Friday, July 24, 2009

ബ്ലെസ്സിയുടെ ചലച്ചിത്രങ്ങളെക്കുറിച്ച്

ഭ്രമരത്തെക്കുറിച്ച് വെള്ളെഴുത്ത് എഴുതിയിരിക്കുന്നു. അവിടെയിട്ട ഒരു കമന്റില്‍, ബ്ലെസ്സിയുടേത് പ്രീച്ചിംഗ് മൂവിയാണെന്ന ഒരു ഒഴുക്കന്‍ അഭിപ്രായത്തിനു ഹരീ വിശദീകരണം ചോദിച്ചിരിക്കുന്നു. മറുപടിയായി എഴുതിയപ്പോള്‍ കുറെ നീണ്ടു. പിന്നെ, അത് ഇവിടെ എന്റെ കുഴിമാടത്തില്‍ ഇട്ടേക്കാം എന്നു കരുതി.

(എനിക്കു രോഗമുണ്ടെന്നു കരുതുന്ന അനോണികളോട്, ദയവായി എന്നെ ചികിത്സിക്കാനോ, നന്നാക്കാനോ ശ്രമിക്കരുത്. അഭിപ്രായങ്ങള്‍(ass hole) എല്ലാവര്‍ക്കുമുള്ളതു പോലെ എനിക്കുമുണ്ട്. അതാരെയും നന്നാക്കാനോ തിരുത്താനോ ഉദ്ദേശിച്ചുള്ളതല്ല. എന്റെ അഭിപ്രായങ്ങളില്‍ തെറ്റുണ്ടെന്ന്, കാര്യകാരണസഹിതം വിശദീകരിച്ചാല്‍ തിരുത്താം. ലോകസിനിമ പോയിട്ട്, കുറച്ച് രോമങ്ങളും രാവിലെ തേച്ച ഡിയോഡോറന്റിന്റെ മണവുമല്ലാതെ, ആരുടെയും ഒന്നും എന്റെ കക്ഷത്തിലില്ല.)

മലയാളത്തിലെ മുഖ്യധാരാ ചലചിത്ര പ്രേക്ഷകര്‍ക്കിടയില്‍ പത്മരാജന്‍ എന്ന ബിംബത്തിന്റെ പ്രാധാന്യം എല്ലാവരെയുമെന്നപോലെ ബ്ലെസ്സിയും മനസ്സിലാക്കിയിരുന്നതു കൊണ്ട്, പത്മരാജന്റെ ശിഷ്യന്‍ എന്ന അവകാശവാദത്തോടെയാണു ബ്ലെസിയുടെ സംവിധായകന്-കരിയര്‍ ആരംഭിക്കുന്നത്. പക്ഷെ, ബ്ലെസിയ്ക്ക് പത്മരാജനുമായുള്ള സാമ്യം എന്താണ്‌? കഥാപാത്രസൃഷ്ടിയിലും പ്രമേയങ്ങളിലുമെല്ലാം മലയാള ചലചിത്രങ്ങളുടെ കീഴ്‌വഴക്കങ്ങളെ, കൊമേഴ്‌സ്യല്‍ ചലചിത്രങ്ങളുടെ ചിട്ടവട്ടങ്ങളില്‍ നിന്നുകൊണ്ടു തന്നെ പൊളിച്ചെഴുതാന്‍ ശ്രമിച്ച സംവിധായകനായിരുന്നു പത്മരാജന്‍. കലാപരമായി വിലയിരുത്തുമ്പോള്‍, പത്മരാജന്റേത്, മികച്ചവ അല്ലെങ്കില്‍ കൂടി, സിനിമ എന്ന വിശേഷണത്തിനെങ്കിലും യോഗ്യമായിരുന്നു. എന്നാല്‍ ബ്ലെസിയുടെ ചലചിത്രങ്ങളെ, സിനിമ എന്നു വിശേഷിപ്പിക്കാനാകില്ല എന്നു മാത്രമല്ല, ആശയപരമായി എന്താണ്‌ അവ സമൂഹത്തിനു നല്കിയിരിക്കുന്നത്? ഇവിടെയാണ്‌, ബ്ലെസിയുടെ ചലചിത്രങ്ങള്‍, പ്രീച്ചിംഗ് മൂവീസ് എന്ന പഴി കേള്‍ക്കുന്നത്.

കാഴ്ച, പളുങ്ക്, തന്മാത്ര എല്ലാം ചില മെസ്സേജുകള്ക്കുവേണ്ടി നിര്‍മ്മിച്ചപോലെയാണ്‌.
കാഴ്ച, ക.ന്യൂസ്, തന്മാത്ര തുടങ്ങിയവ സഹാനുഭൂതി എന്ന വികാരം സഹജീവികളോട് ഉണ്ടായിരിക്കണം എന്ന മെസ്സെജാണു തന്നത്. ഇതില്‍ തന്നെ, കാഴ്ചയും ക.ന്യൂസും നായകനെ ഒരു രക്ഷകന്റെ റോളിലാണു അവതരിപ്പിച്ചിരിക്കുന്നത്. പ്രീച്ചിംഗ്/സുവിശേഷവത്കരണം, രക്ഷകന്‍ എന്ന ബിംബം ഇവയ്ക്ക് സെമിറ്റിക് മതങ്ങളുമായുള്ള ബന്ധം അറിയാമല്ലോ?
(തന്മാത്രയുടെ പബ്ലിസിറ്റി സ്റ്റണ്ടുകളില്‍, കേരളത്തിലെ അല്‍ഷിമേഴ്സ് രോഗികളുടെ കണക്കൊക്കെ ബ്ലെസ്സി പറഞ്ഞു കേട്ടിരുന്നു. അവരോട് സഹാനുഭൂതിയോടെ പെരുമാറാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയാണു പടത്തിന്റെ ഉദ്ദേശ്യമെന്നും പറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ, ചിത്രത്തില്‍ ചിലയിടങ്ങളില്‍, രോഗത്തെക്കുറിച്ചുള്ള ടെക്നിക്കല്‍ വിവരങ്ങളൊക്കെ കുത്തിത്തിരുകി, ഒരു educational film പോലെയാക്കാനും ഇടയ്ക്ക് ശ്രമിച്ചു എന്നു തോന്നി. ഏതായാലും മോഹന്‍ലാല്‍ ആ കഥാപാത്രത്തെ, ഒരു മന്ദബുദ്ധിയായി കണ്ട് അഭിനയിച്ചു തകര്‍ത്തു. അല്‍ഷിമേഴ്സ് എന്നാല്‍ മന്ദബുദ്ധിയാകുന്നതാണെന്നു പ്രേക്ഷകരും മനസ്സിലാക്കി.)

പളുങ്കിനു 25 കൊല്ലം മുന്പ്, കള്ളന്‍ പവിത്രന്‍ (1981) പേരില്‍ ഒരു സിനിമ വന്നിരുന്നു മലയാളത്തില്‍. അതിന്റെ ഒടുക്കം സംവിധായകന്‍ കഥയുടെ ഗുണപാഠം എഴുതിക്കാണിക്കുന്നുണ്ട്. അതേ ഗുണപാഠമാണ്‌ പളുങ്കിനും. 81-ല്‍ കള്ളന്‍ പവിത്രന്‍ കണ്ട സമൂഹമാണ്‌ 2006-ല്‍ പളുങ്ക് കാണുന്നത് എന്നോര്‍മ്മിക്കണം. പളുങ്ക് നല്ലൊരു ചലചിത്രം (ഏതായാലും അതൊരു സിനിമയല്ല) എന്നു വിളിക്കണമെങ്കില്‍ 'കള്ളന്‍ പവിത്ര'നും 15 കൊല്ലം മുന്നെ നമ്മളതു കാണണമായിരുന്നു.

ബ്ലെസിയുടെ ചലച്ചിത്രങ്ങളുടെ ഒരു പൊതുസ്വഭാവം, അവയെല്ലാം, ചില നല്ല മനുഷ്യര്‍ക്കു സംഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ചാണ്‌ എന്നതാണ്‌. ഈ ദുരന്തങ്ങളുടെ കാരണങ്ങള്‍ പലതാവാം. വ്യക്തികളെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി, സംഭവങ്ങളെക്കുറിച്ചു പറയുമ്പോള്‍ രണ്ടിനും മിഴിവു നഷ്ടപ്പെടുന്നു. (കണ്ടിട്ടുള്ള വെറും നാലു സിനിമകള്‍ വെച്ച് പൊതുസ്വഭാവം ആലോചിക്കുന്നതു പോലും അക്രമം തന്നെ.)

ഇത്രയൊക്കെ കുറ്റങ്ങള്‍ പറയുമ്പോഴും, മറ്റു മലയാള ചലച്ചിത്രങ്ങളെ അപേക്ഷിച്ച്, ബ്ലെസിയുടെയും ലാല്‍ജോസിന്റെയുമൊക്കെ ചിത്രങ്ങള്‍ക്ക് ചുരുങ്ങിയത്, കണ്ടിരിക്കാം എന്ന ഗുണമെങ്കിലുമുണ്ട്, എന്നു സമ്മതിക്കാതെ വയ്യ. അതില്‍ ബ്ലെസിയുടേത് സാങ്കേതികമായി വളരെ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ, വെറുതെ കണ്ടിരിക്കാനുള്ളതാണോ സിനിമ?

ഇനി, 25 വര്‍ഷമായി മലയാള ചലചിത്രങ്ങള്‍ കണ്ടിട്ടില്ലാത്ത, ഭാഷ അറിയാവുന്ന ഒരാളെ, സിബി മലയില്‍ തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ സംവിധാനം ചെയ്ത ചലച്ചിത്രങ്ങള്‍, കന്മദം പോലെയുള്ള ലോഹിതദാസിന്റെ ചലച്ചിത്രങ്ങള്‍, കമല്‍ തൊണ്ണൂറുകളില്‍ ചെയ്ത ചലച്ചിത്രങ്ങള്‍, ലാല്‍ ജോസിന്റെ ചലച്ചിത്രങ്ങള്‍, ബ്ലെസിയുടെ ചലച്ചിത്രങ്ങള്‍ എന്നിവ കാണിച്ചു നോക്കൂ. അതിന്റെയൊക്കെ സംവിധായകനെ തിരിച്ചറിയാന്‍ അയാള്‍ നന്നെ പാടുപെടേണ്ടി വരും....ഇവരുടെയൊക്കെ കൈയൊപ്പ് ഒരുപോലെ ആയതെങ്ങനെയായിരിക്കും?

എനിക്കു തോന്നുന്നു ഭരതനാണ്‌ ഇവിടെ പ്രതിയെന്ന്...

14 comments:

ലിനേഷ് നാരായണൻ said...
This comment has been removed by the author.
Calvin H said...

പദ്മരാജൻ നമ്പർ ടൂ എന്നു സ്വയം വിളിക്കുന്ന രഞിത്തിനേയും ലിസ്റ്റിൽ ഇടാം..

കാഴ്ച്കക്കും , കാഴ്ചയിലെ മമ്മൂട്ടിയുടെ സ്കൂൾ കുട്ടികൾ നാടകത്തിൽ അഭിനയിക്കും പോലെയുള്ള അഭിനയത്തിനും നാഷനൽ അവാർഡ് ലഭിക്കാത്തതിനു ടി.വി.യിൽ നിർത്താതെ വിലപിച്ച കമലിനെയും സിബിയെയും കണ്ടപ്പോൾ “കഷ്ടം!“ എന്നു പറയണം എന്നു തോന്നിയിട്ടുണ്ട്. ബ്ലസി എന്തോ മാരകസിനിമകൾ എടുക്കുന്നു, മമ്മൂട്ടിക്കും മോഹൻലാലിനും നല്ല കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊടുക്കുന്നു എന്നൊക്കെ ഒരു തെറ്റിദ്ധാരണ പ്രേക്ഷകരിൽ പടർന്നിട്ടുണ്ട്

ജിവി/JiVi said...

ബ്ലസ്സിയുടെ എല്ലാ പടങ്ങളും മനുഷ്യന്റെ ബുദ്ധിയെ പരിഹസിക്കുന്നതാണ്. ഇദ്ദേഹം ഇത്രയും വാഴ്ത്തപ്പെടുന്നത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ല.

ഗുപ്തന്‍ said...

കാഴ്ചയും തന്മാത്രയും ഒഴികെ ബ്ലെസി ചിത്രങ്ങള്‍ കണ്ടിട്ടില്ലാത്തതുകൊണ്ട് കാര്യമായൊന്നും പറയാനില്ല. പക്ഷെ രണ്ടുവര്‍ഷം ഒരു അല്‍‌ഷൈമര്‍ രോഗിയുടെ കൂടെ ജീവിച്ചതുകൊണ്ട് മോഹന്‍ലാല്‍ തന്മാത്രിച്ചതിനെക്കുറിച്ചു പറഞ്ഞതിന് ഒരു ഷേക്ക് ഹാന്‍ഡ്.

ഒള്ളതു പറഞ്ഞാല്‍ സിബി-കമല്‍- ലോഹി ലൈനില്‍ പടം കാണുന്നതിനെക്കാള്‍ നല്ലത് സുരേഷ്ഗോപിയുടെ ഇടിപ്പടം കാണുന്നതാണെന്ന് തോന്നിയിട്ടുണ്ട്. ഒന്നുമല്ലെങ്കില്‍ ധാര്‍മികരോഷം ഞെളിപിരികൊണ്ട് തീര്‍ക്കാമല്ലോ. (അതിനേക്കാള്‍ നല്ലത് ഷക്കീലപ്പടം കാണുന്നതാണ്, മറ്റെന്തെങ്കിലും തീര്‍ക്കാല്ലോ എന്ന് ആരെങ്കിലും പറഞ്ഞാല്‍ വിയോജിപ്പില്ല. അതിന്റെ ആവശ്യം വന്നിട്ടില്ലാന്നേയുള്ളു..സ്വാറി)

Calvin H said...

കച്ചവടസിനിമയെന്ന് സ്വയം അംഗീകരിച്ചു കൊണ്ട് ഇതു ഒരു എന്റർടെയിന്റ്മെന്റ് പാക്കേജ് ആണെന്ന് പ്രഖ്യാപിക്കുന്ന സിനിമകളെ അംഗീകരിക്കുന്നതിൽ തെറ്റില്ലെ ഗുപ്തരേ. സുരേഷ് ഗോപി ഇടിപ്പടമായാലും ഷക്കീലപ്പടമായാലും ശരി. പൂട്ടാറായ സെക്കന്റ് ക്ലാസ് തിയെറ്ററുകൾ ഒരു കാലത്ത് പിടിച്ചു നിന്നത് പോസ്റ്ററിൽ ഷക്കീലയുടെ പടമുള്ള ചിത്രങ്ങൾ ഉള്ളത് കൊണ്ടാണ്.

നല്ല സിനിമയെന്ന ലേബൽ സ്വയം അണിഞ്ഞു വരുന്ന പൊള്ളയായ സിനിമകൾ (ഉദാ: നന്ദനം, ഒരേ കടൽ, കാഴ്ച, കൈയൊപ്പ് - ഇതിൽ നന്ദനം പോലുള്ളവ പ്രതിലോമകരമായ രാഷ്ട്രീയം കൂടി ഉള്ളവയാണ്) തള്ളിപ്പറയാൻ ഉള്ള ആർജ്ജവവും ബോധവുമാണ് മലയാളസിനിമയിൽ ഉണ്ടാവേണ്ടത്.

റ്റ്വെന്റി-റ്റ്വെന്റിയേക്കാൾ മലയാളിയുടെ ആസ്വാദനശേഷിയെ വളരാൻ അനുവദിക്കാതെ തളച്ചിടുന്നത് ഇത്തരം സ്യൂഡോ-ആർട് സിനിമകൾ ആണ്.

ഓഫാണോ എന്നറിയില്ല എന്നാലും :
പ്രീചിംഗ് സ്വഭാവം ഉള്ള ചില നല്ല സിനിമകൾ ഉണ്ടായിട്ടുണ്ട്.
ഉദാ - ജോ ജീതാ വൊഹീ സികന്ദർ

Haree said...

• മെസേജ് നല്‍കുന്നതിനായി ചിത്രം നിര്‍മ്മിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നില്ല. പക്ഷെ ലേബലൊട്ടിച്ചും, ഡയലോഗില്‍ തിരുകിയുമാവരുത് മെസേജുകള്‍. ബ്ലെസിയുടെ ചിത്രങ്ങള്‍ ആ ലൈനില്‍ മെസേജ് നല്‍കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ചിത്രം കണ്ടുകഴിയുമ്പോള്‍ ഇങ്ങിനെയൊരു സന്ദേശം ചിത്രം നല്‍കുന്നതായി തോന്നുന്നെങ്കില്‍ അതില്‍ തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല.
• ആല്‍‌ഷിമേഴ്സ് വന്ന രോഗികളെങ്ങിനെ പെരുമാറുമെന്നത് ഓരോ രോഗിയിലും വ്യത്യാസപ്പെടും എന്നാണ് എന്റെയറിവ്. (മോഹന്‍ലാലിന്റെ അച്ഛന് ഈ അസുഖമുണ്ടായിരുന്നു എന്നും കേട്ടറിവുണ്ട്.) അതുകൊണ്ട് മോഹന്‍ലാലിന്റെ തന്മാത്രയിലെ അഭിനയം അല്‍‌ഷിമേഴ്സ് രോഗിക്കു ചേരുന്നതായില്ല എന്നെനിക്ക് അഭിപ്രായമില്ല. മന്ദബുദ്ധി എന്നും എനിക്കു തോന്നിയില്ല. (നാവു കുഴച്ചാല്‍ മന്ദബുദ്ധിയായി എന്നാണെങ്കില്‍ പിന്നൊന്നും പറയുവാനില്ല.) (‘ബ്ലാക്കി’ലെ അമിതാഭിന്റെ അഭിനയമാണ് എനിക്കു കൂടുതല്‍ ഇഷ്ടമായത് എന്നു കൂടിയുണ്ട്.)
• നാലു പടങ്ങള്‍വെച്ച് പൊതുസ്വഭാവം അളക്കുന്നത് അക്രമമാണ്, ഒഴുക്കന്‍ അഭിപ്രായമായിരുന്നു; ഇവയോട് യോജിക്കുന്നു. :-)
• സഹാനുഭൂതി, നായകനിലെ രക്ഷകന്‍; ഇവയൊക്കെ ബ്ലെസി ചിത്രങ്ങളില്‍ മാത്രം കാണുന്നതാണോ? അങ്ങിനെയെങ്കില്‍ പ്രീച്ചിംഗ് വിഭാഗത്തില്‍ വരാത്ത ചിത്രങ്ങള്‍, ലോകത്താകമാനം എടുത്താല്‍ തന്നെ അധികമുണ്ടാവുമെന്നു തോന്നുന്നില്ല.
--

വെള്ളെഴുത്ത് said...

തന്മാത്ര വന്നപ്പോള്‍ എന്തു കൊണ്ട് ബ്ലാക്ക് ഒഴിവായിപ്പോയി എന്നാലോചിക്കുകയായിരുന്നു ഞാന്‍, ബ്ലെസ്സി സമ്മതിച്ചാലും ഇല്ലെങ്കിലും ബ്ലാക്കിന്റെ സ്വാധീനം തന്മാത്രയ്ക്കുണ്ട്..ഹെലെന്‍ കെല്ലെറുടെ കഥയ്ക്ക് ലഭിക്കുന്ന ദാര്‍ശനികമായ മാനം ബ്ലാക്കിനു ലഭിച്ചില്ലെന്ന പഴി കേട്ടിട്ടുണ്ട്.രോഗത്തെ അതിയായി കാല്‍പ്പനിക വത്കരിച്ചതിനാല്‍. അപ്പോള്‍ അതിനെ ആശ്രയിച്ച തന്മാത്രയ്ക്ക് സത്തിന്റെയും സത്തല്ലാതെ..എന്തുകൊണ്ടോ കാഴ്ചയില്‍ ഒരു ലാളിത്യമുണ്ടായിരുന്നു.. പിന്നെ ‘പടിയിറങ്ങി വരുന്ന ഫിലിം റോളുകള്‍‘ പോലുള്ള ദൃശ്യങ്ങള്‍...

Roby said...

സഹാനുഭൂതി, നായകനിലെ രക്ഷകന്‍; ഇവയൊക്കെ ബ്ലെസി ചിത്രങ്ങളില്‍ മാത്രം കാണുന്നതാണോ? അങ്ങിനെയെങ്കില്‍ പ്രീച്ചിംഗ് വിഭാഗത്തില്‍ വരാത്ത ചിത്രങ്ങള്‍, ലോകത്താകമാനം എടുത്താല്‍ തന്നെ അധികമുണ്ടാവുമെന്നു തോന്നുന്നില്ല.

സാധാരണ ഇന്ത്യന്‍ സിനിമകളുലാണ്‌ ഈ രക്ഷകബിംബം, നായകനില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കപ്പെടുന്നത് എന്നു തോന്നിയിട്ടുണ്ട്. അതില്‍ത്തന്നെ, ബ്ലെസ്സിയുടെ നായകന്മാര്‍ മറ്റു നായകന്മാരില്‍ നിന്നും വ്യത്യസ്ഥമാകുന്നത് ബ്ലെസ്സിയുടേത് സെമിറ്റിക് നായകന്മാരാണെന്നതിലാണ്‌.

വ്യക്തമാക്കാം. സാധാരണ, നായകന്മാരുടെ രക്ഷാകര്‍മ്മം, അവരുടെ ശത്രു നിഗ്രഹവുമായി ബന്ധപ്പെട്ടതാണ്‌. അതായത്, ദുഷ്ടന്മാരെ നിഗ്രഹിക്കാന്‍ അവതാരമെടുക്കുന്ന ദൈവത്തെപ്പോലെയാണ്‌ നായകന്മാര്‍. അവതാരകഥകള്‍ക്കും പുരാണങ്ങള്‍ക്കും നമ്മുടെ സമൂഹത്തിലുള്ള സ്വാധീനമാകാം ഇത്തരം നായകന്മാര്‍ ആവര്‍ത്തിച്ചുണ്ടാക്കപ്പെടുന്നതിനു ഒരു കാരണം.

എന്നാല്‍ ബ്ലെസിയുടെ നായകനിലെ രക്ഷകന്‍ ശത്രുനിഗ്രഹം ചെയ്യുന്നവനല്ല. ജീസസ്, മോസസ് എന്നീ സെമിറ്റിക് രക്ഷകന്മാരെപ്പോലെ രക്ഷാകര കര്‍മ്മം മാത്രം ചെയ്യുന്നവരാണ്‌.

ഹോളിവുഡില്‍ രക്ഷകന്മാര്‍ സൂപ്പര്‍ ഹീറോകളാണ്‌(spiderman, hell boy, superman etc). അല്ലെങ്കില്‍ അച്ഛന്‍/പോലീസ് എന്നിങ്ങനെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തുള്ളവരാണ്‌(Taken, Die hard, bond).

ഇനി യൂറോപ്പ്, ലാറ്റിനമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ കൊമേഴ്സ്യല്‍ സിനിമകളിലും രക്ഷകന്മാരാകുന്നവര്‍ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തുള്ളവരും അധികവും അന്ത്യത്തില്‍ പരാജയപ്പെടുന്നവരും(മരണം, നിയമത്തിനു കീഴടങ്ങല്‍) ആയിരിക്കും. ഇവിടങ്ങളില്‍ നിന്നൊക്കെയുള്ള കൊമേഴ്സ്യല്‍ സിനിമകള്‍ കുറെയൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇന്ത്യയിലെപ്പോലെ ഹീറോ സ്വഭാവത്തില്‍ ഊന്നിയുള്ള സിനിമകള്‍ കണ്ടിട്ടില്ല. western സിനിമകളും സാമുറായ് സിനിമകളും വേറെ വിഷയം. അതെല്ലാം കൂടെ എഴുതാന്‍ വേറെ പോസ്റ്റു വേണ്ടി വരുമല്ലോ.

ബ്ലെസ്സിയുടെ പ്രീച്ചിംഗിന്റെ പ്രശ്നം അതു വളരെ obvious ആണെന്നതാണ്‌. മെസേജുള്ള സിനിമകള്‍ ഉണ്ട്. ഭൂരിഭാഗം സിനിമകളും മെസേജുള്ളവയാണോ...അറിയില്ല, തോന്നുന്നില്ല.

വെള്ളേ, ബ്ലാക്ക് ഞാന്‍ 15-20 മിനിറ്റോളമേ കണ്ടുള്ളൂ. അരോചകമായി തോന്നിയതിനാല്‍ നിര്‍ത്തി. അതുകൊണ്ട് കമ്പാരിസണില്ല. ബ്ലാക്ക് തന്നെ മിറക്കിള്‍ വര്‍ക്കര്‍ എന്ന പഴയ ഹോളിവുഡ്(?) ചിത്രത്തെ ആശ്രയിച്ചുള്ളതാണെന്നു കേട്ടിട്ടുണ്ട്.

JAYAKRISHNAN said...

Mohanlal in Thanmathra - I too fell that he was enacting a mentaly retarded person, not an Alzheimer's patient. Alzheimer's patients, I have seen a few, their basic facial expressions are restlessness, confusion, doubt and anger, not the innocence of a mentaly retaded person. There may be exceptions, I dont know. oru vaadathinu vendi angane aayikkode ennu chodikkam....but ente abhiprayamaanu...manju warrier nalla nadi alla enna abhiprayamaanu enikk. athu parayumpo bhooripaksham aalkaarum enne thallunnilla enneyullu. athupole aanu njaan mohanlalinte very acclaimed aaya thanmathrayile abhinayathe patti ente abhiprayam paraympozum. ivide aadyamaayi oru similar abhiprayam kandappo santhosham thonnunnu. Ethu koothara padathilaayalum Albhuthathode Aadaravode kandirunna mohanlalinte abhinayathe patti njaan abhiprayam parayunnu...allenkil parayendi varunnu....njaan valarnnathaano...addeham cheruthaayathaano....?

Roby said...

ജയകൃഷ്ണാ സെയിം പിച്ച്...:)

മേനെ ഗാന്ധി കൊ നഹി മാരാ എന്ന ചിത്രത്തില്‍ അനുപം ഖേര്‍ ഒരു അല്‍ഷിമേഴ്‌സ് രോഗിയെ അവതരിപ്പിക്കുന്നുണ്ട്. അതു കുറച്ചുകൂടെ റിയലിസ്റ്റിക്കായി എനിക്കു തോന്നിയിരുന്നു. ഇങ്ങനെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മെത്തേഡ് ആക്‌ടേഴ്സിനാണു കഴിയുക. മോഹന്‍ലാല്‍ മെത്തേഡ് ആക്ടര്‍ അല്ലല്ലോ.

മഞ്ജു വാര്യര്‍ നല്ല നടിയായിരുന്നോ?
ഒന്നാമത് അവര്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടില്ല. അവര്‍ക്കു നല്ല സിനിമകളില്‍ അഭിനയിക്കാന്‍ അവസരവും കിട്ടിയിട്ടില്ല.

നമ്മള്‍ അഭിപ്രായം പറയുന്നത് നമ്മള്‍ വലുതായതുകൊണ്ടോ അവര്‍ ചെറുതായതുകൊണ്ടോ ഒന്നുമല്ല, നമുക്ക് അഭിപ്രായങ്ങള്‍ ഉണ്ട് എന്നതുകൊണ്ടു മാത്രമല്ലേ...:)

Joker said...

I agree with u.

Anoop said...

ബ്ലെസ്സിയെക്കുറിച്ചു പറഞ്ഞതിനോട് യോജിക്കാതെ വയ്യ .. അദ്ദേഹത്തിന്റെ ഒറിജിനാലിറ്റിയെയുമ് സംശയിക്കാം ... "കാഴ്ച"ക്ക് "bashu the little stranger" -ഉം ആയി സാമ്യമില്ലേ? "Main ne Gandhi ko nahin maara" കണ്ടപ്പോള്‍ "തന്മാത്ര" ഓര്മ വന്നു . ഇതില്‍ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം , മറ്റേതില്‍ അച്ഛനും മകനും ... കോപ്പിയടി എന്ന് പറയാന്‍ പറ്റില്ല, inspiration ആവാന്‍ സാധ്യതയുണ്ട് .. പ്രചോദനം ഉള്‍കൊണ്ട് തന്റേതായ കഥ പറയുകയായിരിക്കണം ബ്ലെസി ചെയ്തത് ...

"ഭ്രമര"ത്തിനു പിയേര്‍സ് ബ്രോസ്നാന്‍ അഭിനയിച്ച Butterfly on a wheel - ഉം ആയി സാമ്യമുണ്ട്‌ എന്ന് അര്‍ജുന്‍ കൃഷ്ണയുടെ ബ്ലോഗില്‍ വായിച്ചു ..

Away from Her- ഇല്‍ Alzheimer's രോഗിയായുള്ള ജൂലി ക്രിസ്ടിയുടെ അഭിനയം ലാലിന്റെതിനേക്കാള് ഹൃദ്യമായി തോന്നി ..

@കാല്‍വിന്‍
നന്ദനത്തിലെ പ്രതിലോമ രാഷ്ട്രീയം പിടികിട്ടിയില്ല ... ഒരു സാധാരണ പൈങ്കിളി കഥ പോലെ ആയിരുന്നില്ലേ അത് .. "നഖക്ഷതങ്ങള്‍ "ക്ക് ഒരു ഹാപ്പി എന്ടിംഗ് നല്കിയതാവാം, പൂന്താനം നമ്പൂതിരിയുടെ ഐതിഹ്യ കഥ ഉപയോഗിച്ച് ... പാട്ടുകളൊക്കെ കിടിലന്‍ ആയിരുന്നു ..

അനൂപ് :: anoop said...

പ്രീചിംഗ് മൂവി എന്ന് എനിയ്ക്ക് തോന്നുന്നത്, നേരത്തെ ഹരി പറഞ്ഞത് തന്നെയാണ്.ഒരു സന്ദേശം ഉണ്ട് എന്നത് ഒരു ശക്തി തന്നെയാണ്. അതു ആ പഴയ ചോദ്യത്തിലേയ്ക്ക് - സിനിമ എന്നതിന്റെ ധര്‍മ്മം (അങ്ങനെ ഉണ്ടെങ്കില്‍) എന്തൊക്കയാണ്‌ എന്ന് വരുന്നു. കാഴ്ച തന്നെയാണ്‌ ഈ കൂട്ടത്തില്‍ മികച്ചത് - നന്മയും സഹാനുഭൂതിയും വേണം എന്ന് ശക്തമായിത്തന്നെ പറയുന്നു, അതൊക്കെ എന്താ അത്ര മോശമാണൊ?

അനൂപ് :: anoop said...

റോബി, 'തലപ്പാവ്' കണ്ടില്ലെ? അടുത്തകാലത്ത് കണ്ടതില്‍ വളരെ ശക്തമായ ഒരു ആവിഷ്കാരം. കൂടുതല്‍ ഇവിടെ:

http://arangu.blogspot.com/2009/03/blog-post.html

പിന്നെ, ചിലപ്പൊഴൊക്കെ ഒരു ജാടയുമില്ലാതെ വരുന്ന കമേഴ്സ്യല്‍ പടങ്ങള്‍ ആണ്‌ കുറെക്കൂടെ ആസ്വദിക്കാന്‍ കഴിയുന്

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.