Showing posts with label വൈയക്തികം. Show all posts
Showing posts with label വൈയക്തികം. Show all posts

Thursday, July 30, 2009

എന്നെ പിടിച്ചുലച്ച ചില മരണങ്ങളെക്കുറിച്ച്...

'അപ്രതീക്ഷിതമായ മരണം' എന്നു പറയുന്നതില്‍ ഒരശ്ലീലമില്ലേ? വേറെ ആരുടെയൊക്കെയോ മരണം നമ്മള്‍ പ്രതീക്ഷിക്കുന്നു എന്ന വെളിപ്പെടുത്തലിന്റെ അശ്ലീലം?

അടുത്ത ബന്ധുക്കളുടെയോ പരിചയക്കാരുടെയോ മരണങ്ങളില്‍ ഇതുവരെ എനിക്കൊരുതരത്തിലും ദുഖം തോന്നിയിട്ടില്ല. യഥാര്‍ത്ഥമരണങ്ങളില്‍ (യഥാര്‍ത്ഥമല്ലാത്ത മരണങ്ങളുമുണ്ട്) എന്നെ ദുഖിപ്പിച്ചത് സംഗീതസംവിധായകന്‍ രവീന്ദ്രനും യാസര്‍ അറഫാത്തുമാണ്‌. തീര്‍ച്ചയായും ചെഗുവേരയുടെയോ വര്‍ഗീസിന്റെയോ മരണം എന്നെ കരയിപ്പിച്ചേനെ; പക്ഷേ, ഞാന്‍ ജനിച്ചത് അവര്‍ക്കും ശേഷമായതിനാല്‍, അവരുടെ മരണം എന്നെ സംബന്ധിച്ചിടത്തോളം(ഹോളിവുഡിന്റെ ഭാഷയില്‍-Based on a true story) 'കഥ'യായി പോകുന്നു...കഥ വായിക്കുമ്പോള്‍/സിനിമ കാണുമ്പോള്‍ കരയുന്നത് കുട്ടികളല്ലേ? ആണോ?

എന്തായാലും, നേരിട്ടോ അല്ലാതെയോ എനിക്കു പരിചയമുള്ള ആരുടെയും മരണത്തെക്കാള്‍ എന്നെ കരയിച്ചതും പിടിച്ചുലച്ചതും മറ്റു തരത്തില്‍ മാത്രം ജീവിച്ച ചിലരുടെ-ചില കഥാപാത്രങ്ങളുടെ- മരണങ്ങളായിരുന്നു.

ഈച്ചകളുടെ തമ്പുരാനില്‍ 'പിഗ്ഗി'യുടെ മരണം വിവരിച്ചിരിക്കുന്നത് നിങ്ങള്‍ക്കോര്‍മ്മയുണ്ടോ? പിഗ്ഗിയെപ്പോലെ കട്ടിക്കണ്ണട വെച്ച, സാധുവായ ഒരു സുഹ്രുത്ത് എനിക്കുണ്ടായിരുന്നതിനാലാണോ എന്തോ, പിഗ്ഗിയുടെ മരണവും പാറക്കല്ലില്‍ വീണ്‌ അവന്റെ കട്ടിക്കണ്ണട ചിതറുന്നതും അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു.

മഴ കോരിച്ചൊരിയുന്ന ഏതോ ഒരു കര്‍ക്കിടക രാത്രിയിലാണ്‌, പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗയുടെ മരണം ഞാന്‍ വായിക്കുന്നത്. തുടര്‍ന്ന് വായിക്കാനായില്ല. കാറ്റടിച്ച് വിളക്കണഞ്ഞു പോയിട്ടും ഇരുട്ടത്ത്, ദുര്‍ഗയെ ഓര്‍ത്ത് ഞാനിരുന്നു കരഞ്ഞത് ഓര്‍മ്മയുണ്ട്.

കേണല്‍ അറിലിയാനോ ബുവേന്‍ഡിയയുടെ മരണം വായിച്ച് ഞാന്‍ കരഞ്ഞിട്ട് വര്‍ഷങ്ങള്‍ അധികമായില്ല. കേണലിനെ കൊന്നുകളഞ്ഞ ദിവസം മാര്‍ക്വേസ് വാതിലടച്ച്, ഏങ്ങലടിച്ചു കരയുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ ചില ഓര്‍മ്മക്കുറിപ്പുകളില്‍ പിന്നീടെന്നോ വായിച്ചു.

എന്നെ ഞെട്ടിച്ച മറ്റൊരു കാഴ്ചാനുഭവമായിരുന്നു അപരാജിതോ എന്ന സിനിമയിലെ അപ്പുവിന്റെ അച്ഛന്റെ മരണം. സിനിമാ പാരഡീസോയിലെ മുഖ്യകഥാപാത്രമായ ആ തിയറ്റര്‍, തകര്‍ക്കുന്ന രംഗം കണ്ടപ്പോഴെല്ലാം ഞാന്‍ കരഞ്ഞിട്ടുണ്ട്. കേണലോ ദുര്‍ഗയോ പിഗ്ഗിയോ ഒക്കെ 'ശരിക്കും ജീവനുള്ള' മനുഷ്യരാണോ എന്നത് കരയുമ്പോള്‍ നമുക്ക് വിഷയമല്ല എന്നതാണു സത്യം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇവര്‍ എന്നെ സംബന്ധിച്ചിടത്തോളം, ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത രവീന്ദ്രനെയോ അറഫാത്തിനെയോ പോലെയാണ്‌. കഥയില്‍ നിന്നും നമ്മുടെ മനസ്സിലേക്കിറങ്ങാനുള്ള കഴിവ് ചില മരണങ്ങള്‍ക്ക് തീര്‍ച്ചയായും ഉണ്ട്.

മരണത്തെക്കുറിച്ചും കഥയെക്കുറിച്ചുമൊക്കെ ഇത്ര ചിന്തിക്കാന്‍ കാരണം, മരണത്തെ(യും)ക്കുറിച്ചുള്ള ഒരു പാഠപുസ്തകം-ദേവദാസിന്റെ ഡില്‍ഡോ എന്ന നോവല്‍- വായിച്ചതാണ്‌.

സ്ഥാനത്തും അസ്ഥാനത്തുമെല്ലാം സിനിമയെക്കുറിച്ചു പറയുന്നത് ഒരു (ദു)ശീലമായതുകൊണ്ടല്ല, ഡില്‍ഡോയെക്കുറിച്ചു പറയുമ്പോളും ഞാന്‍ സിനിമയിലേക്കെത്തുന്നത്; മറിച്ച്, ഈ നോവല്‍ അത്രമാത്രം സിനിമാറ്റിക് ആണെന്ന് എന്റെ വായനയില്‍ തോന്നിയതുകൊണ്ടാണ്‌. 'ഡില്‍ഡോ'യുടെ ആഖ്യാനഘടന എന്നെ ഓര്‍മ്മിപ്പിക്കുന്നത്, സങ്കീര്‍ണ്ണമെന്നു വിളിക്കാവുന്ന ആഖ്യാനരീതി പിന്തുടരുന്ന Guillermo Arriaga-യുടെ തിരക്കഥകളെയും ഈ തിരക്കഥകളുപയോഗിച്ച് ഈ പതിറ്റാണ്ടിലെ ശ്രദ്ധേയങ്ങളായ ചില സിനിമകളൊരുക്കിയ Alejandro González Iñárritu-വിന്റെ സിനിമകളെയുമാണ്‌.

രേഖീയമായ ക്ലാസ്സിക് ആഖ്യാനശൈലിയോടുള്ള കലഹങ്ങള്‍, സിനിമയില്‍ ആദ്യം കണ്ടത് കുറോസവയില്‍ ആയിരിക്കണം (റാഷോമോണ്‍). ഒരു ശൈലിയെയും അഘോഷിക്കാന്‍ ശ്രമിക്കാതിരുന്ന അദ്ദേഹം ഈ പുതിയ സങ്കേതത്തില്‍ തങ്ങി നിന്നില്ല. ഈ സങ്കേതത്തെ ഒരു പ്രസ്ഥാനമാക്കാന്‍ ശ്രമിച്ചത് ഗൊദാര്‍ദ് ആയിരുന്നു. എന്നാല്‍, നാടകീയതയെ അവഗണിച്ച ഗൊദാര്‍ദിന്‌ എല്ലാ തലങ്ങളിലുമുള്ള പ്രേക്ഷകരെ സ്വാധീനിക്കാനായില്ല. പോപ്പുലര്‍ സിനിമയില്‍ ഈ സങ്കേതത്തിന്റെ പുനര്‍ജന്മം പിന്നീടു നാം കാണുന്നത്, രേഖീയമായ ആഖ്യാനശൈലി പിന്തുടരുമ്പോഴും, ഡ്രാമാറ്റിക് സാധ്യതകള്‍ക്കായി ആഖ്യാനത്തെ reshuffle ചെയ്യുന്ന, ഗൊദാര്‍ദ്ദീയന്‍ ശൈലിയുടെ ഇളമുറക്കാരനായ, ടരന്റീനോയുടെ പള്‍പ് ഫിക്ഷനിലാണ്‌. 'ഡില്‍ഡോ' പേരുകൊണ്ടു തന്നെ പള്‍പ് ഫിക്ഷനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ വസ്തുതാവിവരണത്തില്‍ കഥാകാരന്‍ പുലര്‍ത്തുന്ന, clinical എന്നു വിശേഷിപ്പിക്കാവുന്ന നിസംഗത ഗൊദാര്‍ദിനെ ഓര്‍മ്മിപ്പിക്കുന്നു. സാധാരണ ആഖ്യാനങ്ങള്‍, മരണങ്ങളെ അവയുടെ നാടകീയമായ ഗരിമ കൊണ്ട് ക്ലൈമാക്സിലേക്കായി മാറ്റിവെയ്ക്കുമ്പോള്‍, ഡില്‍ഡോ തുടങ്ങുന്നത് മരിച്ചവരുടെ ലിസ്റ്റ് നമുക്ക് തന്നുകൊണ്ടാണ്‌. മരിച്ചവരാണു പിന്നീടു കഥകള്‍ പറയുന്നത് (അതെ റാഷോമോണ്‍ പിന്നെയും ഓര്‍മ്മ വരുന്നു). ഇനാരിട്ടുവിന്റെ സിനിമകളിലേതു പോലെ കഥാപാത്രങ്ങളും സംഭവങ്ങളുമായുള്ള, അപ്രതീക്ഷിതമെന്നോ അവിചാരിതമെന്നോ വിശേഷിപ്പിക്കാവുന്ന ബന്ധങ്ങളാണ്‌ ഡില്‍ഡോയുടെ വായനയിലെ ത്രസിപ്പിക്കുന്ന നാടകീയത. ഒരു കഥാപാത്രമാകട്ടെ, ഒരു കെട്ടിടത്തില്‍ നിന്നും മരണത്തിലേക്കുള്ള ചാട്ടത്തിന്റെ സമയം നല്‍കുന്ന ഇടവേളയിലാണു തലകീഴായി തന്റെ ജീവിതം പറയുന്നത്. സമാനമായ ഒന്നു സിനിമയില്‍ കാണുന്നത് ദേവദാസ് ഡില്‍ഡോ എഴുതി ഒരു വര്‍ഷമെങ്കിലും കഴിഞ്ഞു പുറത്തു വന്ന 99 Francs (സംവിധാനം-യാന്‍ കോനന്‍) എന്ന ഫ്രെഞ്ച് സിനിമയില്‍. ഒരു കഥാപാത്രത്തിന്റെ രതിരീതികളെ അമേലി എന്ന ഫ്രെഞ്ച് സിനിമയുമായി നേരിട്ടു ബന്ധപ്പെടുത്തുന്നുമുണ്ട് കഥാകാരന്‍.

ഇനാരിറ്റുവിന്റെ സിനിമകളിലെന്നതുപോലെ പരസ്പരം ബന്ധിക്കപ്പെട്ട മാനുഷികാവസ്ഥകളുടെ, സംഭവങ്ങളുടെ ഒരു വല നെയ്തെടുക്കുകയാണ് ദേവദാസും ചെയ്യുന്നത്; ഈ വലയിലെ ഓരോ കണ്ണികളുമാകട്ടെ, മരണങ്ങളും. അന്യവത്കരണത്തിന്റേതായ ഉപരിതല യഥാർത്ഥ്യങ്ങളുമായി നിരന്തരം സമരത്തിലേർപ്പെട്ടുകൊണ്ട്, നമ്മുടെ മാനുഷികതാ-ബോധ(humanist sensibility)ങ്ങളെ രൂപപ്പെടുത്തുന്ന, അപ്രതീക്ഷിതങ്ങളായ, അസ്ഥിത്വമാനങ്ങളുള്ള ചില കണ്ടുമുട്ടലുകളുടെ ഉള്ളറിവുകളാണ് ‘ഡിൽഡോ’. നമ്മുടെയൊക്കെ അസ്തിത്വത്തിനു തെളിവു തന്നെ ഇങ്ങനെ ‘അന്യനു’മായുള്ള ചില ഏറ്റുമുട്ടലുകളാണല്ലോ. നാമോരോരുത്തരും മറ്റൊരുവനെ സംബന്ധിച്ചിടത്തോളം ‘അന്യനാ’ണെന്ന തിരിച്ചറിവ് അന്യവത്കരണത്തിന്റെ ഈ കാലത്ത്, നമ്മുടെ സമൂഹത്തിന്റെ ethical future-നു തന്നെ ആവശ്യമാണെന്നു വരുന്നു. ‘ഡിൽഡോ’യിലെ ഓരോ ആഖ്യാനങ്ങളും നമ്മോടു പറയുന്നത്, ഒന്നും-വ്യക്തികളുംസംഭവങ്ങളും മരണങ്ങളും ഒന്നും-ഒറ്റനോട്ടത്തിൽ കാണപ്പെടുന്നതു പോലെയല്ല എന്നാണ്; (Nothing is what it seems എന്നത് The Illusionist എന്ന സിനിമയുടെ ടാഗ് ലൈൻ ആയിരുന്നല്ലോ !).

ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന ദേവദാസ് വി.എം. ന്റെ നോവല്‍ 8 ആഗസ്റ്റ് 2009 രാവിലെ 10 മണിക്ക് തൃശൂരില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നു. മലയാള ഭാഷയെയും അതിലുള്ള സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മേതില്‍ രാധാകൃഷ്ണനും കവര്‍ഡിസന്‍ ചെയ്തിരിക്കുന്നത് ഉന്മേഷ് ദസ്തക്കിറുമാണ്. 65 രൂപയാണ് ഒരു കോപ്പിയുടെ വില. പുസ്തകത്തിന്റെ കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

വാൽ‌ക്കഷ്ണം: പുസ്തകത്തിന്റെ പേരും ദേവദാസിന്റെ ഊശാന്താടിയുമൊക്കെ കണ്ടിട്ട് ഇതൊരു ‘ബുജി’ പുസ്തകമാണെന്നു നിങ്ങൾ ധരിക്കുന്നുവെങ്കിൽ, ഇത് വായിക്കാതിരിക്കുന്നത് വലിയ നഷ്ടമായിരിക്കുമെന്ന് ഓർമ്മപ്പെടുത്തട്ടെ. ഇനി നിങ്ങളൊരു ‘ബുജി’യാണെങ്കിൽ, നിങ്ങൾക്കു വേണ്ടതും ചിലതൊക്കെ ഈ പുസ്തകത്തിലുമുണ്ട്, വസ്തുതാവിവരണത്തിന്റെ രൂപത്തിലാണെന്നു മാത്രം...:)

(അവസാനത്തെ ഖണ്ഡിക പൂർണ്ണമായും ലാപുട ബ്ലോഗിൽ നിന്നും അടിച്ചുമാറ്റിയതായതിനാൽ, വിനോദിനോടു കടപ്പാട്.)

Friday, May 29, 2009

ആംഗലേയം നന്നാക്കാന്‍...

ഇംഗ്ലീഷ്‌ സിനിമകൾ കണ്ട്‌ സംഭാഷണങ്ങൾ മുഴുവൻ മനസ്സിലാക്കുക എന്നത്‌ വലിയൊരു സ്വപ്നമായിരുന്നു പണ്ട്‌. സ്ഥിരമായി ഹോളിവുഡ്‌ സിനിമകൾ കണ്ടു തുടങ്ങുന്നത്‌ ഡിഗ്രി പഠിച്ചിരുന്ന കാലത്തായിരുന്നു. ഒന്നും മനസ്സിലാകില്ല. പിന്നീട്‌ 2-3 വർഷം കഴിഞ്ഞപ്പോൾ കുറച്ചൊക്കെ മനസ്സിലാകുമെന്നായി. ഇംഗ്ലീഷ്‌ പഠിക്കാനായി വീട്ടിലെ റേഡിയോയിൽ ബിബിസിയുടെ വാർത്തകൾ മുടങ്ങാതെ കേൾക്കും. ഹിന്ദുവിന്റെ എഡിറ്റോറിയൽ പേജ്‌ വായിക്കുന്ന ശീലം തുടങ്ങിയെങ്കിലും, പത്രം വായന അന്നും ഇന്നും ഇഷ്ടമല്ലാത്തതിനാൽ തനിയെ നിന്നു. ഇംഗ്ലീഷിൽ ആദ്യം വായിക്കുന്ന പുസ്തകം ആർ.കെ നാരായൺ-ന്റെ The Guide ആയിരുന്നു. ലളിതമായ ഭാഷ. അതു വായിച്ചപ്പോൾ അൽപം ആത്മവിശ്വാസമായി. പിന്നെ God of small things, Last Temptation, Christ Recrucified ഒക്കെ ഇംഗ്ലീഷിൽ തന്നെ വായിച്ചപ്പോൾ ധൈര്യമായി. ഇർവിംഗ്‌ വാലസിന്റെ The word പോലെ 650-ഓളം പേജുള്ള പുസ്തകം ആറുദിവസം കൊണ്ടു വായിച്ചു തീർക്കാം എന്ന നിലയിലായി ഡിഗ്രി കഴിയുമ്പോഴേക്കും. പിന്നീടു വായന കുറഞ്ഞതോടെ വായനയുടെ വേഗതയും കുറഞ്ഞു. കുറെ ഇംഗ്ലീഷ്‌ സിനിമകൾ കണ്ടിട്ടും ഐറിഷ്‌ ആക്സന്റും വെസ്റ്റേൺ സിനിമകളിലെ ആക്സന്റും എനിക്കിനിയും മുഴുവൻ മനസ്സിലാകുന്നില്ല.

ഇംഗ്ലീഷ്‌ പഠിക്കാൻ സഹായിക്കുന്നു എന്നു പറയുന്ന പുസ്തകങ്ങളുടെ പരസ്യം അനേകം കണ്ടിട്ടുണ്ട്‌. പുസ്തകം നോക്കി ഭാഷ പഠിക്കാനാകുമോ, ഒരു പരിധിയിൽ കൂടുതൽ? ഭാഷാപഠനം ഒരളവു വരെ inherent ആയ ഒരു കഴിവാണെന്നു തോന്നുന്നു. ബാംഗ്ലൂരിൽ ജോലിക്കു ചേർന്ന്, ആറുമാസത്തിനകം കന്നഡ സംസാരിക്കുവാൻ പഠിച്ച ഒരു കൂട്ടുകാരനുണ്ടായിരുന്നു. എന്തോ, ഭാഷ പഠിക്കുന്നതിൽ ഞാൻ പിന്നോക്കമാണ്‌.

കോട്ടയത്തായിരുന്നപ്പോൾ റോയ്‌ മാമ്മൻ എന്നു പേരായ ഒരാളെ പരിചയപ്പെട്ടിരുന്നു. റോയ്‌ SSLC വരെ മലയാളം മീഡിയത്തിൽ പഠിച്ചു. ഞാൻ പരിചയപ്പെടുന്ന കാലത്ത്‌ ഒരു പാരലൽ കോളജിൽ BA History പഠിക്കുന്നു. ഇതുവരെ, ഇന്ത്യക്കാരിലാരും ഇത്രയും നന്നായി ഇംഗ്ലീഷ്‌ പറയുന്നതു കേട്ടിട്ടില്ല.

റോയ്‌ ഇംഗ്ലീഷ്‌ പഠിച്ചത്‌ രസകരമായ ഒരു മാർഗ്ഗമായിരുന്നു. ഇംഗ്ലീഷിൽ ചിന്തിക്കുക. ഉദാഹരണത്തിനു, ബസു കാത്തു നിൽക്കുമ്പോൾ, 'എന്താ ബസു വരാൻ വൈകുന്നത്‌' എന്നു നമ്മൾ മലയാളത്തിൽ ചിന്തിക്കുമ്പോൾ റോയ്‌ അത്‌ ഇംഗ്ലീഷിൽ ചിന്തിക്കും. സംശയം വരുന്നത്‌ ആരോടെങ്കിലും ചോദിച്ചോ, പുസ്തകം നോക്കിയോ മനസ്സിലാക്കും. ദിവസവും പത്തു പുതിയ വാക്കുകൾ പഠിക്കും. ബിബിസി കേട്ടും phonetics പുസ്തകം നോക്കിയും ഉച്ചാരണം മനസ്സിലാക്കും.

ഏതൊരു ഭാഷയും പഠിക്കേണ്ടത്‌ LSRW-Listen, Speak, Read, Write എന്നൊരു പാറ്റേണിലാണ്‌. നമ്മൾ മാതൃഭാഷ പഠിക്കുന്നത്‌ ആദ്യം കേട്ടാണ്‌, പിന്നെ കേട്ടതു പറയാൻ ശ്രമിക്കുന്നു; ഒന്നാം ക്ലാസ്സിൽ തറ, പന എന്നൊക്കെ വായിച്ചതിനുശേഷമാണു എഴുത്തു വരുന്നത്‌. ഞാനൊക്കെ സ്കൂളിൽ ഇംഗ്ലീഷ്‌ പഠിച്ചു തുടങ്ങുന്നത്‌ ഇതിനു തലതിരിഞ്ഞ പാറ്റേണിലാണ്‌. WRSL-ആദ്യം cat എന്നെഴുതും. പിന്നെ അതു ക്യാറ്റ്‌ എന്നു വായിക്കും. കേരളത്തിലൊക്കെ വലിയൊരു ശതമാനം വിദ്യാർത്ഥികൾ speak, listen എന്നീ ഘട്ടങ്ങളിലേക്ക്‌ എത്തുന്നില്ല.

ഐറിസ്‌ പ്ലേസ്കൂളിൽ പോയിത്തുടങ്ങി. മൂന്നു ദവസം കഴിഞ്ഞപ്പോൾ no, yeah, come എന്നൊക്കെ പറയുന്നുണ്ട്‌. അടുത്ത തലമുറയെങ്കിലും ശരിയായ രീതിയിൽ പഠിച്ചു തുടങ്ങുന്നു. ഭാഷ ഒരായുധം കൂടിയാണല്ലോ. ഉപയോഗിക്കുന്നില്ലെങ്കിൽ മൂർച്ച പോകും. അതും ഞാനറിയുന്നുണ്ട്‌, ഇംഗ്ലീഷിലായാലും മലയാളത്തിലായാലും.

ഒരു ചോദ്യം: What is the difference between a woman and a lady?

എത്ര പേർക്കറിയാം...

Monday, January 19, 2009

മഞ്ഞുകാലം-ഫോട്ടോപോസ്റ്റ്

If Winter comes, can Spring be far behind? എന്ന പ്രതീക്ഷയുടെ വാചകം എഴുതിയത് ഷെല്ലിയായിരുന്നു. ഷെല്ലി ഇംഗ്ലണ്ടിൽ ജനിച്ചതു നന്നായി. മെയിനിലായിരുന്നെങ്കിൽ ഈ കവിത എഴുതപ്പെടില്ലായിരുന്നു...:)

ഈയാഴ്ച ഇവിടെ തണുപ്പ് -27 ഡിഗ്രി സെൽ‌ഷ്യസ് വരെ പോയി. ഇന്നലെ സാധാരണയിലും കഠിനമായ മഞ്ഞുവീഴ്ച ഉണ്ടായതുകൊണ്ട് ഇന്ന് തണുപ്പ് കുറവുണ്ട്...-15 ഡിഗ്രി സെൽ‌ഷ്യസ്.
കുറച്ച് തണുത്ത ചിത്രങ്ങൾ...











































































Monday, January 5, 2009

കടങ്കഥകളെക്കുറിച്ചുള്ള ഓർമ്മകൾ...

2000 നവംബർ 27, തിങ്കളാഴ്ച. എം.ജി.യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ കിട്ടി, ക്ലാസു തുടങ്ങുന്ന ദിവസം, രണ്ട്‌ വലിയ ബാഗുകളുമൊക്കെയായി ഞാൻ യൂണിവേഴ്‌സിറ്റിയ്ക്കു മുന്നിൽ ബസിറങ്ങി. സമയം രാവിലെ ഏഴു മണി. ഒരു മനുഷ്യനുമില്ല പരിസരത്തെങ്ങും. ഗേറ്റു കടന്ന് ആദ്യം കണ്ട വഴിയെ നടന്നു. കുറെ ദൂരം നടന്ന് ഇനിയെങ്ങോട്ടു പോകും എന്ന സംശയത്തിൽ നിൽക്കുമ്പോൾ നീണ്ട കൈകളുള്ള, ആജാനുബാഹുവായ ഒരു ചെറുപ്പക്കാരൻ എതിരെ വന്നു.

ഹോസ്റ്റലിലേക്കുള്ള വഴി ചോദിച്ചു.
ഈ കാണുന്ന വഴിയെ പോയാൽ ഒരു ചെമ്മൺപാത കാണും. നേരെ പോകുക, ഹോസ്റ്റൽ നീ കണ്ടിരിക്കും.
(ഈ മറുപടിയിൽ നിങ്ങൾക്കെന്തെങ്കിലും പ്രത്യേകത തോന്നിയോ? എനിക്കു തോന്നി. സാധാരണ ഏതൊരാൾ വഴി പറഞ്ഞു തന്നാലും ഉണ്ടാവാനിടയുള്ള ചെറിയ സംശയങ്ങൾക്കു പോലും ഇവിടെ സാധ്യതയില്ലായിരുന്നു...അതും ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ)

വിനോദ്‌ എന്നും അങ്ങനെയായിരുന്നു, ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ, ഏറ്റവും കൃത്യമായി...

ഹോസ്റ്റൽ ഞാൻ കണ്ടു. രണ്ടു വർഷത്തിലേറെ അവിടെ താമസിച്ചു. ഹോസ്റ്റലിലേക്കെത്താൻ എനിക്ക്‌ വഴി കാണിച്ച വിനോദ്‌ തന്നെ അവിടെ വെച്ച്‌ എന്റെ ജീവിതത്തിൽ പുതിയ വഴികൾ തെളിച്ചു. എന്റെ ജീവിതത്തെ ഇത്രയേറെ മാറ്റിമറിച്ച മറ്റൊരു കാലഘട്ടമില്ല. ഒരുപാട്‌ സിനിമകൾ കണ്ടതും സരമാഗോ, മാർക്ക്വേസ്‌ എന്നിവരെ വായിച്ചതും അവിടെ വെച്ചായിരുന്നു.


ഈണത്തിൽ ചൊല്ലാൻ കഴിയുന്ന, വൃത്തമുള്ളവയായിരുന്നു അന്നൊക്കെ എന്നെ സംബന്ധിച്ചിടത്തോളം നല്ല കവിതകൾ. 'മാമ്പഴ'മായിരുന്നു മലയാളകവിതയുടെ അവസാന വാക്ക്‌. ആദ്യകാലത്ത്‌ വിനോദടക്കമുള്ളവർ വൃത്തമില്ലാതെ കവിതകളെഴുതുന്നത്‌ വൃത്തത്തിലെഴുതാൻ കഴിവില്ലാഞ്ഞിട്ടാണെന്നാണു ഞാൻ കരുതിയിരുന്നത്‌. രാത്രികാലങ്ങളിൽ സാധാരണ ഉണ്ടാവാറുള്ള സംഘചർച്ചകൾക്കിടയിലാണ്‌ ഒരു വിഷയം തന്നാൽ വൃത്തത്തിൽ കവിത എഴുതാമോ എന്ന് ഞാൻ ചോദിച്ചത്‌. ഉടനെ എഴുതാമെന്നു മറുപടി.ഞാൻ കൊടുത്ത വിഷയം 'മൂത്രം' എന്നതായിരുന്നു.അരമണിക്കൂറിനുള്ളിൽ, കേകയിൽ, ദ്വിതീയാക്ഷരപ്രാസമൊക്കെ ഒപ്പിച്ച്‌ ഒരു 'മൂത്രക്കവിത' റെഡി. ഞാൻ തോറ്റു. അങ്ങനെ ഞാൻ വൃത്തമില്ലാത്ത കവിതകൾ വായിക്കാൻ തുടങ്ങി. ഇന്നാകട്ടെ, എനിക്ക്‌ വൃത്തമുള്ള കവിതകൾ ആസ്വദിക്കാൻ സാധിക്കുന്നില്ല.
(വർഷങ്ങൾക്കു ശേഷം ഞാൻ ബ്ലോഗ്‌ തുടങ്ങിയതും, ടെറൻസ്‌ മാലിക്കിനെക്കുറിച്ച്‌ ഞാനെഴുതിയ ഒരു ലേഖനം വിനോദിനു വായിക്കാനായിട്ടാണ്‌. തീർച്ചയായും ഞാനാദ്യം വായിച്ച മലയാളം ബ്ലോഗും ലാപുട തന്നെ.)

ഇത്രയൊക്കെ പറയാൻ കാരണം, വിനോദിന്റെ ആദ്യ കവിതാസമാഹാരം 'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ' പുറത്തിറങ്ങുന്നു എന്നതിന്റെ സന്തോഷമാണ്‌.

ആകെയുള്ള ഒരു വിഷമം ഗോപീകൃഷ്ണനും പിപിയാറും അൻവർ അലിയും ലതീഷും സനലും വെള്ളെഴുത്തും വിഷ്ണുമാഷും ഒക്കെ പങ്കെടുക്കുന്ന, സങ്കുചിതമനസ്കനായ മണികണ്ഠൻ എഴുതിയ സനലിന്റെ പരോൾ എന്ന സിനിമ കാണിക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലല്ലോ എന്നതുമാത്രം.
ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്‌ ബ്ലോഗിലൂടെ പരസ്പരം പരിചയപ്പെട്ട ചിലർ ചേർന്ന് രൂപം നൽകിയ ബുക്ക്‌ റിപ്പബ്ലിക്‌ എന്ന സംഘമാണ്‌. അതെ, മലയാളം ബ്ലോഗുകൾ സമൂഹത്തിൽ ഇടപെടാൻ തുടങ്ങുകയാണ്‌...
സാധ്യമാകുന്നവരെല്ലാം പ്രസാധന ചടങ്ങിൽ പങ്കെടുക്കുവാനും പരിപാടികൾ ഗംഭീര വിജയമാക്കാനുമുള്ള ഒരു ക്ഷണം കൂടിയാണ്‌ ഈ കുറിപ്പ്‌.
പുസ്തകം ഇവിടെ നിന്നും വാങ്ങാം.
ആസ്വാദനക്കുറിപ്പുകള്‍
വായനയുടെ പരോളുകള്‍ -ജി.പി.രാമചന്ദ്രന്‍
വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ -The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്
കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍

ബന്ധപ്പെട്ട് മറ്റു ബ്ലോഗ് പോസ്റ്റുകള്‍
റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത് -വെള്ളെഴുത്ത്
ബുക്ക് റിപ്പബ്ലിക്കേഷന്‍ -ഹരിയണ്ണന്‍
ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍ -മൂര്‍ത്തി
നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് ‘ലാപുട’ -ഭൂമിപുത്രി
വാക്കുകളുടെ പെരുങ്കല്ലുകള്‍ -ദസ്തക്കിര്‍
ലാപുടയുടെ പുസ്തകം സിമി
പുസ്തകം - പ്രകാശനം ലാപുട

Sunday, April 20, 2008

സ്വകാര്യം

എന്റെ മകളെ വിട്ട് വിദേശത്തേയ്ക്ക് വന്നിട്ട് എട്ടുമാസമാകുന്നു. ഇത്രയും കാലം അവളെന്നോട് സംസാരിച്ചിട്ടില്ല. അവളുടെ ചെവിയില്‍ ഇയര്‍‌ഫോണ്‍ വെച്ചാല്‍ അവളത് വെറുപ്പോടെ എടുത്ത് എറിഞ്ഞു കളയും. ഫോണിന്റെ റിസീവര്‍ വെച്ചാലും അല്പനേരം കേട്ടിട്ട് എറിഞ്ഞു കളയും. ഫോണിലൂടെ ഒന്നും പറയില്ല. എന്നാല്‍ ഫോണിന്റെ സ്പീക്കറിലൂടെ എന്റെ ശബ്ദം കേട്ടാല്‍ എന്തെങ്കിലുമൊക്കെ പറയും.

ഒറ്റയ്ക്ക് കേള്‍ക്കുന്നതെല്ലാം നിഷേധിച്ചുകൊണ്ട് താനൊറ്റയ്ക്കല്ല ജനിച്ചതെന്നും ഒറ്റയ്ക്കല്ല ജീവിക്കുന്നതെന്നും, ഒരാള്‍ മാത്രം കേള്‍ക്കുന്ന സ്വകാര്യമൊന്നും തനിക്ക് പറയാനില്ല എന്ന സത്യസന്ധതയും ഞാനിനി എന്റെ മകളില്‍ നിന്നു പഠിക്കട്ടെ...!

Friday, March 14, 2008

ഒരു നൊബേല്‍ ശാസ്ത്രജ്ഞനുമായി കൂടിക്കാഴ്‌ച

1995-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.ഫ്രാങ്ക്‌ ഷേര്‍വുഡ്‌ റൗളണ്ട്‌ ഇന്നലെ ഞാന്‍ പഠിക്കുന്ന സ്കൂളില്‍ വന്നപ്പോള്‍ കാണാനും സംസാരിക്കാനും അവസരമുണ്ടായി. ക്ലോറോ-ഫ്ലൂറോ കാര്‍ബണുകള്‍ അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളെ നശിപ്പിക്കുമെന്ന കണ്ടെത്തലിനാണ്‌ അദ്ദേഹത്തിന്‌ നൊബേല്‍ സമ്മാനം കിട്ടിയത്‌. നമ്മളൊക്കെ സ്കൂളില്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചതും മനുഷ്യരാശിയുടെ നിലനില്‍പ്പിനെ പ്രത്യക്ഷത്തില്‍ തന്നെ സഹായിക്കുന്നതുമായ ഒരു വലിയ കണ്ടെത്തല്‍.

യൂണിവേഴ്സിറ്റി ഓഫ്‌ ഷിക്കാഗോയില്‍ carbon-14 ഡേറ്റിംഗ്‌ കണ്ടെത്തിയതിന്‌ നൊബേല്‍ സമ്മാനം നേടിയ പ്രൊഫ.ലിബിയുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറല്‍ ഗവേഷണം. അവിടെ അതിപ്രശസ്തരായ ഡോ.ഫെര്‍മി, ഡോ.ഹരോള്‍ഡ്‌ യുറെ, ഡോ.ഹെന്‍റി ടോബെ, ഡോ.മരിയ മയര്‍ എന്നിവരെല്ലാം അദ്ദേഹത്തിന്റെ അധ്യാപകരായിരുന്നു...എല്ലാവരും നൊബേല്‍ സമ്മാനം നേടിയവര്‍.റേഡിയോ കെമിസ്റ്റ്രിയിലായിരുന്നു ആദ്യകാലത്ത്‌ അദ്ദേഹത്തിന്റെ ഗവേഷണം. അമേരിക്കയുടെ അണുശക്തി ഗവേഷണത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്‌ പ്രമുഖ സ്ഥാനമുണ്ട്‌.
എഴുപതുകളിലാണ്‌ അദ്ദേഹത്തിന്റെ ഗവേഷണം പാരിസ്ഥിതിക-രസതന്ത്രത്തിലേക്ക്‌ തിരിയുന്നത്‌.

ഇത്രയും പ്രശസ്തനായ ഒരു വ്യക്തി നമ്മുടെ നാട്ടില്‍ ഒരു സ്ഥാപനത്തിലേക്കു വരുന്ന കാരം ഞാനാലോചിച്ചു പോയി..
താലപ്പൊലി, പൊട്ടു തൊടല്‍, പൂമാലയിടല്‍, സ്വാഗതപ്രസംഗം, ബൊക്കെ...വിദ്യാര്‍ത്‌ഥികള്‍ക്കൊന്ന്‌ ശരിക്കു കാണാന്‍ കൂടി കിട്ടില്ല.
ഇവിടെ ഇതൊന്നുമുണ്ടായില്ല. ലാബിലെ ഒരു ഇടവേളയില്‍ ഞാന്‍ ഇഞ്ചിയുടെ യാഹൂ പോസ്റ്റും കമന്റുകളും വായിച്ചിരിക്കുമ്പോള്‍ ആറടിയിലധികം ഉയരമുള്ള ഒരു മനുഷ്യന്‍ സ്യൂട്ടൊക്കെയിട്ട്‌ എന്റെ ഗൈഡിന്റെ കൂടെ പെട്ടെന്ന് കയറി വന്നു. പിന്നെ അവര്‍ പുറത്തു പോയി വരാന്തയില്‍ നിന്ന് എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടു.

ഉച്ചയ്ക്ക്‌ ഒന്നരയ്ക്കായിരുന്നു വിദ്യാര്‍ത്‌ഥികള്‍ക്ക്‌ പ്രൊഫസര്‍മാര്‍ക്കും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം. ഒന്നരയ്ക്കു മുന്‍പേ ഞങ്ങള്‍ മൂന്നുപേര്‍ കോണ്‍ഫറസ്‌ മുറിയില്‍ അവിടെ കിട്ടിയ സാന്‍ഡ്വിച്ചും എടുത്ത്‌ (ഇവിടെ വിദ്യാര്‍ത്‌ഥികള്‍ ക്ലാസ്സിലിരുന്നും ഭക്ഷണം കഴിക്കും) ഏറ്റവും പുറകിലെ വരിയില്‍ സുരക്ഷിത സ്ഥാനം നോക്കി ഇരിപ്പായി. ഒന്നരയായിട്ടും മുറിയിലാകെ ഞങ്ങള്‍ മൂന്നു വിദ്യാര്‍ഥികളും നാലു പ്രൊഫസര്‍മാരും ഒരു പോസ്റ്റ്‌ ഡോകും മാത്രം. പ്രൊഫ.റൗളണ്ട്‌ മുറിയിലേക്കു വന്നതും ഞങ്ങളിരിക്കുന്ന വരിയുടെ തൊട്ടുമുന്നില്‍ ഒരു കസേര തിരിച്ചിട്ട്‌ ഞങ്ങള്‍ക്കഭിമുഖമായി ഇരുന്നു. പിന്നെ ഒരു മണിക്കൂര്‍ കൊച്ചു വര്‍ത്തമാനം. എന്തെങ്കിലും പറഞ്ഞാല്‍ ഓഫായി പോകുമോ എന്നു പേടിച്ച്‌ കുറെ നേരം ഞാനൊന്നും മിണ്ടിയില്ല. (മൗനം അറിവില്ലാത്തവര്‍ക്കും ഭൂഷണം). പിന്നെ എനിക്ക്‌ കെമിസ്ട്രിയില്‍ സംശയമൊന്നും ഇല്ലായിരുന്നു...:)

ഒടുവില്‍ മറ്റുള്ളവരൊക്കെ എന്തെങ്കിലും ചോദിക്കുന്നത്‌ സമയം കളയാനാണെന്നു തോന്നിയപ്പോള്‍ ഞാനെന്റെ ആയുധമെടുത്തു. രാഷ്ട്രീയം...

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കേണ്ടതും ഭരണകൂടത്തെ Environment friendly ആയ തീരുമാനങ്ങളെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതും അകാദമിക്‌ സമൂഹത്തിന്റെ ബാധ്യതയാണെന്ന് പ്രൊഫസര്‍ കരുതുന്നുണ്ടോ? താങ്കളുടെ പ്രശസ്തിയും അറിവും ഉപയോഗിച്ച്‌ താങ്കള്‍ക്ക്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ കരുതുന്നു.

ഇതിന്‌ പ്രൊഫസര്‍ പറഞ്ഞ മറുപടി - അതിന്‌ നമുക്കിത്‌ പറയാനുള്ള അറിവും അതോറിറ്റിയുമുണ്ടെന്ന്‌ അവര്‍ മനസ്സിലാക്കേണ്ടെ...:) അവരുടെ വിചാരം അവര്‍ക്കെല്ലാമറിയാമെന്നും അവര്‍ ദൈവത്തിന്റെ അടുത്ത ആള്‍ക്കാരാണെന്നുമാണല്ലോ.

പിന്നീട്‌ ഞാന്‍ കേരളത്തിലെ കരിമണല്‍ വിഷയത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും അണുശക്തി ഉത്‌പാദനത്തിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്തും അതുപയോഗിക്കാത്തതും ചൂണ്ടിക്കാട്ടി. (നമ്മുടെ നാട്ടിലെല്ലാവര്‍ക്കും ഭയങ്കര പരിസ്ഥിതി ബോധമാണെന്നും പ്രകൃതി സ്നേഹമാണെന്നും ഈ അമേരിക്കക്കാര്‍ ചുമ്മാ കരുതട്ടെ...:))

അപ്പോള്‍ ചിരിച്ചു കൊണ്ട്‌ അത്‌ ലോകത്ത്‌ മറ്റൊരിടത്തും നടക്കില്ല, പ്രത്യേകിച്ച്‌ അമേരിക്കയില്‍ എന്നു പറഞ്ഞു. അണുശക്തി ഉത്‌പാദനത്തിന്റെ ദോഷവശങ്ങള്‍ പരിഹരിക്കുന്നതു വരെ അതുപയോഗിക്കാത്തതാകും ബുദ്ധി എന്നും കൂട്ടി ചേര്‍ത്തു.(അണുശക്തി ഉത്‌പാദനത്തിലെ സുരക്ഷാപ്രശ്നങ്ങള്‍ എന്ന പോയിന്റ്‌ മുന്‍ചര്‍ച്ചയുടെ സ്വഭാവം നോക്കി ഞാനൊരു തുണ്ടിട്ടതായിരുന്നു...:)
നമ്മുടെ നാട്ടില്‍ ആരാണ്‌ ഈ വിഷയം ചിന്തിച്ചിട്ടുള്ളത്‌)

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.