Showing posts with label അഭിപ്രായം. Show all posts
Showing posts with label അഭിപ്രായം. Show all posts

Sunday, November 8, 2015

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി: പെസ്സിമിസ്റ്റിന്റെ വീക്ഷണം !

ബീഹാറിലേത് വർഗീയതയ്‌‌ക്കെതിരായ ജനവിധിയാണെന്നു കരുതുന്നത് പൂർണമായ ശരിയല്ലെന്നു തോന്നുന്നു. കോർപ്പറേറ്റുകൾ കോർപ്പറേറ്റുകൾക്കായി നടത്തുന്ന ഭരണത്തിൽ അടിസ്ഥാനജനത്തിനുണ്ടാകുന്ന നഷ്ടങ്ങളെ അവർ തിരിച്ചറിയുന്നു. അതു ഇലക്ഷൻ റിസൾട്ടിലും പ്രതിഫലിക്കുന്നു. മോഡി കോർപ്പറേറ്റുകളുടെ പ്രധാനമന്ത്രിയാണ്. വർഗീയ അജണ്ടകൾ നടപ്പിലാക്കുന്നത് മോഡിയെ തെരഞ്ഞെടുത്ത പോളിറ്റിയാണ്. അതു ചെയ്യുന്നവർക്കുള്ള സംരക്ഷണമാണു മോഡി നൽകുന്ന വാഗ്ദാനം.

മോഡിയെ തെരഞ്ഞെടുത്ത മോബിനു വേണ്ടത് വർഗീയതയും ജാതീയതയും നടപ്പിലാക്കാനുള്ള അവസരം. ഇതു മോഡി ഉറപ്പാക്കുന്നു. കോർപ്പറേറ്റുകൾക്ക് വേണ്ടത് അവർക്കുവേണ്ടി തീരുമാനങ്ങളെടുക്കുന്ന ഗവൺമെന്റ്. ഇതും മോഡി ഉറപ്പാക്കുന്നു. ഈ രണ്ടു കൂട്ടരും കൂടി മോഡിയ്‌‌ക്കു വേണ്ട അധികാരം സംരക്ഷിക്കുന്നു. ഇങ്ങനെ മൂന്നു ലെവലുള്ള ഒരു സിംബയോസിസ് ആണു നിലവിലെ അവസ്ഥ.

പ്രശ്നം കോർപ്പറേറ്റുകൾ എന്ന മുകൾത്തട്ട് അടിസ്ഥാനപരമായി ജനവിരുദ്ധമാണ്. സാന്പത്തികമായി ഒരു കൂട്ടർക്ക് ലാഭമുണ്ടാകുന്പോൾ മറ്റേക്കൂട്ടർക്ക് നഷ്ടമുണ്ടാകാതെ വയ്യ. ഈ നഷ്ടത്തെ ജനം തിരിച്ചറിയുന്പോൾ, ദാലിനു വില കൂടുന്പോൾ ബീഹാറുണ്ടാകും. അല്ലാതെ 2014-ൽ മോഡിയ്‌‌ക്ക് വോട്ടു ചെയ്ത ജനം ഒരു കൊല്ലം കൊണ്ട് ജനാധിപത്യവാദികളായതല്ല.

സത്യത്തിൽ ഈ ഇലക്ഷൻ റിസൾട്ട് കൂടുതൽ പ്രശ്നങ്ങളിലേക്കാണു ഇന്ത്യയെ നയിക്കുന്നത്. ഇതിനു മുൻപു വന്ന പ്രധാനമന്ത്രിമാരെപ്പോലെ അഞ്ചുകൊല്ലം കഴിയുന്പോൾ അധികാരമൊഴിഞ്ഞ് ഇലക്ഷനെ നേരിടാനല്ല മോഡി വന്നത്. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന് ഫ്ലക്സടിച്ചാൽ ജനം വീണ്ടും തെരഞ്ഞെടുക്കുമെന്ന് മനക്കോട്ട കെട്ടാനും മാത്രം വിഡ്ഡിയല്ല മോഡിയും അമിത് ഷായും. ഹിന്ദുത്വയെ സംബന്ധിച്ചിടത്തോളം, വ്യക്തമായ ഭൂരിപക്ഷമുള്ള, ഇത്രയും അനുകൂലമായൊരു അവസരം ഇനി പ്രതീക്ഷിക്കാനുമാകില്ല.

അധികാരം നിലനിർത്താൻ മൂന്നു വഴികളാണു മോഡിയ്‌‌ക്കു മുന്നിലുള്ളത്.

൧. വർഗീയകലാപങ്ങൾ എന്ന ഇൻസെന്റീവ് കൊടുത്ത് മോബിനെ കൂടെ നിർത്തുക. ഇതിന്റെ കൂടെ വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചുനിർത്താനായാൽ ഈ ജനം തന്നെ മോഡിയെ പിന്നെയും തെരഞ്ഞെടുക്കും.
എന്നാൽ ബീഹാറുപോലെയുള്ള ഇടക്കാലതെരഞ്ഞെടുപ്പുകളിൽ പരാജയം ആവർത്തിക്കുകയാണെന്കിൽ...

൨. ലോക്സഭ ഇലക്ഷനാകുന്നതിനു മുൻപ്, അധികാരത്തിന്റെ നാലാം കൊല്ലം, യുദ്ധസമാനമായ സാഹചര്യം സൄഷ്ടിച്ച് ഇലക്ഷൻ സസ്പെൻഡ് ചെയ്യുകയും വീണ്ടുമൊരു അടിയന്തിരാവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകുകയുമാണു വഴി. 

൩. മൂന്നാമത്തെ ഓപ്ഷൻ ഇലക്ഷൻ റിഗ് ചെയ്യുകയാണ്. ആളുകളെ കൊല്ലാൻ മടിക്കാത്തവർ ഇതിനും മടിക്കില്ല.

ജനാധിപത്യത്തിലേക്ക് സ്വമേധയ പരിണമിച്ച സമൂഹമല്ല ഇന്ത്യയിലേത്. നെഹ്രുവിനെയും അംബേദ്കറിനെയും പോലെ കാലത്തിനു മുന്നെ നടന്ന മഹാൻമാർ നമുക്ക് തന്ന സമ്മാനമാണ്. ഇതു തന്നെയാണു ഇന്ത്യൻ ജനാധിപത്യത്തിലെ ആന്തരിക വൈരുദ്ധ്യവും. നെഹ്രുവിനും അംബേദ്കറിനും തുടർച്ചകളില്ലാതെ പോയി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയമെന്ന് തോന്നുന്നു.

രണ്ടാമത്തെ ഓപ്ഷനാണ് ഏറ്റവും സാധ്യത എന്നു ഞാൻ കരുതുന്നു. അതു സംഭവിക്കുകയാണെന്കിൽ, ഇന്ദിരയുടെ അടിയന്തിരാവസ്ഥ പോലെയായിരിക്കില്ല കാര്യങ്ങൾ. ഇന്ദിരയ്‌‌ക്കില്ലാതെപോയ ചില കാര്യങ്ങൾ മോഡിയ്‌‌ക്കനുകൂലമായുണ്ട്. പട്ടാളത്തിന്റെ പരിധികളില്ലാത്ത പിന്തുണ, കോർപ്പറേറ്റ് പിന്തുണ, ഭൂരിപക്ഷ മോബിന്റെ പിന്തുണ.
കാര്യങ്ങൾ അത്ര ശുഭകരമല്ല ! 

Friday, July 24, 2009

ബ്ലെസ്സിയുടെ ചലച്ചിത്രങ്ങളെക്കുറിച്ച്

ഭ്രമരത്തെക്കുറിച്ച് വെള്ളെഴുത്ത് എഴുതിയിരിക്കുന്നു. അവിടെയിട്ട ഒരു കമന്റില്‍, ബ്ലെസ്സിയുടേത് പ്രീച്ചിംഗ് മൂവിയാണെന്ന ഒരു ഒഴുക്കന്‍ അഭിപ്രായത്തിനു ഹരീ വിശദീകരണം ചോദിച്ചിരിക്കുന്നു. മറുപടിയായി എഴുതിയപ്പോള്‍ കുറെ നീണ്ടു. പിന്നെ, അത് ഇവിടെ എന്റെ കുഴിമാടത്തില്‍ ഇട്ടേക്കാം എന്നു കരുതി.

(എനിക്കു രോഗമുണ്ടെന്നു കരുതുന്ന അനോണികളോട്, ദയവായി എന്നെ ചികിത്സിക്കാനോ, നന്നാക്കാനോ ശ്രമിക്കരുത്. അഭിപ്രായങ്ങള്‍(ass hole) എല്ലാവര്‍ക്കുമുള്ളതു പോലെ എനിക്കുമുണ്ട്. അതാരെയും നന്നാക്കാനോ തിരുത്താനോ ഉദ്ദേശിച്ചുള്ളതല്ല. എന്റെ അഭിപ്രായങ്ങളില്‍ തെറ്റുണ്ടെന്ന്, കാര്യകാരണസഹിതം വിശദീകരിച്ചാല്‍ തിരുത്താം. ലോകസിനിമ പോയിട്ട്, കുറച്ച് രോമങ്ങളും രാവിലെ തേച്ച ഡിയോഡോറന്റിന്റെ മണവുമല്ലാതെ, ആരുടെയും ഒന്നും എന്റെ കക്ഷത്തിലില്ല.)

മലയാളത്തിലെ മുഖ്യധാരാ ചലചിത്ര പ്രേക്ഷകര്‍ക്കിടയില്‍ പത്മരാജന്‍ എന്ന ബിംബത്തിന്റെ പ്രാധാന്യം എല്ലാവരെയുമെന്നപോലെ ബ്ലെസ്സിയും മനസ്സിലാക്കിയിരുന്നതു കൊണ്ട്, പത്മരാജന്റെ ശിഷ്യന്‍ എന്ന അവകാശവാദത്തോടെയാണു ബ്ലെസിയുടെ സംവിധായകന്-കരിയര്‍ ആരംഭിക്കുന്നത്. പക്ഷെ, ബ്ലെസിയ്ക്ക് പത്മരാജനുമായുള്ള സാമ്യം എന്താണ്‌? കഥാപാത്രസൃഷ്ടിയിലും പ്രമേയങ്ങളിലുമെല്ലാം മലയാള ചലചിത്രങ്ങളുടെ കീഴ്‌വഴക്കങ്ങളെ, കൊമേഴ്‌സ്യല്‍ ചലചിത്രങ്ങളുടെ ചിട്ടവട്ടങ്ങളില്‍ നിന്നുകൊണ്ടു തന്നെ പൊളിച്ചെഴുതാന്‍ ശ്രമിച്ച സംവിധായകനായിരുന്നു പത്മരാജന്‍. കലാപരമായി വിലയിരുത്തുമ്പോള്‍, പത്മരാജന്റേത്, മികച്ചവ അല്ലെങ്കില്‍ കൂടി, സിനിമ എന്ന വിശേഷണത്തിനെങ്കിലും യോഗ്യമായിരുന്നു. എന്നാല്‍ ബ്ലെസിയുടെ ചലചിത്രങ്ങളെ, സിനിമ എന്നു വിശേഷിപ്പിക്കാനാകില്ല എന്നു മാത്രമല്ല, ആശയപരമായി എന്താണ്‌ അവ സമൂഹത്തിനു നല്കിയിരിക്കുന്നത്? ഇവിടെയാണ്‌, ബ്ലെസിയുടെ ചലചിത്രങ്ങള്‍, പ്രീച്ചിംഗ് മൂവീസ് എന്ന പഴി കേള്‍ക്കുന്നത്.

കാഴ്ച, പളുങ്ക്, തന്മാത്ര എല്ലാം ചില മെസ്സേജുകള്ക്കുവേണ്ടി നിര്‍മ്മിച്ചപോലെയാണ്‌.
കാഴ്ച, ക.ന്യൂസ്, തന്മാത്ര തുടങ്ങിയവ സഹാനുഭൂതി എന്ന വികാരം സഹജീവികളോട് ഉണ്ടായിരിക്കണം എന്ന മെസ്സെജാണു തന്നത്. ഇതില്‍ തന്നെ, കാഴ്ചയും ക.ന്യൂസും നായകനെ ഒരു രക്ഷകന്റെ റോളിലാണു അവതരിപ്പിച്ചിരിക്കുന്നത്. പ്രീച്ചിംഗ്/സുവിശേഷവത്കരണം, രക്ഷകന്‍ എന്ന ബിംബം ഇവയ്ക്ക് സെമിറ്റിക് മതങ്ങളുമായുള്ള ബന്ധം അറിയാമല്ലോ?
(തന്മാത്രയുടെ പബ്ലിസിറ്റി സ്റ്റണ്ടുകളില്‍, കേരളത്തിലെ അല്‍ഷിമേഴ്സ് രോഗികളുടെ കണക്കൊക്കെ ബ്ലെസ്സി പറഞ്ഞു കേട്ടിരുന്നു. അവരോട് സഹാനുഭൂതിയോടെ പെരുമാറാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയാണു പടത്തിന്റെ ഉദ്ദേശ്യമെന്നും പറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ, ചിത്രത്തില്‍ ചിലയിടങ്ങളില്‍, രോഗത്തെക്കുറിച്ചുള്ള ടെക്നിക്കല്‍ വിവരങ്ങളൊക്കെ കുത്തിത്തിരുകി, ഒരു educational film പോലെയാക്കാനും ഇടയ്ക്ക് ശ്രമിച്ചു എന്നു തോന്നി. ഏതായാലും മോഹന്‍ലാല്‍ ആ കഥാപാത്രത്തെ, ഒരു മന്ദബുദ്ധിയായി കണ്ട് അഭിനയിച്ചു തകര്‍ത്തു. അല്‍ഷിമേഴ്സ് എന്നാല്‍ മന്ദബുദ്ധിയാകുന്നതാണെന്നു പ്രേക്ഷകരും മനസ്സിലാക്കി.)

പളുങ്കിനു 25 കൊല്ലം മുന്പ്, കള്ളന്‍ പവിത്രന്‍ (1981) പേരില്‍ ഒരു സിനിമ വന്നിരുന്നു മലയാളത്തില്‍. അതിന്റെ ഒടുക്കം സംവിധായകന്‍ കഥയുടെ ഗുണപാഠം എഴുതിക്കാണിക്കുന്നുണ്ട്. അതേ ഗുണപാഠമാണ്‌ പളുങ്കിനും. 81-ല്‍ കള്ളന്‍ പവിത്രന്‍ കണ്ട സമൂഹമാണ്‌ 2006-ല്‍ പളുങ്ക് കാണുന്നത് എന്നോര്‍മ്മിക്കണം. പളുങ്ക് നല്ലൊരു ചലചിത്രം (ഏതായാലും അതൊരു സിനിമയല്ല) എന്നു വിളിക്കണമെങ്കില്‍ 'കള്ളന്‍ പവിത്ര'നും 15 കൊല്ലം മുന്നെ നമ്മളതു കാണണമായിരുന്നു.

ബ്ലെസിയുടെ ചലച്ചിത്രങ്ങളുടെ ഒരു പൊതുസ്വഭാവം, അവയെല്ലാം, ചില നല്ല മനുഷ്യര്‍ക്കു സംഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ചാണ്‌ എന്നതാണ്‌. ഈ ദുരന്തങ്ങളുടെ കാരണങ്ങള്‍ പലതാവാം. വ്യക്തികളെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി, സംഭവങ്ങളെക്കുറിച്ചു പറയുമ്പോള്‍ രണ്ടിനും മിഴിവു നഷ്ടപ്പെടുന്നു. (കണ്ടിട്ടുള്ള വെറും നാലു സിനിമകള്‍ വെച്ച് പൊതുസ്വഭാവം ആലോചിക്കുന്നതു പോലും അക്രമം തന്നെ.)

ഇത്രയൊക്കെ കുറ്റങ്ങള്‍ പറയുമ്പോഴും, മറ്റു മലയാള ചലച്ചിത്രങ്ങളെ അപേക്ഷിച്ച്, ബ്ലെസിയുടെയും ലാല്‍ജോസിന്റെയുമൊക്കെ ചിത്രങ്ങള്‍ക്ക് ചുരുങ്ങിയത്, കണ്ടിരിക്കാം എന്ന ഗുണമെങ്കിലുമുണ്ട്, എന്നു സമ്മതിക്കാതെ വയ്യ. അതില്‍ ബ്ലെസിയുടേത് സാങ്കേതികമായി വളരെ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ, വെറുതെ കണ്ടിരിക്കാനുള്ളതാണോ സിനിമ?

ഇനി, 25 വര്‍ഷമായി മലയാള ചലചിത്രങ്ങള്‍ കണ്ടിട്ടില്ലാത്ത, ഭാഷ അറിയാവുന്ന ഒരാളെ, സിബി മലയില്‍ തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ സംവിധാനം ചെയ്ത ചലച്ചിത്രങ്ങള്‍, കന്മദം പോലെയുള്ള ലോഹിതദാസിന്റെ ചലച്ചിത്രങ്ങള്‍, കമല്‍ തൊണ്ണൂറുകളില്‍ ചെയ്ത ചലച്ചിത്രങ്ങള്‍, ലാല്‍ ജോസിന്റെ ചലച്ചിത്രങ്ങള്‍, ബ്ലെസിയുടെ ചലച്ചിത്രങ്ങള്‍ എന്നിവ കാണിച്ചു നോക്കൂ. അതിന്റെയൊക്കെ സംവിധായകനെ തിരിച്ചറിയാന്‍ അയാള്‍ നന്നെ പാടുപെടേണ്ടി വരും....ഇവരുടെയൊക്കെ കൈയൊപ്പ് ഒരുപോലെ ആയതെങ്ങനെയായിരിക്കും?

എനിക്കു തോന്നുന്നു ഭരതനാണ്‌ ഇവിടെ പ്രതിയെന്ന്...

Sunday, May 31, 2009

2000 വർഷങ്ങളിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തം !

പ്രമുഖ Third culture വെബ്‌സൈറ്റ് ആയ എഡ്‌ജ്.ഓർഗ്, ഏതാനും വർഷങ്ങൾക്കു മുൻപ് ലോകമെമ്പാടുമുള്ള, പലമേഖലകളിൽ പ്രശസ്തരും പ്രമുഖരുമായ ചിലരോട് ഒരു ചോദ്യം ചോദിച്ചു…
കഴിഞ്ഞ 2000 വർഷങ്ങളിൽ ഉണ്ടായതിൽ ഏറ്റവും പ്രധാന കണ്ടുപിടുത്തം (Invention) ഏതാണ്?

നമ്മുടെ മനസ്സിൽ വരാൻ സാധ്യതയുള്ള ഉത്തരങ്ങൾ- place value system, ക്ലാസ്സിക്കൽ മെക്കാനിക്സ്, ക്വാണ്ടം തിയറി, മൈക്രോസ്കോപ്പ്, കമ്പ്യൂട്ടർ, ഇന്റർ‌നെറ്റ്, അനസ്തേഷ്യ-മുതൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഉത്തരങ്ങൾ-വൈക്കോൽ, ഗർഭനിരോധന ഗുളികകൾ- വരെ വന്നു.

പ്രശസ്തനായ എവലൂഷനറി ബയോളജിസ്റ്റ് റിച്ചാർ‌ഡ് ഡോക്കിൻസിന്റ്റെ അഭിപ്രായത്തിൽ അത് ടെലസ്കോപ്പ്/spectroscope ആയിരുന്നു. Unweaving the Rainbow എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ടല്ലോ അദ്ദേഹം.

പ്രമുഖ ന്യൂറോളജിസ്റ്റ് ആയ വി.എസ് രാമചന്ദ്രന്റെ അഭിപ്രായത്തിൽ, ആധുനിക ഗണിതശാസ്ത്രത്തിനു തുടക്കം കുറിച്ച, പൂജ്യത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്നവുംകൂടി ചേർന്ന place value notation system ആണ് ഏറ്റവും പ്രധാനകണ്ടുപിടുത്തം.

ചിത്രകാരൻ, എഴുത്തുകാരൻ, ബിസിനസ് എന്നീ നിലകളിൽ പ്രശസ്തനായ മൈക്കൽ നെസ്മിത്ത് പറയുന്നത് കോപ്പർ‌നിക്കസിന്റെ തിയറിയാണ് ഏറ്റവും കേമം എന്നാണ്.

ഓക്സ്‌ഫോർഡ് സർവ്വകലാശാലയിലെ ഫിസിയോളജി പ്രൊഫസർ ആയ കോളിൻ ബ്ലേക്ൿമോറിന്റെ വോട്ട് ഗർഭനിരോധന ഗുളികകൾക്കാണ്. കാരണം, അറുപതുകളിലെ sexual liberation പ്രസ്ഥാനങ്ങൾക്കും, പിന്നീടു ഫെമിനിസത്തിനും അതുവഴി പടിഞ്ഞാറൻ രാജ്യങ്ങളിൽ സാമ്പ്രദായിക കുടുംബഘടനകളുടെ ശിഥിലീകരണത്തിനും വഴി തുറന്നത് ഗർഭനിരോധന ഗുളികകളായിരുന്നു.

കൊളംബിയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ ജോസഫ് ട്രോബിന്റെ അഭിപ്രായത്തിൽ അത് invention of the scientific method ആണ്.

ഹാർ‌വാർഡിലെ Professor of Education, ഹോവാർഡ് ഗാർ‌ഡ്‌നറുടെ അഭിപ്രായത്തിൽ വെസ്റ്റേൺ ക്ലാസ്സിക്കൽ സംഗീതമാണ് ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തം.

പ്രിൻ‌സ്‌റ്റണിലെ ഫിസിക്സ് പ്രൊഫസർ ഫ്രീമാൻ ഡൈസന്റെ അഭിപ്രായത്തിൽ വൈക്കോൽ ആണ് ഏറ്റവും പ്രധാനപ്പെട്ടത്. പുരാതന ഗ്രീസിലും റോമിലും വൈക്കോൽ ഉണ്ടായിരുന്നില്ല. തണുപ്പുരാജ്യങ്ങളിൽ മഞ്ഞുകാലത്ത് കുതിരകൾക്ക് മേയാൻ പുല്ല്‌ ലഭ്യമല്ലാത്തതിനാൽ അത്തരം രാജ്യങ്ങളിൽ നഗരവത്കരണം അസാധ്യമായിരുന്നു. വൈക്കോൽ കാര്യങ്ങളെ മാറ്റിമറിച്ചു. മഞ്ഞുകാലത്തും കുതിരകൾക്ക് തീറ്റ കൊടുക്കാം എന്ന അവസ്ഥയിൽ തണുപ്പുരാജ്യങ്ങളിൽ ആളുകൾ താമസിച്ചു തുടങ്ങി. ഇതു ചരിത്രത്തെതന്നെ മാറ്റിമറിച്ചു.

പ്രമുഖ ന്യൂറോബയോളജിസ്റ്റും എഴുത്തുകാരനുമായ സ്റ്റീവൻ റോസിന്റെ ഉത്തരം വേറിട്ടു നിൽക്കുന്ന ഒന്നാണ്. അദ്ദേഹം പറയുന്നു, “കണ്ടുപിടുത്തമെന്നാൽ വെറും സാങ്കേതികവിദ്യയല്ല, ആശയങ്ങളാണ്. അതുകൊണ്ട്, ജനാധിപത്യം, സാമൂഹ്യനീതി, വർഗ-ലിംഗഭേദമില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാമെന്ന സാധ്യതയിലുള്ള വിശ്വാസം എന്നീ ആശയങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്.”

കൂടുതൽ ആൾക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ വായിക്കാം.

ഇനി നിങ്ങൾ പറയൂ, നിങ്ങളുടെ അഭിപ്രായത്തിൽ ഏതാണ് ഇക്കഴിഞ്ഞ 2000 വർഷങ്ങളിൽ ഉണ്ടായതിൽ ഏറ്റവും പ്രധാന കണ്ടുപിടുത്തം. എന്റെ വോട്ട് കാൽക്കുലസിനാണ്.

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.