Wednesday, September 23, 2009

സൃഷ്ടിയും പരിണാമവും അമേരിക്കയിൽ‌...

Origin of species എന്ന വിഖ്യാതശാസ്ത്രഗ്രന്ഥത്തിന്റെ 150-ആം വർഷത്തിൽ ഡാർ‌വിനും അദ്ദേഹം ആവിഷ്കരിച്ച പരിണാമസിദ്ധാന്തവും അകാദമിക് ലോകത്തെങ്ങും ആഘോഷിക്കപ്പെടുന്നു. ഇതുപോലെ ഒരു വ്യക്തിയോ ഒരു കൃതിയോ ആശയമോ ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് ശാസ്ത്രലോകത്ത് അത്യപൂർ‌വ്വം. ഈ ആഘോഷത്തിന്റെ അലകൾ സാസ്കാരികലോകത്തും ദൃശ്യമാണ്‌. പലനഗരങ്ങളിലും പരിണാമത്തെ സംബന്ധിച്ച ശാസ്ത്ര-എക്സിബിഷനുകളും പ്രത്യേക പരിപാടികളും നടക്കുന്നു. ബിബിസി, BBC Darwin Season എന്ന പേരിൽ റേഡിയോ-ടെലിവിഷൻ പരിപാടികളുടെ ഒരു സീരീസ് തന്നെ പ്രക്ഷേപണം ചെയ്യുന്നു. പലരാജ്യങ്ങളും ഡാർ‌വിന്റെ ബഹുമാനാർത്ഥം സ്റ്റാമ്പുകളും നാണയങ്ങളും പുറത്തിറക്കുന്നു.

ഡാർ‌വിന്റെ ജന്മനാടായ ബ്രിട്ടൻ, ഈ വർഷം പുറത്തിറക്കിയ നാണയം.

ഇന്നുവരെ, ഇന്ത്യയടക്കം 120-ഓളം രാജ്യങ്ങൾ ഡാർ‌വിന്റെ ബഹുമാനാർത്ഥം സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യ പുറത്തിറക്കിയ ഡാർ‌വിൻ സ്റ്റാമ്പ്


എന്നാൽ ഈ 120 രാജ്യങ്ങളിൽ അമേരിക്കയില്ല. പകരം അമേരിക്ക മറ്റു ചില മഹാന്മാരുടെ സ്റ്റാമ്പുകൾ ഈ ഡാർ‌വിൻ വർഷത്തിൽ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ചിലത് ഇവിടെ കാണാം

മനുഷ്യചരിത്രത്തെത്തന്നെ ഇത്രയും സ്വാധീനിച്ച വ്യക്തികൾ അപൂർ‌വ്വമാണെന്നിരിക്കിലും ഡാർ‌വിനെ കുറിച്ചുള്ള സിനിമകൾ അധികമൊന്നും ഉണ്ടായിട്ടില്ല; 1972-ൽ പുറത്തിറങ്ങിയ The Darwin Adventure ആയിരിക്കും ഒരു പക്ഷേ ഇതുവരെ വന്നിട്ടുള്ള ഒരേയൊരു ചലചിത്രം. അതുകൊണ്ടു തന്നെ ഡാർ‌വിനെ അഭ്രപാളികളിലെത്തിക്കാനുള്ള ഉചിതമായ അവസരങ്ങളിലൊന്നാവും ഈ ഡാർ‌വിൻ വർഷം. അതു സംഭവിക്കുന്നുണ്ട്; Creation എന്ന പേരിൽ, Jon Amiel-ന്റെ സം‌വിധാനത്തിൽ ഡാർ‌വിൻ മുഖ്യകഥാപാത്രമാകുന്ന സിനിമ ഒരുങ്ങിക്കഴിഞ്ഞു. ടൊറൊന്റൊ ഫിലിം ഫെസ്റ്റിവലിൽ ഉത്ഘാടനചിത്രവും ഈ സിനിമയായിരുന്നു. എഴുതുന്ന കാലത്ത്, താൻ വിശ്വസിച്ച മതത്തിന്റെയും, വിശ്വാസിയായ ഭാര്യ, കുഞ്ഞിന്റെ മരണം തൂടങ്ങിയ വൈയക്തിക അനുഭവങ്ങളുടെയും, തന്റെ പഠനങ്ങൾ മുന്നോട്ടു വെച്ച പുതിയ അറിവുകളുടെയും പശ്ചാത്തലത്തിൽ ഡാർ‌വിൻ അനുഭവിച്ച ആന്തരിക സം‌ഘർഷങ്ങളാണു സിനിമയുടെ വിഷയം. എന്നാൽ അതല്ല ഈ കുറിപ്പിനു കാരണം, പലരും പ്രതീക്ഷിച്ചിരുന്നതു പോലെ ലോകത്തിന്റെ നാനാഭാഗങ്ങളിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെടുന്നുവെങ്കിലും സിനിമാവ്യവസായത്തിന്റെ കേന്ദ്രമായ അമേരിക്കയിൽ ഒരു വിതരണക്കാരനും ഈ ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറായിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്നതും നാണം കെടുത്തുന്നതുമായ വസ്തുതയാണ്‌.

ഒരു സിനിമ അമേരിക്കയിൽ റിലീസു ചെയ്യുന്നില്ല എന്നത് അതിൽ തന്നെ ഞെട്ടിപ്പിക്കുന്നൊരു വാർത്തയല്ല. എന്നാൽ, അഭിപ്രായസ്വാതന്ത്ര്യത്തെ വലിയ തോതിൽ മാനിക്കുന്ന, ജനാധിപത്യം നിലനിൽക്കുന്ന, വിപ്ലവകരങ്ങളായ ശാസ്ത്രമുന്നേറ്റങ്ങൾക്കു വേദിയായ ഒരു രാജ്യത്ത്, മതസംഘടനകളുടെയും വിശ്വാസികളുടെയും എതിർപ്പിനെ ഭയന്ന്, ഡാർ‌വിനെപോലെയൊരു വ്യക്തിയെക്കുറിച്ചുള്ള സിനിമയെ ഊരു വിലക്കുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുത തന്നെ. ക്ലോണിംഗും സ്റ്റെം സെൽ ഗവേഷണങ്ങളും hadron collider പരീക്ഷണവും ജീനോം സീക്വൻസിംഗും (30,000 വർഷം മുൻപ് വംശനാശം വന്ന നിയാണ്ടർത്താൽ മനുഷ്യന്റെ ജീനോം സീക്വൻസിംഗിന്റെ ആദ്യത്തെ ഡ്രാഫ്റ്റ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയായി. 30 മില്ല്യൺ ഡോളറിന്റെ ചെലവിൽ ഇന്ന് ഒരു നിയാണ്ടർത്താൽ മനുഷ്യനെ സൃഷ്ടിക്കാനാകും) ഒക്കെയായി ശാസ്ത്രം മുന്നേറുമ്പോഴും സാങ്കേതികവിദ്യ നമ്മുടെയൊക്കെ ജീവിതങ്ങളെ അടിമുടി മാറ്റിമറിക്കുമ്പോഴും സമൂഹം, മതങ്ങൾ നൽകുന്ന അറിവില്ലായ്മയുടെ പുതപ്പിന്റെ ഇരുട്ടിലേക്ക് കൂടുതൽ ചുരുണ്ടുകൂടുന്നു.

FASEB ജേർണലിന്റെ 2005 ഒക്ടോബർ ലക്കത്തിന്റെ എഡിറ്റോറിയൽ കുറിപ്പിന്റെ പേരു The facts of evolution: fighting the Endarkenment എന്നായിരുന്നു. പഴയ Enlightenment എന്ന അനുഭവത്തിനു പകരം ഇന്നത്തെ സമൂഹത്തിൽ പ്രകടമായ ട്രെൻഡുകളെ സൂചിപ്പിക്കാനാണു വീസ്മാൻ ഈ വാക്ക് ഉപയോഗിച്ചത്. ഈ നൂറ്റാണ്ടിൽ ഡാർ‌വിനു നേരിടേണ്ടി വരുന്ന എതിർപ്പുകളുടെ ശക്തി വർദ്ധിക്കുന്നു എന്നത് സമൂഹത്തിന്റെ മുൻ‌ഗണനകളെക്കുറിച്ചുള്ള വ്യക്തമായ സൂചനയല്ലേ? ഗാലപ് പോളുകൾ പറയുന്നത് 39% ചെറുപ്പക്കാർ ഇന്നും അമേരിക്കയിലെ സൃഷ്ടിവാദത്തിൽ വിശ്വസിക്കുന്നുവെന്നും 54% മുതിർന്നവർ പരിണാമസിദ്ധാന്തത്തിൽ സംശയം പ്രകടിപ്പിക്കുന്നുവെന്നുമാണ്‌. (പള്ളികളിൽ 16നും 60നും ഇടയിൽ പ്രായമുള്ളവർ അപൂർ‌വ്വമായ ഒരു രാജ്യത്ത് സ്ഥിതി ഇതാണെങ്കിൽ മതങ്ങൾക്ക് ആഴത്തിൽ വേരുകളുള്ള ഇന്ത്യയിലെ സ്ഥിതി എന്തായിരിക്കും?)

ഡാർ‌വിനും പരിണാമസിദ്ധാന്തത്തിനും അമേരിക്കയിൽ നേരിടേണ്ടി വന്നിട്ടുള്ള എതിർപ്പുകളുടെ ചരിത്രമറിയാവുന്നവർക്ക് ഇത് തികച്ചും അപ്രതീക്ഷിതമായതല്ലെന്നതാണു വാസ്തവം. 1925-ൽ ടെന്നസിയിൽ നടന്ന കുപ്രസിദ്ധമായ മങ്കി ട്രയൽ ഓർമ്മയില്ലേ? പരിണാമസിദ്ധാന്തം ക്ലാസ്സിൽ പഠിപ്പിച്ചതിനായിരുന്നു ആ അധ്യാപകനെ വിചാരണ ചെയ്തത്. 'ചരിത്രം ദുരന്തമായും പിന്നീടു പ്രഹസനമായും ആവർത്തിക്കുന്നു' എന്ന വാചകം മാർക്സിന്റേതായതിനാൽ മാത്രം തള്ളിക്കളയുന്നവർ 2005-ൽ പെനിസിൽ‌വാനിയയിൽ നടന്ന വിചാരണ മറക്കുമോ?

1925-ലെ മങ്കി ട്രയൽ പിന്നിടു സിനിമയായി, Inherit the wind(1960) എന്ന പേരിൽ. സ്പെൻസർ ട്രേയ്സിയൊക്കെ തകർത്തഭിനയിച്ച ആ ചിത്രം വ്യക്തമായ രാഷ്ട്രീയചായ്‌വ് പ്രകടിപ്പിച്ചുവെങ്കിലും അവസാന രംഗത്തിൽ Origin of Species-നൊപ്പം ബൈബിളും കൈ‌യിലെടുക്കുന്ന ട്രേയ്സിയെ‌യാണു കാണിച്ചു തരുന്നത്. Inherit the wind-ന്റെ കാലമൊക്കെ കഴിഞ്ഞു, മതത്തിനും സൃഷ്ടിവാദത്തിനുമെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു സിനിമ ഇന്ന് അമേരിക്കയിൽ സ്വീകരിക്കപ്പെടുകയില്ലെന്നാണ്‌ പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ നിർ‌മ്മാല്യം എന്ന സിനിമയുടെ ഗതിയെ ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ടോ? സമൂഹങ്ങളെല്ലാം പുറകോട്ടു തന്നെയാണോ വളരുന്നത്.

20 comments:

Calvin H said...

കേരളത്തിൽ പാഷൻ ഓഫ് ദ ക്രൈസ്റ്റ് പ്രദർശിപ്പിച്ചപ്പോൾ ടിക്കറ്റ് ചാർജ്ജിൽ ഇളവുണ്ടായിരുന്നു. സമൂഹം പുരോഗമിക്കുന്നത് പിറകിലോട്ട് തന്നെ.

Anonymous said...

അമേരിക്ക അല്ലെങ്കിലും ബിൽഗേറ്റ്സിനെപ്പോലുള്ള ബിസിനസ്സുകാരുടെയും ഒബാമ-ബുഷ് പോലുള്ള രാഷ്ട്രീയക്കാരുടെയും പേരിൽ അറിയപ്പെടുന്ന രാജ്യമല്ലേ?(തെറ്റാണെന്നല്ല) ഡോളറ് ചെയ്സേഴ്സ് എന്നല്ലെ അമേരിക്കക്കാരെ വിളിയ്ക്കുന്നത് തന്നെ.വിവരമുള്ള യൂറോപ്പുകാറ്ക്ക് ഹോളിവുഡ് സിനിമയെ പുച്ഛമാണെന്ന് കേട്ടിട്ടുണ്ട്. ബൌദ്ധിക മേഖലകളിൽ പുരാതന ഇന്ത്യക്കാരോ ആധുനിക യൂറോപ്യന്മാരോ ഉണ്ടാക്കിയതിനോട് താരതംയം ചെയ്യാവുന്ന നേട്ടങ്ങളൊന്നും ചുരുങ്ങിയ ചരിത്രമുള്ള അമേരിക്കക്കാറ് ഉണ്ടാക്കിയിട്ടുമില്ലല്ലോ.

ഇത്രമാത്രം മണ്ടന്മാരുള്ള/ഉണ്ടായിക്കൊണ്ടേയിരിയ്ക്കുന്ന ലോകത്ത് പരിണാമസിദ്ധാന്തവും റിനൈസ്സൻസുമൊക്കെ സംഭവിച്ചതും കാലത്തെ അതിജീവിച്ച് അവ നിലനിന്നതുമല്ലേ അദ്ഭുതം? അങ്ങനെനോക്കുമ്പോൾ എസ്റ്റ്രീം മൈനോറിറ്റിയായ ഡാറ്വ്വിനടക്കമുള്ള ബുദ്ധിജീവികൾ പ്രതീക്ഷിച്ചതിലും മികച്ച നേട്ടങ്ങളാൺ കൈവരിച്ചിട്ടുള്ളത്. ഭൂരിപക്ഷാഭിരുചി വെച്ചാണെങ്കിൽ ഭക്ഷണം, വിസറ്ജ്ജനം, രതി, നിദ്ര, ഹിംസ തുടങ്ങിയ അടിസ്ഥാനകാര്യങ്ങളിൽ ചുറ്റിത്തിരിയണമായിരുന്നു മനുഷ്യജീവിതം. അങ്ങനെ സംഭവിയ്ക്കാതിരുന്നത് തന്നെ ഭാഗ്യം എന്ന് വിശ്വസിയ്ക്കാം.

Anonymous said...

“പുരാതന ഇന്ത്യക്കാരോ ആധുനിക യൂറോപ്യന്മാരോ ഉണ്ടാക്കിയതിനോട് താരതംയം ചെയ്യാവുന്ന നേട്ടങ്ങളൊന്നും”

താരതംയം ചെയ്യാവുന്ന എക്സ്റ്റെൻഡിലുള്ള നേട്ടങ്ങൾ എന്നാൺ ഉദ്ധേശിച്ചത്.

Calvin H said...

മധുസൂദനൻ പേരടി ഉദ്ദേശിച്ചത് മനസിലായില്ല. അമേരിക്കക്കാർ അങ്ങനെ മൊത്തത്തിൽ മണ്ടന്മാരോ പിന്തിരപ്പന്മാരോ ഒന്നുമല്ല. എന്ത്കൊണ്ട് ഇത്തരം ഒരു ചിത്രം അമേരിക്കയിൽ പ്രദർശിപ്പിക്കപ്പെടുന്നില്ല, അതൊരു തരം പുറകിലോട്ട് പോക്കാണല്ലോ എന്നേ റോബി ഉദ്ദേശിച്ചുള്ളൂ. യൂറോപ്പിൽ നിന്നുള്ള ഒരുപാട് ശാസ്ത്രജ്ഞരെ രണ്ടും കൈയും നീട്ടി(എന്തുദ്ദേശത്തിലാണെങ്കിലും) സ്വീകരിച്ചിട്ടുണ്ട് യു.എസ്.

Anonymous said...

അമേരിക്ക free country എന്നോക്കെ പറയുന്നത് ഒരു പുകമറയല്ലേ. യഥാര്‍ത്ഥത്തില്‍ എന്തോക്കെ അവിടെ നടക്കുന്നുവെന്ന് വാര്‍ത്തയാകുന്നില്ലെന്നുമാത്രം. അഥവാ വാര്‍ത്തയായാലും ആളുകള്‍ക്ക് അത് ശ്രദ്ധിക്കാന്‍ താല്‍പ്പര്യവുമില്ല. അറിവിനോട് പ്രത്യേകിച്ചൊരു മമതയില്ല. ഇന്‍ഡ്യ ഇപ്പോഴും ബ്രിട്ടീഷുകാരാണോ ഭരിക്കുന്നതെന്ന് ചോദിക്കുന്ന ആളുകളല്ലേ! അവര്‍ എന്ത് ചിന്തിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊടുക്കും. ആളുകള്‍ പള്ളില്‍ പോകാത്തത് യുക്തി ചിന്ത കാരണമൊന്നുമല്ല. സുഖസൌകര്യവും, ലൈംഗികതയുമൊക്കെക്കാരണമാണ് പള്ളില്‍ പോകാത്തതും മാതാപിതാക്കള്‍ക്കൊത്ത് ജീവിക്കാത്തതും. (എന്റെ അനുമാനമാണ്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.)

അറിവിന്റെ നേടുന്ന കാര്യത്തില്‍ മനുഷ്യന്‍ വലിയ പുരോഗതിയാണ് നേടുന്നത്. എന്നാല്‍ സമൂഹങ്ങളെല്ലാം പുറകോട്ടു തന്നെ പോകുന്നു. റോബി പറയുന്നത് ശരിയാണ്.

മനുഷ്യനെ അറിവില്ലായ്മയിലും അന്ധവിശ്വാസത്തിലും തളച്ചിടുന്നനില്‍ സിനിമക്കും ഒരു പങ്കില്ലേ. നല്ല സിനിമകളും ഉണ്ട് എന്ന് പറഞ്ഞ് നമുക്ക് രക്ഷപെടാം. എന്നാല്‍ സിനിമക്ക് സമൂഹം കൊടുക്കുന്ന അധിക പ്രാധാന്യം തെറ്റാണ്. ഒരു വിനോദം മാത്രമാണ്. അതായത് മറ്റ് വിനോദങ്ങളുമുണ്ടെന്ന് സാരം. നമ്മുടെ വീടുകളില്‍ തന്നെ ധാരാളം തമാശകള്‍ ഉണ്ടാക്കാം, എന്നാല്‍ നാം മുരണ്ട ജീവിതം നയിച്ചിട്ട് 100 രൂപാ കൊടുത്ത് തമാശ ആസ്വദിക്കുന്നു.
സിനിമ പണം കായിക്കുന്ന മരമാണെന്ന ധാരണ മാറ്റിയാല്‍ കുറേ മാറ്റങ്ങള്‍ ഉണ്ടാകും. അങ്ങനെയാകുമ്പോള്‍ ശരിക്കും ആ മാധ്യമത്തോട് താല്‍പ്പര്യമുള്ളവരേ സിനിമയെടുക്കൂ. അതുകൊണ്ട് സിനിമ സൌജന്യമാക്കുക. സിനിമക്ക് വേണ്ടി പണം മുടക്കാതിരിക്കുക. സനിമയെ dethrone ചെയ്ത് മറ്റ് കലാരൂപങ്ങള്‍ക്ക് തുല്ല്യമാക്കുക.

സിനിമ മറ്റേത് കലാ സാഹിത്യ സൃഷ്ടിപോലെ അത് ഉള്‍ക്കൊള്ളാന്‍ പാകമായ ഒരു കൂട്ടത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തകര്‍ന്ന വിദ്യാഭ്യാസ വ്യവസ്ഥയുള്ള പൊതു സമൂഹത്തിന് അത് താങ്ങാനാവില്ല.
അത് പുറകോട്ടു തന്നെ പോകും.

Rajeeve Chelanat said...

സമൂഹങ്ങള്‍ സ്വയം പുറകോട്ടു നടക്കുന്നു എന്ന് കരുതാനാവില്ല. സമൂഹത്തെ നിയന്ത്രിക്കുന്ന അധികാരഘടനകളാണ് (സ്ഥാപനങ്ങള്‍) അജണ്ടകള്‍ നിശ്ചയിക്കുന്നത്. എന്തു പ്രദര്‍ശിപ്പിക്കണം, എന്തു പഠിപ്പിക്കണം, എന്തു പ്രചരിപ്പിക്കണമെന്നൊക്കെ.

ക്രിയേഷനെ പരിചയപ്പെടുത്തിയതിനും, പരിണാമത്തെയും ഡാര്‍‌വിനെയും വീണ്ടും ഓര്‍മ്മിപ്പിച്ചതിനും നന്ദി.

അഭിവാദ്യങ്ങളോടെ

Anonymous said...

‘അമേരിക്കയിൽ‌പ്പോലും‘ എന്നു പലപ്പോഴും നാം പറയുമ്പോൾ ഏറ്റവും ഗുണനിലവാരമുള്ള ചിന്തയുണ്ടായിട്ടുള്ളത്/ഉണ്ടാവുന്നത് അമേരിക്കയിലാണെന്ന് ഒരു തെറ്റിദ്ധാരണയുണ്ടാവാറുണ്ട്. അതിനുവിരുദ്ധമായി അമേരിക്ക ശുദ്ധമായ ബൌദ്ധികപ്രവറ്ത്തനങ്ങളേക്കാളുപരി വ്യവസായം,വ്യവഹാരം, വിപണനം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ കൂടുതലായി തല്പരരായ സമൂഹമാണെന്നാൺ ഞാൻ ഉദ്ധേശിച്ചത്. അമേരിക്കക്കാറ് മൊത്തത്തിൽ മണ്ടന്മാരാണെന്ന് ഞാൻ പറയുമൊ? അമേരിക്ക ബുദ്ധിജീവി/കലാകാരന്മാരെ ഇമ്പോറ്ട്ട് ചെയ്തിട്ടുണ്ട്, ധാരാളമായി സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാലും ആ മേഖലകളിലെ ബെഞ്ച്മാറ്ക്ക് രെഫറൻസുകൾക്കൊക്കെ നല്ലത് ഫ്രാൻസും ഇംഗ്ലണ്ടും ഇറ്റലിയുമൊക്കെത്തന്നെയാൺ (എന്ന് ഞാൻ വിശ്വസിയ്ക്കുകയും നിറ്ദ്ദേശിയ്ക്കുകയും ചെയ്യുന്നു!)

പാര രണ്ടിൽ ഞാൻ പറയുന്നത് ലോകത്ത് ബുദ്ധിജീവികളും അല്ലാത്തവരും തമ്മിലുള്ള (ഡിസ്)പ്രൊപോറ്ഷൻ വെച്ച് നോക്കുമ്പോൾ ബുദ്ധിജീവി മേഖലകളിൽ മനുഷ്യൻ ഉണ്ടാക്കിയ നേട്ടങ്ങൾ എന്നെ അദ്ഭുതപ്പെടുത്തുന്നു എന്നാൺ. തലയെണ്ണങ്ങൾക്കും ഭൂരിപക്ഷാഭിരുചികൾക്കും അതീതമായ എന്നാൽ സാമൂഹ്യമായ ഒന്ന് അത്തരം പ്രവറ്ത്തനങ്ങളെ സംരക്ഷിയ്ക്കുന്നതായി നിലനിന്നിരിയ്ക്കണം എന്ന് ഞാൻ സംശയിക്കുകയാൺ.അത് അമേരിക്കയെക്കുറിച്ച് പ്രത്യേകമല്ല, പൊതുവിൽ.ഹൂ ഫണ്ടട് ഓൾ ദീസ് നോൺസെൻസ് ബൈ ദി വേ എന്നാൺ ഞാൻ അകാംക്ഷപ്പെടുന്നത്.എല്ലാത്തരം റിസറ്ച്ചുകൾക്കും ഒരു ബിസിനസ്സ് മോഡലുണ്ടായിരുന്നെന്നോ?

Calvin H said...

മധുസൂദനൻ പേരടി,
ക്ലാരിഫിക്കേഷന് നന്ദി.. യോജിക്കുന്നു

Anonymous said...
This comment has been removed by the author.
Anonymous said...

mljagadeesനു,
ഇന്ത്യപോലുള്ള രാജ്യങ്ങളിൽ സിനിമയടക്കം എല്ലാ വ്യവസായങ്ങളും പ്രവറ്ത്തിയ്ക്കുന്നത് തത്വത്തിൽ അംഗീകരിച്ചാലും ഇല്ലെങ്കിലും ക്യാപിറ്റലിസ്റ്റ് സമ്പ്രദായത്തിലാൺ. അപ്പോൾ ഏതെങ്കിലും ഒരു ഇൻഡസ്ട്രി മാത്രം സോഷ്യലിസ്റ്റ് ചട്ടങ്ങൾക്കനുസരിച്ച് പ്രവറ്ത്തിയ്ക്കണമെന്ന് പറയുന്നത് ഒരേ സമയം അപ്രായോഗികവും അന്യായവുമാൺ. നിങ്ങൾപറയുന്ന കാര്യങ്ങൾ മദ്യവ്യവസായത്തിൻ ബാധകമല്ലേ? ഐടിയ്ക്കും റീറ്റെയ്ലിനും ബാധകമല്ലേ? എന്തുകൊണ്ട് സിനിമമാത്രം എന്നു ചോദിച്ചുകൂടേ?

ഈ സെലെക്റ്റീവ് സോഷ്യലിസം വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാൺ. ക്യാപിറ്റലിസ്റ്റ് താൻപോരിമ ശൈലിയിൽ ഞാനാൺ മിടുക്കനെങ്കിൽ കുഴപ്പമില്ല, മറ്റവനാൺ മിടുക്കനെങ്കിൽ സോഷ്യലിസം പ്രൊയോഗിച്ച് എന്നെയും അവനെയും സമമാക്കിക്കളയണം എന്നതാൺ ഘടകക്രിയ ചെയ്യുമ്പോൾ അതിന്റെ തെരുവുയുക്തി. തോൽക്കുമ്പോൾ(മാത്രം) ബോറ്ഡ് തട്ടിമറിയ്ക്കുന്ന ജഗതിചെസ്സിനെ ഒരു മൂവ് എന്നോ ശൈലി എന്നോ വിളിയ്ക്കാനാവില്ലല്ലോ:)

Anonymous said...

Madhusudanan Perati ന്,
ഇതില്‍ സോഷ്യലിസത്തിന്റെ കാര്യമൊന്നുമില്ല.
IT, സിനിമ, സംഗീതം തുടങ്ങിയവയും മറ്റ് വ്യവസായങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ട്. IT, സിനിമ, സംഗീതം തുടങ്ങിയവയില്‍ ഒരിക്കല്‍ ഉത്പാദനം പൂര്‍ത്തിയായാല്‍ പിന്നീട് അതിന്റെ കോപ്പി എടുക്കുന്നതിന് ചിലവ് വളരെ ചെറുതാണ്. പിന്നെ എന്തിനത് വലിയ വിലക്ക് വില്‍ക്കുന്നു? 1984 ല്‍ തന്നെ IT ഈ പ്രശ്നം മനസിലാക്കി അതില്‍ നിന്ന് സ്വതന്ത്രമായി.
സംഗീതത്തിലും സിനിമയിലും മാറ്റത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
http://mljagadees.wordpress.com/2009/03/01/freeing-entertainment-jamendo-and-magnatune/

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.gnu.org/philosophy/philosophy.html

Roby said...

മധുസൂദനന്റെ അഭിപ്രായത്തോടു തത്വത്തിൽ യോജിക്കുന്നു. അമേരിക്ക പുരോഗമിച്ചത് ഒരു സമൂഹം എന്ന തലത്തിൽ, ജീവിതനിലവാരത്തിലാണെന്നു തോന്നുന്നു. എന്നാൽ വ്യക്തിതലത്തിൽ,ബൗദ്ധികജീവിതനിലവാരത്തിൽ ഈ പുരോഗതി കാണാനുമില്ല. സാഹിത്യം, ചിത്രകല, തത്വശാസ്ത്രം എന്നീ മേഖലകളിലെല്ലാം leading fifures അമേരിക്കക്കാർ ആയിരുന്നില്ലല്ലോ ഒരിക്കലും. അമേരിക്കൻ leading figures ഉള്ളത് ബിസിനസ്, സയൻസ്, പൾപ് ഫിക്ഷൻ, കൊമേഴ്സ്യൽ സിനിമ എന്നിവിടങ്ങളിലൊക്കെയാണെന്നു തോന്നുന്നു.
യൂറോപ്പിലും ബഹുമാനിക്കപ്പെടുന്ന അമേരിക്കൻ സിനിമ വ്യക്തിത്വങ്ങളുമുണ്ട്.

സുഖസൌകര്യവും, ലൈംഗികതയുമൊക്കെ അമേരിക്കൻ സമൂഹത്തിൽ മതപരതയെ തടയുന്നുണ്ട്, ശരി തന്നെ. ചെറുപ്പക്കാരായ ഒരുപാടു പേരോടു സംസാരിക്കാനിടയായതിൽ വലിയൊരു ശതമാനം ദൈവവിശ്വാസമില്ലാത്തവർ തന്നെ. പക്ഷെ, ഞാൻ ഇടപഴകുന്നവർ അധികവും അകാദമിക് പശ്ചാത്തലമുള്ളവരായതുകൊണ്ട് ഒരു ജനറലൈസേഷനു മുതിരുന്നില്ല.

ജഗദീശ്,
സിനിമയെക്കുറിച്ചുള്ള അഭിപ്രായത്തിൽ നമ്മൾ യോജിക്കില്ലെന്നു തോന്നുന്നു. സിനിമ ഏതെങ്കിലും സമൂഹത്തെ പുറകോട്ടു നയിച്ചിട്ടുണ്ടെന്നു കരുതുന്നില്ല. അതേ സമയം ഏകാധിപത്യ ഭരണകൂടങ്ങളെ മറിച്ചിടാനും മാത്രം കരുത്തുള്ള സിനിമകളും ഉണ്ടായിട്ടുണ്ട്.

സിനിമ ഒരു വിനോദം മാത്രമാണെന്നതും അംഗീകരിക്കുന്നില്ല. എല്ലാ സിനിമയും വിനോദമല്ല. വിനോദമായി മാത്രം സിനിമയെ മനസ്സിലാക്കുന്നത് മുൻ‌വിധികൾ കൊണ്ടോ പരിമിതമായ അറിവുകൊണ്ടോ ആകാം.

സിനിമ വിനോദമാണെങ്കിൽ അതിനു കാശുകൊടുക്കുന്നതിൽ തെറ്റെന്ത്? ഭക്ഷണത്തിനും വസ്ത്രത്തിനും അറിവിനും കാശുകൊടുക്കാമെങ്കിൽ വിനോദത്തിനു കാശു മുടക്കരുതോ? വിനോദം മാത്രം വെറുതെ കിട്ടണോ?

സിനിമ വളരെയധികം മുതൽമുടക്കുള്ള പ്രോഡക്ട് ആണ്‌. അപ്പോൾ അതിനു കാശുമുടക്കരുത് എന്നു പറയുന്നതിൽ ന്യായമെന്ത്?

കാൽ‌വിൻ, രാജീവ് അഭിപ്രായങ്ങൾക്കു നന്ദി

Anonymous said...

നന്ദി റോബി.
മത സംഘടനകളല്ലാതെ സിനിമയെ ആരേയും ഇതുവരെ കണ്ടിട്ടില്ല. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നല്ലതാണ്. അത് നമ്മേ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കും. ഈ ചര്‍ച്ചയും നല്ലതാണ്. രണ്ടറ്റത്തുള്ള ആശയങ്ങളില്‍ വിശ്വസിക്കുന്ന രണ്ടുപേര്‍ക്ക് പരസ്പരം തെറിവിളിക്കാതെ സംവാദത്തിലേര്‍പ്പെടാമെന്ന് തെളിയിക്കുകയുമാകാം.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഈ കാലത്ത് പഴയ പകര്‍പ്പകവാശനിയങ്ങളെക്കാള്‍ തീവ്രമായ നിയമങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യ ദ്രോഹമാണ് റിക്കോര്‍ഡ് കമ്പനികളും മൂവീ കമ്പനികളും നടത്തുന്നത്. അത് മാറണം.
വളരെക്കാലം മുമ്പ് തന്നെ നമ്മുടെ നാട്ടില്‍ അത്തരം പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ അങ്ങനെ നടത്തിയ പരീക്ഷണമാണ്. കേരളത്തിലെ പൊതുജനങ്ങളാണ് അതിന് വേണ്ട പണം സംഭാവനയായി നല്‍കിയാണ് അത് നിര്‍മ്മിച്ചത്. നിര്‍മ്മാണത്തേക്കാളുപരി അതിന്റെ വിതരണവും പ്രാധാന്യമര്‍ഹിക്കുന്നു. copyleft ആശയമൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ കാലത്ത് പോലും അതിന്റെ പ്രദര്‍ശനം സൌജന്യമായാണ് നടത്തിയത്. താല്‍പ്പര്യമുള്ളയാളുകള്‍ അപ്പോഴും ഒഡേസാ മൂവീസിന് സംഭാവനകള്‍ നല്‍യിരുന്നു.

ഏകാധിപത്യ ഭരണകൂടങ്ങളെ മറിച്ചിട്ട സിനിമകള്‍ ഏതൊക്കെയാണ്? പഠനാവശ്യത്തിനാണ്.

Anonymous said...
This comment has been removed by the author.
Anonymous said...

ജഗ്ദീഷ്,
യാഥാസ്ഥിതിക റെവന്യൂമോഡൽ യുക്തികളെ നിരാകരിയ്ക്കുന്ന പ്രസിദ്ധീകരണസമ്പ്രദായങ്ങൾ അവ അറ്ഹിയ്ക്കുന്ന ആരോഗ്യസ്ഥിതികളിൽ പല കലകളിലും നിലനിൽക്കാറുണ്ട്. ഇന്ററ്നെറ്റിൽ പ്രദറ്ശിപ്പിയ്ക്കപ്പെടുന്ന ഷോറ്ട്ഫിലിമുകൾ തൊട്ട് ആറ്ക്കും ചിത്രം കൊണ്ടുവന്നുതൂക്കാവുന്ന ആറ്ട്കഫേകൾ വരെ ഇത്തരം ആൾടറ്നേറ്റ് എന്നോ അണ്ടറ്ഗ്രൌണ്ട് എന്നോ ഒക്കെ വിശേഷിപ്പിയ്ക്കാനാവുന്ന ബിസിനസ്സ് മോഡലുകൾക്ക് ഉദാഹരണമാൺ. എന്നാൽ അത്തരം സമ്പ്രദായങ്ങളിൽ അന്തറ്ലീനമായിട്ടുള്ള ഒരു അ/അറ്ദ്ധപ്രായോഗികത കാരണമാകണം, അവ ഒരു മുഖ്യധാരാസമ്പ്രദായമായി ഉയറ്ന്നുവരിക ഏറെക്കുറെ അസാദ്ധ്യമാൺ. മറിച്ച് കൊമേഴ്സ്യൽ സിനിമയ്ക്കുള്ളതരം വില്പനാരീതികൾ റ്റൈം റ്റെസ്റ്റഡും അങ്ങേയറ്റം പ്രായോഗികവുമാകയാൽ അവ മുഖ്യധാരാസമ്പ്രദായങ്ങളായിത്തന്നെ ഇനിയും നിലനിൽക്കും.

റോബി, ലോകത്തിലെ ഏറ്റവും മികച്ച രാജ്യം എന്നപ്രതീക്ഷകളോടെ അമേരിക്കയിൽ പോയിട്ടുള്ള പലരും ലോകത്തിലെ ഏറ്റവും മികച്ച സമൂഹത്തെ കണ്ടുമുട്ടാനാവാത്തതിന്റെ നിരാശ തിരിച്ചെത്തുമ്പോൾ പങ്കുവെയ്ക്കുന്ന രസകരമായ അനുഭവം സോഫ്റ്റ്വെയറ് മേഖലയിൽ പ്രവറ്ത്തിച്ചിട്ടുള്ള എനിയ്ക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ശരാശരി അമേരിക്കക്കാരനു ഒരു സ്പിരിച്വൽ വശമേ ഇല്ല എന്നതും അത്തരം ഇന്നറ് കൊൺഫ്ലിക്റ്റുകളില്ലാത്തതാൺ അവന്റെ പ്രായോഗികവിജയത്തിന്റെ രഹസ്യമെന്നതും ഒരു പതിവ് ഇന്ത്യൻ കാഴ്ചപ്പാടാൺ. അമേരിക്കക്കാരെ പെയ്ൻഫുളി പ്രാക്റ്റികൽ എന്ന് പാശ്ചാത്യരായ യൂറോപ്യന്മാറ് തന്നെ വിശേഷിപ്പിയ്ക്കുന്നത് ഇന്ററ്നെറ്റിൽ കണ്ടിട്ടുണ്ട്.

ഹോളിവുഡിൽ എല്ലാമുണ്ട് എന്നതാൺ എനിയ്ക്കുതോന്നുന്നത്. എന്നാലും ശുദ്ധമായ കലാസിനിമയിൽ യൂറോപ്യനോ ജാപ്പനീസോ ഇറാനിയനോ പോലുള്ള സിനിമകളോടൊപ്പം വെയ്ക്കാവുന്ന അമേരികൻ സിനിമകൾ എണ്ണത്തിൽ ഇപ്പോഴും കുറവുതന്നെയാൺ എന്നാൺ എന്റെ നിഗമനം.

The Prophet Of Frivolity said...

മുമ്പെങ്ങോ വായിച്ചതാണ്, അത് അവശേഷിപ്പിച്ച ഒരു വല്ലായ്മ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഒരടിക്കുറിപ്പുപോലെ ഇവിടെ ഇരിക്കട്ടെ ഇത്...

Roby said...

Prophet, thanks for that link.

ജഗദീശ്,
കോസ്റ്റ ഗാവ്‌രയുടെ ,Z എന്നൊരു ഫിലിമുണ്ട്. It's the story of the assassination of Grigoris Lambrakis, that eventually led to the military junta. Since Z was released while the junta was still in power, it was banned in Greece for several years. This film had a profound role in bringing the military junta issue to international consideration and leading to their collapse in 74.
.
Madhusudanan,
എന്നാലും ശുദ്ധമായ കലാസിനിമയിൽ യൂറോപ്യനോ ജാപ്പനീസോ ഇറാനിയനോ പോലുള്ള സിനിമകളോടൊപ്പം വെയ്ക്കാവുന്ന അമേരികൻ സിനിമകൾ എണ്ണത്തിൽ ഇപ്പോഴും കുറവുതന്നെയാൺ എന്നാൺ എന്റെ നിഗമനം.

തീർച്ചയായും. ആ ഗണത്തിൽ പെടുത്താവുന്നർ വളരെ കുറവാണ്‌ അമേരിക്കയിൽ

ബാലചന്ദ്രൻ ചുള്ളിക്കാട് said...
This comment has been removed by the author.
ബാലചന്ദ്രൻ ചുള്ളിക്കാട് said...

Economic and political systems of america decide the social and cultural mainstream.American society supports ideologies which are helpful to maintain their economic and political systems.Relation between Power and common ideaology is complicated and multidimentional.

Suraj said...

Hmm...Looks like Creation is finally coming to the US in December. Newmarket Films has acquired the rights to US distribution, says this link at The Hollywood Reporter.

After all, the "dollar chaser" knows to rake in the moolah by releasing a film based on atheistic themes exactly during Christmas season ;))

By the way, is it just a strange coincidence that this same company was the co-distributor of the infamous Passion of the Christ ??

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.