Thursday, February 11, 2010

വിലാപങ്ങൾക്കിപ്പുറം അഥവാ പൊളിറ്റിക്കൽ പോൺ !

പോൺ മൂവികൾ പലതരമുണ്ട്. സാദാ പോൺ, ടോർച്ചർ പോൺ, സ്ലാഷർ പോൺ പിന്നെ എളുപ്പത്തിൽ ഒരു പേരു കണ്ടുപിടിക്കാൻ പ്രയാസമുള്ളതരം പോൺ (ഉദാ: ട്വെന്റി-20). പൊളിറ്റിക്കൽ പോൺ എന്നൊരു സാധനത്തെക്കുറിച്ച് കേട്ടിട്ടില്ലെങ്കിൽ അതു കാണാൻ ടി.വി.ചന്ദ്രന്റെ സമീപകാലസിനിമകൾ- പ്രത്യേകിച്ച് വിലാപങ്ങൾക്കപ്പുറം, ഭൂമിമലയാളം എന്നിവ- കണ്ടാൽ മതിയാകും.

ശ്രീമാൻ ചന്ദ്രൻ സിനിമയെടുക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 20 വർഷം കഴിഞ്ഞു. ടി.വി.ചന്ദ്രന്റെ സിനിമ എന്നു പറയുമ്പോൾ എന്തൊക്കെയാവും മനസ്സിൽ വരിക.
• സ്ത്രീപക്ഷത്ത് എന്നു കൃത്യമായി വിളിച്ചു പറയുന്നു എന്നു തോന്നിപ്പിക്കാൻ ശ്രമിക്കുന്നു.
• കുടുംബം എന്ന അടിസ്ഥാനസാമൂഹികഘടനയെ നിരാകരിക്കുന്നു.
• ഇടതുപക്ഷത്ത് എന്നു തോന്നിപ്പിക്കുന്നു.
ഇതൊക്കെ ശരി. നല്ല കാര്യം. എന്നാൽ ഒരാൾ ഇരുപതുകൊല്ലങ്ങളായി ഒരേകാര്യം പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിൽ അതിലെന്തോ പ്രശ്നമില്ലേ? അതു തന്നെയാണു ശ്രീമാൻ ചന്ദ്രന്റെ സിനിമയുടെ പ്രശ്നവും. കാലങ്ങളായി പറയുന്നതൊക്കെ തന്നെയാണ് ഈ സിനിമകളിലും. ഒന്നും കൂടുതലില്ല, കുറവുണ്ടോ എന്നു ചോദിച്ചാൽ…

ശ്രീ.ചന്ദ്രന്റെ പഴയകാല സിനിമകളിൽ രസകരമായ ചില ഷോട്ടുകളും പുതുമയുള്ള ചില ആഖ്യാനശ്രമങ്ങളുമൊക്കെയുണ്ടായിരുന്നു. പക്ഷെ ഈ ആയുധങ്ങളുടെയൊക്കെ മൂർച്ച പോയിരിക്കുന്നു എന്ന് ശ്രീ.ചന്ദ്രനു മനസ്സിലായില്ല എന്നു തോന്നുന്നു. ഈ പുതിയ പടങ്ങളിലെത്തുമ്പോൾ, ശ്രീ ചന്ദ്രന്റെ സിനിമാഭാഷ ഓഞ്ഞതും തേഞ്ഞതും മൂർച്ചപോയതും മാത്രമല്ല ചിലയിടത്ത് തുരുമ്പിച്ച തകരപ്പാട്ടയിൽ ആണിയുരസുന്നതുപോലെ അരോചകവുമാകുന്നു.
ടി.വി.ചന്ദ്രനിലെ സംവിധായകനെ ശവപ്പെട്ടിയിലാക്കിയ പടം ‘പാഠം ഒന്ന്: ഒരു വിലാപ’മായിരുന്നു. ശവപ്പെട്ടിയിൽ നിന്നും എഴുന്നേൽക്കാനുള്ള ഒരു ദുർബലശ്രമം ‘കഥാവശേഷനി’ലൂടെ ഒന്നു നടത്തി നോക്കി. ആര്യാടൻ ഷൌക്കത്ത് പിന്നെയും പിടിച്ച് അവിടെത്തന്നെ കിടത്തി. ഇപ്പോൾ സംവിധായകൻ സ്വന്തം ശവപ്പെട്ടിയിൽ കിടന്ന് സ്വയം ആണിയടിക്കുന്നു. ‘വിലാപങ്ങൾക്കപ്പുറം’ ഒരസ്സൽ സംഘി-സിനിമയാണെങ്കിൽ ‘ഭൂമിമലയാള’ത്തിന് അങ്ങനെ പ്രത്യേക രാഷ്ട്രീയമൊന്നുമില്ലെന്നു മാത്രമല്ല, അല്പം അരാഷ്ട്രീയസ്വഭാവവും ഉണ്ടെന്നു തോന്നും.

വിലാപങ്ങൾക്കപ്പുറം
ഗുജറാത്ത് കലാപത്തിൽ കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട് കേരളത്തിലെത്തുന്ന ഒരു പെൺകുട്ടിയെ കേരളത്തിലെ മുസ്ലിം പുരുഷന്മാർ വേട്ടയാടുന്നതാണ് പ്രമേയം. ഒറ്റചോദ്യമേയുള്ളൂ…അപ്പോൾ കേരളത്തിലെ മുസ്ലിം പുരുഷന്മാർ ആരായി? ഇതുവരെയുള്ള കേരളത്തിന്റെ ചരിത്രാനുഭവങ്ങളെ നോക്കി ചന്ദ്രൻ പല്ലിളിക്കുന്നു.

ഭൂമിമലയാളം
പുരുഷന്റെ നഷ്ടം അനുഭവിക്കുന്ന കുറെ സ്ത്രീകളാണ് ഇവിടെ മുഖ്യകഥാപാത്രങ്ങൾ. രണ്ടുപേർ സഹോദരൻ നഷ്ടപ്പെട്ടവർ, രണ്ടുപേർ ഭാർത്താവ്/ഭാർത്താവാകാൻ പോകുന്നവർ നഷ്ടപ്പെട്ടവർ, വേറെ രണ്ടുപേർ തങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിനു വേണ്ടി ഭർത്താവിനെയും കുടുംബത്തെയും വിട്ടുപോകുന്നവർ. നായകനെയും നായികയെയും ഇണ ചേരാവുന്ന ഒരു അവസ്ഥയിലെത്തിക്കുക എന്നതാണല്ലോ ഏതാണ്ട് 90 ശതമാനം മലയാളസിനിമകളുടെയും ഇതിവൃത്തം. അതിനിടയിൽ ഭർത്താവിനെ ഉപേക്ഷിച്ചുപോകുന്ന സ്ത്രീയെ അവതരിപ്പിക്കുന്നതിൽ ചില്ലറ രസമൊക്കെയുണ്ട്. ‘വ്യത്യസ്ഥങ്ങളായ സ്ത്രീയവസ്ഥകളെ കാഴ്ചപ്പെടുത്തുന്നു’ എന്നൊക്കെ നിരൂപകന്മാർക്ക് നിരൂപിക്കാനും വകുപ്പുണ്ട് പടത്തിൽ. പക്ഷേ പ്രശ്നം ആഖ്യാനത്തിലെ അസ്സഹനീയതയാണ്. അതെന്തിനായിരുന്നു ഈ പെണ്ണുങ്ങൾ ഒരു കല്ലുവെട്ടുകുഴിയിൽ നിന്ന് കണ്ണുരുട്ടിക്കാണിച്ചത്? ഏതാണ്ട് ഒന്നര മണിക്കൂർ സിനിമയിൽ 15 മിനിറ്റ് ഈ ആറേഴ് പെണ്ണുങ്ങൾ ഒരു കല്ലുവെട്ടു കുഴിയിൽ നിന്ന് കണ്ണുരുട്ടുന്നതും അലമുറയിടുന്നതുമാണ്. സിനിമയ്ക്ക് 90 മിനിട്ട് നീളം വേണമെന്ന് എന്തോ നിയമമുണ്ടെന്ന രീതിയിലാണു പോക്ക്. ഇത് അര മണിക്കൂർ മുറിച്ച് കളഞ്ഞ് ഒരു ടെലിഫിലിമോ മറ്റോ ആക്കാവുന്നതേ ഉള്ളൂ. അതിനുള്ളതേ ഉള്ളൂ.

കഥാപാത്രങ്ങളുടെ ജാതിയും മതവും നോക്കി നിരൂപിക്കുന്ന ജി.പി രാമചന്ദ്രൻ ടെക്നിക്കിൽ എനിക്കു വലിയ താത്പര്യമില്ല, എങ്കിലും സന്ദർഭവശാൽ പറയട്ടെ, ഈ പടത്തിൽ ഷോവനിസ്റ്റുകളോ വെറിയന്മാരോ ആയിട്ടുള്ളവരെല്ലാം ന്യൂനപക്ഷ മതക്കാർ തന്നെയാണ്. (ന്യൂനപക്ഷക്കാരിൽ കൊള്ളാവുന്ന ഒരാൾ ഇന്ദ്രൻസിന്റെ ഏതാണ്ട് 3 മിനിറ്റ് സ്ക്രീൻ ടൈമുള്ള ഒരു കഥാപാത്രം മാത്രം.) വിലാപങ്ങൾക്കപ്പുറം പോലെയൊരു പടമെടുത്ത ശ്രീ.ചന്ദ്രനെ ഇക്കാര്യത്തിൽ സംശയിക്കാൻ നമുക്ക് അവകാശമുണ്ട്. ഈ പടത്തിൽ, ഒരു അത്‌ലറ്റിന്റെ വേഷം ചെയ്യുന്ന പെൺകുട്ടി, ഭർത്താവും സുഹൃത്തുക്കളും മദ്യപിച്ചിരിക്കുന്ന മേശയുടെ മുകളിൽകൂടി ചാടുന്നതിന്റെ മുൻപ്, അവരുടെ ഷോവനിസ്റ്റ് സംസാരം ചിത്രീകരിക്കുന്ന ഷോട്ടിൽ, എന്തിനായിരുന്നു ചുവരിലെ ക്രിസ്തുവിന്റെ പടം ഉൾപ്പെടുത്തുന്നതുവരെ ക്യാമറ പാൻ ചെയ്തത്? ചുമരിലെ ആ പടം അത്യാവശ്യം പ്രോമിനെന്റ് ആയിത്തന്നെ ഫ്രെയിമിൽ കാണാം. ഇനി ചന്ദ്രനു പറയാമോ, ഈ ഷോവനിസ്റ്റ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോൾ, അവരുടെ മതം താൻ പരിഗണിച്ചിരുന്നില്ല എന്ന്?

സത്യം പറയട്ടെ, കാശുകൊടുത്ത് ഇത് തിയറ്ററിൽ കണ്ട പ്രേക്ഷകരോട് സഹതാപമുണ്ട്. ഞാൻ ഏതാണ്ട് മൂന്നോ നാലോ ഇരിപ്പിലാണ് ഇത് കണ്ടു തീർത്തത്. ഒറ്റയ്ക്കിരുന്ന് കണ്ടിട്ടു പോലും ഇടയ്ക്ക് എഴുന്നേറ്റു നിന്ന് കൂവാനും തോന്നി.

9 comments:

man of power said...

എന്തുകൊണ്ടാണ്, നിങ്ങള്‍ eppozhum ഒരു സിനിമ കാണുമ്പോള്‍ അതില്‍ ന്യൂനപക്ഷത്തേ പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്ന് നോക്കുന്നദ്‌. എന്താണ്, ന്യുനപക്ഷം വിമര്‍ശനതില്‍നിന്നും അതീതമാണോ. എന്താ ഒരു ഹിന്ദുവിന് ന്യുനപക്ഷതേ വിമര്‍ശിക്കാന്‍ പാടില്ലേ. വിലാപങ്ങൾക്കപ്പുരതിന്റെ കാര്യം പറഞ്ഞു , എന്താ മുസ്ലിമുകള്‍ rape ചെയ്യaരില്ലേ. എന്തും ഒരേ കണ്ണ്ടികൂടെയ് തന്നെ നോക്കരുത്. മനസ്സ് കുറച്ചു ലിബറല്‍ ആകണം. ഇത് ഒരു തരാം pseudo secularism ആണ്.

വാരിക്കുന്തം said...

തീവ്ര ഇസ്ലാമിന്റെ പതാക പാര്‍ട്ടി ഏന്തുമ്പോള്‍ മുസ്ലിം വിമര്‍ശനമുള്ളിടത്തൊക്കെ സര്‍ഗ്ഗ ശേഷി നശിച്ചു എന്നെഴുതേണ്ടത് അനുഭാവികളുടെ കടമയല്ലേ?

മദനി എന്ന മുസ്ലിം തീവ്രവാദിയെ സഖാവായി മമോദീസാ മുക്കിയാല്‍ പിന്നെ മുസ്ലിം വിമര്‍ശനം പടില്ല. അത് ആരു ചെയ്തലും അവര്‍ക്ക് സംഘി ചാപ്പ കുത്താനല്ലേ ഉന്നതങ്ങളിലെ തീരുമാനം. അപ്പോള്‍ പിന്നെ സിനിമ വിമര്‍ശനം എന്നു പറഞ്ഞാല്‍ കഥാപാത്രങ്ങളുടെ മതവും ജാതിയും എന്ന രേഖക്കപ്പുറം കടക്കാമോ? ഒരു സിനിമയില്‍ മുസ്ലിം വിമര്‍ശനം നടത്തിയപ്പോള്‍ ചന്ദ്രന്‍ സ്വയം ശവപ്പെട്ടിയിലായി. പിന്നെ മുസ്ലിം വിമര്‍ശനം നടത്താതിരുന്നപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റിരുന്നു. വീണ്ടും മുസ്ലിം വിമര്‍ശനം ഉണ്ടായപ്പോല്‍ ശവപ്പെട്ടിയില്‍ കിടന്ന് ആണിയുമടിച്ചു. അതിന്റെ അര്‍ത്ഥം ഒരു സംവിധായകന്‍ ശവപ്പെട്ടിയില്‍ കിടക്കണോ വേണ്ടയോ എന്നതിന്റെ മാനദന്ഢം മുസ്ലിം വിമര്‍ശനം നടത്തുന്നുണ്ടോ ഇല്ലയോ എന്നതാണ്.

ഇതു പോലെ സിനിമ നിരൂപണം നടത്തുന്നവരല്ലേ ശരിക്കും ശവപ്പെട്ടിയുടെ അവകാശികള്‍ ?

Roby said...

@ Man of power,
eppozhum..?

ഡാനി വരെയുള്ള ചിത്രങ്ങളിൽ ശ്രീ.ചന്ദ്രൻ ഒരു സമുദായത്തെയും ടാർഗെറ്റ് ചെയ്തിരുന്നില്ല. ശ്രീ.ചന്ദ്രനെപ്പോലെ ഒരാൾ അതു ചെയ്തു കാണുമ്പോൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരും. അതേ സമയം ഷാജി കൈലാസോ പ്രിയദർശനോ മണിരത്നമോ ആണെങ്കിൽ ആരന്വേഷിക്കുന്നു ഇതൊക്കെ.

@വാരിക്കുന്തം,
1. ഇത് നിരൂപണമല്ല, തികച്ചും ഏകപക്ഷീയമായ അഭിപ്രായപ്രകടനമാണ്.

പാർട്ടി എന്നുദ്ദേശിച്ചത് സിപി‌എം ആയിരിക്കുമല്ലോ അല്ലേ? നിങ്ങളീ പറയുന്ന ഉന്നതങ്ങളിലെ തീരുമാനമോ, ടി.വി.ചന്ദ്രന്റെ സിനിമകളെക്കുറിച്ച് പാർട്ടിയുടെ നിലപാടോ എനിക്കറിയില്ല. അതല്ല ഇപ്പോൾ എന്റെ വിഷയം. ഇവിടെ എഴുതിയത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.
താങ്കളുടെ കമന്റിന്റെ അവസാനഭാഗം എഴുതാപ്പുറം വായനയാണ്. എഴുതാപ്പുറം വായിച്ചോളൂ, അക്ഷേ അവിടെ ഞാൻ എഴുതി എന്ന് ആരോപിക്കരുത്.
രാഷ്ട്രീയത്തെക്കാൾ കലാപരതയാണ് ഞാൻ ഫോക്കസ് ചെയ്തത്. ആര്യാടൻ ഷൌക്കത്തുമായി ചേർന്ന് നിർമ്മിച്ച ‘പാഠം ഒന്നി’നേക്കാൾ കലാപരമായി നല്ലതായിരുന്നു ‘കഥാവശേഷൻ’, still not as good as ഡാനി/സൂസന്ന.

മുഖ്യധാരാ സമൂഹത്തിന്റെ ഇസ്ലാമോഫോബിയ വ്യക്തമാക്കുന്ന വാർത്തകൾ പ്രമുഖമാധ്യമങ്ങളിൽ നിത്യേനയെന്നതു പോലെ കാണാം. അതിനു വഴിമരുന്ന് ഇട്ടുകൊടുക്കുകയാണ് ചന്ദ്രനും ചെയ്യുന്നത്.

സമൂഹത്തിൽ പടരുന്ന മൃദുഹൈന്ദവഫാസിസത്തിന്റെ അന്തർധാരയ്ക്ക് ഇരയാവുകയാണ് ശ്രീ.ചന്ദ്രനും. അത് വിളിച്ചുപറയണമെന്നേ കരുതിയുള്ളൂ.

A Cunning Linguist said...

സവര്‍ക്കറിനേയും, ഗോഡ്സേയും, പ്രഗ്യാ സിങ്ങിനേയും പോലെയുള്ളവരെ ഈ സമൂഹം പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇന്ത്യന്‍ ജനത ഇന്ന് അനുഭവിക്കുന്നത്.

Jain Andrews said...

റോബി പറഞ്ഞ ചിലതിനോടൊക്കെ ഞാന്‍ യോജിക്കുന്നു. അദ്ധേഹത്തിന്‍റെ മുസ്ലിം സമുദായ വിമര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും ലക്ഷ്യങ്ങള്‍ (Political) ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരേ വിഷയത്തില്‍ തന്നെ ഇപ്പോള്‍ വലിച്ച് വാരി സിനിമയെടുക്കുന്നത് ഒരു തരം അറപ്പുളവാക്കുന്നു. ടി വി ചന്ദ്രന്‍ സിനിമകളില്‍ സംവിധാന മികവു തോന്നിയത്‌ പൊന്തന്‍മാടയില്‍ മാത്രമാണ്. പാഠം ഒന്ന് ഒരു വിലാപം എനിക്കിഷ്ടപെട്ട സിനിമയാണ്. സംവിധാന കലയുടെ മികവ് കൊണ്ടല്ല മറിച്ച്‌ ആ സിനിമയുടെ പ്രമേയം നന്നായിട്ട് തോന്നി. അതില്‍ പ്രതിപാദിക്കുന്ന മൈസൂര്‍ കല്യാണങ്ങള്‍ ഇന്നും ചെറിയ തോതില്‍ നടക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്. അങ്ങനെയുള്ള തെണ്ടിത്തരം അത് ഏതു ജാതിയായാലും പിച്ചി ചീന്തണം. അതിന്‍റെ നിര്‍മ്മാതാവിന് (ആര്യാടന്‍ ഷൌകത്) റോബി പറഞ്ഞതുപോലെ ഒരു പൊളിറ്റിക്കല്‍ porn ഉണ്ടാക്കേണ്ട കാര്യമില്ല.

വിലാപങ്ങള്‍ക്കപ്പുറം കണ്ടു സമയം കളഞ്ഞു എന്നോര്‍ത്ത് ആയിരുന്നു എന്‍റെ വിലാപം :-)

അടൂരും ഇതേ ലൈനിലാണോ എന്തോ. നാലും ഒന്നും അഞ്ചു പെണ്ണുങ്ങളായി മൊത്തം.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.............

jijijk said...

താഴെ വിരലടയാളം

shafeeque salman said...

-സത്യം പറയട്ടെ, കാശുകൊടുത്ത് ഇത് തിയറ്ററിൽ കണ്ട പ്രേക്ഷകരോട് സഹതാപമുണ്ട്. ഞാൻ ഏതാണ്ട് മൂന്നോ നാലോ ഇരിപ്പിലാണ് ഇത് കണ്ടു തീർത്തത്. ഒറ്റയ്ക്കിരുന്ന് കണ്ടിട്ടു പോലും ഇടയ്ക്ക് എഴുന്നേറ്റു നിന്ന് കൂവാനും തോന്നി- aa shathaapam njaanum arhikkunnu. :))

shafeeque salman said...

-സത്യം പറയട്ടെ, കാശുകൊടുത്ത് ഇത് തിയറ്ററിൽ കണ്ട പ്രേക്ഷകരോട് സഹതാപമുണ്ട്. ഞാൻ ഏതാണ്ട് മൂന്നോ നാലോ ഇരിപ്പിലാണ് ഇത് കണ്ടു തീർത്തത്. ഒറ്റയ്ക്കിരുന്ന് കണ്ടിട്ടു പോലും ഇടയ്ക്ക് എഴുന്നേറ്റു നിന്ന് കൂവാനും തോന്നി- aa shathaapam njaanum arhikkunnu. :))

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.