Saturday, March 29, 2008

ആദവും ഹവ്വയും: ചില ശാസ്ത്രചിന്തകള്‍

ബൈബിളില്‍ പറയുന്ന ആദത്തിന്റെയും ഹവ്വയുടെയും കഥ ഏറെപേര്‍ക്കും അറിയാമെന്നു തോന്നുന്നു. അടുത്തിടെ ഉണ്ടായ ചില ശാസ്ത്രീയ കണ്ടെത്തലുകള്‍ ഇന്നുള്ള എല്ലാമനുഷ്യരുടെയും പൊതുവായ പൂര്‍വികരെക്കുറിച്ച്‌ ചില പുതിയ അറിവുകള്‍ നല്‍കുന്നുണ്ട്‌.
ഡിസ്ക്ലൈമര്‍: ഇത്‌ വളരെ വിശദമായ ഒരു ലേഖനമല്ല. കൂടുതല്‍ വായനയും പഠനവും നിങ്ങളില്‍ നിന്നും ആവശ്യപ്പെടുന്ന ഒരു സൂചിക മാത്രമാണ്‌. മുഴുവന്‍ വായിക്കുന്നതിന്‌ മുന്‍പ്‌ യുക്തിവാദികളും മുഴുവന്‍ വായിച്ചതിനു ശേഷം വിശ്വാസികളും എന്നെ തല്ലരുത്‌.



മൈറ്റോകോണ്ട്രിയല്‍ ഡി.എന്‍.എ(mtDNA): എല്ലാ ജീവജാലങ്ങളുടെയും മുഖ്യജനിതകവസ്തുവായ നൂക്ലിയര്‍ ഡി.എന്‍.എ-യെക്കുറിച്ച്‌ ഏറെപേര്‍ക്കും അറിയാമെന്നു കരുതുന്നു. ശരീരകോശങ്ങളിലെ പവര്‍ഹസുകളാണ്‌ മൈറ്റൊകോണ്ട്രിയ. തീര്‍ത്തും ആശ്ചര്യകരമെന്നു തോന്നിയേക്കാമെങ്കിലും മൈറ്റോകോണ്ട്രിയക്ക്‌ അവയുടെ സ്വന്തം ഡി.എന്‍.എ ഉണ്ട്‌, മാത്രമല്ല അവ നൂക്ലിയര്‍ ഡി.എന്‍.എയില്‍ നിന്നും തികച്ചും വ്യത്യസ്തവുമാണ്‌. mtDNAയില്‍ ഏകദേശം 16,000 base pairs ഉണ്ട്‌. മനുഷ്യരിലെ mtDNAയുടെ മുഴുവന്‍ സീക്വന്‍സ്‌ ഇവിടെ കാണാം. മിക്കകോശങ്ങളിലും mtDNAയുടെ 500 മുതല്‍ 1000 വരെ കോപ്പികള്‍ ഉണ്ടെന്നതിനാല്‍ ഫോസിലുകളിലും മറ്റും ഇവയെ കണ്ടെത്തുന്നതും വേര്‍തിരിച്ചെടുക്കുന്നതും വളരെ ശ്രമകരമല്ല. മറ്റൊരു പ്രകടമായ വ്യത്യാസം mtDNA പ്രൊകാര്യോട്ടുകളുടെ ഡി.എന്‍.എ പോലെ വൃത്താകൃതിയിലാണ്‌ എന്നതാണ്‌.















നൂക്ലിയര്‍ ഡി.എന്‍.എ മാതാവില്‍ നിന്നും പിതാവില്‍ നിന്നും തുല്യ അളവില്‍ സന്താനത്തിനു ലഭിക്കുമ്പോള്‍ mtDNA മാതാവില്‍ നിന്നും മാത്രമാണ്‌ ലഭിക്കുന്നത്‌. അതായത്‌ നമ്മിലുള്ള മുഴുവന്‍ mtDNAയും അമ്മയില്‍ നിന്നും കിട്ടിയതാണ്‌.



അതിനാല്‍-

ലൈംഗിക പുനരുത്‌പാദനം കാരണം mtDNAയില്‍ മാറ്റമൊന്നും വരുന്നില്ല.


കോശവിഭജനത്തില്‍ സംഭവിക്കുന്ന മ്യൂട്ടേഷന്‍ മാത്രമാണ്‌ മാറ്റങ്ങള്‍ക്കുള്ള സാധ്യത.mtDNAയിലെ Control region-ല്‍ വരുന്ന മ്യൂട്ടേഷനുകള്‍ ഈ ഭാഗം പ്രത്യേകിച്ച്‌ ഒരു പ്രോട്ടീനും കോഡ്‌ ചെയ്യാത്തതിനാല്‍ തിരുത്തപ്പെടുന്നില്ല.


പിന്നീട്‌ അണ്ഡമായി തീരുന്ന female germline കോശങ്ങളിലെ മ്യൂട്ടേഷനുകള്‍ മാത്രമേ സന്താനത്തിലേക്ക്‌ പകര്‍ത്തപ്പെടുന്നുള്ളൂ.



ഓക്സ്‌ഫോഡിലെ Institute od molecular medicine-ലെ ശാസ്ത്രജ്ഞനായ ബ്രയാന്‍ സൈക്‌സ്‌ ഇതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങളെയും ക്രോഡീകരിച്ചിട്ടുണ്ട്‌. ഫോസിലുകളില്‍ നിന്നും mtDNA വേര്‍തിരിച്ചെടുക്കാനും പോളിമെറേസ്‌ ചെയിന്‍ റിയാക്ഷന്‍ വഴി സീക്വന്‍സുകളെ amplify ചെയ്യാനുമുള്ള ഒരു മാര്‍ഗം അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. Control regionലെ മ്യൂട്ടേഷനുകള്‍ പാലിയെന്റോളജിയില്‍ ലഭ്യമായ സ്കെയിലുകളുമായി താരതമ്യം ചെയ്ത്‌ ശരാശരി 10,000 വര്‍ഷത്തില്‍ ഒരു മ്യൂട്ടേഷന്‍ എന്നൊരു നിഗമനത്തിലെത്തി. ഏഷ്യയിലും യൂറോപ്പിലും മിഡില്‍ ഈസ്റ്റിലുമുള്ള വ്യത്യസ്ത ജനസംഖ്യാ ഗ്രൂപ്പുകളില്‍ നിന്നുമുള്ള നൂറുകണക്കിനു വ്യക്തികളില്‍ നിന്നും ശേഖരിച്ച ഡാറ്റ നെറ്റ്‌വര്‍ക്ക്‌ അനാലിസിസിനു വിധേയമാക്കിയപ്പോള്‍ ആകെ ഏഴ്‌ ജെനിറ്റിക്‌ ക്ലസ്റ്ററുകള്‍ ആണ്‌ കാണാന്‍ കഴിഞ്ഞത്‌. ഈ ക്ലസ്റ്ററുകള്‍ ഓരോന്നും രൂപം കൊണ്ടത്‌ 10,000 മുതല്‍ 45,000 വര്‍ഷങ്ങള്‍ക്ക്‌ ഇടയിലായിരുന്നു. അതായത്‌ 45,000 വര്‍ഷങ്ങള്‍ക്ക്‌ പുറകിലേക്ക്‌ വംശവൃക്ഷം (Phylogenetic tree) രൂപപെടുത്തിയെടുക്കുമ്പോള്‍ ഈ ഏഴു ശാഖകളും ഒരു വ്യക്തിയില്‍ കൂടിചേരുന്നതായി കാണാം. ഈ വ്യക്തിക്ക്‌ സൈക്‌സ്‌ നല്‍കിയ പേരാണ്‌ Mitochondrial Eve. ഈ ഹവ്വ ഏകദേശം 1,30,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കിഴക്കന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു.



തെറ്റിദ്ധാരണകള്‍ ഇല്ലാതിരിക്കാനായി ചില വസ്തുതകള്‍ കൂടി കൂട്ടി ചേര്‍ക്കുന്നു.



Mitochondrial Eve-ന്‌ ബൈബിളിലെ ഹവ്വയുമായി ഒരു ബന്ധവുമില്ല.


Mitochondrial Eve നമ്മുടെ Common ancestor അല്ല, Most recent common ancestor ആണ്‌. അതായത്‌ Mitochondrial Eve ആദിമാതാവല്ല. അവര്‍ ജീവിച്ചിരുന്ന സമൂഹത്തില്‍ മറ്റ്‌ സ്ത്രീകള്‍ ഉണ്ടായിരുന്നു, അവര്‍ക്ക്‌ മുന്‍തലമുറകളും. മറ്റാരുടെയും offsprings കാലത്തെ അതിജീവിച്ചില്ല എന്നു മാത്രം.


Mitochondrial Eve ഒരു 'തിയറി' അല്ല, Mathematical fact ആണ്‌.


Y Chromosomal Adam: Y-ക്രോമസോമുകള്‍ പിതാക്കന്മാരില്‍ നിന്നും ആണ്‍മക്കളിലേക്ക്‌ മാത്രം പകര്‍ത്തപ്പെടുന്നതായി നമുക്കറിയാം. Y-ക്രോമസോമുകളെ കേന്ദ്രീകരിച്ച്‌ സമാനമായ ഒരു പഠനം സമാനമായ റിസല്‍ട്ടുകളാണ്‌ നല്‍കുന്നത്‌. ഇന്നുള്ള എല്ലാമനുഷ്യരുടെയും most recent common ancestor ആയ പുരുഷന്‍(Y Chromosomal Adam) ഏകദേശം 40,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കിഴക്കന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. അതായത്‌ Mitochondrial Eve ജീവിച്ചതിന്‌ ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക്‌ ശേഷം. (അവര്‍ തമ്മില്‍ കണ്ടിരിക്കാന്‍ സാധ്യതയൊന്നുമില്ല.)



Cavalli-Sforzaയുടെ ഗവേഷണ സംഘം അല്‍പം കൂടി വിശദമായി മനുഷ്യരുടെ പാരമ്പര്യത്തെക്കുറിച്ച്‌ പഠിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള 51 ജനസംഖ്യാ ഗ്രൂപ്പുകളുടെ പ്രതിനിധികളായി 938 വ്യക്തികളില്‍ നടത്തിയ പഠനം വ്യക്തിഗത പാരമ്പര്യത്തെയും ജനസംഖ്യാഘടനയെയും കുറിച്ച്‌ പുതിയ ഉള്‍കാഴ്ചകള്‍ നല്‍കുന്നു. 2008 ഫെബ്രുവരിയിലെ സയന്‍സ്‌ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച(Science, 2008, 319, 1100) പ്രസ്തുത പഠനവും മേല്‍പറഞ്ഞ കണ്ടെത്തലുകളെ പിന്‍താങ്ങുന്നു.



കൂടുതല്‍ വായനക്ക്‌

ബ്രയാന്‍ സൈക്‌സിന്റെ Seven Daughters of Eve എന്ന പുസ്തകത്തില്‍ അദ്ദേഹം ഉപയോഗിച്ച മെത്തഡോളജിയും കണ്ടെത്തലുകളും ഫിക്ഷന്‍ ചേര്‍ത്ത്‌ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

റിചാര്‍ഡ്‌ ഡോക്കിന്‍സിന്റെ River out of Eden, The Ancestors Tale.

References:

Science, 1997, 278, 804-805

Nature,2004, 431, 562

EMBO reports, 2008, VOL 9,NO 2, 127

നടുകഷ്ണം: DNA replication പഠിക്കുമ്പോളറിയാം, കോശവിഭജനത്തില്‍ നമ്മുടെ DNA യിലെ ഓരോ strand-കളും രണ്ടായി പിരിയുന്നു. അമ്മകോശത്തിലെ ഓരോ സ്ട്രാന്‍ഡുകളും കേടുപാടുകലില്ലാതെ പുതിയ കോശങ്ങളില്‍ നിലനില്‍ക്കുന്നു. അതായത്‌ നിങ്ങളിലിന്നുള്ള DNAയിലെ ചില സ്ട്രാന്‍ഡുകള്‍ ആയിരക്കണക്കിനു വര്‍ഷം മുന്‍പ്‌ രൂപം കൊണ്ടതാകാം. അന്ന് അതിന്റെ കൂടെയുണ്ടായിരുന്നു complimentary strand ഇന്ന് ആഫ്രിക്കയിലോ അമേരിക്കയിലോ ജപ്പാനിലോ ഉള്ള ഏതെങ്കിലും വ്യക്തിയിലാകാം....
ജീനുകള്‍ തരുന്ന സന്ദേശം വ്യക്തമാണ്‌.
നമ്മളെല്ലാം സഹോദരീസഹോദരന്മാരാണ്‌, കുറഞ്ഞപക്ഷം കസിന്‍സെങ്കിലുമാണ്‌.

35 comments:

Roby said...

1997-ല്‍ പ്ലസ് ടൂ കഴിഞ്ഞതിനു ശേഷം ബയോളജി പഠിക്കുന്നത് ഇപ്പോഴാണ്. അതിനാല്‍ തന്നെ തെറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൂണ്ടിക്കാണിക്കുമല്ലോ.

പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്ന ജേര്‍ണലുകള്‍ ലഭ്യമല്ലെങ്കില്‍ താത്പര്യമുള്ളവര്‍ക്ക് ആ പേപ്പറുകള്‍ പിഡി‌എഫ് ആയി അയച്ചു തരുന്നതാണ്. ഒരു കമന്റിടുകയോ അല്ലെങ്കില്‍ Roby.Kurian-at-ജിമെയില്‍.കോം എന്ന ഐഡിയില്‍ ഒരു ഇ-മെയില്‍ അയച്ചാല്‍ മതി.

Rajeeve Chelanat said...

പ്രിയപ്പെട്ട റോബീ,

വായിച്ചു. ഇതിനെക്കുറിച്ചൊന്നും ഒരു ചുക്കും എനിക്ക് അറിയില്ല.

മനുഷ്യവര്‍ഗ്ഗത്തിന്റെ പൊതുവായ പൈതൃകം ആഫ്രിക്കയില്‍‌ കണ്ടെത്തിയിരിക്കുന്നു എന്ന മട്ടിലുള്ള ഒരു വാര്‍ത്ത ഈയടുത്തകാലത്ത് വായിച്ചത് ഓര്‍മ്മിക്കുന്നു. ഒരു കോമണ്‍ ആന്‍സസ്റ്റര്‍ എന്നത്, സാമാന്യ യുക്തിക്ക് നിരക്കുന്ന ഒരു കാര്യമാ‍ണെന്ന് എന്റെ എളിയ ബുദ്ധി പറയുന്നുമുണ്ട്. വിശാലമായ അര്‍ത്ഥത്തില്‍ (തത്ത്വചിന്താപരമായ നിലയില്‍) അത് ശരിയാണെന്ന് മാത്രം എനിക്ക് നല്ല ബോദ്ധ്യമുണ്ട്.

ഏതായാലും താങ്കളുടെ ഈയൊരു സംരംഭത്തെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല. എന്നെ സംബന്ധിച്ചിടത്തോളം, മുഴുവന്‍ തേങ്ങ കിട്ടിയപോ‍ലത്തെ സ്ഥിതിയാണെങ്കിലും. എങ്കിലും ഇതൊക്കെ വായിക്കാന്‍ താത്പര്യമുണ്ട്. അതുകൊണ്ട്, നേച്വറിലെയും, സയന്‍സിലെയും,ആ പ്രസ്തുത ഫയലുകള്‍ (pdf)ദയവായി അയച്ചുതരുമല്ലൊ.

പിന്നെ, ഈ ബ്ലോഗ്ഗ് അഗ്രിഗേറ്ററില്‍ ഇടാത്തതിനു പ്രത്യേക കാരണങ്ങള്‍ വല്ലതും?

അഭിവാദ്യങ്ങളോടെ

Unknown said...

ഞാന്‍ ഇപ്പോള്‍ത്തന്നെ ഗോപാല്‍ ഹൊണാല്‍ഗെരെയുടെ ഒരു കവിത, ആദിപിതാവും മാതാവും ഫലവും ഒക്കെ വരുന്ന ഒരു കവിത തര്‍ജ്ജമ ചെയ്തതേ ഉള്ളൂ..യുക്തി ഇഷ്ടപ്പെടുന്നില്ലെങ്കിലും ,ആകസ്മികതയ്ക്ക് വല്ലാത്ത ഒരു അഴകുണ്ട്.
സംസ്കാരത്തിന്റെ കോണില്‍ ഇത്തരം നോട്ടങ്ങളെ ദീര്‍ഘിപ്പിച്ചാല്‍ നന്നായിരുന്നു

ടി.പി.വിനോദ് said...

നല്ല ലേഖനം റോബീ..
കൌതുകത്തില്‍ നിന്ന് ബാലസാഹിത്യത്തിലേക്ക് ബൈപാസ് ചെയ്യാത്ത ശാസ്ത്രലേഖനങ്ങള്‍ നമുക്കിനിയും ആവശ്യമുണ്ട്. എഴുത്തിലെ നിര്‍മമതക്കും ഗൌരവത്തിനും ഒരു ചിയേഴ്സ്..

Suraj said...

പ്രിയ റോബി ജീ,

പോസ്റ്റ് വളരെ മികച്ച ഒരു ഉദ്യമമായി.

മനുഷ്യ ജാതി എന്നത് മതം/നിറം/ഭാഷ/തൊഴില്‍/പ്രത്യയശാസ്ത്രം എന്നിങ്ങനെയുള്ള സ്റ്റുപ്പിഡ് വേര്‍തിരിവുകള്‍ക്കപ്പുറം, ഒരു വിശാല സാഹോദര്യത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് മറ്റാരേക്കാളും ഉച്ചത്തില്‍ വിളിച്ചു പറയേണ്ടത് ശാസ്ത്രകാരന്മാരാണ്. അതിലേക്കുള്ള പടികളില്‍ ഒന്നാവട്ടെ ഈ പോസ്റ്റിലെ വിഷയം.

ചില വസ്തുതാപരമായ കൂട്ടിച്ചേര്‍ക്കലുകള്‍ :

1. Bryan Sykes mtDNA-യെ ഒരു മോളിക്യുലാര്‍ ഘടികാരമായി ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് വളരെ നല്ല വിശകലനങ്ങളും പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും "മൈറ്റോക്കോണ്ട്രിയല്‍ ഹവ്വ" എന്ന സങ്കല്‍പ്പം ആദ്യമായി ഗവേഷിച്ചതും 1980കളില്‍ പേപ്പറുകള്‍ പ്രസിദ്ധീകരിച്ച് അതിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നതും ബെര്‍ക്ലിയിലെ ഡോ. അലന്‍ വിത്സണും എമറി യൂണിവേഴ്സിറ്റി (അറ്റ്ലാന്റ)യിലെ ഡോ. ഡഗ്ലസ് വാലസുമാണ്. ഈ വിഷയം പത്രമാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത് 1986, മാര്‍ച്ച് 24-ലെ സാന്‍ ഫ്രാന്‍സിസ്കോ ക്രോണിക്കിളിലെ The mother of us all - A Scientist's Theory എന്ന ലേഖനത്തിനു ശേഷമാണ് എന്ന് ചരിത്രം. 1987-ലാണ് ഡോ. വിത്സണും സംഘവും പൂര്‍ണ്ണ റിപ്പോര്‍ട്ട് - നരവംശ ശാസ്ത്രജ്ഞരുടെ പിന്തുണ കുറിപ്പുകളോടെ - അവതരിപ്പിച്ചത്. ഈ ഗവേഷണത്തിനു ശേഷവും ഡോ. അലന്‍ വിത്സണ്‍ മൈറ്റോകോണ്ട്രിയല്‍ ഡി.എന്‍ ഏ ഉപയോഗിച്ചുള്ള വിശകലനങ്ങള്‍ നടത്തുകയും ചിമ്പാന്‍സിയും മനുഷ്യനും ആള്‍ക്കുരങ്ങു വര്‍ഗ്ഗവും തമ്മിലുള്ള ബന്ധമടക്കം ആന്ത്രപ്പോളജിയിലെ ഒട്ടുവളരെ വിഷയങ്ങളില്‍ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
'ഹവ്വ' തിയറിയുടെ പിതാവ് എന്ന ഖ്യാതി തീര്‍ച്ചയായും അലന്‍ വിത്സണും ഡഗ്ലസ് വാലസിനും അര്‍ഹതപ്പെട്ടതാണ്.

2. 'മൈറ്റോകോണ്ട്രിയല്‍ ഹവ്വ' എന്ന ഈ സിദ്ധാന്തം പൂര്‍ണമായും ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ടെന്നു പറയാനാവില്ല. ഈ സിദ്ധാന്തത്തിലെ ചില പ്രശ്നങ്ങള്‍ (സ്റ്റീഫന്‍ ഓ ബ്രയനും മില്ഫോഡ് വൂള്‍പോഫും ചൂണ്ടിക്കാട്ടിയവ) ഇവയാണ് :
a) നമ്മുടെ പൂര്‍വികരുടേതെന്നു ഈ തിയറിയില്‍ അവകാശപ്പെടുന്ന പ്രാചീനമായ മൈറ്റോകോണ്ട്രിയല്‍ ജനിതകവ്സ്തു കാലത്തിന്റെ പാരിണാമിക കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം- വിശേഷിച്ച് മനുഷ്യസമൂഹങ്ങളുടെ ജനസംഖ്യ തീരെച്ചെറുതാകുന്ന മഹാമാരി/പ്രകൃതിക്ഷോഭം തുടങ്ങിയ അവസരങ്ങളില്‍.

b) പ്രകൃതി നിര്‍ധാരണം വഴി ഭാഗ്യവശാല്‍ തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും mt-DNA യാകാം ആഫ്രിക്കന്‍ വേരുകളുള്ള അലന്‍ വിത്സന്റെ 'മൈറ്റോകോണ്ട്രിയല്‍ ഹവ്വ'. യഥാര്‍ത്ഥ Most recent mitochondrial ancestor ഇതാകണമെന്നില്ല എന്നര്‍ത്ഥം.

3. എന്നാല്‍ ഈ സിദ്ധാന്തം Noah's Ark തിയറി, Candelabra തിയറി എന്നീ രണ്ടു വിരുദ്ധ സിദ്ധാന്തങ്ങളുടെ യുദ്ധത്തിന്റെ ഉപോല്‍പ്പന്നമാണ് എന്ന രസകരമായ ഒരു സംഗതികൂടിയുണ്ട്.

ഇന്നു കാണുന്ന മനുഷ്യസമുദായങ്ങളെ പരിണാമത്തിന്റെ ഏറ്റവും ആദ്യപടിയില്‍ തന്നെ നിര്‍ത്താനും ഓരോ സമുദായത്തിനും സ്വന്തമായ ഒരു ഹോമോ സാപ്പിയന്‍ (ആധുനിക മനുഷ്യന്‍) പൂര്‍വികനായി ഉണ്ടായിരുന്നു എന്നു സമര്‍ത്ഥിക്കാനും മുന്നോട്ടു വയ്ക്കപ്പെട്ട -രാഷ്ട്രീയ/സാംസ്കാരിക പ്രേരിതം എന്നുതന്നെ പറയാവുന്ന - സിദ്ധാന്തമാണ് Candelabra തിയറി. ഇതനുസരിച്ച് യൂറൊപ്പിലും ആ‍ഫ്രിക്കയിലും ഏഷ്യയിലും ഓരോ ആദിപൂര്‍വിക മനുഷ്യവര്‍ഗ്ഗം സ്വതന്ത്രമായി പരിണമിക്കുകയും അവ സ്വതന്ത്രമായി തന്നെ ആധുനിക മനുഷ്യന്മാരായി ഉരുത്തിരിയുകയും ചെയ്തുവത്രെ. ഈ തിയറിയുടെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ വ്യക്തമാണ് - മനുഷ്യസമുദായങ്ങള്‍ സമാനരല്ല, അവര്‍ വ്യത്യസ്ഥ വര്‍ഗ്ഗങ്ങളായി തന്നെ ആദിപൂര്‍വികരില്‍ നിന്നും ഉരുത്തിരിഞ്ഞവരാണ്, ബൌദ്ധികവും സാംകാരികവുമായ മേഖലകളിലും ഇതേ ഈഷദ് വ്യത്യാസങ്ങളുണ്ട്. സ്വാഭാവികമായും Candelabra തിയറി സാമുദായിക ഉച്ചനീചത്വങ്ങള്‍ പ്രകൃത്യാതന്നെ നിലനില്‍ക്കുന്നതും ന്യായീകരിക്കപ്പെടേണ്ടതുമാണ് എന്ന വലതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകാരുടെ കണ്ണിലുണ്ണിയാണ് - എന്നും.(ഈ Candelabra സിദ്ധാന്തത്തെ വലിച്ചു നീട്ടിയാല്‍ കറുത്തവര്‍ഗ്ഗക്കാര്‍ ബുദ്ധികുറഞ്ഞവരാണ്, അടിമകളാകാനാണ് ആദിവാസികള്‍ക്ക് യോഗ്യത എന്നിങ്ങനെയുള്ള ആശയങ്ങള്‍ മുതല്‍ പരിണാമസിദ്ധാന്തത്തിനും പ്രകൃതി നിര്‍ദ്ധാരണത്തിനും എതിരായതുകൊണ്ട് അവശവിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നത് പ്രകൃതിവിരുദ്ധമാണ് എന്നുവരെയുള്ള ആശയങ്ങള്‍ കിട്ടും)

എന്നാല്‍ ഫോസില്‍ ഖനനങ്ങളും genetic drift പോലുള്ള ആധുനിക ജനിതകവിശകലനങ്ങളും Candelabra തിയറിയെ പിന്തുണയ്ക്കുന്നില്ല. ഇവിടെയാണ് Noah's Ark സിദ്ധാന്തമെന്നും Garden of Eden സിദ്ധാന്തമെന്നും ഒടുവില്‍ Eve സിദ്ധാന്തമെന്നും നരവംശ ശാസ്ത്ര വൃത്തങ്ങളില്‍ പ്രസിദ്ധമായ ആധുനിക കാഴ്ചപ്പാടിന്റെ പ്രസക്തി.

Noah's Ark സിദ്ധാന്തമനുസരിച്ച് ആഫ്രിക്കയില്‍ തന്നെയാണ് ഹോമോ ഇറക്ടസ് എന്ന ആദിപൂര്‍വികന്റെ ഉല്പത്തി. ഈ വര്‍ഗ്ഗം ഏതാണ്ട് 5 ലക്ഷം വര്‍ഷങ്ങളുടെ പരിണാമത്തിനു വിധേയമായി പ്രാകൃത സാപ്പിയന്‍സ് വര്‍ഗ്ഗത്തിനു വഴിവച്ചു. ഈ ആര്‍കെയിക് സാപ്പിയന്‍ പിന്നീട് ആധുനിക മനുഷ്യനായ ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സിനും വഴിനല്‍കി. ആധുനിക മനുഷ്യന്‍ ആഫ്രിക്കയിലെ ഉല്പത്തി പ്രദേശങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞ് സഞ്ചരിച്ച് യൂറോപ്പിലേയ്ക്കും മധ്യപൂര്‍വ്വേഷ്യ വഴി ഏഷ്യയിലേക്കും കുടിയേറി. ഈ കുടിയേറ്റത്തിനിടെ അവര്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ നിയാണ്ടര്‍ത്താല്‍ മനുഷ്യനടക്കമുള്ള പ്രാചീന മനുഷ്യ രൂപമുള്ള ആദിമ വര്‍ഗ്ഗങ്ങളെ ബന്ധുത്വം വഴി സ്വാംശീകരിക്കുകയോ ആക്രമണങ്ങള്‍ വഴി ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ടാവാം എന്നും അനുമാനിക്കപ്പെടുന്നു.

(നിയാണ്ടര്‍താല്‍ മനുഷ്യന്‍, ആറാ‍ഗോ മനുഷ്യന്‍, പെട്രലോണ മനുഷ്യന്‍, സ്റ്റെയിഹെയിം മനുഷ്യന്‍ എന്നിങ്ങനെയുള്ള Homo erectus ഗണത്തില്‍പ്പെടാത്ത പ്രാചീന മനുഷ്യവര്‍ഗ്ഗങ്ങളെ പരിണാമത്തിന്റെ കുത്തൊഴുക്കില്‍ ഹോമോ സാപ്പിയനുകള്‍ വിഴുങ്ങുകയാണുണ്ടായത് എന്ന് ഏതാണ്ട് തീര്‍ച്ചയായിട്ടുണ്ടെങ്കിലും ഇത് ഗോത്രയുദ്ധങ്ങളിലൂടെയുള്ള ഉന്മൂലനമായിരുന്നോ അതോ വൈവാഹിക ബന്ധവും മറ്റും വഴി ക്രമേണയുള്ള ലയനമായിരുന്നോ എന്നകാര്യങ്ങള്‍ ഇന്നും വിവാദമുക്തമല്ല.)

ഇത്തരമൊരു മഹാ കുടിയേറ്റത്തിന്റെ തെളിവുകള്‍ മധ്യപൂര്‍വേഷ്യയില്‍ പലയിടത്തായി ഖനനം ചെയ്തു കിട്ടിയിട്ടുണ്ട്. ഇസ്രയേലിലെ നസ്രേത്തിനടുത്തിലെ ജബല്‍ ഖാഫ്സേ ഖനന സ്ഥലം ഒരുദാഹരണം.

Noah's Ark സിദ്ധാന്തത്തിനു ശാസ്ത്രീയമായ പിന്തുണ മാത്രമല്ല രാഷ്ട്രീയ പിന്തുണയും ലഭിച്ചു. സ്റ്റീഫന്‍ ജേയ് ഗൂള്‍ഡിനെപ്പോലെ പ്രത്യക്ഷമായിത്തന്നെ liberal ആഭിമുഖ്യം പ്രകടിപ്പിച്ച പരിണാമ ശാസ്ത്രജ്ഞര്‍ ഈ സിദ്ധാന്തത്തെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഏകത്വത്തിനുള്ള തെളിവായിട്ടാണ് ഉയര്‍ത്തിക്കാട്ടിയത്.

ഇന്ന് മൈറ്റോകോണ്ട്രിയന്‍ ഹവ്വ എന്ന സൈദ്ധാന്തിക മാതാവിലൂടെ ലക്ഷക്കണക്കിനു മൈലുകള്‍ക്കപ്പുറം കിടക്കുന്ന സംസ്കാരങ്ങള്‍ ഒന്നിക്കുമ്പോഴും അതുതന്നെയാണ് നമുക്കോര്‍ക്കാനുള്ളത് - " We are one species, we are one people " (Origins by Richard Leakey)

Inji Pennu said...

നല്ല മടിയനാ അല്ലേ?

കുറച്ചും കൂടിയൊക്കെ എഴുതാര്‍ന്നു. നല്ലൊരു ലേഖനത്തിന്റെ തുടക്കം. മറ്റാരുടേം കുട്ടികള്‍ കാലത്തെ അതിജീവിച്ചില്ല (ഇതൊരു പുതിയ അറിവാണെനിക്ക്)

(സഹോദരന്മാരൊക്കെ ശരി, പക്ഷെ ചിലതിനിയൊക്കെ കാണുമ്പോ കുടുമ്മസ്നേഹം വരുന്നില്ല) :) :)

സുനീഷ് said...

റോബീ നന്ദി ഈ ലേഖനത്തിന്‍. ഇന്‍‌റര്‍നെറ്റിലെവിടെയോ വായിച്ചിരുന്നു ഈ വാര്‍ത്ത. സയന്‍സിലെയും നേച്ചറിലേയും ആ ജേര്‍ണത്സ് ഒന്നു വായിച്ച് നോക്കണം ഇനി. കമന്‍‌റിന്‍ സൂരജിനും നന്ദി.

ഡാലി said...

അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യചെയ്യപ്പെടും എന്നും ആരേക്കാളും രാഷ്ട്രീയ ബോധം വേണ്ടത് ഗവേഷകര്‍ക്കാണെന്നും പിന്നേയും പിന്നേയും ഓര്‍ക്കുന്നത് ഇത്തരം ഗവേഷണങ്ങള്‍ കാണുമ്പോഴാണു.

കാലത്തെ അതിജീവിച്ചെത്തിയവരുടെ മാതാവ് ഒന്നെന്നും (ജീനുകള്‍ ഒന്നെന്നും?) അറിയുമ്പോള്‍ ഇന്നത്തെ ജീനുകള്‍ പരിണമീക്കാന്‍ കാരണം സാഹചര്യങ്ങളാനെന്നും ആ സാഹചര്യങ്ങള്‍ കിട്ടാനിടയായിരുന്നെങ്കില്‍ പിന്മ്പന്മാ‍ാരെല്ലാം മുമ്പന്മാരായേനെയെന്നുമൊക്കെയുള്ള ബോധ്യം നല്‍കാന്‍ ഇത്തരം ലേഖനങ്ങള്‍ക്കാവും.

മൈറ്റോകോണ്ട്രിയല്‍ മാതാവ് മൈറ്റോകോണ്ട്രിയല്‍ പിതാവിനേക്കാള്‍ ഒരു ലക്ഷം മുന്നേ ജീവിച്ചു എങ്കില്‍ പരിണാമത്തില്‍ മുന്നില്‍ എത്തി നില്‍ക്കുന്നത് സ്ത്രീകളെന്ന് വരുമോ? (ഇന്നാളെവിടെയോ അങ്ങനെയും വായിച്ചു.)

രാജ് said...

വംശം = സാഹചര്യം എന്നത് വലിയ തിരിച്ചറിവാണ്. നല്ല ലേഖനം.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയ സഹോദരന്‍ റോബി കുര്യന്‍;


ഭൗതികമായ വേര്‍തിരിവുകളുടെയും, ഉച്ചനീചത്വങ്ങളുടെയും അന്ത:സാരശൂന്യമായ വെറുപ്പിന്റെ രാഷട്രീയത്തിന്റെ മുഖമടച്ചുള്ള പ്രഹരമായി ഈ ശാസ്ത്രലേഖനം മാറുന്നു. സൂരജിന്റെ കൂട്ടി ചേര്‍ക്കലുകള്‍ പഠനപരമായ സൂചികകളിലേയ്ക്ക്‌ പുതിയ ദിശാബോധവും ഉള്‍ കാഴ്ചയുടെ അറിവും നല്‍കുന്നുണ്ട്‌. ബ്ലോഗുകളില്‍ വളരെ വിരളമായി സംഭവിക്കുന്ന ഇത്തരം ശാസ്ത്ര-മാനവീക ആശയ സുബുദ്ധിതമായ കണ്ടെത്തലുകള്‍ സത്യം തേടുന്ന നല്ല മനസ്സുകള്‍ക്കുള്ള പുണ്യമായി മാറുന്നതും അത്‌ കൊണ്ട്‌ തന്നെയാണ്‌. നിങ്ങളുടെ കമന്റുകളെ, പോസ്റ്റുകളെ സഹോദര സ്നേഹത്തോടെ കാത്തിരിക്കുന്നതും അതു കൊണ്ട്‌ തന്നെയാകാം എന്നെനിക്ക്‌ തോനുന്നു.

ആദം (അ.സ) എന്ന ആദ്യ അഛന്റെയും. ഹവ്വ (റ.അ) എന്ന ആദ്യ അമ്മയുടെയും ഇടയിലെ ശാസ്ത്രം കണ്ടെത്തിയ ആ വലിയ വിടവ്‌ (നൂഹ്‌) നോഹ (അ.സ) കാലത്തെ ആ വലിയ പ്രളയത്തെ കുറിച്ചുള്ള ഇനിയും ശാസ്ത്രം കണ്ടെത്താന്‍ സാധ്യതയുള്ള അറിവുകള്‍ നമുക്ക്‌ ഭാവിയില്‍ പറഞ്ഞു തന്നേയക്കാം എന്നു വിശ്വാസിക്കാനും പ്രതീക്ഷീക്കാനുമാണെനിക്കിഷ്ടം എന്നു പറഞ്ഞു കൊണ്ട്‌ നിറുത്തുന്നു.
സഹോദരങ്ങളെ നിങ്ങള്‍ക്ക്‌ ഭാവുകങ്ങള്‍.....

വിരോധമില്ലെങ്കില്‍ ആ pdf ഫയലുകള്‍ അയച്ചു തരുമെന്നു പ്രതീക്ഷിക്കുന്നു
എന്റെ ഈ മെയില്‍
shareeque@gmail.com

absolute_void(); said...

റോബീ,

നല്ല ലേഖനം. മൈട്രോക്കോണ്ടിയല്‍ ഈവും വൈ ക്രോമസോം ആദവും തമ്മില്‍ ഒരു ലക്ഷം വര്‍ഷത്തെ വിടവുണ്ടെന്നു് പറയുന്നു. അങ്ങനെയെങ്കില്‍ ഈ ഒരുലക്ഷം വര്‍ഷത്തിനിടയില്‍​ ജീവിച്ച പുരുഷന്മാരുടെ വംശാവലി മുഴുവനായി കടലെടുത്തു പോയോ? കോമണ്‍ ആന്‍സെസ്റ്റേഴ്സിന്റെ കാര്യം തന്നെയാണു് വിവക്ഷ. അതായതു്, അതിനു മുന്നുള്ള വൈ ക്രോമസോമുകളൊന്നും മറ്റേ ഹവ്വയുടെ സന്തതിപരമ്പരകളില്‍ നിലനിന്നില്ലേ? കൂട്ടിമുട്ടാത്ത ഇത്തരം സ്ഥലികള്‍ കൂടി വെളിപ്പെടുമെന്നു് പ്രതീക്ഷിക്കാം. ഡോ. സൂരജിന്റെ കമന്റ് കൂടുതല്‍ മനസ്സിലാക്കാന്‍ ഏറെ സഹായകരമായി. ഡോക്‍ടര്‍ തന്നെ ചൂണ്ടിക്കാട്ടിയതും ഡാലി സ്പഷ്ടമാക്കിയതുമായ ഗവേഷകരുടെ രാഷ്ട്രീയബോധം ഈ ലേഖനത്തിനും തുടര്‍ കമന്റുകള്‍ക്കു് ഗാംഭീര്യം നല്‍കുന്നു.

പരസ്പരം സ്വാംശീകരിച്ചോ നശിപ്പിച്ചോ ഒഴിവാക്കപ്പെട്ട സാപ്പിയന്‍സല്ലാത്ത മനുഷ്യവര്‍ഗ്ഗങ്ങളുടെ കഥ അല്‍പ്പം കൂടി വലുതായി പറഞ്ഞുതരാന്‍ റോബിക്കോ ഡോ. സൂരജിനോ കഴിയുമെങ്കില്‍ നന്നായിരുന്നു.

absolute_void(); said...

റോബീ,

ഈ വാര്‍ത്ത കൂടി ഒന്നു നോക്കൂ.

അനില്‍ശ്രീ... said...

റോബി,

ആദ്യമായി ഇങ്ങനെ ഒരു ലേഖനത്തിന്റെ തുടക്കം ഇട്ടതിന് ( തുടക്കം എന്ന് കരുതാനാണെനിക്കിഷ്ടം, കൂടുതല്‍ വിവരങ്ങള്‍ കമന്റുകളിലൂടെ കിട്ടുമെന്ന ഉറപ്പുണ്ട്.. ) അഭിനന്ദനങ്ങള്‍..

Roby said...

സെബിന്‍,
ആദം, ഹവ്വ എന്നീ പേരുകളാണു പ്രശ്നമെന്നു തോന്നുന്നു. അത് misleading ആണ്. mtEve-നും Y-chromosomal Adam-നും ഇടയില്‍ എന്നൊരു ചോദ്യത്തിന് സാധ്യതയില്ല. ഈവിന്റെ സന്തതി പരമ്പരയില്‍ ഒരാളായിരുന്നു ഈ ആദം എന്നതൊഴികെ ഇവര്‍ തമ്മില്‍ ഒരു ബന്ധവുമില്ല.
തീര്‍ച്ചയായും ഇവര്‍ക്കിടയില്‍ ഒരുപാട് തലമുറകളുണ്ടായിരുന്നു.

ഡാലി ചോദിച്ച ചോദ്യത്തിനും കാരണം ഈ തെറ്റിദ്ധാരണ തന്നെയെന്നു തോന്നുന്നു. ഇത് സ്ത്രീയും പുരുഷനും പരിണമിച്ച കാലത്തെ കുറിക്കുന്നില്ല. കാരണം അവര്‍ക്ക് മുന്നെ, അവര്‍ക്കൊപ്പം മറ്റൊരുപാട് മനുഷ്യരുണ്ടായിരുന്നു.

ശെരീഖ്, ഇവര്‍ ആദിമാതാപിതാക്കളല്ല എന്ന് ആവര്‍ത്തിച്ചു പറയട്ടെ.

ഗോപീയേട്ടന്‍, രാജീവേട്ടന്‍, ലാപൂട, ഡാലി,സുനീഷ്,അനില്‍ശ്രീ, രാജ്...ഈ പ്രോത്സാഹനത്തിനു നന്ദി.

ഇഞ്ചീ...മടി കണ്ടു പിടിച്ചു അല്ലേ..:)
ഇനിയെഴുതുമ്പോള്‍ ശ്രദ്ധിക്കാം.

സൂരജ് ജീ...നമിച്ചു മനുഷ്യാ.
സത്യം പറയാമല്ലോ, ഈ വിഷയത്തെക്കുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത് ഈ ജനുവരിയിലാണ്.:)
അതിനു ശേഷം അവിടുന്നും ഇവിടുന്നുമായി കുറച്ച് വായിച്ചു. എല്ലാം കൂടി ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. എഴുതുമ്പോള്‍ ടെക്നിക്കാലിറ്റി കൂടി പോകരുതെന്നു കരുതിയാണ് ചുരുക്കിയത്.
മൈറ്റൊ-യുടെ ആ പടം പ്രൊഫസറുടെ കോഴ്സ് പേജില്‍ നിന്നും പൊക്കിയതാണ്. ഞാന്‍ നോക്കിയിട്ട് ലളിതമാ‍യ മറ്റൊരു ചിത്രം കിട്ടിയില്ല. :)
ഈ നോഹ്സ് ആര്‍ക് തിയറിയും പോപ്പുലേഷന്‍ ബോട്ടില്‍ നെക്ക് കണ്‍സെപ്റ്റു മൊക്കെ കൂട്ടി ചേര്‍ത്ത് MRCA എന്ന ആശയത്തെ മതത്തിനനുകൂലമായി വ്യാഖാനിക്കാനുള്ള വികല ശ്രമങ്ങളും നടക്കുന്നുണ്ടല്ലോ. അതു കൊണ്ടാണ് അവയെ പരാമര്‍ശിക്കാതിരുന്നത്. പിന്നെ ഇഞ്ചി പറഞ്ഞതു പോലെ മടി.

ടേം പേപ്പറിനു ഇതെഴുതണോ അതോ എന്റെ റിസര്‍ച്ചുമായി നേരിട്ടു ബന്ധമുള്ള എന്തെങ്കിലും എഴുതണോ എന്നു കണ്‍ഫ്യൂഷസായിരുന്നു. സൂരജിന്റെ കൈയില്‍ നിന്നും ഇത്രയും ലീഡ് കിട്ടിയപ്പോള്‍ ഇനി ഇതു തന്നെയായാലോ എന്ന് ചിന്ത.

സെബിന്‍, നിയണ്ടര്‍ത്താലിനെക്കുറിച്ചു കൂടി ഒരു പോസ്റ്റെഴുതണമെന്നു കരുതുന്നു...:)

ഗുപ്തന്‍ said...

റോബി .. നല്ല സ്ഫോടകശേഷി ഉള്ള കുറിപ്പ്.

രാഷ്ട്രീയം തലക്കുപിടിച്ചുപോയതുകൊണ്ട് എന്റെ വാഴ്ത്തുകള്‍ ഏറേയും സൂരജ് കൊണ്ടുപോകുന്നു. ഏതുകുളത്തില്‍ വീണാലും ഒരു രാഷ്ട്രീയപ്പരലിനെയും കൊണ്ടും പൊങ്ങുന്നവന്‍ ആണ് ഞാന്‍. എന്നിട്ടും റോബി കഥപറയുമ്പോള്‍ സൂരജ് താഴെപ്പറഞ്ഞതു പലതും കത്തിയില്ല. ഗുരോ.. അടുത്തതവണ ഞാന്‍ തിരുവനന്തപുരത്തുവരുമ്പോള്‍ ഒരു വെറ്റിലയും പാക്കും കൊണ്ടുവരും. അരുതെന്ന് പറയരുത്. :)

*************
അ.വ. (അടിക്കാന്‍ വരല്ലും. ഓഫാണ്)

ഡാലിയേ രാഷ്ട്രീയവ്യഗ്രമായ ഗവേഷണത്തിന്റെ സൂചനയാണോ കമന്റിലെ മൂന്നാമത്തെ പാരഗ്രാഫ്? ഷോവിനിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള ഗവേഷണകേന്ദ്രം ഉടനെ ആരംഭിക്കേണ്ടിവരും. ദൈവത്തിന്റെ ഡി എന്‍ ഏ ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കില്‍.....

ആദ്യത്തെ പാരഗ്രാഫില്‍ നിന്ന് അരാഷ്ട്ട്രീയ ബുജികള്‍ കൊല്ലപ്പെടേണ്ടവരാണ് എന്ന നക്സലേറ്റ് നിലപാടിലേക്ക് എത്ര ചുവടുദൂരമുണ്ടെന്നെന്റെയുള്ളിലൊരു കിടുകിടുപ്പ്....ഹിഹിഹി..

Anonymous said...

റോബീ.

മൂപ്പരുടെ കണ്ടെത്തല് ഏകലോകചിന്തയ്ക്ക് പ്രേരണയാവട്ടേ! - സിദ്ധാന്തം പക്ഷേ സാമാന്യ ബുദ്ധിയ്ക്ക് കടിനമാണ്.

മനുഷ്യവംശമാകുന്ന ഇന്വേറ്ട്ടഡ് ട്രീയില് താഴേക്ക് വന്ന് ഒരു സ്ത്രീ പോയിന്റ് എം. സി ഈവ്, അതില്നിന്ന് പൊട്ടി പിന്നെയും ഒരു ലക്ഷം വറ്ഷം താഴേക്ക് വന്ന ചില്ലയില് ഒരു പുരുഷപോയിന്റ്റ് വയ്. സി. ആദം, അതില് നിന്ന് പൊട്ടിമുളച്ച ചില്ലയാണ് ഇന്നത്തെ മനുഷ്യവംശം എന്നല്ലേ നിര്‍ദ്ധേശം?

അപ്പോള് ഈ രണ്ട് ലെയറുകളിലെ മറ്റു പോയിന്റുകളും അവയുടെ പുനരുത്പാദനവും എങിനെ പെട്ടെന്നില്ലാതാകുന്നു എന്നതാണ് ആശയക്കുഴപ്പം - ഇന്വേറ്ട്ടഡ് റ്റ്രീയിലെ മറ്റു ബ്രാഞ്ചുകള് എങിനെ പൊടുന്നനെ ഇല്ലാതാവുന്നു എന്ന് മനസ്സിലാവുന്നില്ല.

ദയവായി വിശദീകരിക്കുക

മധു

Roby said...

മധു,
മറ്റ് ശാഖകളൊന്നും പൊടുന്നനെ ഇല്ലാതായതല്ല. ഒരു നീണ്ട കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത്.

ഒരച്ഛന് പെണ്‍‌മക്കള്‍ മാത്രം ഉണ്ടായാല്‍ y-chromosome-ന്റ്റെ ഒരു ശാഖ അവിടെ മുറിയുന്നു. അതു പോലെ തിരിച്ചും.

ഒരുദാഹരണം. എന്റെ അമ്മമ്മയ്ക് 5 ആണ്‍‌മക്കളും 5 പെണ്മക്കളും. 5 പെണ്മക്കള്‍ക്കും കൂടി ആകെ രണ്ട് പെണ്‍‌മക്കള്‍. അതിലൊരാള്‍ക്ക് ഒരാണ്‍കുട്ടി മാത്രം. Maternal lineage തുടര്‍ന്നു പോകുമോ എന്നത് ബാക്കിയായ ഒരു പെണ്‍കുട്ടിയെ ആശ്രയിച്ചിരിക്കുന്നു. (അവളിനി കന്യാസ്ത്രീയോ മറ്റോ ആയാല്‍ തീര്‍ന്നു:)
ഇത് പ്രതികൂലസാഹചര്യം ഒന്നും ഇല്ലാതെ. ഇനി അക്കാലത്ത് രോഗം, പ്രകൃതിദുരന്തം, കാട്ടുമൃഗങ്ങള്‍, മറ്റ് മനുഷ്യര്‍, പ്രസവം...

ഹഹ..ഗുപ്തരെ, സൂരജിന് ഞാനും ശിഷ്യപ്പെട്ടുകഴിഞ്ഞു..:)

ഡാലി said...

(മൊത്തം ഓഫാണെന്നു തോന്നുന്നു. വായിച്ചീട്ട് ഡിലീറ്റ് ചെയ്താല്‍ പോസ്റ്റ് ഡീറെയില്‍ ചെയ്യപ്പെടുന്നത് ഒഴിവാക്കാം)

റോബി, ഞാന്‍ വെറ്തെ ചോദിച്ചതല്ല. പരിണാമത്തിന്റെ മുഖ്യ ആശയം ശക്തരുടെ അതിജീവനം ആണല്ലോ. പ്രതികൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ എങ്ങനെ ഈ ഗ്യാപ് വരും എന്ന് റോബി മധുവിനോട് പറഞ്ഞു. പക്ഷേ റോബി പറഞ്ഞ പോലെ പ്രതികൂല സാഹചര്യങ്ങള്‍ (ഇനി അക്കാലത്ത് രോഗം, പ്രകൃതിദുരന്തം, കാട്ടുമൃഗങ്ങള്‍, മറ്റ് മനുഷ്യര്‍, പ്രസവം...
) ഒക്കെ ഉണ്ടായാല്‍ കൂടുതല്‍ ശക്തരായവര്‍ അതിജീവിക്കും എന്നല്ലേ. അപ്പോള്‍ അക്കാലത്ത് കൂടുതല്‍ ശക്തരായവര്‍ സ്ത്രീയായിരുന്നെങ്കില്‍? പണ്ട് ഹൈസ്കൂളില്‍ (കേരള സിലബസില്‍) സുകുമാര്‍ അഴിക്കോടിന്റെ ഒരു ലേഖനം പഠിച്ചത് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? (അതിലാണ് മനുസ്മൃതിയൊലെ ന:സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതിയ്ക്കു അത്ര ‘നൈസ്’ ആയ ഒരു വിശദീകരണം ആദ്യമായി കാണുന്നത്. യത്ര നാരീസ്തൂ .. എന്ന എഴുതിയ മനു സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണ്ടാ എന്നു എഴുതില്ല എന്നു വായിച്ചതും അവിടെ ആണെന്നു തോന്നുന്നു)അതില്‍ ‘വണ്‍സപോണെടൈം’ സ്ത്രീകളാണു വേട്ടയാടി കൊണ്ടിരുന്നതെന്നും കായികമായി ശക്തര്‍ അവരായിരുന്നെന്നും വായിച്ചതോര്‍ക്കുന്നു. (അതില്‍ തന്നെ ആണെന്നോര്‍മ്മ. പാഠപുസ്തകങ്ങള്‍ ആക്രികാരനു വിറ്റ് ഐസ്പ്രൂട്ട് വാങ്ങല്‍ വേനലവധി വിനോദമായിരുന്നതിനാല്‍ അവയൊന്നും കണ്ടുകിട്ടാനില്ല). അത് ശരിയാണെങ്കില്‍ പരിണാമത്തില്‍ മുന്നില്‍ ജയിച്ച് കൂടുതല്‍ മുന്നേറിയത് സ്ത്രീയെന്ന് വന്നേക്കാം. സംശയങ്ങള്‍ , സംശയങ്ങള്‍. (ഇന്നളൊരിക്കെല്‍ പുര്‍ഷനു രോമം കൂടുതല്‍ അതോണ്ട് പരിണാമത്തില്‍ പിന്നില്‍ എന്നൊക്കെ ആശയങ്ങള്‍ ഉള്ള ‘അശാസ്ത്രിയമായ” ഒരു പോശ്റ്റ് വായിച്ചതോര്‍ക്കുന്നു. കൂടുതലൊന്നും ശാസ്ത്രീയമായി അതില്‍ ഇല്ലാഞ്ഞതിനാല്‍ ഓര്‍മ്മയില്‍ എടുത്തില്ല)

ഗുപ്തന്റെ ഓഫിലെ ആദ്യ പാരഗ്രാഫിലെ ചോദ്യം കമന്റിടുമ്പോള്‍ ആരെങ്കിലും ചോദിക്കുമെന്നു പ്രതീക്ഷിച്ചു. :). അതുകൊണ്ട് ചുട്ട (കുക്ക്‌ഡ് ;) ) മറുപടി ഉണ്ട്. സ്ത്രീ സമത്വ ചര്‍ച്ചകള്‍ അവിടെം ഇവിടെം ഒക്കെ കണ്ടീട്ടുണ്ടാവും. അതില്‍ ഒരു വലിയ വിഭാഗം ആള്‍ക്കാരുടേയും ചിന്തകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ വഴിയില്ല. ജനിതകപരമായി സ്ത്രീ താഴെ ആണു. അതുകൊണ്ട് തന്നെ സ്ത്രീ സമത്വം മിഥ്യയാണു. (ഓര്‍ക്കുന്നില്ലെങ്കില്‍ ലിങ്ക് തരാം :)). അത്തരം ചിന്തകാഗതിക്കാര്‍ക്ക് വേണ്ടി പഴയകാലത്തില്‍ (പ്രത്യേകിച്ചും ജീനു‍കള്‍ തന്നെ സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ടത് എന്ന് വരുമ്പോള്‍) യഥാര്‍ത്ഥമായി എന്താവും എന്ന് അന്വേഷിച്ച് പിടിക്കേണ്ടത് രാഷ്ട്രീയ വ്യഗ്രമായ ഗവേഷണം അല്ലാതെ വരുമോ ഗുപ്തര്‍? സ്ത്രീ അബല അല്ലായിരുന്നു എന്നതിനു വേണ്ടിയെങ്കിലും. (ഷോവനിസത്തിനു ഒരു ഗവേഷണ കേന്ദ്രം ഒന്നും പോരാതെ വരും ഇക്കണക്കിനു :) )

അരാഷ്ട്രീയന്‍ എന്നു സ്വയം വിളിക്കുന്ന ഗുപ്തന്‍ ചിലപ്പോള്‍ ഇതു കണ്ടിരുന്നില്ലെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല:). ചോദ്യം ചെയ്യലുകള്‍ എല്ലാം നക്സല്‍ നിലപാടെന്ന ലേബലില്‍ കുപ്പിയില്‍ അടച്ചാല്‍ കാര്യങ്ങളൊക്കെ എളുപ്പമായി എന്നാണോ? :). അരാഷ്ട്രീയര്‍ വല്ലപ്പോഴും കിടുങ്ങുന്നതൊരു മോശം കാര്യമല്ല. :)

Roby said...

ഡാലീ,
അഴീക്കോട് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വേറിട്ടൊരു ശബ്ദം കേള്‍പ്പിക്കാനുള്ള ശ്രമാമായിട്ടേ എനിക്കു തോന്നുന്നുള്ളൂ. അതുപോലുള്ളവരുടെ അടുത്തു നിന്നും പരിണാമം പഠിക്കേണ്ടി വരുന്നത് നമ്മുടെ സമൂഹത്തിന്റെ ഗതികേട്.
'survival of the fittest.' fittest എന്നതിന്റെ മലയാളം ശക്തന്‍ എന്നാണോ?
അപ്പോള്‍ ഡാലി മനസ്സിലാക്കിയതില്‍ അടിസ്ഥാനപരമായ ഒരു തെറ്റുണ്ട്. ഈ വാചകം എക്കണോമിസ്റ്റായിരുന്ന ഹെര്‍ബെര്‍ട്ട് സ്പെന്‍സറുടെ സംഭാവനയാണ്. പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട് ഉപയോഗിക്കാറുണ്ടെങ്കിലും അത് പൂര്‍ണ്ണമായും ശരിയല്ല. നാചുറല്‍ സെലെക്ഷന്‍ എന്ന ടേമാണ് ഡാര്‍വിന്‍ ഉപയോഗിച്ചിരുന്നത്. ഇന്നത്തെ ശാ‍സ്ത്രകാരന്മാരും ഉപയോഗിക്കുന്നത് അതു തന്നെ.

ഇതു വരെയുള്ള പഠനങ്ങളും തിയറികളും പറയുന്നത് പുരുഷന്‍ തന്നെ വേട്ടക്കാരനെന്നാണ്. സ്ത്രീകളുടെ ശരീരഘടന രൂ‍പപ്പെട്ടത് പ്രത്യുല്പാദനവുമായി ബന്ധപ്പെട്ടയിരുന്നു.
നഗ്നവാനരനും, Robert Ardrey യുടെ പുസ്തകങ്ങളും ഒന്നു വായിച്ചു നോക്കൂ.

ഡാലി ആ പുസ്തകം തൂക്കീ വിറ്റത് നന്നായി..:)

ഗുപ്തന്‍ said...

സത്യം പറയാന്‍ വര്‍ഗബോധം വേണ്ട (പക്ഷെ രംഗബോധം വേണം; അത് സിവിലിറ്റി)എന്ന എന്റെ പതിവ് തീസിസ് ആവര്‍ത്തിക്കുന്നു ഡാലി. അത് സത്യാന്വേഷണത്തിന്റെ മാനദണ്ഡവും ആവരുത്.

സംസാരിക്കാനുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രയോരിറ്റീസ് ആവാം. എന്തുസംസാരിച്ചാലും അതില്‍ പ്രയോരിറ്റീസ് ഉണ്ടായേപറ്റൂ എന്ന നിലപാട് പാടില്ല. അതാണ് ആദര്‍ശബോധവും ആദര്‍ശവാദവും തമ്മിലുള്ള വ്യത്യാസം. ഞാന്‍ അരാഷ്ട്രീയന്‍ എന്നു സ്വയം വിളിക്കുന്നെങ്കില്‍ അതിനെ ആദര്‍ശവാദത്തിന്റെ നിഷേധമായിട്ടേ കൂട്ടാവൂ എന്ന് ഒരു ആയിരം തവണ പറഞ്ഞിട്ടും ഉണ്ട്; ആദര്‍ശബോധത്തിന്റേതല്ല.

*************
ഓഫ്. സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്നുവച്ചാ‍ല്‍ പതിവായി മാക്സിമം പൂസാകുന്നവന്‍ എങ്ങനെ വഴീല്‍കെടന്നു ചാവാതെ വീട്ടിലെത്തുന്നു എന്നതിനെ സംബന്ധിച്ച ഏതോ തിയറിയല്ലേ റോബി? ചാന്‍സ് എന്ന് യുക്തിവാദിയായ മകന്‍; ഫേറ്റ് എന്ന് അവന്റെ അമ്മ; പ്രോവിഡെന്‍സ് എന്ന് ആയമ്മേടെ അമ്മായിയമ്മ ;))

ഗുപ്തന്‍ said...

റോബീ പേജ് ഗൂഗിളില്‍ ഒന്നു ഇന്‍ഡക്സ് ചെയ്യണേ ചെയ്തില്ലെങ്കില്‍. അഗ്രിഗേറ്ററുകളുടെ ബഹിഷ്കരണം അവസാനിപ്പിക്കാനായേക്കും

(ഈ പേജില്‍ http://thonnunnath.blogspot.com/2008/03/blog-post.html മുയ്‌മനായി വിവരിച്ചിട്ടുണ്ട്)

Suraj said...

റോബീ ജീ, ഗുപ്ത് ജീ,

ശിഷ്യപ്പെടാനോ ? തള്ളേ...ഇതെന്തര് ?? ഞാന്‍ പഞ്ചായത്തു വിട്ടു ക്യേട്ടാ !

രാഷ്ട്രീയത്തിലേക്കുള്ള ഏറ്റവും നല്ല പാത ശാസ്ത്രമാണ് എന്നാണ് എന്റെ തോന്നല്‍. കാരണം അതു വിശ്വാസത്തിന്റെ പുറത്ത് ചാഞ്ചാടുന്നില്ല, Objectivity-യിലാണ് ഉറച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെയത്രയും convincing ആയ politics മറ്റൊന്നിനില്ല.

ഇവിടെ കമന്റുകളില്‍ ചര്‍ച്ചയ്ക്കു വന്ന ചില വിഷയങ്ങളിലെ അഭിപ്രായം :

1. മൈറ്റോകോണ്ട്രിയല്‍ പൂര്‍വികയെക്കുറിച്ചു ചിലത് :

മൈറ്റോകോണ്ട്രിയല്‍ ഹവ്വ (ഈവി എന്ന് സായിപ്പ്) എന്നത് ഒരു സൌകര്യാര്‍ത്ഥമുള്ള പേരു മാത്രമാണ്. ഇന്ത്യാക്കാരന്‍ ആണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവായിരുന്നതെങ്കില്‍ ആദിമാതാവ് എന്നോ ആദത്തിനു പകരം ദക്ഷപ്രജാപതിയെന്നൊ പേരിടും. അത്രേയുള്ളൂ ഈ ‘ഹവ്വ’ എന്ന വിളിപ്പേരിന്റെ സാംഗത്യം.
മൈറ്റോക്കോണ്ട്രിയല്‍ “ഹവ്വാദേവി” എന്നത് നമ്മുടെ ഏറ്റവും അടുത്ത രൂപപരമായ (anatomical) പൂര്‍വിക അല്ല. ജനിതകമായി ബന്ധമുള്ള ഏറ്റവുമടുത്ത പൂര്‍വികയുമല്ല!
അവള്‍ മാതൃകമായി കിട്ടുന്ന ജനിതകവസ്തു പേറുന്ന ആദ്യ പൂര്‍വിക മാത്രമാണ് - അതായത്, പൈതൃകമായി (പിതാവില്‍ നിന്നും) കിട്ടുന്ന ജനിതകവസ്തുവച്ചു നോക്കിയാലോ, ശാരീരികമായ ഘടകങ്ങള്‍ വച്ചു നോക്കിയാലോ വേറെ പൂര്‍വികതന്തമാരും തള്ളമാരും ലക്ഷക്കണക്കിനു കാണും എന്ന് !

മൈറ്റോക്കോണ്ട്രിയല്‍ ഹവ്വാമ്മച്ചി സാങ്കല്പികമായ ഒരു പൂര്‍വികയുടെ ഏകദേശ ബിംബമാണ്. അങ്ങനെയൊരു ഒറ്റപ്പെട്ട വ്യക്തി ജീവിച്ചിരുന്നുവെന്നതിനു ഫോസില്‍ തെളിവുകള്‍ ഇതുവരെ ഇല്ല. അത്തരമൊരു പൂര്‍വ്വിക സ്ത്രീയിലേക്ക് നമ്മുടെയൊക്കെ മൈറ്റോക്കോണ്ട്രിയയിലെ ജനിതകവസ്തുവിനെ പിന്നോട്ട് track ചെയ്യാം എന്നുമാത്രമേ ഈ ആശയത്തിനു അര്‍ത്ഥം കല്പിക്കേണ്ടൂ.

ആന്ത്രപ്പോളജിക്കാരും ആര്‍ക്കിയോളജിസ്റ്റ് അണ്ണന്മാരും അണ്ണികളും ആപ്ഫ്രിക്കയിലെ മൂന്നു സ്ഥലങ്ങളെയാണ് ഇത്തരത്തിലുള്ള ഒരു പൂ‍ര്‍വിക വല്യമ്മൂമ്മ ഗോത്രം ഉരുത്തിരിഞ്ഞിരിക്കാന്‍ സാധ്യതയുള്ളതായി mark out ചെയ്തിരിക്കുന്നത്. ഈ വല്യമ്മൂമ്മയുടെ മൈറ്റോക്കോണ്ട്രിയല്‍ ജനിതകവസ്തു ഇന്നും ഏതാണ്ടെല്ലാ ആധുനിക മനുഷ്യരിലും കാണാം എന്ന് ആത്യന്തികമായി പറയാം.

മോളീക്യുലാര്‍ ക്ലോക്ക് സാങ്കേതികവിദ്യയിലൂടെ ഇങ്ങനെ “പിന്നോട്ടു തപ്പല്‍” നടത്തുന്നതുകൊണ്ടാണ് ആദം അപ്പൂപ്പന്‍ ഹവ്വ അമ്മൂമ്മയേക്കാള്‍ late ആയി സീനില്‍ വരുന്നത് എന്ന് നമുക്ക് കാണാനാവുന്നത്. സത്യത്തില്‍ ഇപ്പോഴുള്ള മനുഷ്യരിലെ Y-ക്രോമസൊമിന്റെ ജനിതകഘടകങ്ങള്‍ തപ്പിനോക്കി പിന്നോട്ടുപിന്നോട്ടു പോയാല്‍ അതില്‍ ഒരു പൂര്‍വികന്‍ തന്തപ്പടിയുടെ പൊട്ടും പൊടിയും കാണാം എന്നതുമാത്രമാണ് അത്തരമൊരു ആദം/ദക്ഷപ്രജാപതി പൂര്‍വികനെ സങ്കല്‍പ്പിക്കാനുള്ള കാരണം. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊരു backward mathematical extrapolation-ന്റെ സൃഷ്ടിയാണ്. അല്ലാതെ ആദ്യമാതാവെന്നോ ആദ്യ പിതാവെന്നോ ഉള്ള ഒരു മിഥോളജിക്കല്‍ സങ്കല്പത്തിന്റെയും സ്ഥിരീകരണമല്ല. ആദം എന്നും ഹവ്വ എന്നുമുള്ള പേരുകളെ നീലാണ്ടനെന്നും പങ്കജാക്ഷിയെന്നും മാറ്റി വിളിച്ചാലും വസ്തുതാപരമായി യ്ത്രൌ വ്യത്യാസവുമുണ്ടാവാനും പോകുന്നില്ല :)

മൈറ്റോക്കോണ്ട്രിയല്‍ ഹവ്വാമ്മൂമ്മയുടെ കൂടെ ആ ഗോത്രത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ മൈറ്റോക്കോണ്ട്രിയയിലെ ജനിതകവസ്തുവിന്റെ പൊട്ടും പൊടിയും ഇന്നു ജീവിച്ചിരിക്കുന്ന (ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സ്) മനുഷ്യരില്‍ കാണുന്നില്ല എന്ന കാരണത്താല്‍ , ഹവ്വാമ്മൂമ്മയ്ക്കു മാത്രമേ കൊച്ചുങ്ങളുണ്ടായുള്ളൂ എന്നും ബാക്കിയുള്ളോരുടെ പിള്ളാരൊന്നും പിഴച്ചില്ല എന്നും interpret ചെയ്യാനാവില്ല. ഹവ്വാമ്മൂമ്മയുടെ കൂടെയുള്ള സ്ത്രീകളും പലരീതിയില്‍ പില്‍ക്കാലതലമുറകളിലേക്ക് തങ്ങളുടെ ജനിതകവസ്തു നല്‍കിയിരിക്കാം - അവ കാലക്രമേണ (2 ലക്ഷം വര്‍ഷങ്ങള്‍) പലവഴിക്കും പിരിഞ്ഞു പോയിട്ടുണ്ടാകാം, ചിലപ്പോള്‍ വംശങ്ങള്‍ തന്നെ കുറ്റിയറ്റുപോകാം - നമ്മുടെ പല ആദിവാസി ഗോത്രങ്ങളും ഉദാഹരങ്ങങ്ങളാണല്ലോ.

കൂട്ടത്തില്‍ ഇത്രയും കൂടി :-
നമുക്ക് ഹവ്വാമ്മൂമ്മയും ആദം അപ്പൂപ്പനും ഉള്ളതുപോലെ പല ജന്തുജാതികള്‍ക്കും ഇതുപോലുള്ള ജനിതകപൂര്‍വ്വികരും ശരീരഘടനാ പൂര്‍വ്വികരും ഉണ്ട്. അക്കാന്തോസ്റ്റേഗ എന്ന നാല്‍ക്കാലി മത്സ്യം ഇന്നു കരയില്‍ ജീവിക്കുന്ന നാല്‍ക്കാലി/ഇരുകാലി ജന്തുക്കളുടെയോക്കെ അനാട്ടമിക്കല്‍ പൂര്‍വികന്‍ ആണെന്നു പാലിയന്റോളജിസ്റ്റുകള്‍ ഏതാണ്ട് തീര്‍ച്ചയാക്കിയിട്ടുണ്ട്.

2. പ്രകൃതി നിര്‍ദ്ധാരണം, സര്‍വൈവല്‍ ഒഫ് ദ ഫിറ്റസ്റ്റ് എന്നിവയെക്കുറിച്ച് ഒരല്‍പ്പം :

പരിണാമത്തെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു കാണുന്ന വാക്യമാണ് ശക്തന്റെ വിജയം, അല്ലെങ്കില്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ (SURVIVAL OF THE FITTEST) എന്നത്. ഇവിടെ ശക്തന്റെ വിജയമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അതിജീവനസാധ്യതയെയാണ്. ശക്തി എന്നത് ശാരീരികശക്തിയായി തെറ്റിദ്ധരിക്കപ്പെടുന്നു.

യഥാര്‍ത്ഥത്തില്‍ ശക്തിയെന്നതുകൊണ്ടുദ്ദേശിക്കുന്നത് പരിതഃസ്ഥിതിയോടിണങ്ങാനുള്ള കഴിവിനെയാണ്. അന്ധരുടെ ലോകത്ത് കാഴ്ചയാണ് ശക്തി; മരച്ചില്ലകളില്‍ വസിക്കുന്ന ജീവികളുടെ ലോകത്ത് ഭാരക്കുറവാണു (light weight) ശക്തി; രോഗസാധ്യത കൂടുതലുള്ളവരുടെ ലോകത്ത് പ്രതിരോധശേഷിയാണ് (immunity) ശക്തി !
ശാരീരിക ശക്തിയും ഒരു അനുകൂലഗുണമായി വരുന്ന ഘട്ടങ്ങളുണ്ട്. ഉദാഹരണത്തിന് സിംഹങ്ങളുടെയോ കടുവകളുടെയോ ഒരു സമൂഹത്തില്‍ ശക്തനായ വ്യക്തി മികച്ച ജീനുകളുടെ ഒരു കൂട്ടത്തെ- പ്രകൃതിയാല്‍ തെരഞ്ഞെടുക്കപ്പെട്ട ജീനുകളുടെ ഒരു സംഘാതത്തെ- പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ പെണ്‍സിംഹങ്ങളും പെണ്‍കടുവകളും വംശം നിലനിര്‍ത്താന്‍ അത്തരം ആണുങ്ങളെ തെരഞ്ഞെടുക്കുന്നു.
വലിയ പീലിക്കണ്ണും, അതു നിവര്‍ത്തി നിര്‍ത്തുമ്പോഴുള്ള വലിപ്പവുമാണ് ആണ്‍മയിലിനെ ആകര്‍ഷണീയനാക്കുന്നത്. വലിപ്പവും നിറവും കൂടുതലുള്ള പീലികള്‍ ആരോഗ്യത്തെയും, രോഗാണുക്കളുടെ അഭാവത്തെയും പ്രതിനിധീകരിക്കുന്നു എന്നതുകൊണ്ടാണിത്. വലിയകൊമ്പുകളാണ് കലമാനിന്റെയും റെയ്ന്‍ഡിയറുകളുടെയും മറ്റും ആകര്‍ഷണീയത. എന്തിനധികം പറയുന്നു. ചിലയിനം പെണ്‍ എലികള്‍ക്ക് ആണ്‍ എലികളില്‍ ജനിതക വൈകല്യങ്ങളുണ്ടോയെന്നു വരെ തിരിച്ചറിയാനാവുമെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നുണ്ട് !

ശക്തി അഥവാ ആകര്‍ഷണീയത എന്നത് ആണിനെ തെരഞ്ഞെടുക്കാനുള്ള പെണ്ണിന്റെ അളവുകോല്‍ മാത്രമാണെന്നു മേല്‍പ്പറഞ്ഞതില്‍ നിന്നും ധരിക്കരുത്. പൂന്തേനും പൂമ്പൊടിയും തേടി വരുന്ന വണ്ടുകളെയും തേനീച്ചകളെയും ആകര്‍ഷിക്കുന്ന പൂവുകളുടെ നിറവും മണവുമൊക്കെ ഇത്തരത്തിലുള്ള ശക്തികളാണ്. തേനീച്ചകള്‍ക്ക് അള്‍ട്രാവയലറ്റ് രശ്മികള്‍ കാണാനാകും. അതുകൊണ്ടുതന്നെ നമമള്‍ മനുഷ്യര്‍ക്ക് മഞ്ഞയായിത്തോന്നാവുന്ന പൂവിതളുകള്‍ യഥാര്‍ത്ഥത്തില്‍ ഇളം നീല നിറത്തിലുള്ളവയായിട്ടാണ് തേനീച്ചകള്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ പരാഗണം നടക്കുന്ന ചെടികളുടെ പൂക്കളധികവും മഞ്ഞയാണ്.


3.സ്ത്രീകളും പുരുഷന്മാരും പരിണാമത്തില്‍ :


സുകുമാര്‍ അഴീക്കോടിന്റെ ആ ലേഖനഭാഗം സ്കൂളില്‍ (ഒമ്പതാം ക്ലാസ്)വായിച്ചതായി ഓര്‍ക്കുന്നു. അതില്‍ സ്ത്രീകളായിരുന്നു വേട്ടയാടിയിരുന്നത് മൃഗങ്ങളെസംബന്ധിച്ചിടത്തോളം ശരിയാണ് എങ്കിലും മനുഷ്യനെ സംബന്ധിച്ചിടത്തോളം തെറ്റാണ്. സിംഹങ്ങളെപ്പോലുള്ള പല സാമൂഹിക ഹിംസ്രജീവികളിലും പെണ്ണുങ്ങള്‍ വേട്ടയാടി ആണുങ്ങള്‍ക്കുകൂടി തിന്നാന്‍ കൊടുക്കേണ്ടിവരാറുണ്ട്. മറിച്ച് ആണുങ്ങള്‍ ആ സമുദായത്തെ പുറമേനിന്നുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുകയും, ഒപ്പം വംശവൃദ്ധിക്കുള്ള ജീനുകള്‍ സംഭാവനചെയ്യുകയും ചെയ്യുന്നു. മനുഷ്യനില്‍ ആണുങ്ങള്‍ തന്നെയാണ് വേട്ടയാടിയിരുന്നതും വംശത്തെ രക്ഷിച്ചിരുന്നതും. സ്ത്രീകള്‍ കുഞ്ഞുങ്ങളെ പരിപാലിക്കലും ഗൃഹനിര്‍മ്മാണം, അലങ്കാരം ബന്ധുമിത്രാദികളെ പ്രീണിപ്പിച്ച് നിര്‍ത്തല്‍ തുടങ്ങീയ softskills ആണ് വികസിപ്പിച്ചത്. വാചകമടിയില്‍ സ്ത്രീകളുടെ മസ്തിഷകം മുന്നില്‍ നില്ക്കുന്നതും മറ്റൊന്നുകൊണ്ടല്ല.

(ഇന്ന് ഷോപ്പിംഗില്‍ നാം കാണുന്ന ആണ്‍ പെണ്‍ വ്യത്യാസം ഇതിന്റെ പ്രതിഫലനമാണ്- ആണുങ്ങള്‍ സാധനങ്ങളുടെ ക്വാളിറ്റി,നിറം,മണം ഗുണം എന്നിവയില്‍ അത്രകണ്ട് ശ്രദ്ധാലുക്കളല്ല. അവര്‍ ഷോപ്പിംഗിനു പൊതുവേ അധികം സമയമെടുക്കാറുമില്ല. ഇത് പ്രാചീനമായ ആ killer/hunter instinct ആണ്.കാര്യം നേടുക, വേഗം സ്ഥലം വിടുക എന്ന വാഞ്ഛ. അതേസമയം സ്ത്രീകളുടെ വിശദമായ ഷോപ്പിംഗ് രീതികള്‍ പ്രാചീനമായ gatherer/collector instinct ആണ് വെളിവാക്കുന്നത്.)

പരിണാമപരമായി നോക്കിയാല്‍ സ്ത്രീ കൂടുതല്‍ അഡ്വാന്‍സ്ഡ് ആണ് പല കാ‍ര്യത്തിലും. അസുഖങ്ങളില്‍ നിന്നും - അതു ജനിതക രോഗങ്ങളായാലും ഇന്‍ഫക്ഷന്‍ പോലുള്ള ആര്‍ജ്ജിത രോഗങ്ങളായാലും - സ്ത്രീകള്‍ കൂടുതല്‍ മുക്തരാണ്. ബന്ധുമിത്രാദികളുടെ മരണം, നഷ്ടങ്ങള്‍, കഷ്ടപ്പാടുകള്‍ എന്നിവയെ അതിജീവിക്കാനുള്ള മാനസിക ഉന്നതി സ്ത്രീക്കാണ് കൂടുതല്‍. സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവും കൂടുതലാണ്. ശരീരത്തില്‍ കൊഴുപ്പിന്റെ വിസ്ഥാപനം വച്ചുനോക്കുമ്പോള്‍ പട്ടിണിയെ കൂടുതല്‍ നേരിടാന്‍ സ്ത്രീശരീരത്തിനു കഴിവുണ്ട് (മസിലു പെരുപ്പിച്ചിട്ടു കാര്യമില്ല മച്ചാന്മാരേ..എന്ന്!). ഗര്‍ഭസ്ഥശിശുക്കളില്‍ നോക്കിയാല്‍ പെണ്ണുങ്ങള്‍ കൂടുതല്‍ നന്നായി വിപരീതസാഹചര്യങ്ങളെ നേരിടുകയും ആരോഗ്യത്തോടെ വളരുകയും ചെയ്യും (എന്നിട്ടും ചില ചെറ്റകള്‍ സ്കാന്‍ ചെയ്ത് കണ്ടുപിടിച്ച് പെണ്ണാണെന്നുകാണുമ്പോള്‍ ഗര്‍ഭം കലക്കും!).
ശാരീരിക രോമം കുറയുന്നത് മനുഷ്യന്റെ പരിണാമത്തെ സംബന്ധിച്ചിടത്തോളം ഒരു “പുരോഗമന” മാറ്റമാണ്. ആ ഒരു കോണിലൂടെ നോക്കിയാ‍ല്‍ സ്ത്രീ വീണ്ടും അഡ്വാന്‍സ്ഡ് ആണ്. സര്‍വ്വോപരി, മനുഷ്യന്റെ ലോലമായ വികാരങ്ങളുടെയും അതുമായി ബന്ധപ്പെട്ട ബൌദ്ധികതയുടെയും emotional intelligence quotient അഥവാ EQ വിന്റെ അടിസ്ഥാനത്തില്‍ ആധുനിക മനുഷ്യസമൂഹത്തിന്റെ പരിണാമത്തെ - അതും സാംസ്കാരികമായ പരിണാമത്തെ - നോക്കിയാല്‍ സ്ത്രീ വര്‍ഗ്ഗം പുരുഷവര്‍ഗ്ഗത്തേക്കാള്‍ മുന്നിലാണെന്നുകാണാം.(ഒരുപക്ഷേ നഗര സംസ്കാരത്തില്‍ പുരുഷന്മാരില്‍പ്പോലും macho പൌരുഷത്തെക്കാള്‍ സ്ത്രീത്വത്തിനു പ്രാധാന്യം കൂടുന്നത് ഇതിന്റെ ഒരു ലക്ഷണമാവാം.)

(OT: നീണ്ട കമന്റുകള്‍ ബോറാണ് എന്നറിയാം. എന്നാലും ഈ വിഷയം സ്കൂള്‍കാലം മുതലേ എന്റെ വട്ടുകളില്‍ പ്രധാനമായിരുന്നതുകൊണ്ട് എഴുതാതിരിക്കാന്‍ പറ്റുന്നില്ല..ലേലു അല്ലൂ.. ലേലു അല്ലൂ..!;)

ഡാലി said...

തള്ളേ! ഞാനും സൂരജിനു ശിഷ്യപ്പെട്ട് പോകുമല്ലോ!

ശക്തി എന്താണെന്നു നിര്‍വചിക്കാം എന്ന് വച്ച് വന്നതായിരുന്നു.സൂരജ് അതിനുള്ള സ്കോപ്പിലാണ്ടാക്കി.

ഒരുപക്ഷേ നഗര സംസ്കാരത്തില്‍ പുരുഷന്മാരില്‍പ്പോലും macho പൌരുഷത്തെക്കാള്‍ സ്ത്രീത്വത്തിനു പ്രാധാന്യം കൂടുന്നത് ഇതിന്റെ ഒരു ലക്ഷണമാവാം

ശരിയാവും.ഈയിടെ നോ‍ാക്കുമ്പോ‍ള്‍ ഷോപ്പിങിന്‌ ചേട്ടന്മാരാണു ഇപ്പോ ചേച്ചിമാരേക്കാള്‍ സമയമെടുക്കുന്നത്. :)


റോബി, ആ പുസ്തകം തൂക്കി വിറ്റത് മണ്ടത്തരമായി എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ അതിലെ തെറ്റുകള്‍ ചൂണ്ടി കാണിച്ച് ഒരു പോസ്റ്റ് എങ്കിലും ഇടാമായിരുന്നു. ഒരു തലമുറ പഠിച്ച പാഠപുസ്ത്കങ്ങളിലെ തെറ്റ് ചൂണ്ടികാണിക്കുന്നതൊരു വലിയ കാര്യമാണ്.

ഗുപ്താ, രാഷ്ട്രീയത്തിനു വര്‍ഗ്ഗബോധത്തേക്കാള്‍ ഒബജെക്റ്റിവിറ്റി നോക്കുന്നവരായിരിക്കും കക്ഷിരാഷ്ട്രീയമില്ലാത്ത രാഷ്ട്രീയക്കാര്‍. അവശവ്യക്തിയില്‍ അവശതയ്കാണോ ‘വ്യക്തി‘ക്കാ‍ണോ പ്രാധാന്യം എന്നതാണ് കാര്യം. എന്തു സംസാരിച്ചാലും പ്രയോരിറ്റീസ് എന്നതല്ല, പ്രധാനപ്പെട്ട വിഷയങ്ങളില്‍ എല്ലാം പ്രയോരിറ്റീസ് എന്നതാണ്.

അനോമണി said...

സൂരജ്,
“ഇന്ന് ഷോപ്പിംഗില്‍ നാം കാണുന്ന ആണ്‍ പെണ്‍ വ്യത്യാസം“ ഏതെങ്കിലും ശാസ്ത്രീയ പഠനത്തെ അടിസ്താനപ്പെടുത്തിയുള്ള നിരീക്ഷണമാണോ? സംശയത്തിന് കാരണം ഡാലിയോട് ചേര്‍ന്നുപോകുന്ന ചില നിരീക്ഷണങ്ങളാണ്. ഷോപ്പിംഗില്‍ സാധനങ്ങളുടെ ക്വാളിറ്റി,നിറം,മണം ഗുണം എന്നിവ വളരെ നന്നായി വളരെ സമയമെടുത്ത് ഗവേഷിക്കുന്ന പുരുഷന്മാരെ ധാരാളം കണ്ടിട്ടുണ്ട്. ഇത് പലപ്പോഴും ശാസ്ത്രപരം എന്നതിലുപരി സാമൂഹികമാണെന്നാണ് തോന്നിയിട്ടുള്ളത്.

Unknown said...

റോബി,

നല്ല സ്കോപ് ഉള്ള വിഷയമാണു. ഈ എഴുതിയത് ചെറുതായിപ്പോയി. പിന്നെ ആദം, ഹവ്വ എന്ന ബിബ്ലിക്കല്‍ ക്യാച്ച് വേഡ്സ് ഒക്കെ ചില ശാസ്ത്രകാരന്‍‌മാര്‍ തങ്ങളുടെ തിയറികള്‍ക്ക് നല്‍കുന്നത് മന:പൂര്‍‌വ്വമാണെന്നാണു എനിക്ക് തോന്നുന്നത്. ഒറ്റ നോട്ടത്തില്‍ ഫിക്ഷന് ശാസ്ത്രീയ അടിത്തറ തോന്നിപ്പിക്കുന്ന ഒരു തന്ത്രം. അതില്‍ വീണുപോകുന്നവരെ ഇവിടെ തന്നെ കണ്ടുവല്ലോ.

പരിണാമം ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ശാസ്ത്രശാഖയാണു. അതിലേക്ക് വെളിച്ചം വീശുന്ന ഏത് ലേഖനവും സാമൂഹ്യപരമായി പ്രസക്തിയുള്ളതുമാണു.

Suraj said...

റോബി ജീ, ഈ ഓഫിനു കൂടി മാപ്പ്.

പ്രിയ അനോമണി,

കമന്റ് ലേറ്റായതിനു ക്ഷമ.
ഷോപ്പിംഗിലെ ആണ്‍ പെണ്‍ വ്യത്യാസത്തെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങള്‍ ഉണ്ട്.
പരിസ്ഥിതി മന:ശാസ്ത്രജ്ഞനായ അണ്ടര്‍ ഹില്ലിന്റെ Why We Buy: The Science of Shopping എന്ന പുസ്തകം ഈ വഴിയുള്ള പഠനങ്ങളെയും ചിന്തകളെയും സാമാന്യം നന്നായി ക്രോഡീകരീച്ചിട്ടുള്ള ഒന്നാണ്.

പിന്നെ, ഇതൊരു സര്‍വ്വകാല/സനാതന Rule അല്ല. തീര്‍ച്ചയായും exceptions കാണാം. മാത്രമല്ല പൊതുവായുള്ള ഷോപ്പിംഗ് പ്രവണതകളിലാണ് ലിംഗവ്യത്യാസം കൂടുതല്‍ പ്രകടമാകുക. ഉദാഹരണത്തിന് പുരുഷനെ സംബന്ധിച്ചിടത്തോളം മറ്റു പല സാമൂഹികപ്രവര്‍ത്തിയും പോലെ ഷോപ്പിംഗും ഒരു ദൌത്യമാണ്(mission). അത് execute ചെയ്യുക എന്നതാണ് ഷോപ്പിംഗിലെ അവന്റെ ദ്രുതഗതിയിലുള്ള തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും മിന്നിമറയുന്നത്. പ്രാചീനമായ ഏതോ കാലത്ത് ഹിംസ്രജന്തുക്കളുടെ ആക്രമണവും മരണവും പതിയിരിക്കുന്ന പ്രദേശങ്ങളില്‍ വേട്ടയ്ക്കിറങ്ങുന്ന പുരുഷന്റെ പ്രതികരണ ശൈലികള്‍ ഇന്നത്തെ പുരുഷന്മാരിലെ ഷോപ്പിംഗ് രീതികളിലും കാണാം. പുരുഷന്മാര്‍ തിരക്കുള്ളസ്ഥലങ്ങളിലും സങ്കീര്‍ണ്ണമായ വഴികളുമൊക്കെ താരതമ്യേന വേഗം പഠിച്ചെടുക്കുന്നതും പരിതസ്ഥിതിയിലെ Visual Patterns(ഇലച്ചാര്‍ത്ത്, മണ്‍കൂനകള്‍, പുല്‍മേടുകള്‍)തിരിച്ചറിയുന്നതില്‍ നേടിയ പാരിണാമിക പുരോഗതിമൂലമാണ്. Collector/gatherer എന്ന റോള്‍ നിര്‍വഹിച്ചിരുന്ന സ്ത്രീക്ക് അതനുസരിച്ചുള്ള കഴിവുകള്‍ പോഷിപ്പിക്കാനായതും മറ്റു കാരണം കൊണ്ടല്ല.
(പരിണാമപരമായ ഈ വ്യത്യാസങ്ങളെ ഇല്ലാത്ത അര്‍ത്ഥതലങ്ങളിലേക്ക് വലിച്ചു നീട്ടി “പിങ്ക് നിറം എന്തുകൊണ്ട് സ്ത്രൈണമാകുന്നു ” എന്ന മട്ടിലുള്ള സ്റ്റുപ്പിഡ് വ്യാഖ്യാനങ്ങളും പലയിടത്തും കേള്‍ക്കാറുണ്ട് എന്നതു മറക്കുന്നില്ല)

അനോമണി said...

സൂരജ്,

താങ്കളുടെ മറുപടി കാണാന്‍ വളരെ വൈകി. ചിന്താദ്യോപകമായ കുറിപ്പിന് നന്ദി. എന്‍‌റെ വ്യക്തിപരമായ നിരീക്ഷണങ്ങള്‍ തുടര്‍ന്നുള്ള ചില തോന്നിച്ചകള്‍ (തോന്നിച്ചകള്‍ മാത്രമെന്നുറപ്പിച്ചു പറയട്ടെ!) ആണ് മുന്‍ കുറിപ്പിനാധാരം. അവയെ ഇപ്രകാരമെന്നു വിശദമാക്കട്ടെ?

പുരുഷനെ സംബന്ധിച്ച് വീട്ടുകാര്യങ്ങള്‍ സ്വന്തം കാര്യമായി മാറിയത് ഈ അടുത്തകാലത്തണെന്ന് തോന്നുന്നു (കേരളത്തിലെ സാഹചര്യങ്ങള്‍ മാത്രം കണക്കിലെടുത്തുള്ള നിരീക്ഷണമാണിത്). അതിനാല്‍ത്തന്നെ വീട്ടിലെ ദൈനംദിന കാര്യങ്ങളോടനുബന്ധമായ ഷോപ്പിങ് എന്നു പറയുന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം സ്വന്തം കാര്യമായി തോന്നിയിരിക്കണമെന്നില്ല. എന്നാല്‍ തനിക്ക് താത്പര്യമുള്ള കാര്യങ്ങള്‍ ക്രയവിക്രയം ചെയ്യുന്നത് വളരെ കരുതലോടുകൂടിയാണെന്നും തോന്നിയിട്ടുണ്ട്. ഉദാഹരണമായി ഒരു ക്യാമറ വാങ്ങുന്ന കാര്യത്തില്‍ നടത്തുന്ന അന്വേഷണങ്ങളും ഗവേഷണങ്ങളും! ഇന്ന് സ്വന്തമായി പാചകം ചെയ്യുന്നവരും പാചകം ഒരു കല എന്നരീതിയില്‍ ആസ്വദിക്കുന്നവരുമായ പുരുഷന്മാര്‍ വളരെ അധികമുണ്ടെന്നാണ് എന്‍‌റെ തോന്നിച്ച. അത്തരത്തിലുള്ളവര്‍ കരുതലോടെയും ഗവേഷണബുദ്ധിയോടെയും പച്ചക്കറികളും മറ്റുസാധനങ്ങളും വാങ്ങുന്നതായും കണ്ടിട്ടുണ്ട്. കൂടാതെ, പുരുഷന്‍ മാത്രമല്ലല്ലോ എല്ലായിപ്പോഴും നായാടികള്‍?


സൂരജ് ആ വാദം അവതരിച്ചപ്പോള്‍ ആരുടെയോ അലസമായ നിരീക്ഷണങ്ങളുടെ അതിവായനയെ അവലംബിച്ചതായി തോന്നി. എന്നാല്‍ അങ്ങനെയല്ല എന്ന് മറുപടിയില്‍നിന്നു മനസ്സിലാക്കുന്നു.എന്നിട്ടും ബാക്കിയായ ചില സംശയങ്ങള്‍ക്കായി "Why We Buy: The Science of Shopping" നെറ്റില്‍ ഒന്നു പരതി. case study കളെയും research data യുടെയും അടിസ്ഥനത്തിലുള്ള അപഗ്രധനങ്ങളാണ്‌ എന്നുകണ്ടു. കൂടാതെ ഞാന്‍ ചിന്തിച്ചതിനുപരിയായി ഒരു universal appeal ഉം പുസ്തകത്തിനുപറയപ്പെടുന്നു. വീണ്ടും ചില കുനുഷ്ട് വിചാരങ്ങളുടെ പേരില്‍ ചോദിക്കട്ടെ? അവ (ആ പ്രത്യേക ഉദാഹരണം) ഏതെങ്കിലും case study യെ അവലംബിച്ചാണോ Paco Underhill അവതരിപ്പിക്കുന്നത്. അതോ ഒരു പുസ്തകം എഴുതുന്നതിനിടയില്‍ വളരെയധികം വിഷയങ്ങള്‍ക്കിടയില്‍ എഴുത്തുകാരന്‍‌റെ വ്യക്തിപരമായ നിരീക്ഷണം അവതരിപ്പിച്ചതാണോ? സമയവും താത്പര്യവും ഉണ്ടെങ്കില്‍ ദയവായി ഒരു മറുപടിയോ അല്ലെങ്കില്‍ ഒരു പോസ്റ്റോ ഇടുക. നരവംശത്തിന്‍‌റെ സ്വഭാവ പരിണാമപരമായ ഒരു വിഷയമായതിനാല്‍ ഇതൊരു ഒഫ് ആവുകയില്ലെന്നും പലരും താല്പര്യപ്പെടും എന്നുംകരുതുന്നു.

ഇത്രയധികം ഇതില്‍ ആകുലപ്പെടുന്നതെന്താണ് എന്നുചിന്തിക്കുന്നുണ്ടെങ്കില്‍ മറ്റൊന്നുമല്ല. പലതരത്തില്‍ പ്രതിലോമപരമായി വായിക്കാന്‍ എളുപ്പമുള്ള വിഷയമാണിത്. പ്രത്യേകിച്ച് ഒരു പെണ്‍ പക്ഷ കാഴ്ചപ്പാടില്‍. ശാസ്ത്രം ഏതുരീതിയിലാണ് ഉരുത്തിരിയുന്നത് എന്ന് കൃത്യമായി അറിയണം എന്ന് തോന്നി.

മാവേലി കേരളം said...

റോബീ

ഞാനീതൊന്നും ക്ണ്ടതേയില്ല. എതിരന്‍ കതിര‍വനാണ്‍് ഇപ്പോള്‍ ഇതു ചൂണ്ടിക്കണിച്ചത്. അപ്പോഴാണ്‍് ഇത്രയും വലിയ ചര്‍ച്ചകള്‍ ഒക്കെ ഇവിടെ നടന്നിരുന്നു എന്നു മനസിലാക്കുന്നത്.

സൂരജിന്റ് ഇടപെടലുകള്‍ അതിഗംഭീരം എന്നു പറഞ്ഞാല്‍ ആവര്‍ത്തനമായിപ്പോകുംനെകിലും അതു തന്നെ പറയട്ടെ.

വായിച്ചപ്പോള്‍ ചില സംശയ്ങ്ങളും തല പൊക്കുന്നു.

സുരജ് പറഞ്ഞിരിക്കുന്നു ‘അവള്‍ മാതൃകമായി കിട്ടുന്ന ജനിതകവസ്തു പേറുന്ന ആദ്യ പൂര്‍വിക മാത്രമാണ്‘ ഹവ്വ മാതാവ് എന്നുള്ളതിനെ വ്യംഗ്യാര്‍ത്ഥം എന്ന്.

അതു പോലെ ഈ മാതൃക പ്രതികൂല സാഹചര്യത്തില്‍ നശിച്ചു/ നിന്നു പോകുമെന്നും.

എന്നു പറഞ്ഞാല്‍, ഈ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അതേ മാതൃക അന്നു തൊട്ടിന്നു വരെ നീല നിക്കുന്നു എന്നാണോ?

അങ്ങനെയെങ്കില്‍ ഈ മാതൃകക്ക് സാമൂഹ്യ/രാഷ്ട്ര്രിയ/ ദേശീയ കാരണങ്ങളാല്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോ? അതായത് ഇന്നു മനുഷ്യരില്‍ കാണുന്ന വ്യതിയാനങ്ങള്‍ എങ്ങനെയാണ്‍് ഈ മാതൃകയുടെ അടിസ്ഥാനത്തീല്‍ മനസിലാക്കാന്‍ കഴിയുന്നത്.

ചൊദ്യത്തില്‍ യാതൊരു സെന്‍സുമില്ലെങ്കില്‍, ഈ വിഷയത്തില്‍ എനിക്കുള്ള അജ്ഞതയാണ്‍് അതു വെളിപ്പെടുത്തുന്നത് എന്നു കരുതുമല്ലോ:)

ഇതിനൊരുത്തരമുണ്ടെങ്കില്‍ തരുമെന്നു പ്രതീക്ഷിക്കുന്നു.

Suraj said...

പ്രിയ അനോമണീ,
വീണ്ടും ഈ കമന്റ് കാണാന്‍ വൈകി. ഇപ്പോള്‍ മാവേലി കേരളമാണ് ഇത് റീ ആക്ടിവേറ്റ് ചെയ്ത് ഓര്‍മ്മിപ്പിച്ചത്.

“അവ (ആ പ്രത്യേക ഉദാഹരണം) ഏതെങ്കിലും case study യെ അവലംബിച്ചാണോ Paco Underhill അവതരിപ്പിക്കുന്നത്. അതോ ഒരു പുസ്തകം എഴുതുന്നതിനിടയില്‍ വളരെയധികം വിഷയങ്ങള്‍ക്കിടയില്‍ എഴുത്തുകാരന്‍‌റെ വ്യക്തിപരമായ നിരീക്ഷണം അവതരിപ്പിച്ചതാണോ?"

അണ്ടര്‍ ഹില്ലിന്റെ പുസ്തകം കേസ് സ്റ്റഡികളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഒട്ടേറെ ഗൌരവപ്പെട്ട റിസേര്‍ച് നടക്കുന്നുണ്ട്. ജേണല്‍ ഓഫ് അഡ്വര്‍ട്ടൈസിംഗ്, ജേണല്‍ ഒഫ് കണ്‍സ്യൂമര്‍ മാര്‍ക്കറ്റിംഗ്, ജേണല്‍ ഒഫ് പേഴ്സണാലിറ്റി ആന്റ് സോഷ്യല്‍ സൈക്കോളജി, ജേണല്‍ ഒഫ് കണ്‍സ്യൂമര്‍ റിസേര്‍ച് തുടങ്ങിയ ജേണലുകളില്‍ ഈ വിഷയത്തെക്കുറിച്ച് വര്‍ഷാവര്‍ഷം പത്തോ ഇരുപതോ പഠനങ്ങള്‍ വരാറുണ്ട്. സിസ്ട്രങ്ക്, മക് ഡേവിഡ്, ജോആന്‍ മയേഴ്സ് ലീവൈ, ലറോഷ്, ക്ലീവ്ലന്റ് എന്നിങ്ങനെ വലിയൊരു ‘ഗവേഷകതാരനിര’ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് 1960കള്‍ മുതല്‍ക്കേ പേപ്പറുകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഈയടുത്ത് ചര്‍ച്ചാവിഷയമായ ഒരു പഠനത്തിന്റെ ആബ്സ്ട്രാക്റ്റാണ് ഇത്.ഞാന്‍ മുന്‍പത്തെ കമന്റില്‍ പറഞ്ഞ സ്ത്രീപുരുഷ ഷോപ്പിംഗ് വ്യത്യാസങ്ങളെ സ്ഥിരീകരിക്കുന്ന ഒരു പഠനമാണ് ഇത്.

പ്രിയ മാവേലി കേരളം,

അഭിനന്ദനത്തിനു നന്ദി. 'മാതൃകം' (maternal) എന്നാണ് മാതൃക എന്നല്ല ഞാനുപയോഗിച്ച വാക്ക്. പൈത്രകമായി ലഭിക്കുന്നത് (paternally derived) എന്നതിന്റെ വിപരീതമായിട്ടാണ് മാതൃകമായി ലഭിക്കുന്നത് (maternally derived) എന്ന് ഞാന്‍ ഉപയോഗിച്ചത് എന്നതു ശ്രദ്ധിക്കുമല്ലോ.

പിന്നെ,
“എന്നു പറഞ്ഞാല്‍, ഈ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അതേ മാതൃക അന്നു തൊട്ടിന്നു വരെ നീല നിക്കുന്നു എന്നാണോ?”

ഞാന്‍ ഇട്ട ഈ കമന്റില്‍ പോയിന്റ് നമ്പര്‍:1 ആയി പറഞ്ഞിരിക്കുന്ന ഭാഗത്ത് ഇത് വിശദീകരിച്ചിട്ടുണ്ട് - അതായത്, ഇന്ന് ഭൂഗോളത്തില്‍ വ്യാപകമായി കാണുന്ന മനുഷ്യ വര്‍ഗ്ഗത്തിലെ(ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സ്) അംഗങ്ങളുടെ മൈറ്റോകോണ്ട്രിയയിലെ ജനിതകവസ്തുവിനെ അപഗ്രഥിച്ച് കാലത്തിലൂടെ പിന്നോട്ട് പോകുമ്പോള്‍ ഒരു പൊതു പൂര്‍വ്വിക സ്ത്രീയില്‍ ആ ജനിതകവസ്തുവിന്റെ ആദ്യകോപ്പി, അഥവാ ഉറവിടം കാണാം. ആ സാങ്കല്പിക സ്ത്രീയെ നാം ആദിമാതാവായി കരുതുന്നുവെന്നേയുള്ളൂ. അത്തരമൊരു പൂര്‍വ്വിക സ്ത്രീയിലേക്ക് നമ്മുടെയൊക്കെ മൈറ്റോക്കോണ്ട്രിയയിലെ ജനിതകവസ്തുവിനെ പിന്നോട്ട് track ചെയ്യാം എന്നുമാത്രമേ ഈ ആശയത്തിനു അര്‍ത്ഥം കല്പിക്കേണ്ടൂ. അങ്ങനൊരു സ്ത്രീ തീര്‍ച്ചയായും ജീവിച്ചിരുന്നിട്ടുണ്ടാകണമെന്നില്ല- കാരണം ഇതൊരു മാത്തമാറ്റിക്കല്‍ സാങ്കല്പിക ‘പൂര്‍വിക’യാണ്.

മാത്രവുമല്ല, അന്നുതൊട്ടിന്നുവരെ ആ ജനിതകഭാഗങ്ങള്‍ മാറ്റമില്ലാതെ നില്‍ക്കുന്നുവോ എന്ന് ചോദ്യത്തിനു കൃത്യമായി പറഞ്ഞാല്‍ പ്രസക്തിയില്ല- കാരണം,ഇന്ന് നിലനില്‍ക്കുന്ന മനുഷ്യവര്‍ഗ്ഗങ്ങളുടെ മൈറ്റോകോണ്ട്രിയല്‍ ജനിതകത്തിന്റെ ഏറ്റവും recent ബന്ധുവായി ചൂണ്ടിക്കാണിക്കാവുന്ന ഒരു പൂര്‍വികയാണ് ഈ പറയുന്ന ഹവ്വ. A-യില്‍ നിന്നും B പരിണമിച്ചു വന്നതെങ്ങനെയെന്നല്ല നാം ഇവിടെ ഹവ്വയിലൂടെ അന്വേഷിച്ചത്, B എവിടെ നിന്നും വന്നു എന്ന് തപ്പി പുറകോട്ടു പോയി ഒടുവില്‍ A-യില്‍ എത്തുകയാണല്ലോ.

"അങ്ങനെയെങ്കില്‍ ഈ മാതൃകക്ക് സാമൂഹ്യ/രാഷ്ട്ര്രിയ/ ദേശീയ കാരണങ്ങളാല്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോ? അതായത് ഇന്നു മനുഷ്യരില്‍ കാണുന്ന വ്യതിയാനങ്ങള്‍ എങ്ങനെയാണ്‍് ഈ മാതൃകയുടെ അടിസ്ഥാനത്തീല്‍ മനസിലാക്കാന്‍ കഴിയുന്നത്.“

ഇന്നത്തെ മനുഷ്യന്റെ ജനിതകത്തില്‍ നിന്നും പിറകോട്ടു പിറകോട്ട് trace ചെയ്താണ് നാം ഇങ്ങനൊരു സാങ്കല്‍പ്പിക്ക ‘പൊതുപൂര്‍വ്വിക’യെ കണ്ടെത്തിയിട്ടുള്ളത്. പുറകോട്ടു പുറകോട്ടു തപ്പി പൊകുന്നതു പോലെ തിരിച്ച് അന്വേഷണം നടത്താന്‍ ഈ കേസില്‍ കഴിയുമെന്നു തോന്നുന്നില്ല, കാരണം ആ പൂര്‍വ്വിക എന്നത് ശരിക്കും ജീവിച്ചീരുന്ന ആരുമാവണമെന്നേയില്ല എന്ന് ഇത്തരം ഒരു mathematical extrapolation നടത്തുമ്പോള്‍ തന്നെ ഊഹിക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും ഇന്നത്തെ ജനസമൂഹങ്ങളുടെ മൈറ്റോകോണ്ട്രിയല്‍ ജനിതകത്തിലെ ഈഷദ് വ്യത്യാസങ്ങള്‍ നോക്കി അവര്‍ ഏതൊക്കെ കൈവഴികളിലൂടെയാണ് പിരിഞ്ഞു പോയിട്ടുള്ളതെന്നുള്ള ഒരു ഏകദേശരൂപം ഉണ്ടാക്കാം. ഉദാഹരണത്തിന് നമ്മള്‍ ദ്രാവിഡര്‍ക്ക് ഓസ്ട്രേലിയയിലെ ഗോത്രവംശജരുമായിട്ടാണ് സാമ്യമെന്നിരിക്കെ ഇന്നുള്ള ദ്രാവിഡര്‍ക്കും (നമുക്ക്) ഓസ്ട്രേലിയന്‍ അബോറിജിനികള്‍ക്കും കൂടി ഇതുപോലെ ഒരു പൊതുവായിട്ടുള്ള പൂര്‍വ്വിക ‘ജനിതക’മാതാവ് ഉണ്ടായിരുന്നിരിക്കാം. ഓസ്ട്രലോയിഡ് വംശത്തിന്റെ വികാസ പരിണാമം അന്വേഷിക്കുന്നതില്‍ ഒരു നാഴികക്കല്ലായിരിക്കും അത്തരമൊരു ‘ഓസ്ട്രലോയിഡ് ഹവ്വാമാതാവിനെ’ കിട്ടിയാല്‍. അങ്ങനെ ആ ജനിതകവഴിയിലെ രാഷ്ട്രീയ, സാംസ്കാരിക പരിണാമവും തീര്‍ച്ചയായും പഠനത്തിനു വിധേയമാകാം.

മാവേലി കേരളം said...

പ്രിയ സൂരജ്

കമന്റിനും എന്റെ ചോദ്യങ്ങള്‍ക്കു തന്ന മറുപടിക്കും വളരെ അപ്രീസിയേഷന്‍ ഉണ്ട്.

എന്റ് തെറ്റ് ഒരു വലിയ തെറ്റായിരുന്നു എന്നു മനസിലാക്കാന്‍ കഴിഞ്ഞു. മാതൃകം മാതൃകയായപ്പോള്‍ അര്‍ഥ്തം വല്ലാതെ മാറിപ്പോയി.

ഒരു കാര്യം കൂടി എനിക്കു മനസിലായി, ഈ വിഷയത്തില്‍ എനിക്കൊന്നും അറിഞ്ഞുകൂടാ എന്ന്. എന്നാലും താല്പര്യമുള്ള വിഷയമാണ്‍്.

ആസ്തിത്വത്തെക്കുറിച്ചുള്ള അനേഷണം, അതിന്റെ ശാസ്ത്രീയ വഴിയാണല്ലോ ഇത്. സമയം കിട്ടുമ്പോള്‍ കൂടുതല്‍ വായിക്കണം. സൂരജിനേപ്പോലുള്ളവരോടെ നല്ല ഒര്‍ സംശയം ചോദിക്കാനുള്ള അറിവെങ്കിലും വേണമല്ലോ?

ഉദ.ഈ താഴെപ്പറയുന്നതിന്റെ അര്‍ഥം ഒരു പിടിം കിട്ടുന്നില്ല.

‘അതായത്, പൈതൃകമായി (പിതാവില്‍ നിന്നും) കിട്ടുന്ന ജനിതകവസ്തുവച്ചു നോക്കിയാലോ, ശാരീരികമായ ഘടകങ്ങള്‍ വച്ചു നോക്കിയാലോ വേറെ പൂര്‍വികതന്തമാരും തള്ളമാരും ലക്ഷക്കണക്കിനു കാണും എന്ന് !‘

ഇതിനേക്കുറിച്ചൊക്കെ അടിസ്ഥാനപര്‍മായി ഒരറിവും ഇല്ലെങ്കില്‍ ഇതൊക്കെ മനസിലാക്കാന്‍ ബൂദ്ധിമുട്ടാ.

അല്പം ഞാനുമൊന്നു വായിക്കട്ടെ. എന്നിട്ട് ബാക്കി ചോദ്യങ്ങളുമായി വരാം.

സസ്നേഹം മാവേലി കേരളം.

Roby said...

മാവേലിയുടെ കമന്റ് കണ്ടപ്പോള്‍, ഒരു പരീക്ഷയുടെ തിരക്കിലായതിനാല്‍ പിന്നെയാകട്ടെ എന്നു വച്ചു.
അപ്പോഴേക്കും സൂരജിന്റെ മറുപടി വന്നു. ഞാന്‍ പറയുമായിരുന്നതിനേക്കാള്‍ നല്ല കമന്റ്.
സൂരജിനു നന്ദി.
മാവേലിക്ക് വേണമെങ്കില്‍ ആ പേപ്പറുകള്‍ അയച്ചുതരാം. മെയില്‍ ഐഡി പറഞ്ഞാലോ എനിക്കൊരു മെയിലയച്ചാലോ മതി.

Anonymous said...

mtdna kurich kooduthal vishadeekaranam tharumo?

Anonymous said...

ഡേ അനോണീമൗസേ,

ഒരുത്തന്‍ ഇച്ചിരെ മെനക്കെട്ട് ഒരു പോസ്റ്റിട്ടാ അപ്പ വന്നോളും, കൊറഞ്ഞു പോയി കൂടിപ്പോയി എന്നക്കെ പറഞ്ഞ്. മൈറ്റാക്കാണ്ട്റിയല്‍ ഡി.എന്‍.ഏന്ന് പറേണത് ഇവിടെയാരും സൊന്തോയിട്ട് ഗവേഷിച്ച് കണ്ട് പിടിച്ചതൊന്നുവല്ലല്ല്.
ചക്കാത്തിനു വിശദീകരിക്കാന്‍ ഇതെന്തരെടേ നിന്റെ ട്യൂഷന്‍ ക്ലാസാ ? വേണോങ്കീ പോയി തപ്പിപ്പിടിച്ച് വായിക്കെടേ. ഇന്റര്‍നെറ്റല്ലേ കൂവ്വേ കൈയ്യീ ഇരിക്കണത് !

[റോബി ഷമിക്കണം കേട്ട.ചൊറി മൂത്ത് എഴുതിപ്പോയതാണ്.]

Anonymous said...

poda muthu mone

Anand said...

dear Robi,
i am a literature student who knows nothing about it. i read your blogs. and this particular one is pretty strange to me, i have no idea about the technical terms u use. but thanks for making my brain work at least for a while.

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.