Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Wednesday, September 23, 2009

സൃഷ്ടിയും പരിണാമവും അമേരിക്കയിൽ‌...

Origin of species എന്ന വിഖ്യാതശാസ്ത്രഗ്രന്ഥത്തിന്റെ 150-ആം വർഷത്തിൽ ഡാർ‌വിനും അദ്ദേഹം ആവിഷ്കരിച്ച പരിണാമസിദ്ധാന്തവും അകാദമിക് ലോകത്തെങ്ങും ആഘോഷിക്കപ്പെടുന്നു. ഇതുപോലെ ഒരു വ്യക്തിയോ ഒരു കൃതിയോ ആശയമോ ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് ശാസ്ത്രലോകത്ത് അത്യപൂർ‌വ്വം. ഈ ആഘോഷത്തിന്റെ അലകൾ സാസ്കാരികലോകത്തും ദൃശ്യമാണ്‌. പലനഗരങ്ങളിലും പരിണാമത്തെ സംബന്ധിച്ച ശാസ്ത്ര-എക്സിബിഷനുകളും പ്രത്യേക പരിപാടികളും നടക്കുന്നു. ബിബിസി, BBC Darwin Season എന്ന പേരിൽ റേഡിയോ-ടെലിവിഷൻ പരിപാടികളുടെ ഒരു സീരീസ് തന്നെ പ്രക്ഷേപണം ചെയ്യുന്നു. പലരാജ്യങ്ങളും ഡാർ‌വിന്റെ ബഹുമാനാർത്ഥം സ്റ്റാമ്പുകളും നാണയങ്ങളും പുറത്തിറക്കുന്നു.

ഡാർ‌വിന്റെ ജന്മനാടായ ബ്രിട്ടൻ, ഈ വർഷം പുറത്തിറക്കിയ നാണയം.

ഇന്നുവരെ, ഇന്ത്യയടക്കം 120-ഓളം രാജ്യങ്ങൾ ഡാർ‌വിന്റെ ബഹുമാനാർത്ഥം സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യ പുറത്തിറക്കിയ ഡാർ‌വിൻ സ്റ്റാമ്പ്


എന്നാൽ ഈ 120 രാജ്യങ്ങളിൽ അമേരിക്കയില്ല. പകരം അമേരിക്ക മറ്റു ചില മഹാന്മാരുടെ സ്റ്റാമ്പുകൾ ഈ ഡാർ‌വിൻ വർഷത്തിൽ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ചിലത് ഇവിടെ കാണാം

മനുഷ്യചരിത്രത്തെത്തന്നെ ഇത്രയും സ്വാധീനിച്ച വ്യക്തികൾ അപൂർ‌വ്വമാണെന്നിരിക്കിലും ഡാർ‌വിനെ കുറിച്ചുള്ള സിനിമകൾ അധികമൊന്നും ഉണ്ടായിട്ടില്ല; 1972-ൽ പുറത്തിറങ്ങിയ The Darwin Adventure ആയിരിക്കും ഒരു പക്ഷേ ഇതുവരെ വന്നിട്ടുള്ള ഒരേയൊരു ചലചിത്രം. അതുകൊണ്ടു തന്നെ ഡാർ‌വിനെ അഭ്രപാളികളിലെത്തിക്കാനുള്ള ഉചിതമായ അവസരങ്ങളിലൊന്നാവും ഈ ഡാർ‌വിൻ വർഷം. അതു സംഭവിക്കുന്നുണ്ട്; Creation എന്ന പേരിൽ, Jon Amiel-ന്റെ സം‌വിധാനത്തിൽ ഡാർ‌വിൻ മുഖ്യകഥാപാത്രമാകുന്ന സിനിമ ഒരുങ്ങിക്കഴിഞ്ഞു. ടൊറൊന്റൊ ഫിലിം ഫെസ്റ്റിവലിൽ ഉത്ഘാടനചിത്രവും ഈ സിനിമയായിരുന്നു. എഴുതുന്ന കാലത്ത്, താൻ വിശ്വസിച്ച മതത്തിന്റെയും, വിശ്വാസിയായ ഭാര്യ, കുഞ്ഞിന്റെ മരണം തൂടങ്ങിയ വൈയക്തിക അനുഭവങ്ങളുടെയും, തന്റെ പഠനങ്ങൾ മുന്നോട്ടു വെച്ച പുതിയ അറിവുകളുടെയും പശ്ചാത്തലത്തിൽ ഡാർ‌വിൻ അനുഭവിച്ച ആന്തരിക സം‌ഘർഷങ്ങളാണു സിനിമയുടെ വിഷയം. എന്നാൽ അതല്ല ഈ കുറിപ്പിനു കാരണം, പലരും പ്രതീക്ഷിച്ചിരുന്നതു പോലെ ലോകത്തിന്റെ നാനാഭാഗങ്ങളിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെടുന്നുവെങ്കിലും സിനിമാവ്യവസായത്തിന്റെ കേന്ദ്രമായ അമേരിക്കയിൽ ഒരു വിതരണക്കാരനും ഈ ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറായിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്നതും നാണം കെടുത്തുന്നതുമായ വസ്തുതയാണ്‌.

ഒരു സിനിമ അമേരിക്കയിൽ റിലീസു ചെയ്യുന്നില്ല എന്നത് അതിൽ തന്നെ ഞെട്ടിപ്പിക്കുന്നൊരു വാർത്തയല്ല. എന്നാൽ, അഭിപ്രായസ്വാതന്ത്ര്യത്തെ വലിയ തോതിൽ മാനിക്കുന്ന, ജനാധിപത്യം നിലനിൽക്കുന്ന, വിപ്ലവകരങ്ങളായ ശാസ്ത്രമുന്നേറ്റങ്ങൾക്കു വേദിയായ ഒരു രാജ്യത്ത്, മതസംഘടനകളുടെയും വിശ്വാസികളുടെയും എതിർപ്പിനെ ഭയന്ന്, ഡാർ‌വിനെപോലെയൊരു വ്യക്തിയെക്കുറിച്ചുള്ള സിനിമയെ ഊരു വിലക്കുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുത തന്നെ. ക്ലോണിംഗും സ്റ്റെം സെൽ ഗവേഷണങ്ങളും hadron collider പരീക്ഷണവും ജീനോം സീക്വൻസിംഗും (30,000 വർഷം മുൻപ് വംശനാശം വന്ന നിയാണ്ടർത്താൽ മനുഷ്യന്റെ ജീനോം സീക്വൻസിംഗിന്റെ ആദ്യത്തെ ഡ്രാഫ്റ്റ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയായി. 30 മില്ല്യൺ ഡോളറിന്റെ ചെലവിൽ ഇന്ന് ഒരു നിയാണ്ടർത്താൽ മനുഷ്യനെ സൃഷ്ടിക്കാനാകും) ഒക്കെയായി ശാസ്ത്രം മുന്നേറുമ്പോഴും സാങ്കേതികവിദ്യ നമ്മുടെയൊക്കെ ജീവിതങ്ങളെ അടിമുടി മാറ്റിമറിക്കുമ്പോഴും സമൂഹം, മതങ്ങൾ നൽകുന്ന അറിവില്ലായ്മയുടെ പുതപ്പിന്റെ ഇരുട്ടിലേക്ക് കൂടുതൽ ചുരുണ്ടുകൂടുന്നു.

FASEB ജേർണലിന്റെ 2005 ഒക്ടോബർ ലക്കത്തിന്റെ എഡിറ്റോറിയൽ കുറിപ്പിന്റെ പേരു The facts of evolution: fighting the Endarkenment എന്നായിരുന്നു. പഴയ Enlightenment എന്ന അനുഭവത്തിനു പകരം ഇന്നത്തെ സമൂഹത്തിൽ പ്രകടമായ ട്രെൻഡുകളെ സൂചിപ്പിക്കാനാണു വീസ്മാൻ ഈ വാക്ക് ഉപയോഗിച്ചത്. ഈ നൂറ്റാണ്ടിൽ ഡാർ‌വിനു നേരിടേണ്ടി വരുന്ന എതിർപ്പുകളുടെ ശക്തി വർദ്ധിക്കുന്നു എന്നത് സമൂഹത്തിന്റെ മുൻ‌ഗണനകളെക്കുറിച്ചുള്ള വ്യക്തമായ സൂചനയല്ലേ? ഗാലപ് പോളുകൾ പറയുന്നത് 39% ചെറുപ്പക്കാർ ഇന്നും അമേരിക്കയിലെ സൃഷ്ടിവാദത്തിൽ വിശ്വസിക്കുന്നുവെന്നും 54% മുതിർന്നവർ പരിണാമസിദ്ധാന്തത്തിൽ സംശയം പ്രകടിപ്പിക്കുന്നുവെന്നുമാണ്‌. (പള്ളികളിൽ 16നും 60നും ഇടയിൽ പ്രായമുള്ളവർ അപൂർ‌വ്വമായ ഒരു രാജ്യത്ത് സ്ഥിതി ഇതാണെങ്കിൽ മതങ്ങൾക്ക് ആഴത്തിൽ വേരുകളുള്ള ഇന്ത്യയിലെ സ്ഥിതി എന്തായിരിക്കും?)

ഡാർ‌വിനും പരിണാമസിദ്ധാന്തത്തിനും അമേരിക്കയിൽ നേരിടേണ്ടി വന്നിട്ടുള്ള എതിർപ്പുകളുടെ ചരിത്രമറിയാവുന്നവർക്ക് ഇത് തികച്ചും അപ്രതീക്ഷിതമായതല്ലെന്നതാണു വാസ്തവം. 1925-ൽ ടെന്നസിയിൽ നടന്ന കുപ്രസിദ്ധമായ മങ്കി ട്രയൽ ഓർമ്മയില്ലേ? പരിണാമസിദ്ധാന്തം ക്ലാസ്സിൽ പഠിപ്പിച്ചതിനായിരുന്നു ആ അധ്യാപകനെ വിചാരണ ചെയ്തത്. 'ചരിത്രം ദുരന്തമായും പിന്നീടു പ്രഹസനമായും ആവർത്തിക്കുന്നു' എന്ന വാചകം മാർക്സിന്റേതായതിനാൽ മാത്രം തള്ളിക്കളയുന്നവർ 2005-ൽ പെനിസിൽ‌വാനിയയിൽ നടന്ന വിചാരണ മറക്കുമോ?

1925-ലെ മങ്കി ട്രയൽ പിന്നിടു സിനിമയായി, Inherit the wind(1960) എന്ന പേരിൽ. സ്പെൻസർ ട്രേയ്സിയൊക്കെ തകർത്തഭിനയിച്ച ആ ചിത്രം വ്യക്തമായ രാഷ്ട്രീയചായ്‌വ് പ്രകടിപ്പിച്ചുവെങ്കിലും അവസാന രംഗത്തിൽ Origin of Species-നൊപ്പം ബൈബിളും കൈ‌യിലെടുക്കുന്ന ട്രേയ്സിയെ‌യാണു കാണിച്ചു തരുന്നത്. Inherit the wind-ന്റെ കാലമൊക്കെ കഴിഞ്ഞു, മതത്തിനും സൃഷ്ടിവാദത്തിനുമെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു സിനിമ ഇന്ന് അമേരിക്കയിൽ സ്വീകരിക്കപ്പെടുകയില്ലെന്നാണ്‌ പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ നിർ‌മ്മാല്യം എന്ന സിനിമയുടെ ഗതിയെ ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ടോ? സമൂഹങ്ങളെല്ലാം പുറകോട്ടു തന്നെയാണോ വളരുന്നത്.

Thursday, July 30, 2009

എന്നെ പിടിച്ചുലച്ച ചില മരണങ്ങളെക്കുറിച്ച്...

'അപ്രതീക്ഷിതമായ മരണം' എന്നു പറയുന്നതില്‍ ഒരശ്ലീലമില്ലേ? വേറെ ആരുടെയൊക്കെയോ മരണം നമ്മള്‍ പ്രതീക്ഷിക്കുന്നു എന്ന വെളിപ്പെടുത്തലിന്റെ അശ്ലീലം?

അടുത്ത ബന്ധുക്കളുടെയോ പരിചയക്കാരുടെയോ മരണങ്ങളില്‍ ഇതുവരെ എനിക്കൊരുതരത്തിലും ദുഖം തോന്നിയിട്ടില്ല. യഥാര്‍ത്ഥമരണങ്ങളില്‍ (യഥാര്‍ത്ഥമല്ലാത്ത മരണങ്ങളുമുണ്ട്) എന്നെ ദുഖിപ്പിച്ചത് സംഗീതസംവിധായകന്‍ രവീന്ദ്രനും യാസര്‍ അറഫാത്തുമാണ്‌. തീര്‍ച്ചയായും ചെഗുവേരയുടെയോ വര്‍ഗീസിന്റെയോ മരണം എന്നെ കരയിപ്പിച്ചേനെ; പക്ഷേ, ഞാന്‍ ജനിച്ചത് അവര്‍ക്കും ശേഷമായതിനാല്‍, അവരുടെ മരണം എന്നെ സംബന്ധിച്ചിടത്തോളം(ഹോളിവുഡിന്റെ ഭാഷയില്‍-Based on a true story) 'കഥ'യായി പോകുന്നു...കഥ വായിക്കുമ്പോള്‍/സിനിമ കാണുമ്പോള്‍ കരയുന്നത് കുട്ടികളല്ലേ? ആണോ?

എന്തായാലും, നേരിട്ടോ അല്ലാതെയോ എനിക്കു പരിചയമുള്ള ആരുടെയും മരണത്തെക്കാള്‍ എന്നെ കരയിച്ചതും പിടിച്ചുലച്ചതും മറ്റു തരത്തില്‍ മാത്രം ജീവിച്ച ചിലരുടെ-ചില കഥാപാത്രങ്ങളുടെ- മരണങ്ങളായിരുന്നു.

ഈച്ചകളുടെ തമ്പുരാനില്‍ 'പിഗ്ഗി'യുടെ മരണം വിവരിച്ചിരിക്കുന്നത് നിങ്ങള്‍ക്കോര്‍മ്മയുണ്ടോ? പിഗ്ഗിയെപ്പോലെ കട്ടിക്കണ്ണട വെച്ച, സാധുവായ ഒരു സുഹ്രുത്ത് എനിക്കുണ്ടായിരുന്നതിനാലാണോ എന്തോ, പിഗ്ഗിയുടെ മരണവും പാറക്കല്ലില്‍ വീണ്‌ അവന്റെ കട്ടിക്കണ്ണട ചിതറുന്നതും അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു.

മഴ കോരിച്ചൊരിയുന്ന ഏതോ ഒരു കര്‍ക്കിടക രാത്രിയിലാണ്‌, പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗയുടെ മരണം ഞാന്‍ വായിക്കുന്നത്. തുടര്‍ന്ന് വായിക്കാനായില്ല. കാറ്റടിച്ച് വിളക്കണഞ്ഞു പോയിട്ടും ഇരുട്ടത്ത്, ദുര്‍ഗയെ ഓര്‍ത്ത് ഞാനിരുന്നു കരഞ്ഞത് ഓര്‍മ്മയുണ്ട്.

കേണല്‍ അറിലിയാനോ ബുവേന്‍ഡിയയുടെ മരണം വായിച്ച് ഞാന്‍ കരഞ്ഞിട്ട് വര്‍ഷങ്ങള്‍ അധികമായില്ല. കേണലിനെ കൊന്നുകളഞ്ഞ ദിവസം മാര്‍ക്വേസ് വാതിലടച്ച്, ഏങ്ങലടിച്ചു കരയുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ ചില ഓര്‍മ്മക്കുറിപ്പുകളില്‍ പിന്നീടെന്നോ വായിച്ചു.

എന്നെ ഞെട്ടിച്ച മറ്റൊരു കാഴ്ചാനുഭവമായിരുന്നു അപരാജിതോ എന്ന സിനിമയിലെ അപ്പുവിന്റെ അച്ഛന്റെ മരണം. സിനിമാ പാരഡീസോയിലെ മുഖ്യകഥാപാത്രമായ ആ തിയറ്റര്‍, തകര്‍ക്കുന്ന രംഗം കണ്ടപ്പോഴെല്ലാം ഞാന്‍ കരഞ്ഞിട്ടുണ്ട്. കേണലോ ദുര്‍ഗയോ പിഗ്ഗിയോ ഒക്കെ 'ശരിക്കും ജീവനുള്ള' മനുഷ്യരാണോ എന്നത് കരയുമ്പോള്‍ നമുക്ക് വിഷയമല്ല എന്നതാണു സത്യം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇവര്‍ എന്നെ സംബന്ധിച്ചിടത്തോളം, ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത രവീന്ദ്രനെയോ അറഫാത്തിനെയോ പോലെയാണ്‌. കഥയില്‍ നിന്നും നമ്മുടെ മനസ്സിലേക്കിറങ്ങാനുള്ള കഴിവ് ചില മരണങ്ങള്‍ക്ക് തീര്‍ച്ചയായും ഉണ്ട്.

മരണത്തെക്കുറിച്ചും കഥയെക്കുറിച്ചുമൊക്കെ ഇത്ര ചിന്തിക്കാന്‍ കാരണം, മരണത്തെ(യും)ക്കുറിച്ചുള്ള ഒരു പാഠപുസ്തകം-ദേവദാസിന്റെ ഡില്‍ഡോ എന്ന നോവല്‍- വായിച്ചതാണ്‌.

സ്ഥാനത്തും അസ്ഥാനത്തുമെല്ലാം സിനിമയെക്കുറിച്ചു പറയുന്നത് ഒരു (ദു)ശീലമായതുകൊണ്ടല്ല, ഡില്‍ഡോയെക്കുറിച്ചു പറയുമ്പോളും ഞാന്‍ സിനിമയിലേക്കെത്തുന്നത്; മറിച്ച്, ഈ നോവല്‍ അത്രമാത്രം സിനിമാറ്റിക് ആണെന്ന് എന്റെ വായനയില്‍ തോന്നിയതുകൊണ്ടാണ്‌. 'ഡില്‍ഡോ'യുടെ ആഖ്യാനഘടന എന്നെ ഓര്‍മ്മിപ്പിക്കുന്നത്, സങ്കീര്‍ണ്ണമെന്നു വിളിക്കാവുന്ന ആഖ്യാനരീതി പിന്തുടരുന്ന Guillermo Arriaga-യുടെ തിരക്കഥകളെയും ഈ തിരക്കഥകളുപയോഗിച്ച് ഈ പതിറ്റാണ്ടിലെ ശ്രദ്ധേയങ്ങളായ ചില സിനിമകളൊരുക്കിയ Alejandro González Iñárritu-വിന്റെ സിനിമകളെയുമാണ്‌.

രേഖീയമായ ക്ലാസ്സിക് ആഖ്യാനശൈലിയോടുള്ള കലഹങ്ങള്‍, സിനിമയില്‍ ആദ്യം കണ്ടത് കുറോസവയില്‍ ആയിരിക്കണം (റാഷോമോണ്‍). ഒരു ശൈലിയെയും അഘോഷിക്കാന്‍ ശ്രമിക്കാതിരുന്ന അദ്ദേഹം ഈ പുതിയ സങ്കേതത്തില്‍ തങ്ങി നിന്നില്ല. ഈ സങ്കേതത്തെ ഒരു പ്രസ്ഥാനമാക്കാന്‍ ശ്രമിച്ചത് ഗൊദാര്‍ദ് ആയിരുന്നു. എന്നാല്‍, നാടകീയതയെ അവഗണിച്ച ഗൊദാര്‍ദിന്‌ എല്ലാ തലങ്ങളിലുമുള്ള പ്രേക്ഷകരെ സ്വാധീനിക്കാനായില്ല. പോപ്പുലര്‍ സിനിമയില്‍ ഈ സങ്കേതത്തിന്റെ പുനര്‍ജന്മം പിന്നീടു നാം കാണുന്നത്, രേഖീയമായ ആഖ്യാനശൈലി പിന്തുടരുമ്പോഴും, ഡ്രാമാറ്റിക് സാധ്യതകള്‍ക്കായി ആഖ്യാനത്തെ reshuffle ചെയ്യുന്ന, ഗൊദാര്‍ദ്ദീയന്‍ ശൈലിയുടെ ഇളമുറക്കാരനായ, ടരന്റീനോയുടെ പള്‍പ് ഫിക്ഷനിലാണ്‌. 'ഡില്‍ഡോ' പേരുകൊണ്ടു തന്നെ പള്‍പ് ഫിക്ഷനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ വസ്തുതാവിവരണത്തില്‍ കഥാകാരന്‍ പുലര്‍ത്തുന്ന, clinical എന്നു വിശേഷിപ്പിക്കാവുന്ന നിസംഗത ഗൊദാര്‍ദിനെ ഓര്‍മ്മിപ്പിക്കുന്നു. സാധാരണ ആഖ്യാനങ്ങള്‍, മരണങ്ങളെ അവയുടെ നാടകീയമായ ഗരിമ കൊണ്ട് ക്ലൈമാക്സിലേക്കായി മാറ്റിവെയ്ക്കുമ്പോള്‍, ഡില്‍ഡോ തുടങ്ങുന്നത് മരിച്ചവരുടെ ലിസ്റ്റ് നമുക്ക് തന്നുകൊണ്ടാണ്‌. മരിച്ചവരാണു പിന്നീടു കഥകള്‍ പറയുന്നത് (അതെ റാഷോമോണ്‍ പിന്നെയും ഓര്‍മ്മ വരുന്നു). ഇനാരിട്ടുവിന്റെ സിനിമകളിലേതു പോലെ കഥാപാത്രങ്ങളും സംഭവങ്ങളുമായുള്ള, അപ്രതീക്ഷിതമെന്നോ അവിചാരിതമെന്നോ വിശേഷിപ്പിക്കാവുന്ന ബന്ധങ്ങളാണ്‌ ഡില്‍ഡോയുടെ വായനയിലെ ത്രസിപ്പിക്കുന്ന നാടകീയത. ഒരു കഥാപാത്രമാകട്ടെ, ഒരു കെട്ടിടത്തില്‍ നിന്നും മരണത്തിലേക്കുള്ള ചാട്ടത്തിന്റെ സമയം നല്‍കുന്ന ഇടവേളയിലാണു തലകീഴായി തന്റെ ജീവിതം പറയുന്നത്. സമാനമായ ഒന്നു സിനിമയില്‍ കാണുന്നത് ദേവദാസ് ഡില്‍ഡോ എഴുതി ഒരു വര്‍ഷമെങ്കിലും കഴിഞ്ഞു പുറത്തു വന്ന 99 Francs (സംവിധാനം-യാന്‍ കോനന്‍) എന്ന ഫ്രെഞ്ച് സിനിമയില്‍. ഒരു കഥാപാത്രത്തിന്റെ രതിരീതികളെ അമേലി എന്ന ഫ്രെഞ്ച് സിനിമയുമായി നേരിട്ടു ബന്ധപ്പെടുത്തുന്നുമുണ്ട് കഥാകാരന്‍.

ഇനാരിറ്റുവിന്റെ സിനിമകളിലെന്നതുപോലെ പരസ്പരം ബന്ധിക്കപ്പെട്ട മാനുഷികാവസ്ഥകളുടെ, സംഭവങ്ങളുടെ ഒരു വല നെയ്തെടുക്കുകയാണ് ദേവദാസും ചെയ്യുന്നത്; ഈ വലയിലെ ഓരോ കണ്ണികളുമാകട്ടെ, മരണങ്ങളും. അന്യവത്കരണത്തിന്റേതായ ഉപരിതല യഥാർത്ഥ്യങ്ങളുമായി നിരന്തരം സമരത്തിലേർപ്പെട്ടുകൊണ്ട്, നമ്മുടെ മാനുഷികതാ-ബോധ(humanist sensibility)ങ്ങളെ രൂപപ്പെടുത്തുന്ന, അപ്രതീക്ഷിതങ്ങളായ, അസ്ഥിത്വമാനങ്ങളുള്ള ചില കണ്ടുമുട്ടലുകളുടെ ഉള്ളറിവുകളാണ് ‘ഡിൽഡോ’. നമ്മുടെയൊക്കെ അസ്തിത്വത്തിനു തെളിവു തന്നെ ഇങ്ങനെ ‘അന്യനു’മായുള്ള ചില ഏറ്റുമുട്ടലുകളാണല്ലോ. നാമോരോരുത്തരും മറ്റൊരുവനെ സംബന്ധിച്ചിടത്തോളം ‘അന്യനാ’ണെന്ന തിരിച്ചറിവ് അന്യവത്കരണത്തിന്റെ ഈ കാലത്ത്, നമ്മുടെ സമൂഹത്തിന്റെ ethical future-നു തന്നെ ആവശ്യമാണെന്നു വരുന്നു. ‘ഡിൽഡോ’യിലെ ഓരോ ആഖ്യാനങ്ങളും നമ്മോടു പറയുന്നത്, ഒന്നും-വ്യക്തികളുംസംഭവങ്ങളും മരണങ്ങളും ഒന്നും-ഒറ്റനോട്ടത്തിൽ കാണപ്പെടുന്നതു പോലെയല്ല എന്നാണ്; (Nothing is what it seems എന്നത് The Illusionist എന്ന സിനിമയുടെ ടാഗ് ലൈൻ ആയിരുന്നല്ലോ !).

ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന ദേവദാസ് വി.എം. ന്റെ നോവല്‍ 8 ആഗസ്റ്റ് 2009 രാവിലെ 10 മണിക്ക് തൃശൂരില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നു. മലയാള ഭാഷയെയും അതിലുള്ള സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മേതില്‍ രാധാകൃഷ്ണനും കവര്‍ഡിസന്‍ ചെയ്തിരിക്കുന്നത് ഉന്മേഷ് ദസ്തക്കിറുമാണ്. 65 രൂപയാണ് ഒരു കോപ്പിയുടെ വില. പുസ്തകത്തിന്റെ കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

വാൽ‌ക്കഷ്ണം: പുസ്തകത്തിന്റെ പേരും ദേവദാസിന്റെ ഊശാന്താടിയുമൊക്കെ കണ്ടിട്ട് ഇതൊരു ‘ബുജി’ പുസ്തകമാണെന്നു നിങ്ങൾ ധരിക്കുന്നുവെങ്കിൽ, ഇത് വായിക്കാതിരിക്കുന്നത് വലിയ നഷ്ടമായിരിക്കുമെന്ന് ഓർമ്മപ്പെടുത്തട്ടെ. ഇനി നിങ്ങളൊരു ‘ബുജി’യാണെങ്കിൽ, നിങ്ങൾക്കു വേണ്ടതും ചിലതൊക്കെ ഈ പുസ്തകത്തിലുമുണ്ട്, വസ്തുതാവിവരണത്തിന്റെ രൂപത്തിലാണെന്നു മാത്രം...:)

(അവസാനത്തെ ഖണ്ഡിക പൂർണ്ണമായും ലാപുട ബ്ലോഗിൽ നിന്നും അടിച്ചുമാറ്റിയതായതിനാൽ, വിനോദിനോടു കടപ്പാട്.)

Sunday, May 10, 2009

തിരക്കഥകൾ വായിക്കപ്പെടുമ്പോൾ !



അടുത്തകാലത്ത്‌ നാട്ടിൽ പോയപ്പോൾ കയറിയ ബുക്‌ൿസ്റ്റാളുകളിലെല്ലാം തിരക്കഥാപുസ്തകങ്ങൾ. അങ്ങേയറ്റം അടൂരും ചന്ദ്രനും മുതൽ ഇങ്ങേയറ്റം 'വെറുതെ ഒരു ഭാര്യ' വരെ തിരക്കഥകൾ പുസ്തകരൂപത്തിൽ. വിദേശസിനിമകളുടേത്‌ വേറെ. തമിഴിലെ സുബ്രമഹ്ണ്യപുരത്തിന്റെ തിരക്കഥ ആദ്യം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്‌ മലയാളത്തിലാണെന്ന് നാട്ടുപച്ച എഴുതിയിരുന്നു. ഇതിനൊക്കെ വായനക്കാരും സാമാന്യം വിൽപനയുമുണ്ടെന്ന് ഒരു സുഹൃത്തു പറഞ്ഞത്‌, ഞെട്ടിക്കുന്ന വിവരമായി എനിക്ക്‌. സ്കൂളുകളിൽ തിരക്കഥ ഒരു പാഠ്യവിഷയമായതാവാം ഒരു കാരണമെന്നും സുഹൃത്ത്‌ അഭിപ്രായപ്പെടുകയുണ്ടായി. ബിരുദത്തിനു പഠിക്കുമ്പോൾ 'നിർമ്മാല്യ'ത്തിന്റെ തിരക്കഥ സിലബസിലുണ്ടായിരുന്നതായി നേരിയ ഒരോർമ്മ. അതു പഠിപ്പിച്ച അധ്യാപകൻ ക്ലാസ്സിൽ വന്ന് തിരക്കഥ വായിച്ചു കേൽപ്പിച്ചതല്ലാതെ ആ സിനിമ ഒന്നു കാണിക്കാൻ ശ്രമിക്കുക പോലുമുണ്ടായില്ല.




തിരക്കഥ എന്നാൽ, തത്വത്തിൽ, സിനിമ ഒരുക്കുന്ന സംവിധായകനും മറ്റു സാങ്കേതികവിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നവർക്കുമുള്ള ലിഖിതരൂപത്തിലെ മാർഗ്ഗരേഖയാണ്‌. ചലചിത്രവിദ്യാർത്ഥികൾക്കും തിരക്കഥ എഴുതാനുദ്ദേശിക്കുന്നവർക്കും ഒരു 'സ്റ്റഡി മറ്റീരിയൽ' ആകാമെങ്കിലും തിരക്കഥകൾ പ്രാഥമികമായി സിനിമയുടെ പിന്നണി പ്രവർത്തകരെ ഉദ്ദേശിച്ചുള്ളവയാണ്‌. തിരക്കഥ അതിന്റെ ദൃശ്യരൂപം പ്രാപിച്ചുകഴിയുമ്പോൾ, സിനിമയായിക്കഴിയുമ്പോൾ, അതിന്റെ ലിഖിതരൂപത്തിനു പിന്നെ പ്രസക്തിയില്ല-മേൽ സൂചിപ്പിച്ച സിനിമാവിദ്യാർത്ഥികൾക്കല്ലാതെ-എന്നതു തന്നെയാണു വാസ്തവം.




ഈ തിരക്കഥാപുസ്തക രചയിതാക്കളുടെ മെത്തേഡും രസകരമാണ്‌. ഒരു വിദേശസിനിമയുടെ ഡിവിഡിയും പേനയും പേപ്പറും കൊണ്ടിരിക്കുന്നു. സീനുകൾ ഓരോന്നായി എഴുതിയെടുക്കുന്നു, ഡയലോഗുകൾ സബ്‌ടൈറ്റിൽ നോക്കി പരിഭാഷിക്കുന്നു. ഒരു തിരക്കഥ റെഡി. ഇങ്ങനെ മൂന്നോ നാലോ ആയാൽ ഒരു പുസ്തകം റെഡി. ഇനി 'കിം കി ഡുക്ക്‌' പോലെ ഡയലോഗ്‌ അധികം ഉപയോഗിക്കാത്ത സംവിധായകരാണെങ്കിൽ എളുപ്പമായി. ഇങ്ങനെയെഴുതിയെടുക്കുന്നത്‌ സിനിമയുടെ അസംസ്കൃത വസ്തുവായ തിരക്കഥ ആണോ അതോ സിനിമയുടെ ബൈപ്രൊഡക്ട്‌ ആയ 'തെരക്കഥ'യോ?




സംവിധായകർ അവരവരുടെ ശൈലി അനുസരിച്ച്‌ കൃത്യമായ തിരക്കഥയോടുകൂടിയോ അല്ലാതെയോ ആയിരിക്കും സിനിമ എടുക്കുന്നത്‌. അടൂരിനെ പോലുള്ള കോപ്പിബുക്ക്‌ സംവിധായകർ വ്യക്തമായ തിരക്കഥ ആദ്യമെ എഴുതുമ്പോൾ ജോണിനെ പോലുള്ളവർ തിരക്കഥ എഴുതാറെ ഇല്ലായിരുന്നു. Mike Leigh പോലുള്ള സംവിധായകർ അഭിനേതാക്കളെയും ഛായാഗ്രാഹകനെയും കൂട്ടി ലൊക്കേഷനിലെത്തി, മനസ്സിലുള്ള ആശയം പോലെ സീനുകൾ രൂപപ്പെടുത്തി റിഹേഴ്‌സൽ തുടങ്ങുകയാണു ചെയ്യുക. സീനുകൾ വികസിക്കുന്നതിനനുസരിച്ച്‌ സിനിമയും വികസിക്കും. ടെറൻസ്‌ മാലിക്ക്‌ ആകട്ടെ, 6-7 മണിക്കൂർ വരുന്ന ഒരു സ്ക്രിപ്റ്റ്‌ എഴുതി, 90 മണിക്കൂറിനുള്ളത്‌ ഷൂട്ട്‌ ചെയ്ത്‌, എഡിറ്റിംഗിലൂടെ മൂന്നു മണിക്കൂറിൽ താഴെയായി വെട്ടിയൊരുക്കുകയാണു ചെയ്യുക. ഇവരുടെയൊക്കെ സിനിമകൾ നോക്കി 'തെരക്കഥ' എഴുതുന്നതിന്റെ പരിഹാസ്യത ആലോചിച്ചു നോക്കൂ.




മലയാളത്തിൽ ഈ കൃഷി തുടങ്ങിയത്‌ എം.ടി വാസുദേവൻ നായരാണെന്നു തോന്നുന്നു. എം.ടിയുടെ തിരക്കഥകൾ അദ്ദേഹത്തിന്റെ ചെറുകഥകളിൽ നിന്നും വളരെയൊന്നും വ്യത്യസ്ഥമല്ല. കഥാപാത്രങ്ങൾ നിരന്നു നിന്ന് ഡയലോഗ്‌ പറയുന്ന വെർബൽ സിനിമകളായതു കൊണ്ട്‌ ചെറുകഥ വായിക്കുന്നതു പോലെ തന്നെ എം.ടിയുടെ തിരക്കഥകളും മലയാളത്തിൽ വായിക്കപ്പെട്ടു. എം.ടി തിരക്കഥാപുസ്തകങ്ങളുടെ ചുവടു പിടിച്ചു പ്രസിദ്ധീകരിക്കപ്പെട്ട ഇതര തിരക്കഥകളും മലയാളത്തിൽ വായിക്കപ്പെടുന്നത്‌ നമ്മുടെ സാഹിത്യരോഗം കൊണ്ടോ, വികലമായ സിനിമാസ്വാദന ശീലം കൊണ്ടോ അതോ ഈ സിനിമകളുടെയെല്ലാം പൊതുവായ വെർബൽ സ്വഭാവം കൊണ്ടോ?




ഈ തിരക്കഥകളെല്ലാം അച്ചടിക്കപ്പെടുന്നത്‌ സിനിമാവിദ്യാർത്ഥികൾക്കു വേണ്ടിയെങ്കിൽ, കേരളത്തിൽ ഇത്രമാത്രം സിനിമാവിദ്യാർത്ഥികളുണ്ടോ? 'വെറുതെ ഒരു ഭാര്യ'യും 'കീർത്തിചക്ര'യും 'വിനോദയാത്ര'യും പോലെ സാംസ്കാരികമോ സാമൂഹികമോ കലാപരമോ ആയ പ്രാധാന്യമേതുമില്ലാത്ത ചലചിത്രങ്ങളുടെ തിരക്കഥകൾ വായിച്ചു പഠിക്കുന്നവർ ഏതു തരം സിനിമയായിരിക്കും ഇനി ഉണ്ടാക്കുക? അതും നമ്മൾ കാണേണ്ടി വരുമോ?




തിരക്കഥ ലഭ്യമായ പല സിനിമകളും വീഡിയോ രൂപത്തിൽ ലഭ്യമല്ല എന്നതാണു മറ്റൊരു പ്രശ്നം. കാലക്രമേണ പല സിനിമകളുടെയും പ്രിന്റുകൾ തന്നെ നഷ്ടപ്പെടുന്നു. വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു പോകുന്ന സിനിമകളുടെ തിരക്കഥകളെങ്കിലും ബാക്കിയുണ്ടാകും എന്നതാണ്‌, ഇതുപോലെ തിരക്കഥകൾ പുസ്തകമാക്കുന്നതിന്റെ ഒരു ഗുണമെന്ന് ബാലചന്ദ്രമേനോൻ അഭിപ്രായപ്പെടുന്നു. സിനിമ കുഞ്ഞാണെങ്കിൽ തിരക്കഥ അതിന്റെ പ്ലാസെന്റ ആണ്‌. സിനിമ സംരക്ഷിക്കാതെ തിരക്കഥ സൂക്ഷിക്കുന്നത്‌ പിള്ളയെ കളഞ്ഞിട്ട്‌ മറുപിള്ളയെ സൂക്ഷിക്കുന്നതു പോലെയാണ്‌. സിനിമ ആസ്വദിക്കുന്നതിനു പകരം തിരക്കഥ വായിക്കുന്നവരും ഇത്‌ ഓർമ്മിക്കുന്നതു നന്ന്‌.

Sunday, August 10, 2008

മലയാളസിനിമകൾ സംരക്ഷിക്കപ്പെടേണ്ടതില്ലേ?

36 മില്ല്യൺ വരുന്ന ഒരു ജനത ഉപയോഗിക്കുന്ന, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു ഭാഷ എന്ന നിലയിൽ ലോകസാംസ്കാരികചരിത്രത്തിൽ മലയാളത്തിന്റെ സ്ഥാനമെന്താണ്‌? മലയാളത്തിലുണ്ടായ സാംസ്‌കാരികസൃഷ്‌ടികൾ മറ്റ്‌ ജനതകളിൽ എത്തിപ്പെടുന്നതിൽ എത്രകണ്ട്‌ വിജയിച്ചിട്ടുണ്ട്‌? കലാമൂല്യമുള്ള സൃഷ്ടികളെ ലോകമെമ്പാടുമുള്ള കലാസ്വാദകസമൂഹത്തിനു ലഭ്യമാക്കുന്നതിൽ നമ്മുടെ സമൂഹം എന്തു ചെയ്തു? അച്ചടിക്കപ്പെട്ട ഒരു സാഹിത്യസൃഷ്‌ടിയെ സംബന്ധിച്ചിടത്തോളം ഭൗതികമായ നാശം സാധാരണസാഹചര്യങ്ങളിൽ പരിഗണിക്കപ്പെടേണ്ട വിഷയമല്ല എങ്കിലും സിനിമ പോലെ ഒരു കലാരൂപത്തിന്റെ കാര്യം വ്യത്യസ്ഥമാണല്ലോ. നമ്മുടെ മികച്ച സിനിമകൾക്ക്‌ എന്ത്‌ സംഭവിച്ചു എന്ന അന്വേഷണത്തോടൊപ്പം ഇവയെ ഇന്നുള്ള പ്രേക്ഷകനു ലഭ്യമാക്കാനുള്ള ചില പരിശ്രമങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ്‌ ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

അടൂർ, അരവിന്ദൻ, ജോൺ എബ്രഹാം, ബക്കർ തുടങ്ങിയവരുടെ വരവോടെ എഴുപതുകളുടെ തുടക്കം മുതലായിരുന്നു മലയാള സിനിമയിൽ ഗുണപരമായ മാറ്റം അനുഭവവേദ്യമായത്‌. എന്നാൽ ഈ 'ആദ്യകാല' സിനിമകളുടെ ഇന്നത്തെ അവസ്ഥയെന്താണ്‌? പവിത്രന്റെ 'യാരോ ഒരാൾ' എന്ന സിനിമയുടെ നെഗറ്റീവ്‌ പൂർണ്ണമായും നഷ്ടപ്പെട്ടുവെന്ന് പവിത്രന്റെ സുഹൃത്തുകൂടിയായ പി.എൻ.ഗോപീകൃഷ്‌ണൻ അടുത്തിടെ പറഞ്ഞിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രശസ്തമായ Camera De'Or പുരസ്കാരം ലഭിച്ച 'പിറവി'യുടെ പ്രിന്റും പൂർണ്ണമായും നശിച്ചുവെന്ന് 'പിറവി'യുടെ ഛായാഗ്രാഹകൻ കൂടിയായ ശ്രീ.സണ്ണി ജോസഫ്‌ പറഞ്ഞതോർക്കുന്നു. അടൂർ, ഷാജി.എൻ.കരുൺ തുടങ്ങിയവരുടെ സിനിമകൾ ചില ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുന്നതൊഴിച്ചാൽ, കലാമൂല്യമുള്ള മലയാളസിനിമകൾ സാധാരണ പ്രേക്ഷകരിലേക്ക്‌ എത്തുന്നുണ്ടോ? നിഴൽക്കുത്ത്‌, വാനപ്രസ്ഥം എന്നീ ചിത്രങ്ങൾ മുൻപു തന്നെ ആമസോണിൽ ലഭ്യമായിരുന്നു. അടുത്തിടെ അടൂരിന്റെ 'എലിപ്പത്തായം' SecondrunDVD പുറത്തിറക്കിയിരുന്നു. ഇവയൊഴിച്ചാൽ മറ്റ്‌ നല്ല മലയാളസിനിമകളൊന്നും കേരളത്തിനു പുറത്ത്‌ മാത്രമല്ല മിക്കവാറും കേരളത്തിലും ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു നാളിതുവരെ.

ടൊരന്റ്‌ തുടങ്ങിയ P2P സാങ്കേതികവിദ്യയുടെ വരവോടെ സ്ഥിതി കുറച്ചൊക്കെ മാറിയിരുന്നു. അടൂരിന്റെ കൊടിയേറ്റം, വിധേയൻ, അരവിന്ദന്റെ വാസ്തുഹാര, ഒരിടത്ത്‌, കുമ്മാട്ടി, ചിദംബരം, പി.ടി.കുഞ്ഞുമുഹമ്മദിന്റെ ഗർഷോം, ടി.വി.ചന്ദ്രന്റെ ചില ചിത്രങ്ങൾ തുടങ്ങിയവ പരിമിതമായ ക്വാളിറ്റിയോടെയാണെങ്കിലും ടൊറന്റിൽ ലഭ്യമാണ്‌. ഒരു സിനിമയുടെ DVD ഇറങ്ങുന്നതോടെ അത്‌ ടൊറന്റിൽ ലഭ്യമാകുന്ന സ്ഥിതിയിൽ സിനിമകളുടെ DVD പുറത്തിറക്കാൻ സംവിധായകർ/നിർമ്മാതാക്കൾ മടിക്കുന്ന അവസ്ഥയുമുണ്ട്‌.

ജോണിനെപറ്റി പറയുമ്പോൾ നമ്മുടെ സാംസ്കാരികനായകന്മാർക്ക്‌ നൂറു നാവാണ്‌. കേരളത്തിൽ എന്തേ ഒരു ജോൺ Documentation ഇല്ലാതെ പോയി എന്ന് പ്രശസ്ത ഡോകുമെന്ററി സംവിധായകനായ ജോഷി ജോസഫ്‌ പരിതപിക്കുന്നതു കണ്ടു, അടുത്തിടെ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ...ജോണിന്റെ സിനിമകൾ ഇന്ന് എവിടെ ലഭ്യമാണ്‌? എന്തേ അവയെക്കുറിച്ച്‌ ആരും ആകുലരാകുന്നില്ല? ലോകത്ത്‌ മറ്റെവിടെയും ഈയൊരവസ്ഥ ഇല്ലെന്നു തോന്നുന്നു. അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള, മുപ്പത്തഞ്ചോളം-എസ്കിമോകളുടെ ഭാഷയായ Inuktitut അടക്കം-ഭാഷകളിലെ സിനിമകൾ എനിക്ക്‌ കാണാനവസരം കിട്ടിയിട്ടുണ്ട്‌. ഫെസ്റ്റിവൽ സർക്ക്യൂട്ടുകളിൽ പോലും അത്ര പ്രശസ്തനല്ലാത്ത ജുറാജ്‌ ജാകുബിസ്‌കോ അടക്കമുള്ളവരുടെ സിനിമകൾ പോലും അൽപം കാശുമുടക്കിയാൽ ലഭ്യമാണ്‌. ഇതുവരെ ഞാൻ തെരഞ്ഞതിൽ കിട്ടാതിരുന്നത്‌ Jules Dassin-ന്റെ He who must die മാത്രമാണ്‌. 25 വർഷം കേരളത്തിൽ ജീവിച്ചിട്ടും എണ്ണപ്പെട്ട ചില മലയാളസിനിമകൾ കാണാൻ എനിക്കവസരം കിട്ടിയില്ല. ഈ വിഷയത്തെക്കുറിച്ച്‌ ചില സംവിധായകരോടു ആശയവിനിമയം നടത്തിയപ്പോൾ 'ഇതൊക്കെ ഇനി ആരു കാണും' എന്നൊരു ആശങ്കയായിരുന്നു മറുപടി. ജോൺ എബ്രഹാമിന്റെ ഒരു സിനിമയെക്കുറിച്ച്‌ IMDbയിൽ ഞാനെഴുതിയ ഒരു ചെറിയ കമന്റു വായിച്ച്‌ ഒരു അമേരിക്കൻ എഴുത്തുകാരനടക്കം ചിലർ എനിക്ക്‌ ഇ-മെയിലയച്ചിരുന്നു, ജോണിന്റെ സിനിമകളുടെ DVD ഇന്ത്യയിൽ ലഭ്യമാണോ എന്നു ചോദിച്ചുകൊണ്ട്‌. നല്ല മലയാളസിനിമകൾ കാണാനുള്ള ആഗ്രഹം ഒരുപാടുപേർ ചില സിനിമാ-ചർച്ചാഗ്രൂപ്പുകളിൽ പ്രകടിപിച്ചതോർക്കുന്നു. സബ്‌ടൈറ്റിൽ ഇല്ലെങ്കിലും മോശം പ്രിന്റാണെങ്കിലും ഒന്നു കണ്ടാൽ മതിയായിരുന്നു ചിലർക്ക്‌.കേരളത്തിൽ മാത്രമല്ല, ബംഗാൾ ഒഴികെ മറ്റ്‌ ഇന്ത്യൻ ഭാഷകളിലും ഏറെക്കുറെ ഇതുതന്നെയാണു സ്ഥിതി. ചില തല്ലിപ്പൊളി പടങ്ങൾക്ക്‌ അവാർഡു കൊടുക്കുന്നതല്ലാതെ നമ്മുടെ ചലചിത്ര അക്കാദമിയും സർക്കാരും എന്തു നടപടികളാണ്‌ ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്‌?

ഈയൊരവസ്ഥയിലാണ്‌ 'സിനിമായ' പോലെ ഒരു സംരംഭത്തിന്റെ പ്രാധാന്യം കൂടുതൽ പ്രസക്തമാകുന്നത്‌.

സിനിമായ (http://www.zinemaya.com/)

ബോസ്റ്റൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏതാനും മലയാളികൾ രൂപം കൊടുത്ത Movie Downloading Service ആണ്‌ സിനിമായ. മലയാളത്തിൽ നിന്നും മറ്റ്‌ ഇന്ത്യൻ ഭാഷകളിൽ നിന്നുമുള്ള Independent/ഡോകുമെന്ററി/സമാന്തര സിനിമകൾക്കാണ്‌ സിനിമായ പ്രാമുഖ്യം കൊടുക്കുന്നത്‌. ജബ്ബാർ പട്ടേലിന്റെ സംവിധാനത്തിൽ മമ്മൂട്ടി അംബേദ്‌കറെ അവതരിപ്പിച്ച Dr.Babasaheb Ambedkar, കേതൻ മേത്തയുടെ Mirch masala, കെ.പി ശശിയുടെ 'ഇലയും മുള്ളും', രാജീവ്‌നാഥിന്റെ 'ജനനി', ശരത്തിന്റെ 'ശീലാബതി', ശശി പറവൂരിന്റെ 'നോട്ടം' തുടങ്ങിയ ഫീച്ചറുകളും ഒ.വി.വിജയന്റെ പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച 'കടൽത്തീരത്ത്‌' അടക്കമുള്ള ചില ഷോർട്ട്‌ ഫിലിമുകളും, കേരളത്തിൽ സമീപകാലത്ത്‌ പ്രസക്തമായ ബദൽ നിരീക്ഷണങ്ങൾ അവതരിപ്പിച്ച ഇടത്‌/പരിസ്ഥിതി ആക്ടിവിസ്റ്റായ പൊക്കുടനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'കണ്ടൽ പൊക്കുടൻ' തുടങ്ങിയ ഡോക്യുമെന്ററികളും നിലവിൽ സിനിമായയിൽ ലഭ്യമാണ്‌. അടൂർ, അരവിന്ദൻ, ജോൺ എബ്രഹാം തുടങ്ങിയവരുടെ സിനിമകളും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

മൈക്രൊസോഫ്റ്റിന്റെ വിൻഡോസ്‌ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന, ഡൗൺലോഡ്‌ ചെയ്ത ഫയലുകൾക്ക്‌ viewer license നൽകുന്ന രീതിയിലാണ്‌ സിനിമായ പ്രവർത്തിക്കുന്നത്‌. അതിനാൽ ഒരു കമ്പ്യൂട്ടറിൽ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്കു മാറ്റിയാൽ ലൈസൻസ്‌ പ്രവർത്തിക്കില്ല. പൈറസി തടയുന്നതിൽ DVDയേക്കാൾ ഫലപ്രദമാണ്‌ ഈ രീതി. $ 0.49 മുതലാണ്‌ സിനിമകൾ റെന്റ്‌ ചെയ്യാനുള്ള വാടക. റെന്റ്‌ ചെയ്യുന്ന ഫയലുകളുടെ ലൈസൻസ്‌ ഒരാഴ്ച കഴിയുമ്പോൾ deactivated ആകും. ഡൊൺലോഡ്‌ ചെയ്യുന്ന സിനിമകൾ കേബിൾ ഉപയോഗിച്ച്‌ ടി.വിയിലും കാണാം. ഒരു സിനിമ തിയറ്ററിൽ റിലിസു ചെയ്താൽ ക്യാമറ പ്രിന്റുകളും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്താൽ അത്‌ റെക്കോർഡ്‌ ചെയ്ത്‌ ടൊറന്റിലും ലഭ്യമാകുന്ന ഇക്കാലത്ത്‌ ബദൽ സിനിമാപ്രവർത്തകർക്ക്‌ തങ്ങളുടെ സൃഷ്ടി ലോകം മുഴുവനും എത്തിക്കാനും അതുവഴി മുടക്കുമുതൽ തിരികെലഭിക്കാനുമുള്ള താരതമ്യേന സുരക്ഷിതമായ വഴിയാണ്‌ ഇത്തരം സംരംഭങ്ങൾ.

Tuesday, July 1, 2008

അപ്പോള്‍ നമുക്ക് ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കാം..!

ഡിസ്‌ക്ലൈമര്‍: ഈ ലേഖനത്തില്‍ സിനിമയുടെ കഥ ചര്‍ച്ച ചെയ്യുന്നുണ്ട്‌; സിനിമ കാണാത്തവര്‍ സ്വന്തം റിസ്കില്‍ വായിക്കുക.

കമലഹാസന്‍ ശ്രീനിവാസനെപ്പോലെയാണ്‌. രണ്ടുപേരും നിരീശ്വരവാദികള്‍ എന്നതുമാത്രമല്ല, കഥയും തിരക്കഥയും സംഭാഷണവുമെല്ലാം വേണ്ടുവോളം എഴുതും, പക്ഷെ, ആശയപരമായി ചീറ്റിപോകില്ല എന്ന് ഉറപ്പുണ്ടെങ്കിലേ സിനിമ സംവിധാനം ചെയ്യൂ. തമിഴ്‌സിനിമയില്‍ പ്രവൃത്തിപരിചയമുള്ള ഒരു സുഹൃത്തു പറഞ്ഞത്‌ കമലിന്റെ രചനാരീതി ഹോളിവുഡ്‌ സ്റ്റെയിലിലാണെന്നാണ്‌; അതായത്‌ ടൈറ്റിലില്‍ തിരക്കഥ സ്പീല്‍ബെര്‍ഗ്‌, ലൂക്കാസ്‌ എന്നൊക്കെ മാത്രം കാണുമെങ്കിലും എഴുതുന്നത്‌ സ്ക്രിപ്റ്റ്‌ എഴുത്തുകാരുടെ ഒരു പടയായിരിക്കും. സിനിമയെ ഒരു ബിസിനസായി കൊണ്ടുപോകുമ്പോള്‍ ഇതുപോലെ കൂട്ടായ ശ്രമങ്ങള്‍ വലിയ വിജയമായിരിക്കും എന്നാണ്‌ ഹോളിവുഡിന്റെയും മറ്റ്‌ സ്റ്റുഡിയോ കേന്ദ്രീകൃത സിനിമകളുടെയും സാമ്പത്തികചരിത്രം പറയുന്നത്‌.

ഇതിപ്പോള്‍ പറയാന്‍ കാരണം കമലഹാസന്‍ അധ്യക്ഷനായുള്ള പുതിയ വാണിജ്യസംരംഭം 'ദശാവതാരം' കണ്ടുതീര്‍ത്തു. കണ്ടുതീര്‍ത്തു എന്നു പറയാന്‍ കാരണം രണ്ടുദിവസം കൊണ്ടാണ്‌ മൂന്നുമണിക്കൂറിലധികമുള്ള ഈ ചിത്രം കണ്ടുതീര്‍ത്തത്‌. (ഡൗണ്‍ലോഡ്‌ ചെയ്ത്‌ കാണുമ്പോള്‍ ഇങ്ങനെ പല സൗകര്യങ്ങളുമുണ്ട്‌).

മുഴുവന്‍ സിനിമയുടെ അഞ്ചുശതമാനം മാത്രം ദൈര്‍ഘ്യം വരുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ്‌നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്‌. ശേഷം വരുന്ന ഭാഗമെല്ലാം 2006-ലെ സുനാമിക്ക്‌ മുന്‍പുള്ള ഏതാനും ദിവസങ്ങളിലായുള്ള ഓട്ടമത്സരമാണ്‌. ഇതിനെയെല്ലാം ബന്ധിപ്പിക്കുന്നതാകട്ടെ കയോസ്‌ തിയറിയിലെ 'ബട്ടര്‍ഫ്ലൈ എഫക്ട്‌' എന്ന ഒരു ആശയവും.

ഇനി 'ബട്ടര്‍ഫ്ലൈ എഫക്ട്‌' എന്നോ കയോസ്‌ തിയറിയെപറ്റിയോ കേട്ടിട്ടില്ലാത്തവര്‍ ഒന്നു ഞെട്ടുക; ഇതെന്തോ വലിയ സംഭവമാണെന്നു കരുതുക. അത്രയൊക്കെയേ സിനിമയെടുത്തവരും ഉദ്ദേശിച്ചിട്ടുള്ളൂ. നിസ്സാരമെന്നു കരുതുന്ന ഒരു ചെറിയ സംഭവം ഒരു ഡൈനാമിക്‌ സിസ്റ്റത്തില്‍ ഗുരുതരമായ മാറ്റങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ കാരണമായേക്കാം എന്നതാണ്‌ ബട്ടര്‍ഫ്ലൈ എഫക്ടിനു സാധ്യമായ ഏറ്റവും ലളിതമായ വിശദീകരണം. ഇത്‌ ഈ സിനിമയില്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നാണെങ്കില്‍, പന്ത്രണ്ടാം നൂറ്റാണ്ടില്‍ ശൈവരും വൈഷ്ണവരും തമ്മില്‍ സംഘട്ടനങ്ങള്‍ നടന്നിരുന്ന ഒരു ദേശത്ത്‌ അധികാരം കൈയിലുണ്ടായിരുന്ന ശൈവര്‍ ഒരു വിഷ്ണുവിഗ്രഹത്തെയും രംഗരാജ നമ്പി എന്ന വൈഷ്ണവനേയും കടലിലെറിയുന്നു. അന്ന് സമുദ്രാന്തര്‍ഭാഗത്തുണ്ടായ ചെറിയ അനക്കങ്ങള്‍ പിന്നീട്‌ എട്ട്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം 2006 ഡിസംബര്‍ 26-ലെ സുനാമിയില്‍ കലാശിക്കുന്നു. അതിന്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ അമേരിക്കയിലെ ഒരു ലാബില്‍ നിന്ന് ഇന്ത്യയിലെത്തിയ, മാരകവൈറസുകള്‍ ഈ സുനാമി തിരകളില്‍ നിര്‍വീര്യമാകുകയും അങ്ങനെ ലക്ഷക്കണക്കിനു മരണങ്ങള്‍ ഒഴിവാകുകയും ചെയ്യുന്നു.

പിന്നെ കയോസ്‌ തിയറിക്കൊക്കെ മറ്റൊരു സൗകര്യം കൂടിയുണ്ട്‌; ഒരുവിധപ്പെട്ട എല്ലാ തമിഴ്‌-ഹിന്ദി മസാലകള്‍ക്കും അങ്ങേയറ്റം രജനീകാന്തിന്റെ സിനിമയ്ക്കു വരെ ഈ തിയറി വേണമെങ്കില്‍ ഉപയോഗിക്കാം. ഏതായാലും സിനിമ തുടങ്ങുമ്പോള്‍ തന്നെ കമല്‍ 'ബട്ടര്‍ഫ്ലൈ എഫക്ട്‌'ഒക്കെ സൂചിപ്പിക്കുന്നുണ്ട്‌. പിന്നെ ഇടയ്ക്കൊക്കെ ഒരു കമ്പ്യൂട്ടര്‍ പൂമ്പാറ്റയെ കാണിയ്ക്കുന്നുമുണ്ട്‌. ഇങ്ങനെ പറഞ്ഞുതരാതെ ഇതൊന്നും മനസ്സിലാക്കാന്‍ പ്രേക്ഷകനു മൂളയില്ലല്ലോ! പണ്ട്‌ സൈക്കോ എന്ന ചിത്രത്തില്‍ ഹിച്‌കോക്കും ചെയ്തിരുന്നു ഇതുപോലൊന്ന്; കഥയും ക്ലൈമാക്സുമൊക്കെ കഴിഞ്ഞ്‌ മന്ദബുദ്ധിയായ പ്രേക്ഷകനു വേണ്ടി സൈക്കോളജിസ്റ്റിനെക്കൊണ്ടൊരു വിശദീകരണം.

ചിത്രത്തിന്റെ ആരംഭത്തില്‍ അമേരിക്കയിലെ ഗവേഷണശാല കാണിക്കുമ്പോഴൊക്കെ മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ്‌. തമിഴ്‌സിനിമയാകുമ്പോള്‍ ഗവേഷകരും ഗൈഡും എല്ലാം തമിഴര്‍ തന്നെയാകണമല്ലോ; മാത്രമല്ല വിദേശികളായ മേലധികാരികളുള്ള കോണ്‍ഫറന്‍സില്‍ കമലിനു തമിഴ്‌ പറയുകയുമാകാം. ഏതായാലും ജോര്‍ജ്ജ്‌ ബുഷ്‌ തമിഴ്‌ പറയുന്നില്ല...ഭാഗ്യം ! ഇവിടെ അതിഗൗരവമുള്ള ഒരു ജൈവായുധ ഗവേഷകരെല്ലാം തമിഴരാണ്‌. എന്നാല്‍ സുരക്ഷാപ്രാധാന്യമുള്ള ഒരു ഗവേഷണത്തിലും വിദേശികളെ അടുപ്പിക്കില്ല എന്നത്‌ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഇവിടെ ജൈവായുധ ഗവേഷണം നടത്തുക മാത്രമല്ല അത്‌ കൂളായി തീവ്രവാദികള്‍ക്ക്‌ മറിച്ചു വില്‍ക്കുകയും ചെയ്യുന്നു; പകരം തീവ്രവാദി കാശുകൊടുക്കുന്നതാകട്ടെ മില്ല്യണ്‍ കണക്കിന്റെ ഡോളര്‍ ബില്ലുകള്‍ ഒരു സ്യൂട്ട്‌കേസിലും..പിന്നെ ഒരു കോമഡി സിനിമയില്‍ ഇത്തരം രംഗങ്ങള്‍ തെരയുന്നതില്‍ വലിയ കാര്യമില്ലെന്നു തോന്നുന്നു. ഏതായാലും ഓട്ടവും പാട്ടും ഡാന്‍സും തമാശയും അടിപിടിയും പോലെയുള്ള കൊമേഴ്‌സ്യല്‍ ചേരുവകള്‍ക്ക്‌ പുറമെ മതനിഷേധം, നിരീശ്വരവാദം, കേരളീയരൊഴികെയുള്ള തെക്കേ ഇന്ത്യക്കാര്‍ക്കിടയില്‍ സാധാരണകണ്ടുവരുന്ന language fanaticism, ദളിത്‌ ആക്ടിവിസം, തീവ്രവാദം, പരിസ്ഥിതി രാഷ്ട്രീയം, പുനര്‍ജന്മം തുടങ്ങിയ ആശയങ്ങളും കമല്‍ ഒരു മജീഷ്യനെപോലെ കൂടു തുറന്നു വിടുന്നുണ്ട്‌.

ഇതിനിടയിലും ചില വിശദാംശങ്ങളില്‍ അതീവശ്രദ്ധ ചെലുത്തിയിരിക്കുന്നതായും കാണാം. ജപ്പാന്‍കാരനായ അഭ്യാസിയുടെ (കമല്‍ തന്നെ) ശരീരഭാഷയും, വില്ലനായ ക്രിസ്റ്റ്യന്‍ ഫ്ലെച്ചറുടെ(കമല്‍ തന്നെ) ഉച്ചാരണവും ഉദാഹരണം. സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം സര്‍ട്ടിഫിക്കറ്റിന്റേതാണ്‌; 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒരു കാരണവശാലും കാണാന്‍ പാടില്ലാത്ത വയലന്‍സ്‌ നിറഞ്ഞ രംഗങ്ങളുള്ള ഈ ചിത്രത്തിനു ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ്‌...! ഇനി ഒരു A തന്നെ കിട്ടിയാലും ആര്‌ വക വെക്കാന്‍...അന്യന്‍, വേട്ടയാട്‌ വിളയാട്‌ തുടങ്ങി അതികഠിനമായ വയലന്‍സ്‌ ഉള്ള സിനിമകള്‍ കുട്ടികളുമായി വന്ന് കണ്ടുപോകുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. ആ കുട്ടികളുടെയൊക്കെ മാനസികാവസ്ഥ എന്തായിരിക്കുമോ? ഈ സിനിമകളുടെയൊക്കെ അക്രമരംഗങ്ങള്‍ ചിലപ്പോഴൊക്കെ ടിവിയിലും കാണാനിടയായിട്ടുണ്ട്‌. സിനിമ സെന്‍സറിങ്ങിനോടുള്ള നമ്മുടെ മനോഭാവം മാറേണ്ടതുണ്ട്‌...സെന്‍സറിംഗ്‌ മാനദണ്ഡങ്ങളും.


ഏതായാലും നമ്മളൊക്കെ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന നിസ്സാരപ്രവൃത്തികളാണ്‌ നമ്മുടെയും പ്രപഞ്ചത്തിന്റെ തന്നെയും ഭാവി നിര്‍ണയിക്കുന്നതെന്ന മനോഹരമായ ആശയം ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്‌. സുനാമി പോലുള്ള ദുരന്തങ്ങള്‍ ദൈവകോപമല്ല, മറിച്ച്‌ നമ്മുടെയൊക്കെ ചില പ്രവൃത്തികള്‍ കാരണം ആകാം എന്ന ആശയം ഇങ്ങനെ വളച്ചുകെട്ടിയാണെങ്കിലും, ദൈവവിശ്വാസം ആഴത്തില്‍ വേരോടിയിട്ടുള്ള സമൂഹത്തോടു പറയാന്‍ സാധാരണ ധൈര്യം പോര. നിരീശ്വരത്വവും മതനിരാസവും ഇത്ര കൃത്യമായി അവതരിപ്പിച്ച ഒരു സിനിമയും സമീപകാലത്തൊന്നും കണ്ടിട്ടില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന രംഗങ്ങളില്‍ കമലഹാസന്റെ ഒരു സംഭാഷണം ഉദാഹരണം: "പന്ത്രണ്ടാം നൂറ്റാണ്ട്‌, യേശുവും അള്ളായും ഇന്ത്യയെ അവരുടെ രാഷ്ട്രീയപ്രദേശങ്ങളാക്കി കരുതി തുടങ്ങിയിരുന്നില്ല. അതിനാല്‍ ശിവനും വിഷ്ണുവിനും കലഹിക്കാനും കളിക്കാനും മറ്റ്‌ ദൈവങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ അവരുടെ അരാധകരെ ഉപയോഗിച്ച്‌ ഒളിയുദ്ധങ്ങള്‍ നടത്തിപ്പോന്നു".


















ദശാവതാരത്തില്‍ അന്തിക്രിസ്തുവിന്റെ അടയാളവുമായി കമലഹാസന്‍



ഹൈന്ദവമതം എന്ന വികാരം ഉണ്ടാക്കി മറ്റ്‌ മതക്കാരോടു ശത്രുതയുണ്ടാക്കി അധികാരം ലക്ഷ്യം വെക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തോട്‌ ചായ്‌വുള്ള മധ്യവര്‍ഗത്തോട്‌ ഹിന്ദുക്കള്‍ തമ്മില്‍ കലഹിച്ചിരുന്ന ഒരു ചരിത്രം ഓര്‍മ്മിപ്പിക്കുന്നത്‌ ആര്‍ക്കാണു കൊള്ളുക എന്ന് കമലിനു നല്ല ബോധ്യമുണ്ടാവണം. അതുമാത്രമല്ല, സിനിമയിലുടനീളം മതങ്ങളെ പരിഹസിക്കാനായി കമല്‍ സിംബോളിസം ഉപയോഗിക്കുന്നുണ്ട്‌. വിനാശകാരിയായ വൈറസിനെ നിര്‍വീര്യമാക്കി ലോകത്തെ രക്ഷിക്കാന്‍ പുറപ്പെടുന്ന കമലിന്‌ നെറ്റിയില്‍ മുറിവേല്‍ക്കുന്നു. സുഹൃത്ത്‌ അത്‌ ഡ്രെസ്‌ ചെയ്യുമ്പോള്‍ അന്തിക്രിസ്തുവിന്റേത്‌ എന്നു വ്യാഖ്യാനിക്കാവുന്ന ഒരു ചിഹ്നമാണ്‌ പിന്നീട്‌ കമലിന്റെ നെറ്റിയില്‍...! ദശാവതാരം എന്ന പേരു തന്നെ ഡയരക്ടായി വിഷ്ണുവിന്റെ പത്ത്‌ അവതാരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. കമലിന്റെ അവതാരങ്ങളില്‍ നായകനും വില്ലനും വൃദ്ധയും അഴിമതിക്കാരനും കോമാളിയുമെല്ലാമുണ്ട്‌..സൂചനകള്‍ കൃത്യമാണല്ലോ..! അവസാനഭാഗത്ത്‌ തന്റെ നിരീശ്വരത്വം തുറന്നുപറയുന്നുണ്ട്‌ കമല്‍. ലോകത്തില്‍ ഭൂരിഭാഗം പേരും യുക്തിഭദ്രമായ ചിന്താശേഷി കൈവരിക്കും വരെ നിരീശ്വരത്വത്തെപ്രതി കലഹങ്ങള്‍ ഉണ്ടാകും, അതിനാല്‍ അതുവരെ പൊതുനന്മയായിരിക്കും തന്റെ മതമെന്ന്...


ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന്...

അപ്പോള്‍ എങ്ങനെ...ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കുകയല്ലേ...?

Tuesday, June 10, 2008

പ്രിയനന്ദനനും എം.ജി.വിജയിനും അഭിനന്ദനങ്ങള്‍

പുലിജന്മം എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു എന്ന വാര്‍ത്തയോളം സന്തോഷമുള്ള മറ്റൊരു വര്‍ത്തമാനം അടുത്തകാലത്തൊന്നും കേട്ടിട്ടില്ല.

നിര്‍മ്മാണത്തിലിരിക്കുമ്പോള്‍ തന്നെ വളരെ ആകാംക്ഷയുണര്‍ത്തിയിരുന്നു ഈ ചിത്രം. പിന്നീട് റിലീസായപ്പോള്‍ ഇതു കാണാനായി മാത്രം ബാംഗ്ലൂരില്‍ നിന്നും കേരളത്തില്‍ പോയെങ്കിലും നടന്നില്ല. ചുരുക്കം ചില പ്രദര്‍ശനങ്ങള്‍ മാത്രമേ തിയറ്ററുകളില്‍ നടത്തിയുള്ളൂ എന്നാണറിയാന്‍ കഴിഞ്ഞത്. വിതരണത്തിനാളില്ലായിരുന്നു. സംസ്ഥാന അവാര്‍ഡിനു പരിഗണിച്ചില്ലായിരുന്നു. ആ വര്‍ഷം ഗോവയില്‍ നടന്ന IFFI ഫെസ്റ്റിവലില്‍ പനോരമയില്‍ സെലക്ഷന്‍ കിട്ടാതെ മറ്റ് സിനിമാക്കാര്‍ ശ്രദ്ധിച്ചു. അങ്ങനെ 'പുലിമറഞ്ഞ തൊണ്ടച്ചനെ' എല്ലാവരും കൂടി ഒതുക്കി. രണ്ടു വര്‍ഷത്തിനു ശേഷം 'പുലിജന്മം' വീണ്ടും ശ്രദ്ധയിലേക്ക്. ഇത്തവണ പെട്ടിയില്‍ നിന്നും പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം. അതോ 'പിറവി' പോലെ ഇതും നമുക്ക് നഷ്ടപ്പടുമോ? അടുത്തകാലത്ത് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഈ ചിത്രം ടിവിയില്‍ സം‌പ്രേക്ഷണം ചെയ്യാനൂം ഇന്റര്‍നെറ്റില്‍ റിലീസു ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു.

സംവിധായകനും, നിര്‍മ്മാതാവിനും അഭിനന്ദനങ്ങള്‍

കൂടുതല്‍ വാര്‍ത്ത ഇവിടെ മാതൃഭൂമിയില്‍.

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.