Thursday, July 30, 2009

എന്നെ പിടിച്ചുലച്ച ചില മരണങ്ങളെക്കുറിച്ച്...

'അപ്രതീക്ഷിതമായ മരണം' എന്നു പറയുന്നതില്‍ ഒരശ്ലീലമില്ലേ? വേറെ ആരുടെയൊക്കെയോ മരണം നമ്മള്‍ പ്രതീക്ഷിക്കുന്നു എന്ന വെളിപ്പെടുത്തലിന്റെ അശ്ലീലം?

അടുത്ത ബന്ധുക്കളുടെയോ പരിചയക്കാരുടെയോ മരണങ്ങളില്‍ ഇതുവരെ എനിക്കൊരുതരത്തിലും ദുഖം തോന്നിയിട്ടില്ല. യഥാര്‍ത്ഥമരണങ്ങളില്‍ (യഥാര്‍ത്ഥമല്ലാത്ത മരണങ്ങളുമുണ്ട്) എന്നെ ദുഖിപ്പിച്ചത് സംഗീതസംവിധായകന്‍ രവീന്ദ്രനും യാസര്‍ അറഫാത്തുമാണ്‌. തീര്‍ച്ചയായും ചെഗുവേരയുടെയോ വര്‍ഗീസിന്റെയോ മരണം എന്നെ കരയിപ്പിച്ചേനെ; പക്ഷേ, ഞാന്‍ ജനിച്ചത് അവര്‍ക്കും ശേഷമായതിനാല്‍, അവരുടെ മരണം എന്നെ സംബന്ധിച്ചിടത്തോളം(ഹോളിവുഡിന്റെ ഭാഷയില്‍-Based on a true story) 'കഥ'യായി പോകുന്നു...കഥ വായിക്കുമ്പോള്‍/സിനിമ കാണുമ്പോള്‍ കരയുന്നത് കുട്ടികളല്ലേ? ആണോ?

എന്തായാലും, നേരിട്ടോ അല്ലാതെയോ എനിക്കു പരിചയമുള്ള ആരുടെയും മരണത്തെക്കാള്‍ എന്നെ കരയിച്ചതും പിടിച്ചുലച്ചതും മറ്റു തരത്തില്‍ മാത്രം ജീവിച്ച ചിലരുടെ-ചില കഥാപാത്രങ്ങളുടെ- മരണങ്ങളായിരുന്നു.

ഈച്ചകളുടെ തമ്പുരാനില്‍ 'പിഗ്ഗി'യുടെ മരണം വിവരിച്ചിരിക്കുന്നത് നിങ്ങള്‍ക്കോര്‍മ്മയുണ്ടോ? പിഗ്ഗിയെപ്പോലെ കട്ടിക്കണ്ണട വെച്ച, സാധുവായ ഒരു സുഹ്രുത്ത് എനിക്കുണ്ടായിരുന്നതിനാലാണോ എന്തോ, പിഗ്ഗിയുടെ മരണവും പാറക്കല്ലില്‍ വീണ്‌ അവന്റെ കട്ടിക്കണ്ണട ചിതറുന്നതും അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു.

മഴ കോരിച്ചൊരിയുന്ന ഏതോ ഒരു കര്‍ക്കിടക രാത്രിയിലാണ്‌, പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗയുടെ മരണം ഞാന്‍ വായിക്കുന്നത്. തുടര്‍ന്ന് വായിക്കാനായില്ല. കാറ്റടിച്ച് വിളക്കണഞ്ഞു പോയിട്ടും ഇരുട്ടത്ത്, ദുര്‍ഗയെ ഓര്‍ത്ത് ഞാനിരുന്നു കരഞ്ഞത് ഓര്‍മ്മയുണ്ട്.

കേണല്‍ അറിലിയാനോ ബുവേന്‍ഡിയയുടെ മരണം വായിച്ച് ഞാന്‍ കരഞ്ഞിട്ട് വര്‍ഷങ്ങള്‍ അധികമായില്ല. കേണലിനെ കൊന്നുകളഞ്ഞ ദിവസം മാര്‍ക്വേസ് വാതിലടച്ച്, ഏങ്ങലടിച്ചു കരയുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ ചില ഓര്‍മ്മക്കുറിപ്പുകളില്‍ പിന്നീടെന്നോ വായിച്ചു.

എന്നെ ഞെട്ടിച്ച മറ്റൊരു കാഴ്ചാനുഭവമായിരുന്നു അപരാജിതോ എന്ന സിനിമയിലെ അപ്പുവിന്റെ അച്ഛന്റെ മരണം. സിനിമാ പാരഡീസോയിലെ മുഖ്യകഥാപാത്രമായ ആ തിയറ്റര്‍, തകര്‍ക്കുന്ന രംഗം കണ്ടപ്പോഴെല്ലാം ഞാന്‍ കരഞ്ഞിട്ടുണ്ട്. കേണലോ ദുര്‍ഗയോ പിഗ്ഗിയോ ഒക്കെ 'ശരിക്കും ജീവനുള്ള' മനുഷ്യരാണോ എന്നത് കരയുമ്പോള്‍ നമുക്ക് വിഷയമല്ല എന്നതാണു സത്യം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇവര്‍ എന്നെ സംബന്ധിച്ചിടത്തോളം, ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത രവീന്ദ്രനെയോ അറഫാത്തിനെയോ പോലെയാണ്‌. കഥയില്‍ നിന്നും നമ്മുടെ മനസ്സിലേക്കിറങ്ങാനുള്ള കഴിവ് ചില മരണങ്ങള്‍ക്ക് തീര്‍ച്ചയായും ഉണ്ട്.

മരണത്തെക്കുറിച്ചും കഥയെക്കുറിച്ചുമൊക്കെ ഇത്ര ചിന്തിക്കാന്‍ കാരണം, മരണത്തെ(യും)ക്കുറിച്ചുള്ള ഒരു പാഠപുസ്തകം-ദേവദാസിന്റെ ഡില്‍ഡോ എന്ന നോവല്‍- വായിച്ചതാണ്‌.

സ്ഥാനത്തും അസ്ഥാനത്തുമെല്ലാം സിനിമയെക്കുറിച്ചു പറയുന്നത് ഒരു (ദു)ശീലമായതുകൊണ്ടല്ല, ഡില്‍ഡോയെക്കുറിച്ചു പറയുമ്പോളും ഞാന്‍ സിനിമയിലേക്കെത്തുന്നത്; മറിച്ച്, ഈ നോവല്‍ അത്രമാത്രം സിനിമാറ്റിക് ആണെന്ന് എന്റെ വായനയില്‍ തോന്നിയതുകൊണ്ടാണ്‌. 'ഡില്‍ഡോ'യുടെ ആഖ്യാനഘടന എന്നെ ഓര്‍മ്മിപ്പിക്കുന്നത്, സങ്കീര്‍ണ്ണമെന്നു വിളിക്കാവുന്ന ആഖ്യാനരീതി പിന്തുടരുന്ന Guillermo Arriaga-യുടെ തിരക്കഥകളെയും ഈ തിരക്കഥകളുപയോഗിച്ച് ഈ പതിറ്റാണ്ടിലെ ശ്രദ്ധേയങ്ങളായ ചില സിനിമകളൊരുക്കിയ Alejandro González Iñárritu-വിന്റെ സിനിമകളെയുമാണ്‌.

രേഖീയമായ ക്ലാസ്സിക് ആഖ്യാനശൈലിയോടുള്ള കലഹങ്ങള്‍, സിനിമയില്‍ ആദ്യം കണ്ടത് കുറോസവയില്‍ ആയിരിക്കണം (റാഷോമോണ്‍). ഒരു ശൈലിയെയും അഘോഷിക്കാന്‍ ശ്രമിക്കാതിരുന്ന അദ്ദേഹം ഈ പുതിയ സങ്കേതത്തില്‍ തങ്ങി നിന്നില്ല. ഈ സങ്കേതത്തെ ഒരു പ്രസ്ഥാനമാക്കാന്‍ ശ്രമിച്ചത് ഗൊദാര്‍ദ് ആയിരുന്നു. എന്നാല്‍, നാടകീയതയെ അവഗണിച്ച ഗൊദാര്‍ദിന്‌ എല്ലാ തലങ്ങളിലുമുള്ള പ്രേക്ഷകരെ സ്വാധീനിക്കാനായില്ല. പോപ്പുലര്‍ സിനിമയില്‍ ഈ സങ്കേതത്തിന്റെ പുനര്‍ജന്മം പിന്നീടു നാം കാണുന്നത്, രേഖീയമായ ആഖ്യാനശൈലി പിന്തുടരുമ്പോഴും, ഡ്രാമാറ്റിക് സാധ്യതകള്‍ക്കായി ആഖ്യാനത്തെ reshuffle ചെയ്യുന്ന, ഗൊദാര്‍ദ്ദീയന്‍ ശൈലിയുടെ ഇളമുറക്കാരനായ, ടരന്റീനോയുടെ പള്‍പ് ഫിക്ഷനിലാണ്‌. 'ഡില്‍ഡോ' പേരുകൊണ്ടു തന്നെ പള്‍പ് ഫിക്ഷനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ വസ്തുതാവിവരണത്തില്‍ കഥാകാരന്‍ പുലര്‍ത്തുന്ന, clinical എന്നു വിശേഷിപ്പിക്കാവുന്ന നിസംഗത ഗൊദാര്‍ദിനെ ഓര്‍മ്മിപ്പിക്കുന്നു. സാധാരണ ആഖ്യാനങ്ങള്‍, മരണങ്ങളെ അവയുടെ നാടകീയമായ ഗരിമ കൊണ്ട് ക്ലൈമാക്സിലേക്കായി മാറ്റിവെയ്ക്കുമ്പോള്‍, ഡില്‍ഡോ തുടങ്ങുന്നത് മരിച്ചവരുടെ ലിസ്റ്റ് നമുക്ക് തന്നുകൊണ്ടാണ്‌. മരിച്ചവരാണു പിന്നീടു കഥകള്‍ പറയുന്നത് (അതെ റാഷോമോണ്‍ പിന്നെയും ഓര്‍മ്മ വരുന്നു). ഇനാരിട്ടുവിന്റെ സിനിമകളിലേതു പോലെ കഥാപാത്രങ്ങളും സംഭവങ്ങളുമായുള്ള, അപ്രതീക്ഷിതമെന്നോ അവിചാരിതമെന്നോ വിശേഷിപ്പിക്കാവുന്ന ബന്ധങ്ങളാണ്‌ ഡില്‍ഡോയുടെ വായനയിലെ ത്രസിപ്പിക്കുന്ന നാടകീയത. ഒരു കഥാപാത്രമാകട്ടെ, ഒരു കെട്ടിടത്തില്‍ നിന്നും മരണത്തിലേക്കുള്ള ചാട്ടത്തിന്റെ സമയം നല്‍കുന്ന ഇടവേളയിലാണു തലകീഴായി തന്റെ ജീവിതം പറയുന്നത്. സമാനമായ ഒന്നു സിനിമയില്‍ കാണുന്നത് ദേവദാസ് ഡില്‍ഡോ എഴുതി ഒരു വര്‍ഷമെങ്കിലും കഴിഞ്ഞു പുറത്തു വന്ന 99 Francs (സംവിധാനം-യാന്‍ കോനന്‍) എന്ന ഫ്രെഞ്ച് സിനിമയില്‍. ഒരു കഥാപാത്രത്തിന്റെ രതിരീതികളെ അമേലി എന്ന ഫ്രെഞ്ച് സിനിമയുമായി നേരിട്ടു ബന്ധപ്പെടുത്തുന്നുമുണ്ട് കഥാകാരന്‍.

ഇനാരിറ്റുവിന്റെ സിനിമകളിലെന്നതുപോലെ പരസ്പരം ബന്ധിക്കപ്പെട്ട മാനുഷികാവസ്ഥകളുടെ, സംഭവങ്ങളുടെ ഒരു വല നെയ്തെടുക്കുകയാണ് ദേവദാസും ചെയ്യുന്നത്; ഈ വലയിലെ ഓരോ കണ്ണികളുമാകട്ടെ, മരണങ്ങളും. അന്യവത്കരണത്തിന്റേതായ ഉപരിതല യഥാർത്ഥ്യങ്ങളുമായി നിരന്തരം സമരത്തിലേർപ്പെട്ടുകൊണ്ട്, നമ്മുടെ മാനുഷികതാ-ബോധ(humanist sensibility)ങ്ങളെ രൂപപ്പെടുത്തുന്ന, അപ്രതീക്ഷിതങ്ങളായ, അസ്ഥിത്വമാനങ്ങളുള്ള ചില കണ്ടുമുട്ടലുകളുടെ ഉള്ളറിവുകളാണ് ‘ഡിൽഡോ’. നമ്മുടെയൊക്കെ അസ്തിത്വത്തിനു തെളിവു തന്നെ ഇങ്ങനെ ‘അന്യനു’മായുള്ള ചില ഏറ്റുമുട്ടലുകളാണല്ലോ. നാമോരോരുത്തരും മറ്റൊരുവനെ സംബന്ധിച്ചിടത്തോളം ‘അന്യനാ’ണെന്ന തിരിച്ചറിവ് അന്യവത്കരണത്തിന്റെ ഈ കാലത്ത്, നമ്മുടെ സമൂഹത്തിന്റെ ethical future-നു തന്നെ ആവശ്യമാണെന്നു വരുന്നു. ‘ഡിൽഡോ’യിലെ ഓരോ ആഖ്യാനങ്ങളും നമ്മോടു പറയുന്നത്, ഒന്നും-വ്യക്തികളുംസംഭവങ്ങളും മരണങ്ങളും ഒന്നും-ഒറ്റനോട്ടത്തിൽ കാണപ്പെടുന്നതു പോലെയല്ല എന്നാണ്; (Nothing is what it seems എന്നത് The Illusionist എന്ന സിനിമയുടെ ടാഗ് ലൈൻ ആയിരുന്നല്ലോ !).

ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന ദേവദാസ് വി.എം. ന്റെ നോവല്‍ 8 ആഗസ്റ്റ് 2009 രാവിലെ 10 മണിക്ക് തൃശൂരില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നു. മലയാള ഭാഷയെയും അതിലുള്ള സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മേതില്‍ രാധാകൃഷ്ണനും കവര്‍ഡിസന്‍ ചെയ്തിരിക്കുന്നത് ഉന്മേഷ് ദസ്തക്കിറുമാണ്. 65 രൂപയാണ് ഒരു കോപ്പിയുടെ വില. പുസ്തകത്തിന്റെ കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

വാൽ‌ക്കഷ്ണം: പുസ്തകത്തിന്റെ പേരും ദേവദാസിന്റെ ഊശാന്താടിയുമൊക്കെ കണ്ടിട്ട് ഇതൊരു ‘ബുജി’ പുസ്തകമാണെന്നു നിങ്ങൾ ധരിക്കുന്നുവെങ്കിൽ, ഇത് വായിക്കാതിരിക്കുന്നത് വലിയ നഷ്ടമായിരിക്കുമെന്ന് ഓർമ്മപ്പെടുത്തട്ടെ. ഇനി നിങ്ങളൊരു ‘ബുജി’യാണെങ്കിൽ, നിങ്ങൾക്കു വേണ്ടതും ചിലതൊക്കെ ഈ പുസ്തകത്തിലുമുണ്ട്, വസ്തുതാവിവരണത്തിന്റെ രൂപത്തിലാണെന്നു മാത്രം...:)

(അവസാനത്തെ ഖണ്ഡിക പൂർണ്ണമായും ലാപുട ബ്ലോഗിൽ നിന്നും അടിച്ചുമാറ്റിയതായതിനാൽ, വിനോദിനോടു കടപ്പാട്.)

8 comments:

Suraj said...

ങാഹാ അതിനെടയ്ക്ക് സിനിമാറ്റിക്കായി അപഗ്രഥിച്ചുകഴിഞ്ഞോ. ഇനി മെഡിക്കലായി ഞാനും നോക്കട്ട് ;)

മൂര്‍ത്തി said...

ഞാനിപ്പോള്‍ എന്ത് ചെയ്യും എന്നതാണ് എന്റെ പ്രശ്നം..:)

അനിലൻ said...

വളരെ നന്നായിരിക്കുന്നു റോബി.

എല്ലാവരും കൂടി അവന്റെ താടി കളയുമോ! :)

വികടശിരോമണി said...

ബുജികൾക്കും വാങ്ങാം,ബുജിയല്ലാത്തവർക്കും വാങ്ങാം.അപ്പൊ ബുജിയാണോ അല്ലയോ എന്ന സ്വത്വപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ആളാണെങ്കിലോ?:)
നന്നായി റോബി.

Calvin H said...

അപരാജിതോയിലെ അപർണയുടെ മരണമാണെന്നു തോന്നുന്നു എന്നെ ഏറ്റവും പിടിച്ചുലച്ചത്.

ഓടോ:
ബുജി ആവണം ആവണം എന്നു കരുതി കുറെക്കാലം നടന്നിട്ട് അവസാനം അതിനായി ബുജികളെ ചെന്നു കണ്ടപ്പോൾ അവരു പറയാ ബുജിയാവാൻ ബുദ്ധി വേണം എന്ന്! വൃത്തികെട്ടവന്മാർ. അവരോട് പോയി പണി നോക്കാൻ പറഞ്ഞു. ഫ്രഞ്ചു താടി വെക്കാം ന്നു കരുതിയിട്ട് അതും ശരിക്കു വളരുന്നില്ല...

deepdowne said...

റോബി, എഴുത്ത് വലിയ ഇഷ്ടമായി :) വളരെ നന്നായിരിക്കുന്നു!

കെ said...

ഡില്‍ഡോയെക്കുറിച്ച് ഒരൊളിയെമ്പു കൂടി എഴുതിച്ചേ അടങ്ങൂവല്ലേ..... സിപിഎമ്മിലെ വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ ഡില്‍ഡോയെ അപഗ്രഥിക്കാം... ഏതായാലും പുസ്തകമൊന്നു കയ്യില്‍ കിട്ടട്ടേ............

ദേവദാസെന്താ അടൂരിനു പഠിക്കുകയാണോ......... പുസ്തകമിറങ്ങുന്നതിനു മുമ്പു തന്നെ എന്തോരം നിരൂപണങ്ങളാ...............

ഗൗരിനാഥന്‍ said...

sariyanu chila kathapathrangalan nammale kooduthal karayikkukka...

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.