ഇലക്ടിസിറ്റി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ ആദ്യ മാതൃകകൾ ഉപയോഗിച്ചു തുടങ്ങിയത് 1940-കളിലായിരുന്നുവെങ്കിലും ആദ്യകമ്പ്യൂട്ടർ ഭാഷകൾ(1GL) നിലവിൽ വന്നത് 50-കൾ മുതലായിരുന്നു. (മൂന്നാം തലമുറ മുതലുള്ള പ്രോഗ്രാം ഭാഷകളുടെ(FORTRAN, LISP, and COBOL.) പേരേ ഞാൻ കേട്ടിട്ടുള്ളൂ.) ഇന്ന് അതിലും വികസിച്ച പ്രോഗ്രാമിംഗ് ഭാഷകൾ വേറെ ഒരുപാടുണ്ടാകും.
ഇനി, നിങ്ങളൊരു സോഫ്റ്റ്വെയർ എഞ്ചിനിയർ ആണെന്നിരിക്കട്ടെ. ഏറ്റവും പുതിയ പ്രോഗ്രാമിംഗ് സങ്കേതങ്ങളുപയോഗിച്ച് നിങ്ങളെഴുതിയ ഒരു കോഡ് കണ്ടിട്ട്, യാരോ ഒരാൾ, ഈ പ്രോഗ്രാം എനിക്കു മനസ്സിലാകുന്നില്ല, അതു കൊണ്ടിതു പ്രോഗ്രാമല്ല. നിങ്ങൾ പോയി ഫോർട്രാനിലോ കൊബോളിലോ എഴുതിയ പ്രോഗ്രാമുകൾ വയിച്ചു പഠിച്ചിട്ട് അതു പോലെ ഏതെങ്കിലും പ്രോഗ്രാമിംഗ് ലാംഗ്വേജിൽ കോഡ് എഴുതൂ (ലിങ്ക്) എന്നു പറഞ്ഞാൽ?
സ്വഭാവികമായ (സഭ്യമായ) മറുപടി- മി, ഞാൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിനു വേണ്ട പ്രോഗ്രാമെഴുതാൻ താങ്കൾ പറഞ്ഞ പ്രോഗ്രാമിംഗ് ഭാഷകൾ മതിയാകില്ല. എനിക്കു പുതിയഭാഷകൾ ഉപയോഗിച്ചേ തീരൂ-എന്നായിരിക്കും.
മനുഷ്യന്റെ അറിവിന്റെ പരിധി വളരും തോറും നമുക്ക് പുതിയ ഭാഷകൾ വേണ്ടി വരുന്നു. പഴയഭാഷകൾ നമ്മുടെ ചിന്തകളെ അവതരിപ്പിക്കാൻ അപര്യാപ്തമാകുന്നു. പണ്ടു കാലം മുതലേ ഭാഷകളിൽ ക്രമാനുഗതമായ മാറ്റം ഉണ്ടായിരുന്നെങ്കിലും പെട്ടെന്നൊരാശയത്തിനു മുന്നിൽ ഭാഷകളെല്ലാം ഉപയോഗശൂന്യമായി പോയത്, ഒരു പക്ഷേ, ക്വാണ്ടം മെക്കാനിക്സിന്റെ മുന്നിലായിരിക്കണം. അതുവരെയുള്ള ക്ലാസിക്കൽ ഫിസിക്സ് നിയമങ്ങളെല്ലാം ഇംഗ്ലീഷോ ഇതരഭാഷകളോ ഉപയോഗിച്ച് വിവരിക്കാമായിരുന്നെങ്കിൽ, ക്വാണ്ടം ബലതന്ത്രം വിശദീകരിക്കാൻ ‘കണക്ക്‘ എന്ന ഭാഷ വേണ്ടി വന്നു. ഇതു സംഭവിക്കുന്നത് 1920-കളിൽ. കൃത്യമായി പറഞ്ഞാൽ കുമാരനാശാന്റെ കാലത്തിനു ശേഷം. പിക്കാസോയും മറ്റും ചേർന്ന് ക്യൂബിസം പോലുള്ള ചിത്രകലാസങ്കേതങ്ങൾ ആവിഷ്കരിച്ചതും ഏതാണ്ട് ഇക്കാലത്തായിരുന്നു. സർറിയലിസം പോലുള്ള സാംസ്കാരിക മുന്നേറ്റങ്ങൾ ഉടലെടുത്തതും ചിത്രകലയ്ക്ക് പുതിയ മാനങ്ങൾ നൽകിയ ദാലി തന്റെ ചിത്രങ്ങൾ വരച്ചതും, ഹിച്കോക്ക്, ബുനുവേൽ തുടങ്ങിയവർ സിനിമകളെടുക്കാൻ തുടങ്ങിയതും ഇക്കാലത്തായിരുന്നു. സമാനമായ മാറ്റങ്ങൾ തത്വചിന്തയിലും ദൃശ്യമാണ്. നമുക്കു മുൻപ് ഉപയോഗത്തിലുണ്ടായിരുന്ന ഉപകരണങ്ങളി (ആശയം, ഭാഷ) ന്മേലുള്ള പ്രയോഗപരിചയം സ്വഭാവികമായിത്തന്നെ നേടാൻ കഴിയുമെന്നത് ഓരോ തലമുറയുടെയും ഭാഗ്യം. കഴിഞ്ഞ തലമുറ കഷ്ടപ്പെട്ടു നേടിയ അറിവുകൾ അതാതു മേഖലകളിലുള്ളവർക്ക്, ഇന്ന് അനായാസമായി പ്രയോഗിക്കാൻ കഴിയും. (വൃത്തത്തിൽ പദ്യമെഴുതുക എന്നത് അതുപോലുള്ള ഒരു ഉദാഹരണം മാത്രം)
ഏറ്റവും പുതിയ സങ്കേതങ്ങളിൽ പ്രോഗ്രാമുകളെഴുതുന്ന ഒരു എഞ്ചിനിയറോട് കൊബോൾ പഠിച്ചിട്ട് അതിൽ പ്രോഗ്രാമെഴുതൂ എന്നു പറയുന്നതു പോലെ തന്നെ അസംബന്ധമാണ് പുതിയകാലത്ത് സാഹിത്യ-കലാ സൃഷ്ടി നടത്തുന്ന ഒരാളോട് 19-ആം നൂറ്റാണ്ടിന്റെ സങ്കേതം പിന്തുടരാനാവശ്യപ്പെടുന്നത്. ചിലപ്പോൾ ഇത് സഭ്യതയുടെ അതിരുകൾക്കും അപ്പുറത്തായിരിക്കും. ലാർസ് വോൺ ട്രയറുടെ സിനിമ കണ്ടിട്ടു മനസ്സിലാകാതെ അദ്ദേഹത്തോട്, നിങ്ങൾ ചാപ്ലിനെപ്പോലെ സിനിമയെടുക്കൂ എന്നു പറയുന്നതിലെ അസഭ്യം ഓർത്തു നോക്കൂ.
മനസ്സിലാകുന്നതിന്റെ പ്രശ്നം…
ഈ വിഷയത്തിൽ ഡിങ്കൻ എഴുതിയ കുറിപ്പ് ഇവിടെ. ഡിങ്കന്റെ പോസ്റ്റ് ഇക്കാര്യത്തിൽ ഡെഫനിറ്റീവ് ആണെങ്കിലും എന്റെ വകയും രണ്ടു തുട്ട്…
ലോകത്ത് ഇന്നുവരെയുള്ള എല്ലാ ചിന്താപദ്ധതികളും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ? അതു പോട്ടെ, നിങ്ങളുടെ പ്രവർത്തന മേഖലയിൽ ഇതുവരെ വന്ന എല്ലാ പുരോഗമനങ്ങളെക്കുറിച്ചും നിങ്ങൾക്കറിയാമോ?
സത്യമായും എനിക്കറിയില്ല. അറിയണമെന്നു വാശിയുമില്ല, കാരണം ചിലതൊക്കെ എന്റെ ചിന്താശേഷിയ്ക്കും അപ്പുറത്താണെന്നെനിക്കറിയാം. ഭാഷ ആശയവിനിമയത്തിനുള്ളതാണ്, ശരി തന്നെ. എന്നാൽ അതു മാത്രമാണെന്നു കരുതിയാൽ, അവിടെയാണ് മനസ്സിലാകായ്മയുടെ പ്രശ്നം ഉദിക്കുന്നത്. ഭാഷ ചിന്തയുടെ വാഹനം കൂടെയാണ്. പരമാവധി വേഗത്തിൽ വാഹനമോടിച്ചിട്ടും മുന്നിൽ പോകുന്ന വാഹനത്തിനൊപ്പമെത്തുന്നില്ലെങ്കിൽ, നമ്മുടെ വാഹനത്തിന്റെ പരിമിതി തിരിച്ചറിയണം. അല്ലെങ്കിൽ, അപകടം സംഭവിക്കാം. സിനിമയെ ശ്രദ്ധാപൂർവ്വം പിന്തുടരാറുണ്ടെങ്കിലും, എനിക്കൊട്ടും മനസ്സിലാകാത്ത സിനിമകൾ ഒരുപാടുണ്ട്, ആദ്യം മനസ്സിൽ വരുന്ന ഉദാഹരണം ‘ലാസ്റ്റ് ഇയർ അറ്റ് മരീൻബാദ്’. എനിക്കാ സിനിമ മനസ്സിലായില്ല എന്നു കരുതി അതെടുത്ത അലൻ രെസ്നായിസ് തൂങ്ങിച്ചാകണമെന്നു ഞാൻ വാശിപിടിച്ചാൽ ഞാനാണ് അപഹാസ്യനാകുന്നത്.
മറ്റൊന്ന് ട്രെയിനിങ്ങിന്റെ വിഷയമാണ്. കഥകളി ആസ്വദിക്കാൻ മുദ്രകളറിയണം. സംഗീതം അതിന്റെ പൂർണതയിലാസ്വദിക്കാനും വേണം അല്പമെങ്കിലും സംഗീതജ്ഞാനം. സയന്‍സ് പഠിക്കാനെന്നപോലെ കവിതവായിക്കാനും സിനിമകാണാനും സാഹിത്യമാസ്വദിക്കാനും ട്രെയിനിംഗ് വേണം.
ലതീഷ് മോഹന്റെ എല്ലാ കവിതകളും എനിക്കു മനസ്സിലായിട്ടില്ല; പക്ഷേ, അത് എന്റെ മാത്രം പരിമിതിയാണ്. ഒരേ സിനിമ രണ്ടുപേർ കാണുന്നില്ല എന്നു പറയാറുണ്ട്. അതുപോലെ തന്നെ, ഒരേ കവിത രണ്ടുപേർ വായിക്കാറുമില്ല. ഓരോരുത്തരും അവരവരുടെ ജീവിതസാഹചര്യങ്ങളും അനുഭവങ്ങളും വായനയുടെ സ്വഭാവവുമൊക്കെ അനുസരിച്ച് അവരവരുടെ രീതിയിൽ വായിക്കുന്നു. അതു മറ്റൊരാൾക്കു പറഞ്ഞുകൊടുക്കുകയെന്നത് എളുപ്പമല്ല, പിന്നെ, സൂചനകൾ നൽകാമെന്നു മാത്രം. എഴുത്തുകാരൻ എഴുതിയ കവിത തന്നെയാകണം വായനക്കാരൻ/ക്കാരി വായിക്കുന്നത് എന്നു പോലുമില്ല. (author is dead എന്ന കൺസപ്റ്റൊക്കെ സാഹിത്യത്തിൽ ഡോക്ടറേറ്റ് ഉള്ളയാൾക്ക് ഒൻപതാം ക്ലാസിനു ശേഷം മലയാളം പഠിച്ചിട്ടില്ലാത്ത ഞാൻ വിശദീകരിക്കണോ) ലതീഷിന്റെ കവിത ഇഷ്ടപ്പെട്ടു എന്ന പറഞ്ഞവരോട് ചിലർ (അധികവും അനോണികൾ) വിശദീകരണം ചോദിക്കുന്നതു കണ്ടു. ഗോപീകൃഷ്ണന്റെ ‘പാപ്പിനിവട്ടം എൽ.പി സ്കൂൾ’ അല്ലെങ്കിൽ ‘അന്തോണി ടെറിക്കൻ’എന്ന കവിതയെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ കണ്ണു നിറയും, ആ കവിത ഞാൻ അനുഭവിച്ചു എന്നർത്ഥം. പക്ഷേ ആ കവിത ഞാനെങ്ങനെ മനസ്സിലാക്കി എന്നു ചോദിച്ചാൽ എനിക്കറിയില്ല. അതു വിശദീകരിക്കാൻ എനിക്കാവുന്ന കാലത്ത് ആ കവിതയുടെ പ്രസക്തി നഷ്ടപ്പെടും, ചുരുങ്ങിയത് എന്നെ സംബന്ധിച്ചെങ്കിലും.
ലതീഷിനു ഭാഷ കൈകാര്യം ചെയ്യാനറിയില്ല എന്നു പരിഹസിക്കുന്നവർ അദ്ദേഹം ഗദ്യമെഴുതുന്ന ബ്ലോഗ് ഒന്നു കണ്ടിരുന്നുവെങ്കിൽ. ഇത്ര ലളിതസുന്ദരമായി ഗദ്യമെഴുതുന്ന എത്രപേരുണ്ട് ബ്ലോഗിൽ? സ്വന്തം ബ്ലോഗിൽ ഒരു കവിത എഴുതി എന്നതിന്റെ പേരിൽ ഒരു ചെറുപ്പക്കാരനെ സംഘം ചേർന്ന് അക്രമിക്കുന്നതും (അതെ, അവരിലൊരാൾ അതു സമ്മതിച്ചു കഴിഞ്ഞു), അയാളോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുന്നതും, അയാൾക്ക് ഫത്വ നിർദ്ദേശിക്കുന്നതും അപഹാസ്യതയുടെയും അസഭ്യതയുടെയും അതിരുകൾ കടന്ന് ഫാസിസമായി മാറുന്നു. ഫാസിസത്തോട് പ്രതിഷേധിക്കുന്നു.
പിന്നെ, കായുള്ള മരത്തിനേ കല്ലേറു കൊള്ളുകയുള്ളൂ എന്നതു മറക്കരുതല്ലോ
Tuesday, October 27, 2009
Subscribe to:
Post Comments (Atom)
Followers
Labels
രാഷ്ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.
36 comments:
അദാണ്....
ഇനിയെങ്കിലും ധ്വനിപ്പിച്ചില്ല്ലെന്ന് മാത്രം ആരു പറയാതിരുന്നാൽ മതിയായിരുന്നു. :-)
ധ്വനിപ്പിക്കാന്‍ പോയതാണ് കുഴപ്പമായത്. പോയിനെടാ ഊളകളേ എന്ന് പച്ചയ്ക്ക് പറഞ്ഞിരുന്നെങ്കില്‍ തീര്‍ന്നേനെ കടി ;)
സൂരജേഏഏഏഏഏഏഏഏഏ
:)
കഴിഞ്ഞതവണ ഒരു ഊളയോട് അങ്ങനെ പറഞ്ഞതിനായിരുന്നല്ലോ കമന്റുയുദ്ധവും ഫോണ്‍ ഫീഷണിയും ഒക്കെ നടന്നത്.
വീ കെ എന്നിന്റെ ഒരു ഫലിതം നമുക്ക് മനസിലാക്കിത്തരാന്‍ പാവത്തിന് നമ്മളെ എന്തൊക്കെ പഠിപ്പിക്കേണ്ടി വരും...?ചരിത്രം,ഭൂമിശാസ്ത്രം,രാഷ്റ്റ്റീയം,തത്വചിന്ത...
വായിച്ചു. ഇത് മലയാളത്തില്‍ മാത്രമുള്ള പ്രശ്നമാണോ അതോ ലോകത്ത് എല്ലായിടത്തുമുണ്ടോ? എന്തും ലളിതവല്ക്കരിയ്ക്കാനുള്ള കൊതി?
അന്തോണി ടെറിക്കന്‍ -നെ പരിചയപ്പെടുത്തിയതിനു നന്ദി. എങ്ങനെയോ മിസ്സായ ഒന്നായിരുന്നു.
ആസ്വാദനത്തിന്റെ നുകവും പേറി നടക്കുന്നവയ്ക്ക് എവിടെയാണുഴവെന്നോ തന്റെ കലപ്പക്കൊഴുവിന് പറ്റിയ ഇടമേതെന്നോ ഉള്ള വകതിരിവൊന്നും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
റോബി,
അവസരോചിതമായ ഇടപെടല്‍.
മേലേതില്‍,
ആസ്വാദന നിലവാരത്തിലുള്ള ഈ ഏറ്റക്കുറച്ചില്‍ ലോകത്തെല്ലായിടത്തും ഉണ്ട്.
ആധുനിക ശില്പകലയില് ഇന്ന് മികച്ചതെന്ന് കരുതുന്ന ഒരു വര്‍ക്കാണ് റാഷേല്‍ വൈറ്റ്റെഡ് എന്ന ബ്രിട്ടീഷ് ശില്പിയുടെ 'മോണ്യുമെന്റ്'. ഈ ശില്പം ലണ്ടനില്‍ സ്ഥാപിച്ചപ്പോള്‍ അതിനെതിരെ പല പത്രങ്ങളും നിശിതമായി വിമര്‍ശനങ്ങളുമായി രംഗത്തു വന്നിരുന്നു. പക്ഷികള്‍ക്ക് കാഷ്ടിക്കാനൊരിടം എന്നല്ലാതെ ഈ അറുബോറന്‍ ശില്പത്തിന് മറ്റൊരു പ്രാധാന്യവുമില്ല എന്നാണ് ഡെയ്ലി മിറല്‍ എഴുതിയത്. (ശില്പത്തിന്റെ അര്‍ത്ഥം എന്താണെന്നും ചോദിച്ച് പുറകേ കമന്റുകള്‍ വരും എന്നറിയാതെയല്ല). പൊതുസ്ഥലങ്ങളില്‍ പൊതുവേ കാണാറുള്ള മഹാന്മാരുടെ പ്രതിമകള്‍ക്ക് പകരം ഇത്തരം ഒരു ശില്പത്തിന്റെ പ്രസക്തി ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയാഞ്ഞില്ല. ഇത്തരം എതിര്‍പ്പുകള്‍ ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. അതിനെ ശീലങ്ങള്‍ മാറ്റാനുള്ള മനുഷ്യന്റെ വിമുഖതയായ് മാത്രം കണ്ടാല്‍ മതി.
ക്ഷമിക്കണം ഇതാണ് ലിങ്ക്
റോബി,
ഇയാളുടെ എല്ലാ പോസ്റ്റും വായിക്കാറുണ്ട്,കെട്ടോ.
ഇതു ചർച്ചക്കെടുക്കേണ്ട കാര്യമേ അല്ല.ഒത്ത യോദ്ധാക്കളോടെ മല്ലയുദ്ധം പാടൂ എന്നു പണ്ടേ വിധിയുണ്ട്.
സൂരജ് പറഞ്ഞതിന്നടിയിൽ ഒപ്പ്.
എഴുത്തും വായനയും അല്ലാതെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ, ബന്ധം ആകാമോ... എഴുത്തുകാരന്റെ അധികാരത്തിലോ ചിന്തയിലോ കൈവെയ്ക്കാന്‍ വായനക്കാരനോ ആസ്വാദകനോ അവകാശമുണ്ടോ... അത്തരം അധികാരങ്ങള്‍ക്കു വേണ്ടിയുളള ആക്രോശത്തില്‍ മുഴങ്ങുന്നത് ഫാസിസത്തിന്റെ ഹുങ്കാരമല്ലേ...
എം ടിയുടെ ആരാധകര്‍ ആഗ്രഹിക്കുന്നതു പോലെ ഒ വി വിജയന് നോവലെഴുതാനാകുമോ.. ആനന്ദിന്റെ ശൈലി മാറ്റണമെന്നാവശ്യപ്പെട്ട് പമ്മന്റെ ആരാധകര്‍ നിരാഹാര സത്യഗ്രഹവും പന്തം കൊളുത്തി പ്രകടനവും നടത്തിയാല്‍ എങ്ങനെയിരിക്കും... വേളൂര്‍ കൃഷ്ണന്‍കുട്ടിയോട് എഴുത്തു നിര്‍ത്തണമെന്നാവശ്യപ്പെടാന്‍ വികെഎന്‍ ആരാധകര്‍ക്കോ ആസ്വാദകര്‍ക്കോ എന്തുകാര്യം....
സ്വന്തം ഇച്ഛ മറ്റുളളവനില് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെ ഫാസിസം എന്നു തന്നെ വിളിക്കണം.. എന്താണ് കവിതയെന്നോ ഏതാണ് കവിതയെന്നോ ഉളള സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്യാനുളള അധികാരമൊന്നും ലതീഷെഴുതുന്നത് കവിതയല്ലെന്ന് ആക്രോശിക്കുന്നവര്‍ക്ക് ആരും നല്‍കിയിട്ടില്ല.
റോബിയുടെ ചിന്തകള്‍ക്ക് പിന്തുണ.........
റോബി
വളരെ കൃത്യമായ ഇടപെടല്‍.
എനിയ്ക്കിങ്ങനെയൊന്നും പറയാനറിയില്ല, വൈകാരികമായിപ്പോകും. സൂരജ് പറഞ്ഞതുപോലെയൊക്കെയാണ് ചെയ്യേണ്ടത്.
സല്യൂട്ട്!
ഇതൊക്കെ ആരോടാണ് റോബി പറയുന്നത്? പ്രശ്നം നമ്മളു മനസ്സിലാക്കുന്ന തലത്തിലുള്ള ഒന്നല്ല. (എന്ന് എന്റെ തോന്നല്‍) സഗീറിന്റെ ബ്ലോഗില്‍ അര്മ്മാദിക്കുന്നവര്ക്കു കിട്ടുന്ന സുഖം താന്‍ അദ്ദേഹത്തേക്കാള്‍ ഏതു നിലയ്ക്കും മേലെയാണെന്ന ചിന്തയാണ്. അങ്ങനെയൊന്ന് ഉള്ളില്‍ കടന്നുകൂടിക്കഴിഞ്ഞാല്‍ എന്തുതരം വിനയവും നമുക്ക് കാണിക്കാന്‍ പറ്റും.(മേലധികാരവും) ലതീഷിനെപ്പറ്റിയുള്ള തെറ്റിദ്ധാരണയില്‍ നിന്നാണ് ഭൂരിപക്ഷം നെഗറ്റീവ് കമന്റുകളും പുറപ്പെട്ടു വരുന്നത്. അതുകൊണ്ട് അദ്ദേഹം വായിക്കേണ്ട പുസ്തകങ്ങള്‍ വരെ ആളുകള്‍ക്ക് ഒരു തിരിഞ്ഞുനോട്ടവുമില്ലാതെ നിര്‍ദ്ദേശിക്കാന്‍ പറ്റും. അതൊന്നും സ്വയം മനസ്സിലാക്കിയതാവണമെന്നുമില്ല. ഒരു സൂചിത്തുമ്പില്‍ എത്രമാലാഖമാര്ക്ക് നൃത്തം ചെയ്യാം എന്ന് പതിനാറാം നൂറ്റാണ്ടിലെ പണ്ഡിതര്‍ തര്‍ക്കിച്ചിരുന്നത് അവര്‍ മണ്ടന്മാരായതുകൊണ്ടല്ല. ‘അപബോധം’ എന്ന് മാക്സ് വിളിച്ചത് ഇതിനെയല്ലേ? കപടനാട്യം, ബൌദ്ധികതയോടുള്ള പൊതുവേ ഉള്ള പരിഹാസം, അതിവൈകാരികമായ ഭാഷ, തെറി, പറഞ്ഞതു ശ്രദ്ധിക്കാതെ മറ്റെന്തെങ്കിലും പറഞ്ഞ് ആളെക്കൂട്ടല്‍ .....നിയന്ത്രണങ്ങളില്ലാത്ത അതിസാധാരണമായ വിനിമയങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നതിന്റെ ആഹ്ലാദാഘോഷമാണിതെല്ലാം . ആ നിലയ്ക്ക് പഠനാര്‍ഹമാണ് സംഗതി.
സൂരജിന് ഒരു വിയോജനം..ഇതു തന്നെയല്ലേ അങ്ങേ സൈഡില്‍ നിന്ന് ഒരു കൂട്ടം പറഞ്ഞ് ആര്‍ക്കുന്നത്?
നിയന്ത്രണങ്ങളില്ലാത്ത അതിസാധാരണമായ വിനിമയങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നതിന്റെ ആഹ്ലാദാഘോഷം..<<< ചിലതൊക്കെ പറയാന്‍ ചില ഭാഷകള്‍ ഉണ്ടാകേണ്ടതുണ്ട് :)
പ്രശ്നമർമ്മത്തിൽ കൈവെച്ച വെള്ളെഴുത്തിനു സലാം.പുതിയ ഒരെഴുത്തുണ്ടെന്നും അതു പഴയപോലെയല്ല എന്നും നിഷേധിക്കാനാവാത്ത ഒരു സാനിദ്ധ്യമാണ് അതെന്നും ഇപ്പോൾ എല്ലാവർക്കുമറിയാം.ഈ അറിവ് പലരിലും പരിഭ്രമം സൃഷ്ടിക്കുന്നു.ഇത്തരം പരിഭ്രമജന്യമായ പരാതികളും പരിഹാസങ്ങളും മുൻപേ പരിചിതമാണ്.നിലവിലുള്ളതു മാറ്റിയോ നിലവിലുള്ളതിനു ദൂരത്തോ നിന്ന് എന്തു സർഗ്ഗക്രിയ സംഭവിക്കുമ്പോഴും ഇതു സംഭവിച്ചു.മനസ്സിലാകുന്നില്ല,ഭാഷാവ്യായാമം,പരദേശീയത തുടങ്ങി അർത്ഥവ്യക്തതയില്ലാത്ത പദാവലിയുമായി പുതു വരവുകളെ നേരിടൽ,തനിയാവർത്തനങ്ങളുടെ ആവൃത്തികളിൽ ഗൃഹാതുരഭരിതരാവൽ-അങ്ങനെ പലതും.പക്ഷേ പുതിയ സർഗ്ഗക്രിയകൾ എപ്പോഴും വേനലിനു ശേഷം വരുന്ന സസ്യസാനിദ്ധ്യങ്ങളെപ്പോലെ അതിജീവിക്കുന്നു.
സഗീറിന്റെ ബ്ലോഗിൽ അവതരിപ്പിക്കപ്പെട്ട ചവിട്ടുനാടകങ്ങൾ കഴിഞ്ഞ വർഷം മുതലേ ഇത്തരം മഴനിഴൽപ്രദേശങ്ങളുടെ രഹസ്യരോഗവിസർജ്ജനങ്ങൾക്കുള്ള
ഇടമായിരുന്നു.അതിന്റെ ക്രമികമായ തുടർച്ചയായിരുന്നു ലതീഷിനേയും വിഷ്ണുമാഷേയും സഗീറിനേയും കാപ്പിലാനേയും വരെ ഒരേ നുകത്തിൽ പൂട്ടാനുള്ള ബ്ലോഗ് വയലേലകളുടെ നിർമ്മിതി.“പദാനി തൻമൂരികളെക്കണക്കെ,കവിക്കരിങ്കയ്യർ ചമക്കയന്തീ”എന്നു നമ്മൾ തെളിയിച്ചത് അങ്ങനെയാണ്.കള്ളമൂരികളേയും കൂട്ടി ഉഴാൻ നിർമ്മിച്ച വയലേലകളിൽ പണിയെടുക്കാൻ നമ്മുടെ കരിങ്കയ്യരൊക്കെ തയ്യാറായി.കേവലവിനിമയങ്ങൾക്കും സവിശേഷവിനിമയങ്ങൾക്കും ഒരേ പന്തിയിലില വെച്ചു നടന്ന സമൂഹഭോജനങ്ങളാണ് റോബിയെപ്പോലൊരു ബ്ലോഗർക്ക് ഇത്തരമൊരു പോസ്റ്റിടേണ്ട സാഹചര്യമുണ്ടാക്കിയത്.ഒരു ബദൽ ലോകവും സാദ്ധ്യമല്ലെന്ന അപബോധത്തിൽ നിന്നുണ്ടാക്കുന്ന സ്യൂഡോ ബദൽ.
പിന്നെ,മറ്റൊന്നുണ്ട്-പുതിയ ദർശനം പ്രക്ഷേപണം ചെയ്യുന്നവൻ മിക്കവാറും പീഡിതനായിത്തീരുന്നു എന്നുള്ളത് നമ്മുടെ കാലഘട്ടത്തിന്റെ ക്രൂരമായ അനുഭവമാണ്.വ്യാജസുഖിതമായ ഒരു ലോകത്തു ജീവിക്കുകയും നമ്മുടെ സുഖമാണു യഥാർത്ഥസുഖം എന്ന തെറ്റിദ്ധാരണയിൽ പുളകം കൊള്ളുകയും ജീവിതത്തിലെ മഴക്കാറുകളെക്കുറിച്ചും കൊടുങ്കാറ്റുകളെക്കുറിച്ചും റിപ്പോർട്ടുകളയച്ചുകൊണ്ടിരിക്കുന്ന ആളുകളെ ഇക്കാണുന്ന പോലെ പരിഹസിക്കുകയോ,അല്ലെങ്കിൽ വവരുടെ റിപ്പോർട്ടുകൾ മാത്രം സ്വീകരിച്ച് അവയെ കാലാവസ്ഥാപ്രവചനങ്ങളാക്കി കൺവർട്ട് ചെയ്യുകയും ചെയ്യുന്നു.ഇതൊക്കെ ഇന്നത്തെ മാത്രം കാര്യമൊന്നുമല്ല.
എന്തായാലും അനിയന്ത്രിതമായ അഹ്ലാദവിനിമയങ്ങളെ ഇങ്ങനെയൊരു ബൂലോകചരിത്രവെളിച്ചത്തിലാണു ഞാൻ കാണുന്നത്.ലെതീഷെന്നില്ല,ഏതു കലാകാരനേയും ഇവർ ചാക്കിട്ടു പുറത്തു കിടത്തും.അകത്തു ഭദ്രമായി ടി.വി.ഓൺ ചെയ്ത്,വിദ്യുതൈന്ദ്രധനുസ്സുകൾ ചൂഴും സത്യസൌന്ദര്യ ഗോപുരം പൂകിയിരിക്കുമ്പോൾ,അതാ കള്ളൻ വരുന്നു എന്നു ചാക്കിനുള്ളിൽ നിന്നു കുര വരും.
“അടങ്ങിക്കിടക്കെടാ,നായേ!” എന്നു തിരിച്ചു തെറി വിളിക്കും.എന്റെ ഭാഷ നിങ്ങൾക്കു മനസ്സിലാവില്ല ചങ്ങാതിമാരേ എന്നു പറഞ്ഞ് അവൻ ചാക്കിനുള്ളിലെക്കു തന്നെ കയറും.പക്ഷേ,അവനു നാളെയും കള്ളൻ വരുന്നതോർമ്മിപ്പിക്കാതിരിക്കാനാവില്ല-
അതോണ്ട്-ഞാൻ പിന്നെയും സൂരജിനൊപ്പം നിന്നു തന്നെ പറയും, “പോയിനെടാ ഊളകളേ”എന്ന്.
മൊത്തത്തില്‍ പ്രശ്നം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റേതാണ്. ബ്ലോഗെന്നാല്‍ ഇന്നതാണ്, കവിതയെന്നാലും ഇന്നതൊക്കെയാണ് എന്ന് വച്ചിരിക്കുന്ന ചില നിശ്ചയങ്ങളെ മാറ്റാന്‍ കഴിയാത്തവര്‍ അങ്ങനെയല്ലാത്ത എന്തിനെയും നശിപ്പിച്ചുകളയണം എന്നു ശഠിക്കുന്നത് ശരിയാണോ എന്നാലോചിച്ചാല്‍ തീരുന്ന നിസ്സാര കാര്യം.
പേരു പറയുന്നില്ല, ഒരു നിരൂപകനെക്കുറിച്ച് ഒരു പ്രശസ്ത മലയാള സാഹിത്യകാരന് സ്വകാര്യവേളയില്‍ പറഞ്ഞത്
" എനിക്കെന്താ ഇഷ്ടപ്പെടാത്തതെന്നു ചോദിച്ചാല്‍, നായുടെ ചിന്താഗതിയാണ് ഇദ്ദേഹത്തിന്. നായ പുതിയതായി എന്തെങ്കിലും കണ്ടാല്‍ മണത്തു നോക്കും. എന്നിട്ട് അതിനെ തനിക്കു തിന്നാന്‍ കഴിയില്ലെന്ന് കണ്ടാല്‍ അതിന്റെ മേലേ മൂത്രമൊഴിച്ചിട്ട് കടന്നു പോകും."
Well said Roby. Thanks :)
ഞാനേതായാലും ജോയിസിനെ വിളിച്ച് (മരിച്ചു എന്നത് പ്രശ്നമല്ല, എനിക്ക് സ്വര്‍ഗത്തിലെ ഫോണ്‍ നമ്പര്‍ അറിയാം) രണ്ട് തെറിവിളിക്കാം എന്ന് തീരുമാനിച്ചു. എനിക്കീ ജന്മം പോയിട്ട് ഒരു ജന്മത്തിലും ഫിനഗന്സ് വെയിക്ക് മനസിലാവില്ല. എന്റെ അനുഭവത്തിന്റെയും, ബുദ്ധിയുടെയും, അറിവിന്റെയും അതിരാണ് ലോകത്തിന്റെ ചക്രവാളം. അങ്ങനെ മതി.
ഒന്നേയൊന്ന് ചോദിച്ചോട്ടെ, ലതീഷ് സംസാരിക്കുന്നു എന്ന് പറയുന്ന ആ ഭാഷ, ഞാന്‍ സംസാരിക്കുന്ന പാവം ഭാഷയിലേക്ക് അത് മനസിലാക്കുന്ന ആരെങ്കിലും ഒന്ന് വിവര്‍ത്തനം ചെയ്യാമോ? ഈ ധ്വനിപ്പിച്ചില്ല എന്ന് പറയരുതെന്ന് പറയുന്ന ഒരേയൊരു കവിത!
"പയറഞ്ഞാഴി" എന്ന് മറുപടി പറയരുത്.
Latheesh says he doesn't want be a translator. So, Robi, could you please do that or anyone else? ഞാന്‍ എല്ലാ കമന്റുകളും അവിടെ നിര്‍ത്താം. :-)
"ഒരാൾ, ഈ പ്രോഗ്രാം എനിക്കു മനസ്സിലാകുന്നില്ല, അതു കൊണ്ടിതു പ്രോഗ്രാമല്ല. നിങ്ങൾ പോയി ഫോർട്രാനിലോ കൊബോളിലോ എഴുതിയ പ്രോഗ്രാമുകൾ വയിച്ചു പഠിച്ചിട്ട് അതു പോലെ
ഏതെങ്കിലും പ്രോഗ്രാമിംഗ് ലാംഗ്വേജിൽ കോഡ് എഴുതൂ (ലിങ്ക്) എന്നു പറഞ്ഞാൽ?"
>> ഇതൊരു തെറ്റായ താരതമ്യം അല്ലെ? ലതീഷ് എഴുതുന്നതും കഴിഞ്ഞ ഇരുപതു വര്‍ഷമായി ഞാന്‍ സംസാരിക്കുന്നതും ഒരേ ഭാഷ ആണ്. if somebody sent something written in "C" for review and I didn't understand it, I would surely give a comment "unreadable and convoluted" code.
ലളിത സുന്ദരം ആയി ഗദ്യം എഴുതിയത് കൊണ്ട് ഒരാള്‍ കവി ആകുമോ? ;-)
'best bored junkie" എന്ന് ലതീഷ് വിശേഷിപ്പിക്കുന്നത് തന്നെത്തന്നെ അല്ല, അയാളുടെ കവിത വായിക്കുന്നവരെ പറ്റിയാണ്. It should be changed to "the best boring junkie" [I meant his poetry is boring, not he]
ps:
പേയുള്ള പട്ടിക്കും കല്ലേറ് കിട്ടും :-) [no personal attack intended. പോസ്റ്റിന്റെ ടൈറ്റില്‍ ക്ഷണിച്ചു വരുതിയതാണിത്. couldn't resist writing this!
ബാബുജി,
ലതീഷിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായ സ്ഥിതിക്ക് അതവിടെ നില്ക്കട്ടെ. താങ്കള്ക്കിഷ്ടപ്പെട്ട ഏതെങ്കിലും ഒരു കവിതയുടെ( കഥ, പാട്ട്, സിനിമ, ചിത്രം അങ്ങനെ എന്തെങ്കിലും ഒന്നിന്റെ) അര്‍ത്ഥം താങ്കള്‍ മനസ്സിലാക്കിയ രീതിയില്‍ പറഞ്ഞു തരാമോ? കവി ഉദ്ദേശിച്ച അര്‍ത്ഥവും താങ്കള്‍ മനസ്സിലാക്കിയതും റോബി മനസ്സിലാക്കിയതും ഒക്കെ ഒന്നാണെങ്കില് നിങ്ങളുടെ വാദങ്ങള്‍ അംഗീകരിക്കാം.
കല അത് ആസ്വദിക്കുന്നവന്റെ മനസ്സിലാണ്. we only see what we look at. ലതീഷ് എഴുതിയ അര്‍ത്ഥം തന്നെയാവണം റോബി മനസ്സിലാക്കിയിരിക്കേണ്ടത് എന്നു നിര്‍ബന്ധമുണ്ടോ? പലപ്പോഴും കലാകാരന് ഉദ്ദേശിച്ചതിനേക്കാള്‍ വിശാലമായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ ആസ്വാദകനു കഴിഞ്ഞെന്നിരിക്കും. അത്തരം ഒരു സാധ്യത തുറന്നു കൊടുക്കുന്നില്ലെങ്കില്‍ കലയ്ക്കു നിലനില്പില്ല.
അത് ആസ്വാദകന്റെ സ്വാതന്ത്ര്യമാണ്. അതിനെ അതിവായന എന്നൊക്കെ പലപ്പോഴും കുറ്റപ്പെടുത്താറുണ്ടെങ്കിലും. ആരുവായിച്ചാലും ഒരേ അര്‍ത്ഥം ഉണ്ടായിരിക്കണം എന്നു ശഠിക്കാന്‍ ആധാരമെഴുത്തല്ലല്ലോ കവിതയെഴുത്ത്.
ഇതും പയറഞ്ഞാഴി ആണെങ്കില്‍ താങ്കളോട് സഹതപിക്കാതെ നിവര്‍ത്തിയില്ല. പ്രോഫറ്റ് പറഞ്ഞതുപോലെ തന്റെ അനുഭവത്തിന്റെയും, ബുദ്ധിയുടെയും, അറിവിന്റെയും അതിരാണ് ലോകത്തിന്റെ ചക്രവാളം എന്നു വിശ്വസിച്ചുകൊള്‍ക.
തറ്ക്കം തുടരുകയാൺ!
വളരെ നിശ്ശബ്ദമായ ചുറ്റുപാടുകളുണ്ടായിരുന്ന ഗ്രാമീണപശ്ചാത്തിൽനിന്ന് വരുന്ന എനിയ്ക്ക് മെറ്റൽ എന്നൊക്കെ പറയപ്പെടുന്ന സംഗീതം വളരെ ശ്രമിച്ചിട്ടും ആസ്വദിയ്ക്കാനായിട്ടില്ല. സാങ്കേതികം ഒരു ചുക്കും അറിയില്ലെങ്കിലും ഒരു പക്ഷേ അതിലും സങ്കീറ്ണ്ണമായ കറ്ണ്ണാടകസംഗീതവും അതിന്റെ ഉപശാഖകളും ഹൃദയത്തിന്റെ അടിത്തട്ടുകൊണ്ട് തന്നെ ആസ്വദിയ്ക്കാനാകും. കഥകളി ഞാൻ കണ്ടുവളറ്ന്നിട്ടില്ല. അതുകൊണ്ട് തന്നെ കഥകളിയുമായി ഞാൻ കണക്റ്റ് ചെയ്യാറില്ല. (അതിന്റെ ഒരു പ്രൌഡിയൊക്കെ മനസ്സിലാവുന്നുണ്ടെങ്കിലും)
ഒരു നാടോടിപ്പാട്ടായിരുന്നെങ്കിൽ ഇനി പഞ്ചാബിയോ ഒറിയയോ ചൈനീസോ ആണെങ്കിലും നാം ആസ്വദിയ്ക്കുമായിരിയ്ക്കും, എന്നാൽ ഓപറയിലേയ്ക്ക് വരുമ്പോൾ കാര്യങ്ങൾ മാറി.
രണ്ടാം തല സംവേദനങ്ങൾക്ക് തയ്യാറെടുപ്പുകൾ ആവശ്യമാൺ. മാനസികാവസ്ഥ, അഭിരുചി, ബുദ്ധിനിലവാരം തുടങ്ങി പലതും ഘടകങ്ങളാൺ.
അബ്സ്റ്റ്രാക്ഷൻ എന്നു പറയുന്ന കലാസങ്കേതം പൊതുവേ വിവാദപരമാൺ. ചില തരം തലച്ചോറുകൾക്ക്, ഉയറ്ന്ന ബുദ്ധിയുണ്ടെങ്കിൽപ്പോലും അബ്സ്റ്റ്രാക്ഷൻ മനസ്സിലാവില്ല എന്നൊരു വാദവും കേട്ടിട്ടുണ്ട്.
ഒരേ ഭാഷയാൺ എന്നുപറയുന്നതിൽ കാര്യമില്ല. സങ്കേതങ്ങൾ വേറെയല്ലെ. റ്റെക്നിക് എന്നു പറയുന്ന കാര്യവും കൂടിയുണ്ടല്ലോ. സാമാന്യമായ സംഭാഷണങ്ങൾ ഏറെക്കുറെ കൊൺക്രീറ്റ് ആൺ. ലതീഷിന്റെ പോലുള്ള കവിതകൾ അബ്സ്റ്റ്രാക്റ്റ് ആണെന്നു മാത്രമല്ല, പലപ്പോഴും അതിന്റെ തന്നെ എക്സ്റ്റ്രീം ആൺ.
ഒരു കച്ചവടക്കാരൻ: “വെള്ളപ്പൊക്കത്തിൽ മുന്നൂറ്റമ്പത് ചാക്ക് അരി നഷ്ടപ്പെട്ടു“ എന്നു പറഞ്ഞാൽ അതിൻ മൂറ്ത്തമായ അറ്ത്ഥമാൺ.
പനിച്ചുകിടക്കുന്ന കുട്ടി: “ മീശവെച്ച പാമ്പ്, ചൂരലുകൊണ്ടടിച്ചു” എന്നു പറഞ്ഞാൽ? ഘടകക്രിയ ചെയ്യുന്ന രീതിയേ മാറ്റേണ്ടി വരും.
രണ്ടാമത്തത് ഒരു അമൂറ്ത്തമായ പ്രസ്താവനയാൺ. കുറച്ച് ‘ബ്ലറ്ഡ്‘ ആയ മനസ്സിലാക്കലുകളേ അതിനുള്ളൂ.
മുകളിൽപ്പറഞ്ഞ അബ്ര്സ്റ്റ്രാക്ഷനെ നിഷേധിയ്ക്കുന്ന തലച്ചോറിൻ അതിനെ അറ്ത്ഥമില്ലാത്തത് എന്നു തള്ളിക്കളയുകയുമാവാം. അത് നമ്മുടെ ഗവേഷണത്വരയെയും ഭാവനാവിനോദങ്ങളിലുള്ള താല്പര്യത്തെയും ഒക്കെ ആശ്രയിച്ചിര്യ്ക്കും.
അബ്സ്റ്റ്രാക്റ്റ് രീതിയിൽ എഴുതപ്പെട്ട ഒരു കവിതയെ കൊൺക്രീറ്റ് ഭാഷയിൽ വിശദീകരിയ്ക്കുക അസാദ്ധ്യമാൺ/ബുദ്ധിമുട്ടാൺ. ‘ആന വിരണ്ടു‘ എന്നത് ഒരു ഗണിതസമവാക്യമായി പറയാമ്പറ്റുമൊ?
ഒ.ടോ: ഡിസൈനറ്മാറ്ക്കിടയിൽക്കേട്ട ഒരു തമാശ:)
‘വളരെ വേഗത്തിൽ വളരുന്ന കമ്പനി‘ എന്ന് ഗ്രാഫികലി പ്രെസെന്റ് ചെയ്യാൻ പറ്റും. ‘മാറ്കറ്റിങ് റ്റീമിന്റെ മിടുക്കുകൊണ്ട് വേഗത്തിൽ വളരുന്ന കമ്പനി‘ എന്നും പറ്റുമായിരിയ്ക്കും. ‘വളരെ വേഗത്തിൽ വളരുന്ന കമ്പനിയുടെ മാറ്കറ്റിങ്ങ് മാനേജരുടെ രണ്ടാമത്തെ കുട്ടിയ്ക്ക് ജലദോഷമാൺ‘ എന്ന് ഗ്രാഫികലി എങ്ങനെ പറയും?
Robert Browning ന്റെ Sordello നൂറ്റിയെഴുപതോളം കൊല്ലങ്ങൾക്കു ശേഷം ഇന്നും പൊതിയാത്തേങ്ങയാണ്. "ഇതെഴുതുമ്പോൾ എനിക്കും ദൈവത്തിനുമറിയാമായിരുന്നു എന്താണിതെന്ന്, ഇപ്പോൾ ദൈവത്തിനു മാത്രമേ അറിയാവൂ" എന്ന് കവി വിശദീകരിച്ചതായി കേട്ടിട്ടുണ്ട്. അപ്പോൾ അപ്രാപ്യ്തയുടെ പ്രശ്നം ഇന്നുമിന്നലെയും തുടങ്ങിയതൊന്നുമല്ല. അനുഭവങ്ങളുടെ തിരിച്ചറിയൽ പക്ഷേ ഭാഷയുടെ സാരള്യത്തിനും പകരാൻ കഴിയുമോയെന്നു സംശയം. സാമുവൽ ബെക്കറ്റിന്റെ ' ഗോദോയെക്കാത്ത് ' ആദ്യമവതരിപ്പിച്ചപ്പോൾ, നാഗരികപ്രേക്ഷകരുടെ കൂക്കിവിളിയും കല്ലേറും(?) കാരണം അലങ്കോലമായെന്നും, അതേ നാടകം പിന്നെ കുറേ ജയിൽപ്പുള്ളികൾക്കുമുന്നിൽ അവതരിപ്പിച്ചപ്പോൾ, നിർന്നിമേഷരായി കണ്ടിരുന്നവരിലൊരാൾ " നോക്കീക്കോ, ഗോദോ വരുകയൊന്നുമില്ല " എന്നു തിരിച്ചറിഞ്ഞതായും കേട്ടിട്ടുണ്ട്.. അവ്യക്തവും അപരിചിതവുമായ ചരിത്ര സുചകങ്ങളാണ് Sordello യെ അപ്രാപ്യമാക്കിയതെങ്കിൽ, താദാത്മ്യം അസംഭവ്യമായ ജീവിതാവസ്ഥയാണ് Godot യ്ക് പ്രശ്ന്മായത്. അറിവിന്റേയും അനുഭവങ്ങളുടേയും ശിക്ഷണമാവശ്യപ്പെടുന്ന സൃഷ്ടികൾ എന്നും വായനക്കാർക്കുമുൻപിൽ അപ്രാപ്യമായ കൊടുമുടികളാണ്. അവയുടെ നെറുകയിൽ തുറക്കപ്പെടുന്ന ആകാശങ്ങളെക്കുറിച്ചറിയാത്തവർ Pop culture ന്റെ കൊളസ്ട്രോൾ ബാധിച്ച ഹൃദയവുമായി നിന്ന് കിതയ്ക്കും. പക്ഷേ പ്രശ്നം ഗൗരവമാകുന്നത്, 'സാമാന്യജനത്തിന് മ്നസിലാകുന്നതേ പാടുള്ളൂ' എന്ന ഉത്തരവ് പുറപ്പെടുവിക്കുമ്പോഴാണ്. ഭാവുകത്വം അന്തസ്സാരശൂന്യമായിരിക്കണമെന്നത് അധികാരത്തിന്റേയും അധിനിവേശത്തിന്റേയും ശാഠ്യമാണ്. ചിന്തയുടെ ജനാലകൾ തുറക്കപ്പെട്ടാലുയർന്നേക്കാവുന്ന ചോദ്യങ്ങളെ അധികാരത്തിന്റെ സിംഹാസനങ്ങൾ എന്നും ഒഴിവാക്കാനാഗ്രഹിച്ചിട്ടേയുള്ളൂ.
എന്തിനേയും Trivialise ചെയ്ത് തമാശയാക്കിയാൽ സാധാരണക്കാരുടെ മനസുകൾ രമിക്കും എന്നു നമ്മുടെ പത്രക്കച്ചവടം എന്നേ തിരിച്ചറിഞ്ഞു. (ഈ പത്രം ഇങ്ഗ്ലീഷിലേക്കു മൊഴിമാറ്റി നോവലെന്ന പേരിൽ അടിച്ചിറക്കി ബുക്കർ പ്രൈസ് നേടിയ കഥയും നമ്മൾ കണ്ടതാണ്). നിസാരതകളിൽ മാത്രം മനസുകൾ രമിച്ചുകൊണ്ടേയിരിക്കണമെന്നത് വൈശികതന്ത്രമെന്നതിലുമപ്പുറം അധിനിവേശത്തിന്റെ ഗൂഢതന്ത്രവുമാണ്.
അപ്പുക്കിളികളുടെ മനസിന്റെ 'ഠ'കാരങ്ങൾക്കുള്ളിൽ സംവേദനം സാദ്ധ്യമല്ലായെന്നോർമ്മിപ്പിച്ചു, താങ്കളുടെ പോസ്റ്റ്. നന്ദി.
കമന്റ് നീണ്ടു പോയി. ക്ഷമിക്കുക.
ഹഹഹ....കവിതയുടെ കൊങ്ങക്കുള്ള പിടുത്തം ഊരിയാൽ ചാക്യാർകൂത്ത്,കാക്കരശ്ശി തുടങ്ങിയ കൂടി സമുദ്ധരിക്കാൻ ലതീഷ് അഭ്യർത്ഥിച്ചിട്ടുണ്ട്.
അത്തരം കലകളിലൊക്കെ പുനരുത്ഥാനാണലോ സമുദ്ധാരണം.ആ നിലയ്ക്ക്,മുൻപ് മാണിമാധവചാക്യാരുടെ വിവാദത്തിൽ കേട്ട ഒരു ഭാഗം പുനരുദ്ഥാനവഴീലുള്ള സമുദ്ധാരണത്തിനായി സമർപ്പിക്കുന്നു.
“ഒരൂട്ടം കവിത വേറേം ണ്ട്.അതിന് ‘ഓയ്ക്കൻ കവിത’ന്നു പറയും.ഓയ്ക്കനും ചില കവിതണ്ടാക്യാൽ കൊള്ളാംന്ന് മോഹണ്ട്.അപ്പൊഴാ ഒരാള്‍ രാജാവിന്റടുത്തുന്ന് ധാരാളം സമ്മാനോം വാങ്ങി വരണ കണ്ടത്.എങ്ങന്യാ തനിക്കീ സമ്മാനോക്കെ കിട്ടീത്ന്ന് ഓയ്ക്കൻ ചോയ്ച്ചപ്പോൾ “രാജാവിനെ നല്ലോണം പ്രകീർത്തിച്ചോണ്ടും,മറ്റു ചിലരെ കുറേശ്ശേ നിന്ദിച്ചോണ്ടും ഞാനൊരു കവിതണ്ടാക്കി രാജാവിന്റെ മുന്നിലങ്ങ്ട് ചൊല്ലി.അപ്പൊ രാജാവ്വ് പ്രസാദിച്ച് ഈ സമ്മാനങ്ങളും തന്നൂ”ന്ന് അയാൾ പറഞ്ഞു.ഊടനെ ഓയ്ക്കനും തീരുമാനിച്ചു,ഇമ്മട്ടിലൊരു കവിതണ്ടക്കാൻ.വൈകീല്യ,പെട്ടെന്നുണ്ടാക്കി രാജാവിനെ മുഖം കാണിച്ചു,ചൊല്ലി:
“യുധിഷ്ഠിരാദയോ യേ രാജാനാം
ഭാതൃം ഹന്തി പിതൃം ഹന്തി
ത്വം മശകമപിനജം ധന്യേ ധജം ധന്യേ ധാ
പയപ്തിബതിഹി വിലാടവൽ”
ദ് കേട്ടപ്പോൾ,രാജാവ് “ഓയ്ക്കൻ,പൊയ്ക്കോളൂട്ടോ”ന്നേ പറഞ്ഞുള്ളൂ.ഓയ്ക്കനായോണ്ട് പ്രഹരം കൊണ്ടില്ല.എന്താച്ചാൽ,അതിന്റെ താല്പര്യം അങ്ങനെയാ. ന്താച്ചാൽ, “യുധിഷ്ഠിരൻ ആദിയായ രാജാക്കന്മാരൊക്കെ കൊള്ളരുതാത്ത വഹക്കാരാണ്.അവന്മാര് ഭ്രാതാക്കന്മാരേം പിതാക്കന്മാരേം ഒക്കെ കൊല്ലും.ന്നാൽ,അങ്ങ് അങ്ങനെയൊന്നും അല്ല.ഒരു കൊതൂനെപ്പൊലും കൊല്ലില്ല.അതു കടിച്ചോട്ടേ,കുടിച്ചോട്ടേന്ന് വിചാരിക്കും.മാത്രല്ല,പാലുകുടിക്യേം ചെയ്യും.പൂച്ചയെപ്പോലെ ആണ്ന്നു മാത്രം”
----------------
അപ്പോൾ,ഇത്തരത്തിലുള്ള കവനനിർമ്മാണകൌശലങ്ങൾ കൊഴുക്കട്ടെ.
ഇതെല്ലാം കേട്ടപ്പം എനിക്കും തോന്നി, ഞാനായിട്ട് ഇനി കവിത എഴുതാതിരികേണ്ട എന്ന്.
ഒരു മഹാകവിത തന്നെ എഴുതി.
ഞാനും എഴുതി ഒരു കവിത ഇനിയിപ്പോ മനസ്സിലായില്ലെന്നു പറയരുത്
കവിത നല്ലതെന്നതോ ചീത്തതെന്നതോ അല്ല പ്രശ്നമെന്നു തോന്നുന്നു- ചീത്തത് പോലുമെഴുതാനുള്ള ഒരു സ്വാതന്ത്ര്യമല്ലേ ബ്ലോഗ്-
നന്നായില്ലെന്നു പറയാം - നിറുത്തണമെന്നവകാശപ്പെടാന് ആരാര്ക്കധികാരം നല്കി.
ചെറുപ്പക്കാരേ..*
നിങ്ങളുടെയൊക്കെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
'ഒത്ത യോദ്ധാക്കളോടെ മല്ലയുദ്ധം പാടൂ' എന്നു വികടശിരോമണിയും 'ഇതൊക്കെ ആരോടാണ് റോബി പറയുന്നത്?' എന്നു വെള്ളെഴുത്തും ചോദിക്കുമ്പോൾ ഈ കുറിപ്പിന്റെയൊക്കെ ലക്ഷ്യം ആരെയൊക്കെയോ തിരുത്തുക എന്നതാണോ എന്ന സംശയത്തിന്റെ ലാഞ്ജന (ഈ വാക്ക് ഇങ്ങനെ തന്നെയല്ലേ) ഉള്ളതു പോലെ തോന്നുന്നു.
അങ്ങനെ യാതൊരു ദുരുദ്ദേശ്യവുമില്ല എന്നു തീർത്തു പറയട്ടെ. ഫാസിസത്തിന്റെ സ്വഭാവമുള്ള ചില കൂവലുകളെക്കുറിച്ച്, ഇത് ഫാസിസമാകാം എന്ന് ഉറക്കെ വിളിച്ചു പറയുന്നതേയുള്ളൂ.
ബാബു കല്യാണം, ഇവിടെ വന്ന, അശോക് മേനാത്തിന്റെ കമന്റു വായിക്കുക. ബാബുവിനുള്ള മറുപടിയും അതിന്റെ പതിനാറിരട്ടിയും ആ കമന്റിലുണ്ട്.
അഭിപ്രായങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി.
*ഇത്രമാത്രം ഭംഗിയുള്ള ഒരു വിളിക്ക് ലതീഷിനോട് കടപ്പാട്....:)
Off:
"എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്ന ആശയത്തില്‍ നിന്നുമാണ് എല്ലാ സിനിമാ ഇന്ഡസ്ട്രികള്ക്കും മന:ശാസ്ത്രജ്ഞരുടെ സേവനം ആവശ്യമായി വരുന്നത്.മാസ് സൈക്കോളജിയാണ് അവരുടെ വിഷയം. കളക്റ്റീവ് അണ്‍കോണ്‍ഷ്യസിനെക്കുറിച്ച് അവര്‍ പഠിക്കും.തീരുമാനത്തിലെത്തും.കൂടുതല്‍ കാലം ഓടുന്ന സിനിമകളെ നിരീക്ഷിച്ച് ജനക്കൂട്ട മനശാസ്ത്രത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പടുകള്‍ നവീകരിക്കും. കൂടുതല്‍ കാലം ഓടാനിടയുള്ള സിനിമകള്‍ നിര്‍മ്മിക്കും. കാലക്രമത്തില്‍ എന്താണ് സിനിമയുടെ സദാചാരം എന്നതിനെക്കുറിച്ച് സിനിമ ഉണ്ടാക്കുന്നവനും കാണുന്നവനും തമ്മില്‍ ഒരു ധാരണയിലെത്തും. പിന്നീടങ്ങോട്ട് ഇരുകൂട്ടര്‍ക്കും പ്രത്യേകിച്ച് ചിന്തിക്കേണ്ട ആവശ്യമൊന്നുമില്ല. ഒരു കൂട്ടര് എന്തെങ്കിലും ഒക്കെ ഉണ്ടാക്കും, മറ്റേക്കൂട്ടര്‍ കയ്യടിക്കും. അകത്തും പുറത്തും നമ്മുടെ ആള്ക്കാര് എന്ന് ഇരുകൂട്ടര്‍ക്കും സുരക്ഷിതബോധവും തരപ്പെടും. കഥാപാത്രങ്ങളും കാണികളും ഒരേതരം പെര്‍ഫോമേഴ്സ് ആകുന്ന അവസ്ഥ. ഇതിനിടയില്‍, ആരങ്കിലും ഒരാള്‍ മാറ്റിപ്പിടിച്ചു തുടങ്ങിയാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയും. ഫാഷിസം ശീതീകരിച്ചെടുത്ത എത്രയോ അപകടരമായ അവസ്ഥയിലിരുന്നാണ് നമ്മള് കയ്യടിക്കുന്നത്, ചിരിക്കുന്നത്, കൂവുന്നത് എന്നു ബോധ്യമാവും."
-‘ മംഗലശ്ശേരി നീലകണ്ഠന് എന്ന മനോനിലയാണ് പ്രശ്നം’ ലതീഷ് മോഹന്‍ മംഗളം ആഴ്ചപ്പതിപ്പ്.
മംഗളമല്ല, മാധ്യമം ആഴ്ചപതിപ്പ്....:)
Poignant observations indeed.
തെറ്റ് തിരുത്തിയതിനു നന്ദി.
സിനിമ എന്നുള്ളത് കവിത എന്നാക്കി വായിച്ചാല്‍ ലതീഷിന്റെ വിശദീകരണം ചോദിച്ചവര്‍ക്കുള്ള ഉത്തരവുമായി.
വായിക്കുന്നവനു കവിത വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവൻ ചിന്തിക്കാത്തതു കൊണ്ടാവും, വായിക്കുന്നവനു മനസ്സിലാകുന്ന കവിത അല്ലെങ്കിൽ കവി ചിന്തിക്കാത്തതു കൊണ്ടുമാവും.
:-)
Post a Comment