്രവർത്തനങ്ങൾ പഠിക്കാനുതകുന്ന രീതിയിൽ മോളിക്യുലാർ മെക്കാനിക്സിനെയും ക്വാണ്ടം മെക്കാനിക്സിനെയും സം‌യോജിപ്പിച്ചതാണ് ഈ വർഷത്തെ നൊബേൽ സമ്മാനം നൽകപ്പെടുന്നത്. പ്രോട്ടീനുകളിലൊക്കെ പ്രധാനരാസപ്രവർത്തനങ്ങളൊക്കെ നടക്കുന്നത് Active site എന്ന പേരിലറിയപ്പെടുന്ന ഒരു ചെറിയ ഭാഗത്തായിരിക്കും. മറ്റുള്ള ഭാഗങ്ങൾ പ്രോട്ടീനിന്റെ ഘടനയുടെ ഭാഗമാണെങ്കിലും രാസപ്രവർത്തനങ്ങളിൽ നേരിട്ടു പങ്കെടുക്കണമെന്നില്ല. മാർട്ടിൻ കാർപ്ലസ്, മൈക്കൽ ലെവിറ്റ്, ആരിയെ വാർഷെൽ എന്നിവർ ചേർന്ന രൂപപ്പെടുത്തിയ മെത്തേഡിൽ, ഒരേ തന്മാത്രയെത്തന്നെ പല തട്ടുകളായി തിരിച്ച്, ഒരേ സമയം പല തലത്തിലുള്ള തിയറി ഉപയോഗിച്ച് പഠിക്കാനാകും.
ഈ ചിത്രത്തിൽ, (മെറ്റലോതയോനീൻ എന്ന പ്രോട്ടീനിന്റെ β-ഡൊമൈൻ) വൃത്തത്തിനുള്ളിലെ, ball & stick model കാണിച്ചിട്ടുള്ള ഭാഗങ്ങൾ ക്വാണ്ടം മെക്കാനിക്സ് ഉപയോഗിച്ചും, വൃത്തത്തിനു വെളിയിലുള്ള ഭാഗങ്ങൾ മോളിക്യുലാർ മെക്കാനിക്സ് ഉപയോഗിച്ചും ഒരേസമയം പഠിക്കുന്നു. QM/MM എന്നാണ് ഈ സങ്കേതത്തിനു പേര്. ഇതിൽ വൃത്തത്തിനുള്ളിലെ (ആക്ടീവ് സൈറ്റ്) രാസപ്രവർത്തനങ്ങൾ കൂടുതൽ വിശദാംശങ്ങളോടെ പഠിക്കുമ്പോൾ, വൃത്തത്തിനു പുറത്തുള്ള ഭാഗങ്ങൾ പ്രോട്ടീനിന്റെ ഘടനാപരമായ സവിശേഷതകൾ നിലനിർത്താൻ സഹായിക്കുന്നു. വേണമെങ്കിൽ മൂന്നാമതൊരു ലെയറു കൂടി ചേർത്ത് മീഡിയം ഏതാണെന്നതിന്റെ വിശദാംശം കൂടി ഉൾപ്പെടുത്താവുന്നതാണ്. മൂന്നു ലെയർ വരെ ഒരേ സമയം കമ്പ്യൂട്ട് ചെയ്യാവുന്ന പ്രോഗ്രാമുകൾ ഇന്ന് കൊമേഴ്സ്യലായി തന്നെ ലഭ്യമാണ്.

നൊബേൽ സമ്മാനാർഹമായ ഗവേഷണങ്ങൾ നടന്നതൊക്കെ 70-കളിലാണെങ്കിലും 90-കളുടെ അവസാനത്തോടെയാണ് ഈ സങ്കേതം ഉപയോഗിക്കാനാവശ്യമായ കമ്പ്യൂട്ടിംഗ് പവർ സാധാരണ യൂണിവേഴ്സിറ്റികളിലൊക്കെ ലഭ്യമായത്. Gaussian.com എന്ന കമ്പനി പുറത്തിറക്കുന്ന, മോളിക്യുലാർ മോഡലിംഗ് പഠനങ്ങൾക്കായി പരക്കെ ഉപയോഗിക്കപ്പെടുന്ന ഗൗഷ്യൻ എന്ന പ്രോഗ്രാമിന്റെ 2003 വേർഷനിലാണ്QM/MM മെത്തേഡ് ആദ്യമായി ലഭ്യമായത് (ONIOM എന്ന പേരിൽ). കൂടുതൽ നവീകരിച്ച 2009 വേർഷൻ ലഭ്യമാകുകയും കമ്പ്യൂട്ടിംഗ് പവർ ഏറെ വർദ്ധിക്കുകയും ചെയ്തതോടെ ഒരു dual core പ്രോസസർ ഉപയോഗിച്ചു തന്നെ പ്രോട്ടീൻ മോഡലിംഗ് നടത്താമെന്ന സ്ഥിതിയായിട്ടുണ്ട്. Gaussian കൂടാതെ ORCA, GAMESS, TINKER  എന്നിങ്ങനെ, സൗജന്യമായതും അല്ലാത്തതുമായ അനേകം പ്രോഗ്രാമുകളും ഇന്നു ലഭ്യമാണ്.

ചിത്രങ്ങൾ ഒന്നും മൂന്നും റോയൽ സ്വീഡിഷ് അക്കാദമിയുടെ വെബ്സൈറ്റിൽ നിന്നും.


കൂടുതൽ വായനയ്ക്ക്

Levitt, M. (2001) The birth of computational structural biology, Nature structural biology 8:392–393.

Karplus, M. (2006) Spinach on the Ceiling: A Theoretical Chemist’s Return to Biology, Annu. Rev. Biophys. Biomol. Struct. 3 5: 1– 47.

Johnson, P. (2012) Warshel Fêted by Royal Society of Chemistry,


Sunday, May 31, 2009

2000 വർഷങ്ങളിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തം !

പ്രമുഖ Third culture വെബ്‌സൈറ്റ് ആയ എഡ്‌ജ്.ഓർഗ്, ഏതാനും വർഷങ്ങൾക്കു മുൻപ് ലോകമെമ്പാടുമുള്ള, പലമേഖലകളിൽ പ്രശസ്തരും പ്രമുഖരുമായ ചിലരോട് ഒരു ചോദ്യം ചോദിച്ചു…
കഴിഞ്ഞ 2000 വർഷങ്ങളിൽ ഉണ്ടായതിൽ ഏറ്റവും പ്രധാന കണ്ടുപിടുത്തം (Invention) ഏതാണ്?

നമ്മുടെ മനസ്സിൽ വരാൻ സാധ്യതയുള്ള ഉത്തരങ്ങൾ- place value system, ക്ലാസ്സിക്കൽ മെക്കാനിക്സ്, ക്വാണ്ടം തിയറി, മൈക്രോസ്കോപ്പ്, കമ്പ്യൂട്ടർ, ഇന്റർ‌നെറ്റ്, അനസ്തേഷ്യ-മുതൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഉത്തരങ്ങൾ-വൈക്കോൽ, ഗർഭനിരോധന ഗുളികകൾ- വരെ വന്നു.

പ്രശസ്തനായ എവലൂഷനറി ബയോളജിസ്റ്റ് റിച്ചാർ‌ഡ് ഡോക്കിൻസിന്റ്റെ അഭിപ്രായത്തിൽ അത് ടെലസ്കോപ്പ്/spectroscope ആയിരുന്നു. Unweaving the Rainbow എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ടല്ലോ അദ്ദേഹം.

പ്രമുഖ ന്യൂറോളജിസ്റ്റ് ആയ വി.എസ് രാമചന്ദ്രന്റെ അഭിപ്രായത്തിൽ, ആധുനിക ഗണിതശാസ്ത്രത്തിനു തുടക്കം കുറിച്ച, പൂജ്യത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്നവുംകൂടി ചേർന്ന place value notation system ആണ് ഏറ്റവും പ്രധാനകണ്ടുപിടുത്തം.

ചിത്രകാരൻ, എഴുത്തുകാരൻ, ബിസിനസ് എന്നീ നിലകളിൽ പ്രശസ്തനായ മൈക്കൽ നെസ്മിത്ത് പറയുന്നത് കോപ്പർ‌നിക്കസിന്റെ തിയറിയാണ് ഏറ്റവും കേമം എന്നാണ്.

ഓക്സ്‌ഫോർഡ് സർവ്വകലാശാലയിലെ ഫിസിയോളജി പ്രൊഫസർ ആയ കോളിൻ ബ്ലേക്ൿമോറിന്റെ വോട്ട് ഗർഭനിരോധന ഗുളികകൾക്കാണ്. കാരണം, അറുപതുകളിലെ sexual liberation പ്രസ്ഥാനങ്ങൾക്കും, പിന്നീടു ഫെമിനിസത്തിനും അതുവഴി പടിഞ്ഞാറൻ രാജ്യങ്ങളിൽ സാമ്പ്രദായിക കുടുംബഘടനകളുടെ ശിഥിലീകരണത്തിനും വഴി തുറന്നത് ഗർഭനിരോധന ഗുളികകളായിരുന്നു.

കൊളംബിയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ ജോസഫ് ട്രോബിന്റെ അഭിപ്രായത്തിൽ അത് invention of the scientific method ആണ്.

ഹാർ‌വാർഡിലെ Professor of Education, ഹോവാർഡ് ഗാർ‌ഡ്‌നറുടെ അഭിപ്രായത്തിൽ വെസ്റ്റേൺ ക്ലാസ്സിക്കൽ സംഗീതമാണ് ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തം.

പ്രിൻ‌സ്‌റ്റണിലെ ഫിസിക്സ് പ്രൊഫസർ ഫ്രീമാൻ ഡൈസന്റെ അഭിപ്രായത്തിൽ വൈക്കോൽ ആണ് ഏറ്റവും പ്രധാനപ്പെട്ടത്. പുരാതന ഗ്രീസിലും റോമിലും വൈക്കോൽ ഉണ്ടായിരുന്നില്ല. തണുപ്പുരാജ്യങ്ങളിൽ മഞ്ഞുകാലത്ത് കുതിരകൾക്ക് മേയാൻ പുല്ല്‌ ലഭ്യമല്ലാത്തതിനാൽ അത്തരം രാജ്യങ്ങളിൽ നഗരവത്കരണം അസാധ്യമായിരുന്നു. വൈക്കോൽ കാര്യങ്ങളെ മാറ്റിമറിച്ചു. മഞ്ഞുകാലത്തും കുതിരകൾക്ക് തീറ്റ കൊടുക്കാം എന്ന അവസ്ഥയിൽ തണുപ്പുരാജ്യങ്ങളിൽ ആളുകൾ താമസിച്ചു തുടങ്ങി. ഇതു ചരിത്രത്തെതന്നെ മാറ്റിമറിച്ചു.

പ്രമുഖ ന്യൂറോബയോളജിസ്റ്റും എഴുത്തുകാരനുമായ സ്റ്റീവൻ റോസിന്റെ ഉത്തരം വേറിട്ടു നിൽക്കുന്ന ഒന്നാണ്. അദ്ദേഹം പറയുന്നു, “കണ്ടുപിടുത്തമെന്നാൽ വെറും സാങ്കേതികവിദ്യയല്ല, ആശയങ്ങളാണ്. അതുകൊണ്ട്, ജനാധിപത്യം, സാമൂഹ്യനീതി, വർഗ-ലിംഗഭേദമില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാമെന്ന സാധ്യതയിലുള്ള വിശ്വാസം എന്നീ ആശയങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്.”

കൂടുതൽ ആൾക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ വായിക്കാം.

ഇനി നിങ്ങൾ പറയൂ, നിങ്ങളുടെ അഭിപ്രായത്തിൽ ഏതാണ് ഇക്കഴിഞ്ഞ 2000 വർഷങ്ങളിൽ ഉണ്ടായതിൽ ഏറ്റവും പ്രധാന കണ്ടുപിടുത്തം. എന്റെ വോട്ട് കാൽക്കുലസിനാണ്.

Saturday, April 25, 2009

പരിണാമത്തെക്കുറിച്ചു തന്നെ... (ചിത്രങ്ങൾ)

പരിണാമസിദ്ധാന്തത്തിന്‌ ഏറ്റവും വ്യക്തവും ശക്തവുമായ തെളിവുകൾ, ഒരുപക്ഷേ, തന്മാത്ര തലത്തിലാവും കാണാൻ സാധിക്കുക. പ്രോട്ടീൻ ഘടനകളുടെ പഠനത്തിലൂടെ ഉരുത്തിരിയുന്ന, ജീവികളുടെ പരിണാമപരമായ ബന്ധങ്ങളെക്കുറിച്ചാണ്‌ ഈ പോസ്റ്റ്‌. അധികവും ചിത്രങ്ങൾ ഉപയോഗിച്ച്‌, ലളിതമായി പരിണാമത്തെ വിവരിക്കാനൊരു ശ്രമം. തതുല്യമായ മലയാളം വാക്കുകൾ അറിവില്ലാത്തതിനാൽ ഒരുപാട്‌ ഇംഗ്ലീഷ്‌ പദങ്ങൾ ഉൾപ്പെടുത്തേണ്ടി വന്നിട്ടുണ്ട്‌. നിർദ്ദേശങ്ങൾ സ്വീകരിച്ച്‌ പിന്നീടു തിരുത്തുന്നതായിരിക്കും.



ഒരു പ്രോട്ടീനിന്റെ പ്രാഥമികഘടന തീരുമാനിക്കുന്നത്‌ അതിനു വേണ്ടി എൻകോഡു ചെയ്യുന്ന ജീൻ(DNA) ആണ്‌. ഈ ജീനിലുണ്ടാകുന്ന മാറ്റങ്ങൾ താഴെപ്പറയുന്ന വിധം പ്രോട്ടീനിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തിയേക്കാം.
  • ഒരേ ജൈവപ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന, ഘടനയിൽ മാത്രം വ്യത്യാസമുള്ള മറ്റൊരു പ്രോട്ടീൻ.
  • മുൻപു നിർവ്വഹിച്ചിരുന്ന ജൈവപ്രവർത്തനങ്ങൾ വ്യത്യസ്തമായൊരു വേഗത്തിലോ കൃത്യതയിലോ നിർവ്വഹിക്കുന്ന ഒരു പ്രോട്ടീൻ.
  • പൂർണ്ണമായും വേറൊരു ധർമ്മം നിർവ്വഹിക്കുന്ന പ്രോട്ടീൻ.
  • ഒരു പ്രവർത്തനരഹിതമായ പ്രോട്ടീൻ.
അതായത്‌ പ്രോട്ടീനുകളുടെ ഘടനകൾ പരിണമിക്കുന്നത്‌ ജീവികളുടെ പരിണാമത്തിനു സമാന്തരമായി, പോസിറ്റീവോ നെഗറ്റീവോ ആയ തെരഞ്ഞെടുപ്പുകളിലൂടെയാണ്‌.
അമിനോആസിഡുകളുടെ ചങ്ങലയാണു പ്രോട്ടീൻ എന്നറിയാമല്ലോ. വ്യത്യസ്ത ജീവിവർഗങ്ങളിൽ സമാനമായ ജൈവപ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന പ്രോട്ടീനുകളിൽ ഓരോ പ്രത്യേക സ്ഥാനങ്ങളിലും ഒരേ അമിനോആസിഡ്‌ തന്നെ നിലനിർത്തുന്നതിന്റെയും മാറ്റങ്ങൾ വരുത്തുന്നതിന്റെയും പാറ്റേണുകൾ പഠിച്ചാൽ, ജൈവപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള പ്രകൃതിയുടെ മാർഗ്ഗങ്ങളെക്കുറിച്ച്‌ സൂചനകൾ ലഭിക്കും. ഈ പാറ്റേണുകൾ പഠിക്കാൻ ഒരു മാർഗം വ്യത്യസ്ത ജീവിവർഗങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത പ്രോട്ടീനുകളെ അവയുടെ അമിനോ ആസിഡുകളുടെ ക്രമമനുസരിച്ച്‌, ഒരുമിച്ച്‌ align ചെയ്യുന്നതായിരിക്കും. ഇതിനെ Sequence alignment എന്നു പറയും. തിമിംഗലം, ലൂപിൻ എന്ന സസ്യം എന്നിങ്ങനെ തികച്ചും വ്യത്യസ്തങ്ങളായ രണ്ടു ജീവികളിൽ നിന്നും വേർത്തിരിച്ചെടുത്ത മയോഗ്ലോബിൻ എന്ന, ഓക്സിജൻ സംഭരിക്കുന്ന പ്രോട്ടീനിന്റെ ഘടനകൾ താരതമ്യം ചെയ്യുന്നതു നോക്കൂ.
ഈ ചിത്രത്തിൽ അക്കങ്ങൾ കാണുന്നത്‌ അമിനോആസിഡുകളുടെ സ്ഥാനത്തെയും ഇംഗ്ലീഷ്‌ അക്ഷരങ്ങൾ വ്യത്യസ്ത അമിനോ ആസിഡുകളെയും സൂചിപ്പിക്കുന്നു. ഇതിൽ ഒരേപോലെയുള്ള (conserve ചെയ്യപ്പെട്ടിരിക്കുന്ന) അമിനോ ആസിഡുകൾ 25% മാത്രമാണ്‌ (കളറിൽ കൊടുത്തിരിക്കുന്നത്‌). ഇനി, മാറ്റങ്ങൾ കാണുന്നതിൽ തന്നെ സമാന-രാസസ്വഭാവമുള്ള അമിനോആസിഡുകളാണ് ഒരേ സ്ഥാനത്തു വരുന്നത്. പ്രോട്ടീനിന്റെ ഫംഗ്‌ഷനുമായി നേരിട്ടു ബന്ധമുള്ള അമിനോ ആസിഡുകൾ മാറിയിട്ടില്ല എന്നു കാണാം. ഉദാ: position 100-ലുള്ള Histidine.



ഇൻസുലിൻ


A,B,C എന്നിങ്ങനെ മൂന്നു ചങ്ങലകളുള്ള പ്രോഇൻസുലിൻ ആയാണ് ഇൻസുലിൻ ശരീരത്തിൽ നിർമ്മിക്കപ്പെടുന്നത്. പിന്നീട് സി ചെയിൻ മുറിഞ്ഞുപോയി A,B ചെയിനുകൾ തമ്മിൽ Disulfide ബോണ്ടുകൾ(ചിത്രത്തിൽ മഞ്ഞനിറത്തിൽ കാണുന്നത്‌) ഉണ്ടാകുന്നു. ഇതിൽ C ചെയിന്, ഇൻസുലിന്റെ ജൈവപ്രവർത്തനത്തിൽ പങ്കില്ല. ഇനി, വ്യത്യസ്ത ജീവികളിൽ നിന്നുള്ള ഇൻസുലിലിന്റെ ഘടന താരതമ്യം ചെയ്താൽ ഏറ്റവും വ്യത്യാസം കാണുക ഇൻസുലിന്റെ ഫംഗ്‌ഷനുമായി ബന്ധമില്ലാത്ത C ചെയിനിലായിരിക്കും. ഫംഗ്‌ഷൻ നിർവ്വഹിക്കുന്ന A,B ചെയിനുകൾ ഏകദേശം ഒരേപോലെയാണെന്നു കാണാം.


സമീപകാലത്ത്‌ ഇൻസുലിനുള്ള മനുഷ്യജീൻ ക്ലോൺ ചെയ്യുന്നതു വരെ ഡയബീറ്റീസ്‌ രോഗികൾക്ക്‌ Porcine insulin നൽകിയിരുന്നതിന്റെ കാരണം ഈ ചെയിൻ നോക്കിയാൽ മനസ്സിലാകും. ഓരോ മരുന്നും മനുഷ്യരിൽ പരീക്ഷിക്കുന്നതിനും മാർക്കെറ്റിലെത്തുന്നതിനും മുൻപ്‌ ക്ലിനിക്കൽ ട്രയലുകളുടെ ഭാഗമായി എലി, മുയൽ, ഗിനി പന്നി തുടങ്ങിയ ജീവികളിൽ പരീക്ഷിക്കുന്നത്‌ ഈ ജീവിവർഗങ്ങൾക്ക്‌ മനുഷ്യനുമായുള്ള പരിണാമപരമായ സാമ്യങ്ങളെ മുൻനിർത്തിയാണ്‌.


സൈറ്റോക്രോം സി

104 അമിനോആസിഡുകളുടെ ഒറ്റച്ചങ്ങലയാണു സൈറ്റോക്രോം സി എന്ന പ്രോട്ടീൻ. ഓക്സിജന്റെ സാനിധ്യമുള്ള ഇടങ്ങളിൽ നിലനിൽക്കുവാനും വളരുവാനും കഴിവുള്ള എല്ലാ ജീവികളിലും (Aerobic organism) കണ്ടുവരുന്ന ഈ പ്രോട്ടീൻ ഊര്‍ജ്ജ സംശ്ലേഷണത്തിൽ(mitochondrial electron transport) സുപ്രധാന പങ്കു വഹിക്കുന്നു. ഓൿസിജൻ ട്രാൻസ്‌പോർട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടീനിലുമെന്നതു പോലെ ഇതിലും ഒരു ഹീം യൂണിറ്റ്‌ ഉണ്ട്‌. വ്യത്യസ്ത ജീവി വർഗങ്ങളിൽ നിന്നുള്ള സൈറ്റോക്രോം പ്രോട്ടീനുകളിലെ അമിനോ ആസിഡുകളുടെ പ്രാഥമികഘടന നിരയായി എഴുതിയിരിക്കുന്നതു നോക്കൂ.
cyto-seq

ഈ സ്വീകൻസുകളെല്ലാം തമ്മിൽ അസാധാരണമായ സാമ്യം കാണാം. പ്രത്യേകിച്ചും ചില വിശേഷസ്ഥാനങ്ങളിൽ. ഉദാഹരണത്തിന്‌ position 10ൽ ഉള്ള Phenylalanine, position 30ൽ ഉള്ള Proline, position 80ൽ ഉള്ള Methionine. പരിണാമം വഴി ജീവികളുടെ ജീനുകളിലും അതുവഴി സ്വഭാവം, രൂപം എന്നിവയിലെല്ലാം വളരെ മാറ്റങ്ങൾ ഉണ്ടാകുമ്പോഴും, ഒരു പ്രോട്ടീനിന്റെ ഫംഗ്‌ഷനുമായി നേരിട്ടു ബന്ധമുള്ള അമിനോആസിഡുകളിൽ മാറ്റം വന്നാൽ ആ ജീവിവർഗത്തിന്റെ നിലനിൽപ്പു തന്നെ അപകടത്തിലാകും എന്നതിനാൽ ഈ സ്ഥാനങ്ങളിൽ മാറ്റങ്ങൾ വരാതെ പ്രകൃതി സംരക്ഷിക്കുന്നു. ഇനി മാറ്റങ്ങൾ കാണപ്പെടുന്ന സ്ഥാനങ്ങളിൽ പോലും സമാന രാസസ്വഭാവമുള്ള അമിനോആസിഡുകൾ ആണ്‌ പകരം വരുന്നത്‌. ഉദാഹരണത്തിന്‌ position 98ൽ leucine, isoleucine, valine എന്നീ lipophilic ആയ അമിനോആസിഡുകൾ മാത്രമേ വരുന്നുള്ളൂ. അതുപോലെ, ഹീം യൂണിറ്റിലെ ഇരുമ്പുമായി നേരിട്ട്‌ ബോണ്ട്‌ ഉള്ള position 18-ലെ Histidine എല്ലാ ജീവികളിലും സംരക്ഷിക്കപ്പെട്ടിരിക്കുന്നതായി കാണാം.


വിവിധ ജീവജാലങ്ങളിൽ പ്രോട്ടീനിന്റെ ധർമ്മവും ഘടനയുമായി നേരിട്ടുബന്ധമുള്ള അമിനോആസിഡുകൾ സംരക്ഷിക്കപ്പെടുമ്പോൾ പ്രാധാന്യം കുറഞ്ഞ മറ്റു സ്ഥാനങ്ങളിൽ മാറ്റങ്ങൾ വരുന്നതു കാണാം. ഇതിൽ മനുഷ്യന്റെയും ചിമ്പാൻസിയുടെയും സീക്വൻസുകൾ ഒരേപോലെയാണെന്നതു ശ്രദ്ധിക്കുക. അതു പോലെ macaque, spider എന്നീ കുരങ്ങുവർഗ്ഗങ്ങളുടെ സീക്വൻസ്‌ മനുഷ്യൻ/ചിമ്പാൻസി സീക്വൻസുമായി വളരെ സാമ്യമുള്ളതും ശ്രദ്ധിക്കുക. ഇത്‌ സൂചിപ്പിക്കുന്നത്‌, താരതമ്യേന സമീപകാലത്ത്‌ ഉണ്ടായ പരിണാമപരമായ വ്യതിയാനങ്ങളാണ്‌.


ഇനി കുതിരയിലും ട്യൂണ എന്ന മത്സ്യത്തിലുമുള്ള സൈറ്റോക്രോം സി Backbone alignment ചെയ്തിരിക്കുന്നത്‌ ശ്രദ്ധിക്കുക.

ചിത്രത്തിൽ പച്ച നിറത്തിൽ കാണുന്നത് കുതിരയുടെ സൈറ്റോക്രോം സി പ്രോട്ടീനും ചുവപ്പ് നിറത്തിൽ കാണൂന്നത് ട്യൂണയിലെ അതേ പ്രോ‍ട്ടീനും. രണ്ട് ചിത്രങ്ങളും വ്യത്യസ്ത ആംഗിളിൽ നിന്നുള്ളത്. പ്രോട്ടീനിലെ അമിനോആസിഡുകൾ അടുക്കിയിരിക്കുന്ന ക്രമം (പ്രാഥമിക ഘടന)യിൽ മാത്രമല്ല secondary, tertiary ഘടനയിൽ പോലുമുള്ള സാമ്യം ഇവിടെ വ്യക്തമാണ്‌.


പരിണാമവൃക്ഷത്തിന്റെ ചിത്രം.

Photobucket
വിവിധ ജീവിവർഗങ്ങളിലെ പ്രോട്ടീനുകളുടെ പ്രാഥമികഘടനയിലുള്ള വ്യത്യാസം കണക്കിലെടുത്താണ്‌ ഈ ചിത്രം രൂപപ്പെടുത്തിയിട്ടുള്ളത്‌. Morphological Data ഉപയോഗിച്ച്‌ പരിണാമജീവശാസ്ത്രകാരൻമാർ ഉണ്ടാക്കിയിട്ടുള്ള പരിണാമവൃക്ഷത്തിന്റെ ചിത്രവുമായുള്ള സാമ്യം ഇവിടെ ശ്രദ്ധേയമാണ്‌.




കുറിപ്പ്:

ആദ്യത്തെ ചിത്രത്തിൽ 1mbd എന്നത് തിമിംഗലത്തിന്റെ മയോഗ്ലോബിനെ സൂചിപ്പിക്കുന്ന PDB Code ആണ്. 2gdm എന്നത് ലൂപിൻ എന്ന സസ്യത്തിലെ സമാനമായ പ്രോട്ടീനിന്റേതും. ഈ പോസ്റ്റ് തയ്യാറാക്കുന്നതിന് BioEdit, Swiss PDB Viewer, RasMol തുടങ്ങിയ പ്രോഗ്രാമുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. സൌജന്യമായി ലഭിക്കുന്ന ഈ പ്രോഗ്രാമുകൾ ഉപയോഗിച്ച് സമാനമായ പഠനങ്ങൾ ആർക്കും നടത്താവുന്നതാണ്. പ്രോട്ടീനുകളുടെ ക്രിസ്റ്റൽ ഡാറ്റ Protein Data Bank-ൽ നിന്നും ലഭിക്കുന്നതാണ്. അവസാനത്തെ രണ്ടു ചിത്രങ്ങൾ ക്ലിക്കിയാൽ വലുതായി കാണാം.

Ref: Schwartz and Dayhoff, Science, 1978, 199, 395

Saturday, March 29, 2008

ആദവും ഹവ്വയും: ചില ശാസ്ത്രചിന്തകള്‍

ബൈബിളില്‍ പറയുന്ന ആദത്തിന്റെയും ഹവ്വയുടെയും കഥ ഏറെപേര്‍ക്കും അറിയാമെന്നു തോന്നുന്നു. അടുത്തിടെ ഉണ്ടായ ചില ശാസ്ത്രീയ കണ്ടെത്തലുകള്‍ ഇന്നുള്ള എല്ലാമനുഷ്യരുടെയും പൊതുവായ പൂര്‍വികരെക്കുറിച്ച്‌ ചില പുതിയ അറിവുകള്‍ നല്‍കുന്നുണ്ട്‌.
ഡിസ്ക്ലൈമര്‍: ഇത്‌ വളരെ വിശദമായ ഒരു ലേഖനമല്ല. കൂടുതല്‍ വായനയും പഠനവും നിങ്ങളില്‍ നിന്നും ആവശ്യപ്പെടുന്ന ഒരു സൂചിക മാത്രമാണ്‌. മുഴുവന്‍ വായിക്കുന്നതിന്‌ മുന്‍പ്‌ യുക്തിവാദികളും മുഴുവന്‍ വായിച്ചതിനു ശേഷം വിശ്വാസികളും എന്നെ തല്ലരുത്‌.



മൈറ്റോകോണ്ട്രിയല്‍ ഡി.എന്‍.എ(mtDNA): എല്ലാ ജീവജാലങ്ങളുടെയും മുഖ്യജനിതകവസ്തുവായ നൂക്ലിയര്‍ ഡി.എന്‍.എ-യെക്കുറിച്ച്‌ ഏറെപേര്‍ക്കും അറിയാമെന്നു കരുതുന്നു. ശരീരകോശങ്ങളിലെ പവര്‍ഹസുകളാണ്‌ മൈറ്റൊകോണ്ട്രിയ. തീര്‍ത്തും ആശ്ചര്യകരമെന്നു തോന്നിയേക്കാമെങ്കിലും മൈറ്റോകോണ്ട്രിയക്ക്‌ അവയുടെ സ്വന്തം ഡി.എന്‍.എ ഉണ്ട്‌, മാത്രമല്ല അവ നൂക്ലിയര്‍ ഡി.എന്‍.എയില്‍ നിന്നും തികച്ചും വ്യത്യസ്തവുമാണ്‌. mtDNAയില്‍ ഏകദേശം 16,000 base pairs ഉണ്ട്‌. മനുഷ്യരിലെ mtDNAയുടെ മുഴുവന്‍ സീക്വന്‍സ്‌ ഇവിടെ കാണാം. മിക്കകോശങ്ങളിലും mtDNAയുടെ 500 മുതല്‍ 1000 വരെ കോപ്പികള്‍ ഉണ്ടെന്നതിനാല്‍ ഫോസിലുകളിലും മറ്റും ഇവയെ കണ്ടെത്തുന്നതും വേര്‍തിരിച്ചെടുക്കുന്നതും വളരെ ശ്രമകരമല്ല. മറ്റൊരു പ്രകടമായ വ്യത്യാസം mtDNA പ്രൊകാര്യോട്ടുകളുടെ ഡി.എന്‍.എ പോലെ വൃത്താകൃതിയിലാണ്‌ എന്നതാണ്‌.















നൂക്ലിയര്‍ ഡി.എന്‍.എ മാതാവില്‍ നിന്നും പിതാവില്‍ നിന്നും തുല്യ അളവില്‍ സന്താനത്തിനു ലഭിക്കുമ്പോള്‍ mtDNA മാതാവില്‍ നിന്നും മാത്രമാണ്‌ ലഭിക്കുന്നത്‌. അതായത്‌ നമ്മിലുള്ള മുഴുവന്‍ mtDNAയും അമ്മയില്‍ നിന്നും കിട്ടിയതാണ്‌.



അതിനാല്‍-

ലൈംഗിക പുനരുത്‌പാദനം കാരണം mtDNAയില്‍ മാറ്റമൊന്നും വരുന്നില്ല.


കോശവിഭജനത്തില്‍ സംഭവിക്കുന്ന മ്യൂട്ടേഷന്‍ മാത്രമാണ്‌ മാറ്റങ്ങള്‍ക്കുള്ള സാധ്യത.mtDNAയിലെ Control region-ല്‍ വരുന്ന മ്യൂട്ടേഷനുകള്‍ ഈ ഭാഗം പ്രത്യേകിച്ച്‌ ഒരു പ്രോട്ടീനും കോഡ്‌ ചെയ്യാത്തതിനാല്‍ തിരുത്തപ്പെടുന്നില്ല.


പിന്നീട്‌ അണ്ഡമായി തീരുന്ന female germline കോശങ്ങളിലെ മ്യൂട്ടേഷനുകള്‍ മാത്രമേ സന്താനത്തിലേക്ക്‌ പകര്‍ത്തപ്പെടുന്നുള്ളൂ.



ഓക്സ്‌ഫോഡിലെ Institute od molecular medicine-ലെ ശാസ്ത്രജ്ഞനായ ബ്രയാന്‍ സൈക്‌സ്‌ ഇതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങളെയും ക്രോഡീകരിച്ചിട്ടുണ്ട്‌. ഫോസിലുകളില്‍ നിന്നും mtDNA വേര്‍തിരിച്ചെടുക്കാനും പോളിമെറേസ്‌ ചെയിന്‍ റിയാക്ഷന്‍ വഴി സീക്വന്‍സുകളെ amplify ചെയ്യാനുമുള്ള ഒരു മാര്‍ഗം അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. Control regionലെ മ്യൂട്ടേഷനുകള്‍ പാലിയെന്റോളജിയില്‍ ലഭ്യമായ സ്കെയിലുകളുമായി താരതമ്യം ചെയ്ത്‌ ശരാശരി 10,000 വര്‍ഷത്തില്‍ ഒരു മ്യൂട്ടേഷന്‍ എന്നൊരു നിഗമനത്തിലെത്തി. ഏഷ്യയിലും യൂറോപ്പിലും മിഡില്‍ ഈസ്റ്റിലുമുള്ള വ്യത്യസ്ത ജനസംഖ്യാ ഗ്രൂപ്പുകളില്‍ നിന്നുമുള്ള നൂറുകണക്കിനു വ്യക്തികളില്‍ നിന്നും ശേഖരിച്ച ഡാറ്റ നെറ്റ്‌വര്‍ക്ക്‌ അനാലിസിസിനു വിധേയമാക്കിയപ്പോള്‍ ആകെ ഏഴ്‌ ജെനിറ്റിക്‌ ക്ലസ്റ്ററുകള്‍ ആണ്‌ കാണാന്‍ കഴിഞ്ഞത്‌. ഈ ക്ലസ്റ്ററുകള്‍ ഓരോന്നും രൂപം കൊണ്ടത്‌ 10,000 മുതല്‍ 45,000 വര്‍ഷങ്ങള്‍ക്ക്‌ ഇടയിലായിരുന്നു. അതായത്‌ 45,000 വര്‍ഷങ്ങള്‍ക്ക്‌ പുറകിലേക്ക്‌ വംശവൃക്ഷം (Phylogenetic tree) രൂപപെടുത്തിയെടുക്കുമ്പോള്‍ ഈ ഏഴു ശാഖകളും ഒരു വ്യക്തിയില്‍ കൂടിചേരുന്നതായി കാണാം. ഈ വ്യക്തിക്ക്‌ സൈക്‌സ്‌ നല്‍കിയ പേരാണ്‌ Mitochondrial Eve. ഈ ഹവ്വ ഏകദേശം 1,30,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കിഴക്കന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു.



തെറ്റിദ്ധാരണകള്‍ ഇല്ലാതിരിക്കാനായി ചില വസ്തുതകള്‍ കൂടി കൂട്ടി ചേര്‍ക്കുന്നു.



Mitochondrial Eve-ന്‌ ബൈബിളിലെ ഹവ്വയുമായി ഒരു ബന്ധവുമില്ല.


Mitochondrial Eve നമ്മുടെ Common ancestor അല്ല, Most recent common ancestor ആണ്‌. അതായത്‌ Mitochondrial Eve ആദിമാതാവല്ല. അവര്‍ ജീവിച്ചിരുന്ന സമൂഹത്തില്‍ മറ്റ്‌ സ്ത്രീകള്‍ ഉണ്ടായിരുന്നു, അവര്‍ക്ക്‌ മുന്‍തലമുറകളും. മറ്റാരുടെയും offsprings കാലത്തെ അതിജീവിച്ചില്ല എന്നു മാത്രം.


Mitochondrial Eve ഒരു 'തിയറി' അല്ല, Mathematical fact ആണ്‌.


Y Chromosomal Adam: Y-ക്രോമസോമുകള്‍ പിതാക്കന്മാരില്‍ നിന്നും ആണ്‍മക്കളിലേക്ക്‌ മാത്രം പകര്‍ത്തപ്പെടുന്നതായി നമുക്കറിയാം. Y-ക്രോമസോമുകളെ കേന്ദ്രീകരിച്ച്‌ സമാനമായ ഒരു പഠനം സമാനമായ റിസല്‍ട്ടുകളാണ്‌ നല്‍കുന്നത്‌. ഇന്നുള്ള എല്ലാമനുഷ്യരുടെയും most recent common ancestor ആയ പുരുഷന്‍(Y Chromosomal Adam) ഏകദേശം 40,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കിഴക്കന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. അതായത്‌ Mitochondrial Eve ജീവിച്ചതിന്‌ ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക്‌ ശേഷം. (അവര്‍ തമ്മില്‍ കണ്ടിരിക്കാന്‍ സാധ്യതയൊന്നുമില്ല.)



Cavalli-Sforzaയുടെ ഗവേഷണ സംഘം അല്‍പം കൂടി വിശദമായി മനുഷ്യരുടെ പാരമ്പര്യത്തെക്കുറിച്ച്‌ പഠിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള 51 ജനസംഖ്യാ ഗ്രൂപ്പുകളുടെ പ്രതിനിധികളായി 938 വ്യക്തികളില്‍ നടത്തിയ പഠനം വ്യക്തിഗത പാരമ്പര്യത്തെയും ജനസംഖ്യാഘടനയെയും കുറിച്ച്‌ പുതിയ ഉള്‍കാഴ്ചകള്‍ നല്‍കുന്നു. 2008 ഫെബ്രുവരിയിലെ സയന്‍സ്‌ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച(Science, 2008, 319, 1100) പ്രസ്തുത പഠനവും മേല്‍പറഞ്ഞ കണ്ടെത്തലുകളെ പിന്‍താങ്ങുന്നു.



കൂടുതല്‍ വായനക്ക്‌

ബ്രയാന്‍ സൈക്‌സിന്റെ Seven Daughters of Eve എന്ന പുസ്തകത്തില്‍ അദ്ദേഹം ഉപയോഗിച്ച മെത്തഡോളജിയും കണ്ടെത്തലുകളും ഫിക്ഷന്‍ ചേര്‍ത്ത്‌ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

റിചാര്‍ഡ്‌ ഡോക്കിന്‍സിന്റെ River out of Eden, The Ancestors Tale.

References:

Science, 1997, 278, 804-805

Nature,2004, 431, 562

EMBO reports, 2008, VOL 9,NO 2, 127

നടുകഷ്ണം: DNA replication പഠിക്കുമ്പോളറിയാം, കോശവിഭജനത്തില്‍ നമ്മുടെ DNA യിലെ ഓരോ strand-കളും രണ്ടായി പിരിയുന്നു. അമ്മകോശത്തിലെ ഓരോ സ്ട്രാന്‍ഡുകളും കേടുപാടുകലില്ലാതെ പുതിയ കോശങ്ങളില്‍ നിലനില്‍ക്കുന്നു. അതായത്‌ നിങ്ങളിലിന്നുള്ള DNAയിലെ ചില സ്ട്രാന്‍ഡുകള്‍ ആയിരക്കണക്കിനു വര്‍ഷം മുന്‍പ്‌ രൂപം കൊണ്ടതാകാം. അന്ന് അതിന്റെ കൂടെയുണ്ടായിരുന്നു complimentary strand ഇന്ന് ആഫ്രിക്കയിലോ അമേരിക്കയിലോ ജപ്പാനിലോ ഉള്ള ഏതെങ്കിലും വ്യക്തിയിലാകാം....
ജീനുകള്‍ തരുന്ന സന്ദേശം വ്യക്തമാണ്‌.
നമ്മളെല്ലാം സഹോദരീസഹോദരന്മാരാണ്‌, കുറഞ്ഞപക്ഷം കസിന്‍സെങ്കിലുമാണ്‌.

Friday, March 14, 2008

ഒരു നൊബേല്‍ ശാസ്ത്രജ്ഞനുമായി കൂടിക്കാഴ്‌ച

1995-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.ഫ്രാങ്ക്‌ ഷേര്‍വുഡ്‌ റൗളണ്ട്‌ ഇന്നലെ ഞാന്‍ പഠിക്കുന്ന സ്കൂളില്‍ വന്നപ്പോള്‍ കാണാനും സംസാരിക്കാനും അവസരമുണ്ടായി. ക്ലോറോ-ഫ്ലൂറോ കാര്‍ബണുകള്‍ അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളെ നശിപ്പിക്കുമെന്ന കണ്ടെത്തലിനാണ്‌ അദ്ദേഹത്തിന്‌ നൊബേല്‍ സമ്മാനം കിട്ടിയത്‌. നമ്മളൊക്കെ സ്കൂളില്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചതും മനുഷ്യരാശിയുടെ നിലനില്‍പ്പിനെ പ്രത്യക്ഷത്തില്‍ തന്നെ സഹായിക്കുന്നതുമായ ഒരു വലിയ കണ്ടെത്തല്‍.

യൂണിവേഴ്സിറ്റി ഓഫ്‌ ഷിക്കാഗോയില്‍ carbon-14 ഡേറ്റിംഗ്‌ കണ്ടെത്തിയതിന്‌ നൊബേല്‍ സമ്മാനം നേടിയ പ്രൊഫ.ലിബിയുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറല്‍ ഗവേഷണം. അവിടെ അതിപ്രശസ്തരായ ഡോ.ഫെര്‍മി, ഡോ.ഹരോള്‍ഡ്‌ യുറെ, ഡോ.ഹെന്‍റി ടോബെ, ഡോ.മരിയ മയര്‍ എന്നിവരെല്ലാം അദ്ദേഹത്തിന്റെ അധ്യാപകരായിരുന്നു...എല്ലാവരും നൊബേല്‍ സമ്മാനം നേടിയവര്‍.റേഡിയോ കെമിസ്റ്റ്രിയിലായിരുന്നു ആദ്യകാലത്ത്‌ അദ്ദേഹത്തിന്റെ ഗവേഷണം. അമേരിക്കയുടെ അണുശക്തി ഗവേഷണത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്‌ പ്രമുഖ സ്ഥാനമുണ്ട്‌.
എഴുപതുകളിലാണ്‌ അദ്ദേഹത്തിന്റെ ഗവേഷണം പാരിസ്ഥിതിക-രസതന്ത്രത്തിലേക്ക്‌ തിരിയുന്നത്‌.

ഇത്രയും പ്രശസ്തനായ ഒരു വ്യക്തി നമ്മുടെ നാട്ടില്‍ ഒരു സ്ഥാപനത്തിലേക്കു വരുന്ന കാരം ഞാനാലോചിച്ചു പോയി..
താലപ്പൊലി, പൊട്ടു തൊടല്‍, പൂമാലയിടല്‍, സ്വാഗതപ്രസംഗം, ബൊക്കെ...വിദ്യാര്‍ത്‌ഥികള്‍ക്കൊന്ന്‌ ശരിക്കു കാണാന്‍ കൂടി കിട്ടില്ല.
ഇവിടെ ഇതൊന്നുമുണ്ടായില്ല. ലാബിലെ ഒരു ഇടവേളയില്‍ ഞാന്‍ ഇഞ്ചിയുടെ യാഹൂ പോസ്റ്റും കമന്റുകളും വായിച്ചിരിക്കുമ്പോള്‍ ആറടിയിലധികം ഉയരമുള്ള ഒരു മനുഷ്യന്‍ സ്യൂട്ടൊക്കെയിട്ട്‌ എന്റെ ഗൈഡിന്റെ കൂടെ പെട്ടെന്ന് കയറി വന്നു. പിന്നെ അവര്‍ പുറത്തു പോയി വരാന്തയില്‍ നിന്ന് എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടു.

ഉച്ചയ്ക്ക്‌ ഒന്നരയ്ക്കായിരുന്നു വിദ്യാര്‍ത്‌ഥികള്‍ക്ക്‌ പ്രൊഫസര്‍മാര്‍ക്കും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം. ഒന്നരയ്ക്കു മുന്‍പേ ഞങ്ങള്‍ മൂന്നുപേര്‍ കോണ്‍ഫറസ്‌ മുറിയില്‍ അവിടെ കിട്ടിയ സാന്‍ഡ്വിച്ചും എടുത്ത്‌ (ഇവിടെ വിദ്യാര്‍ത്‌ഥികള്‍ ക്ലാസ്സിലിരുന്നും ഭക്ഷണം കഴിക്കും) ഏറ്റവും പുറകിലെ വരിയില്‍ സുരക്ഷിത സ്ഥാനം നോക്കി ഇരിപ്പായി. ഒന്നരയായിട്ടും മുറിയിലാകെ ഞങ്ങള്‍ മൂന്നു വിദ്യാര്‍ഥികളും നാലു പ്രൊഫസര്‍മാരും ഒരു പോസ്റ്റ്‌ ഡോകും മാത്രം. പ്രൊഫ.റൗളണ്ട്‌ മുറിയിലേക്കു വന്നതും ഞങ്ങളിരിക്കുന്ന വരിയുടെ തൊട്ടുമുന്നില്‍ ഒരു കസേര തിരിച്ചിട്ട്‌ ഞങ്ങള്‍ക്കഭിമുഖമായി ഇരുന്നു. പിന്നെ ഒരു മണിക്കൂര്‍ കൊച്ചു വര്‍ത്തമാനം. എന്തെങ്കിലും പറഞ്ഞാല്‍ ഓഫായി പോകുമോ എന്നു പേടിച്ച്‌ കുറെ നേരം ഞാനൊന്നും മിണ്ടിയില്ല. (മൗനം അറിവില്ലാത്തവര്‍ക്കും ഭൂഷണം). പിന്നെ എനിക്ക്‌ കെമിസ്ട്രിയില്‍ സംശയമൊന്നും ഇല്ലായിരുന്നു...:)

ഒടുവില്‍ മറ്റുള്ളവരൊക്കെ എന്തെങ്കിലും ചോദിക്കുന്നത്‌ സമയം കളയാനാണെന്നു തോന്നിയപ്പോള്‍ ഞാനെന്റെ ആയുധമെടുത്തു. രാഷ്ട്രീയം...

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കേണ്ടതും ഭരണകൂടത്തെ Environment friendly ആയ തീരുമാനങ്ങളെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതും അകാദമിക്‌ സമൂഹത്തിന്റെ ബാധ്യതയാണെന്ന് പ്രൊഫസര്‍ കരുതുന്നുണ്ടോ? താങ്കളുടെ പ്രശസ്തിയും അറിവും ഉപയോഗിച്ച്‌ താങ്കള്‍ക്ക്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ കരുതുന്നു.

ഇതിന്‌ പ്രൊഫസര്‍ പറഞ്ഞ മറുപടി - അതിന്‌ നമുക്കിത്‌ പറയാനുള്ള അറിവും അതോറിറ്റിയുമുണ്ടെന്ന്‌ അവര്‍ മനസ്സിലാക്കേണ്ടെ...:) അവരുടെ വിചാരം അവര്‍ക്കെല്ലാമറിയാമെന്നും അവര്‍ ദൈവത്തിന്റെ അടുത്ത ആള്‍ക്കാരാണെന്നുമാണല്ലോ.

പിന്നീട്‌ ഞാന്‍ കേരളത്തിലെ കരിമണല്‍ വിഷയത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും അണുശക്തി ഉത്‌പാദനത്തിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്തും അതുപയോഗിക്കാത്തതും ചൂണ്ടിക്കാട്ടി. (നമ്മുടെ നാട്ടിലെല്ലാവര്‍ക്കും ഭയങ്കര പരിസ്ഥിതി ബോധമാണെന്നും പ്രകൃതി സ്നേഹമാണെന്നും ഈ അമേരിക്കക്കാര്‍ ചുമ്മാ കരുതട്ടെ...:))

അപ്പോള്‍ ചിരിച്ചു കൊണ്ട്‌ അത്‌ ലോകത്ത്‌ മറ്റൊരിടത്തും നടക്കില്ല, പ്രത്യേകിച്ച്‌ അമേരിക്കയില്‍ എന്നു പറഞ്ഞു. അണുശക്തി ഉത്‌പാദനത്തിന്റെ ദോഷവശങ്ങള്‍ പരിഹരിക്കുന്നതു വരെ അതുപയോഗിക്കാത്തതാകും ബുദ്ധി എന്നും കൂട്ടി ചേര്‍ത്തു.(അണുശക്തി ഉത്‌പാദനത്തിലെ സുരക്ഷാപ്രശ്നങ്ങള്‍ എന്ന പോയിന്റ്‌ മുന്‍ചര്‍ച്ചയുടെ സ്വഭാവം നോക്കി ഞാനൊരു തുണ്ടിട്ടതായിരുന്നു...:)
നമ്മുടെ നാട്ടില്‍ ആരാണ്‌ ഈ വിഷയം ചിന്തിച്ചിട്ടുള്ളത്‌)

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.