Sunday, August 10, 2008

മലയാളസിനിമകൾ സംരക്ഷിക്കപ്പെടേണ്ടതില്ലേ?

36 മില്ല്യൺ വരുന്ന ഒരു ജനത ഉപയോഗിക്കുന്ന, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു ഭാഷ എന്ന നിലയിൽ ലോകസാംസ്കാരികചരിത്രത്തിൽ മലയാളത്തിന്റെ സ്ഥാനമെന്താണ്‌? മലയാളത്തിലുണ്ടായ സാംസ്‌കാരികസൃഷ്‌ടികൾ മറ്റ്‌ ജനതകളിൽ എത്തിപ്പെടുന്നതിൽ എത്രകണ്ട്‌ വിജയിച്ചിട്ടുണ്ട്‌? കലാമൂല്യമുള്ള സൃഷ്ടികളെ ലോകമെമ്പാടുമുള്ള കലാസ്വാദകസമൂഹത്തിനു ലഭ്യമാക്കുന്നതിൽ നമ്മുടെ സമൂഹം എന്തു ചെയ്തു? അച്ചടിക്കപ്പെട്ട ഒരു സാഹിത്യസൃഷ്‌ടിയെ സംബന്ധിച്ചിടത്തോളം ഭൗതികമായ നാശം സാധാരണസാഹചര്യങ്ങളിൽ പരിഗണിക്കപ്പെടേണ്ട വിഷയമല്ല എങ്കിലും സിനിമ പോലെ ഒരു കലാരൂപത്തിന്റെ കാര്യം വ്യത്യസ്ഥമാണല്ലോ. നമ്മുടെ മികച്ച സിനിമകൾക്ക്‌ എന്ത്‌ സംഭവിച്ചു എന്ന അന്വേഷണത്തോടൊപ്പം ഇവയെ ഇന്നുള്ള പ്രേക്ഷകനു ലഭ്യമാക്കാനുള്ള ചില പരിശ്രമങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ്‌ ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

അടൂർ, അരവിന്ദൻ, ജോൺ എബ്രഹാം, ബക്കർ തുടങ്ങിയവരുടെ വരവോടെ എഴുപതുകളുടെ തുടക്കം മുതലായിരുന്നു മലയാള സിനിമയിൽ ഗുണപരമായ മാറ്റം അനുഭവവേദ്യമായത്‌. എന്നാൽ ഈ 'ആദ്യകാല' സിനിമകളുടെ ഇന്നത്തെ അവസ്ഥയെന്താണ്‌? പവിത്രന്റെ 'യാരോ ഒരാൾ' എന്ന സിനിമയുടെ നെഗറ്റീവ്‌ പൂർണ്ണമായും നഷ്ടപ്പെട്ടുവെന്ന് പവിത്രന്റെ സുഹൃത്തുകൂടിയായ പി.എൻ.ഗോപീകൃഷ്‌ണൻ അടുത്തിടെ പറഞ്ഞിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രശസ്തമായ Camera De'Or പുരസ്കാരം ലഭിച്ച 'പിറവി'യുടെ പ്രിന്റും പൂർണ്ണമായും നശിച്ചുവെന്ന് 'പിറവി'യുടെ ഛായാഗ്രാഹകൻ കൂടിയായ ശ്രീ.സണ്ണി ജോസഫ്‌ പറഞ്ഞതോർക്കുന്നു. അടൂർ, ഷാജി.എൻ.കരുൺ തുടങ്ങിയവരുടെ സിനിമകൾ ചില ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുന്നതൊഴിച്ചാൽ, കലാമൂല്യമുള്ള മലയാളസിനിമകൾ സാധാരണ പ്രേക്ഷകരിലേക്ക്‌ എത്തുന്നുണ്ടോ? നിഴൽക്കുത്ത്‌, വാനപ്രസ്ഥം എന്നീ ചിത്രങ്ങൾ മുൻപു തന്നെ ആമസോണിൽ ലഭ്യമായിരുന്നു. അടുത്തിടെ അടൂരിന്റെ 'എലിപ്പത്തായം' SecondrunDVD പുറത്തിറക്കിയിരുന്നു. ഇവയൊഴിച്ചാൽ മറ്റ്‌ നല്ല മലയാളസിനിമകളൊന്നും കേരളത്തിനു പുറത്ത്‌ മാത്രമല്ല മിക്കവാറും കേരളത്തിലും ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു നാളിതുവരെ.

ടൊരന്റ്‌ തുടങ്ങിയ P2P സാങ്കേതികവിദ്യയുടെ വരവോടെ സ്ഥിതി കുറച്ചൊക്കെ മാറിയിരുന്നു. അടൂരിന്റെ കൊടിയേറ്റം, വിധേയൻ, അരവിന്ദന്റെ വാസ്തുഹാര, ഒരിടത്ത്‌, കുമ്മാട്ടി, ചിദംബരം, പി.ടി.കുഞ്ഞുമുഹമ്മദിന്റെ ഗർഷോം, ടി.വി.ചന്ദ്രന്റെ ചില ചിത്രങ്ങൾ തുടങ്ങിയവ പരിമിതമായ ക്വാളിറ്റിയോടെയാണെങ്കിലും ടൊറന്റിൽ ലഭ്യമാണ്‌. ഒരു സിനിമയുടെ DVD ഇറങ്ങുന്നതോടെ അത്‌ ടൊറന്റിൽ ലഭ്യമാകുന്ന സ്ഥിതിയിൽ സിനിമകളുടെ DVD പുറത്തിറക്കാൻ സംവിധായകർ/നിർമ്മാതാക്കൾ മടിക്കുന്ന അവസ്ഥയുമുണ്ട്‌.

ജോണിനെപറ്റി പറയുമ്പോൾ നമ്മുടെ സാംസ്കാരികനായകന്മാർക്ക്‌ നൂറു നാവാണ്‌. കേരളത്തിൽ എന്തേ ഒരു ജോൺ Documentation ഇല്ലാതെ പോയി എന്ന് പ്രശസ്ത ഡോകുമെന്ററി സംവിധായകനായ ജോഷി ജോസഫ്‌ പരിതപിക്കുന്നതു കണ്ടു, അടുത്തിടെ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ...ജോണിന്റെ സിനിമകൾ ഇന്ന് എവിടെ ലഭ്യമാണ്‌? എന്തേ അവയെക്കുറിച്ച്‌ ആരും ആകുലരാകുന്നില്ല? ലോകത്ത്‌ മറ്റെവിടെയും ഈയൊരവസ്ഥ ഇല്ലെന്നു തോന്നുന്നു. അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള, മുപ്പത്തഞ്ചോളം-എസ്കിമോകളുടെ ഭാഷയായ Inuktitut അടക്കം-ഭാഷകളിലെ സിനിമകൾ എനിക്ക്‌ കാണാനവസരം കിട്ടിയിട്ടുണ്ട്‌. ഫെസ്റ്റിവൽ സർക്ക്യൂട്ടുകളിൽ പോലും അത്ര പ്രശസ്തനല്ലാത്ത ജുറാജ്‌ ജാകുബിസ്‌കോ അടക്കമുള്ളവരുടെ സിനിമകൾ പോലും അൽപം കാശുമുടക്കിയാൽ ലഭ്യമാണ്‌. ഇതുവരെ ഞാൻ തെരഞ്ഞതിൽ കിട്ടാതിരുന്നത്‌ Jules Dassin-ന്റെ He who must die മാത്രമാണ്‌. 25 വർഷം കേരളത്തിൽ ജീവിച്ചിട്ടും എണ്ണപ്പെട്ട ചില മലയാളസിനിമകൾ കാണാൻ എനിക്കവസരം കിട്ടിയില്ല. ഈ വിഷയത്തെക്കുറിച്ച്‌ ചില സംവിധായകരോടു ആശയവിനിമയം നടത്തിയപ്പോൾ 'ഇതൊക്കെ ഇനി ആരു കാണും' എന്നൊരു ആശങ്കയായിരുന്നു മറുപടി. ജോൺ എബ്രഹാമിന്റെ ഒരു സിനിമയെക്കുറിച്ച്‌ IMDbയിൽ ഞാനെഴുതിയ ഒരു ചെറിയ കമന്റു വായിച്ച്‌ ഒരു അമേരിക്കൻ എഴുത്തുകാരനടക്കം ചിലർ എനിക്ക്‌ ഇ-മെയിലയച്ചിരുന്നു, ജോണിന്റെ സിനിമകളുടെ DVD ഇന്ത്യയിൽ ലഭ്യമാണോ എന്നു ചോദിച്ചുകൊണ്ട്‌. നല്ല മലയാളസിനിമകൾ കാണാനുള്ള ആഗ്രഹം ഒരുപാടുപേർ ചില സിനിമാ-ചർച്ചാഗ്രൂപ്പുകളിൽ പ്രകടിപിച്ചതോർക്കുന്നു. സബ്‌ടൈറ്റിൽ ഇല്ലെങ്കിലും മോശം പ്രിന്റാണെങ്കിലും ഒന്നു കണ്ടാൽ മതിയായിരുന്നു ചിലർക്ക്‌.കേരളത്തിൽ മാത്രമല്ല, ബംഗാൾ ഒഴികെ മറ്റ്‌ ഇന്ത്യൻ ഭാഷകളിലും ഏറെക്കുറെ ഇതുതന്നെയാണു സ്ഥിതി. ചില തല്ലിപ്പൊളി പടങ്ങൾക്ക്‌ അവാർഡു കൊടുക്കുന്നതല്ലാതെ നമ്മുടെ ചലചിത്ര അക്കാദമിയും സർക്കാരും എന്തു നടപടികളാണ്‌ ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്‌?

ഈയൊരവസ്ഥയിലാണ്‌ 'സിനിമായ' പോലെ ഒരു സംരംഭത്തിന്റെ പ്രാധാന്യം കൂടുതൽ പ്രസക്തമാകുന്നത്‌.

സിനിമായ (http://www.zinemaya.com/)

ബോസ്റ്റൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏതാനും മലയാളികൾ രൂപം കൊടുത്ത Movie Downloading Service ആണ്‌ സിനിമായ. മലയാളത്തിൽ നിന്നും മറ്റ്‌ ഇന്ത്യൻ ഭാഷകളിൽ നിന്നുമുള്ള Independent/ഡോകുമെന്ററി/സമാന്തര സിനിമകൾക്കാണ്‌ സിനിമായ പ്രാമുഖ്യം കൊടുക്കുന്നത്‌. ജബ്ബാർ പട്ടേലിന്റെ സംവിധാനത്തിൽ മമ്മൂട്ടി അംബേദ്‌കറെ അവതരിപ്പിച്ച Dr.Babasaheb Ambedkar, കേതൻ മേത്തയുടെ Mirch masala, കെ.പി ശശിയുടെ 'ഇലയും മുള്ളും', രാജീവ്‌നാഥിന്റെ 'ജനനി', ശരത്തിന്റെ 'ശീലാബതി', ശശി പറവൂരിന്റെ 'നോട്ടം' തുടങ്ങിയ ഫീച്ചറുകളും ഒ.വി.വിജയന്റെ പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച 'കടൽത്തീരത്ത്‌' അടക്കമുള്ള ചില ഷോർട്ട്‌ ഫിലിമുകളും, കേരളത്തിൽ സമീപകാലത്ത്‌ പ്രസക്തമായ ബദൽ നിരീക്ഷണങ്ങൾ അവതരിപ്പിച്ച ഇടത്‌/പരിസ്ഥിതി ആക്ടിവിസ്റ്റായ പൊക്കുടനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'കണ്ടൽ പൊക്കുടൻ' തുടങ്ങിയ ഡോക്യുമെന്ററികളും നിലവിൽ സിനിമായയിൽ ലഭ്യമാണ്‌. അടൂർ, അരവിന്ദൻ, ജോൺ എബ്രഹാം തുടങ്ങിയവരുടെ സിനിമകളും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

മൈക്രൊസോഫ്റ്റിന്റെ വിൻഡോസ്‌ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന, ഡൗൺലോഡ്‌ ചെയ്ത ഫയലുകൾക്ക്‌ viewer license നൽകുന്ന രീതിയിലാണ്‌ സിനിമായ പ്രവർത്തിക്കുന്നത്‌. അതിനാൽ ഒരു കമ്പ്യൂട്ടറിൽ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്കു മാറ്റിയാൽ ലൈസൻസ്‌ പ്രവർത്തിക്കില്ല. പൈറസി തടയുന്നതിൽ DVDയേക്കാൾ ഫലപ്രദമാണ്‌ ഈ രീതി. $ 0.49 മുതലാണ്‌ സിനിമകൾ റെന്റ്‌ ചെയ്യാനുള്ള വാടക. റെന്റ്‌ ചെയ്യുന്ന ഫയലുകളുടെ ലൈസൻസ്‌ ഒരാഴ്ച കഴിയുമ്പോൾ deactivated ആകും. ഡൊൺലോഡ്‌ ചെയ്യുന്ന സിനിമകൾ കേബിൾ ഉപയോഗിച്ച്‌ ടി.വിയിലും കാണാം. ഒരു സിനിമ തിയറ്ററിൽ റിലിസു ചെയ്താൽ ക്യാമറ പ്രിന്റുകളും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്താൽ അത്‌ റെക്കോർഡ്‌ ചെയ്ത്‌ ടൊറന്റിലും ലഭ്യമാകുന്ന ഇക്കാലത്ത്‌ ബദൽ സിനിമാപ്രവർത്തകർക്ക്‌ തങ്ങളുടെ സൃഷ്ടി ലോകം മുഴുവനും എത്തിക്കാനും അതുവഴി മുടക്കുമുതൽ തിരികെലഭിക്കാനുമുള്ള താരതമ്യേന സുരക്ഷിതമായ വഴിയാണ്‌ ഇത്തരം സംരംഭങ്ങൾ.

29 comments:

Anonymous said...

സുഹൃത്തെ കലാമൂല്യമുള്ള സിനിമ എന്നതു കൊണ്ടുദ്ദേശിച്ചതു എന്താണ്? സാധാരണക്കാരനു മനസ്സിലാകാത്ത രീതിയില്‍ സിനിമയെടുക്കലാണൊ കലാമൂല്യം ഏറിയ സിനിമ എന്നതു കൊണ്ടുദ്ദേശിച്ചതു? അടുരിന്റെയൂം, ജോണ്‍ എബ്രഹാമിന്റെയൊക്കെ ചിത്രങ്ങള്‍ കലാമൂല്യം ഏറിയവയെന്നു വീമ്പടിക്കാന്‍ കൊള്ളാം. സാധാരണ ഒരു മലയാളി തീയേറ്ററില്‍ പോകുന്നതു ഒന്നു രണ്ട് മണിക്കൂറ് അവന്റെ ടെന്‍ഷനില്‍ നിന്നും മോചനം ലഭിക്കാനായിട്ടാണ്. അല്ലാതെ മനസ്സിലാകാത്ത ഭാഷയില്‍ സിനിമയും കണ്ട് അതിനെ ഉദാത്തമെന്നൊക്കെ പറയുന്നതു കപട ബുജി ടീമുകളാണ്. കൊടുത്ത കാശ് മുതലായില്ലെങ്കില്‍ ഒരുത്തനും അവാര്‍ഡ് സിനിമ കാണാന്‍ പോകില്ല. ഇവിടെ അവാര്‍ഡ് സിനിമയെന്നു നിര്‍വച്ചിക്കുന്നത് അരവിന്ദനെയും, അടുരിനെയും പോലെ നിര്‍മാതാവിനെ പിച്ചച്ചട്ടിയെടുപ്പിക്കുന്ന സിനിമകളാണ്. ഹോളിവുഡിലും മറ്റു ഭാഷകളിലും അവാര്‍ഡ് സിനിമകളുണ്ട്, അവയൊക്കെയും സാങ്കേതികതനിമ കൊണ്ടും, കഥയുടെ ഇന്റഗ്രിറ്റി കൊണ്ടും നല്ല ഗുണ മേന്മയുള്ളവയാണ്. ഒരാള്‍ നടന്നു പോകുന്നതു അരമണിക്കൂറ് ഷോട്ടീലാക്കി യാതൊരു സംഭാഷണവുമില്ലാതെ പ്രേക്ഷകനെ ബോറടിപ്പിക്കുന്നതു കൊണ്ടാണ് ഇവരുടെ സിനികളൊന്നും വിജയിക്കാത്തതു. കലയെ പോഷിപ്പിക്കാനാണ് അല്ലെങ്കില്‍ സാമൂഹ്യപ്രതിബദ്ധത കൊണ്ടാണ് ഇത്തരത്തിലുള്ള സിനിമകളേടുക്കാന്‍ ഇവര്‍ തുനിയുന്നതെന്ന് മാത്രം പറഞ്ഞു കളയരുതു..! ഇത്തരത്തിലുള്ള സംവിധായകരുണ്ടെങ്കില്‍ മലയാളസിനിമ ഒരിക്കലും രക്ഷപ്പെടില്ല. അതിനി എതു സിനിമായ വന്നാലും..!

t.k. formerly known as thomman said...

കള്ളന്‍ പവിത്രന്‍ കാര്യങ്ങള്‍ വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു. അടൂര്‍ പടം പിടിക്കുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലുകളിലേക്കു വേണ്ടിയാണെന്ന് പകല്‍‌പോലെ വ്യക്തമാണ്. കഥ പറയാന്‍ മെനക്കെടാതെ ദാരിദ്ര്യവും തീണ്ടാരിക്കുളിയും നമ്മുടെ വസ്ത്രധാരണരീതിയുമൊക്കെ അദ്ദേഹം തന്റെ ചലച്ചിത്രങ്ങളില്‍ കാണിക്കാന്‍ ശ്രദ്ധകൊടുക്കുന്നത് അതുകൊണ്ടാണ്.

ഇത്തരം ഫ്രോഡുകള്‍ക്ക് അമിതപ്രാധാന്യം കിട്ടിയതുകൊണ്ട് പത്മരാജനെപ്പോലെയുള്ള ഒരു ജീനിയസ്സിന് മലയാളത്തില്‍ വേണ്ട അംഗീകാരം കിട്ടിയിട്ടില്ലെന്ന് തോന്നുന്നു.

പക്ഷേ, അവരുടെ സിനിമയുടെ പ്രിന്റുകള്‍ ഒക്കെ സംരക്ഷിക്കേണ്ടതു തന്നെയാണ്. അത്തരം സംരംഭങ്ങളെ സഹായിക്കാനും തയ്യാര്‍.

അരവിന്ദ് :: aravind said...

കലാമൂല്യവും സാംസ്കാരികമൂല്യവുമൊക്കെ അവിടെ നില്‍ക്കട്ടെ. അതൊക്കെ ഇംഗ്ലീഷ്‌കാരനും മലയാളീക്കും വേറെ വേറെയാണെന്നെങ്കിലും പറയാം.
പ്യുവര്‍ ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ മലയാളം പോയിട്ട് ഇന്ത്യ മൊത്തം ഒന്നിനും കൊള്ളാത്ത നിലവാരത്തിലാണ്.
ഫൈന്‍ഡിംഗ് നീമോ, ഷാര്‍ക്ക് റ്റേല്‍, റ്റോയ്‌ സ്റ്റോറി, ഇപ്പോള്‍ വാലി റോബോട്ട് മുതലായ അവിശ്വസനീയമാം‌വിധം സുന്ദമായ കുട്ടികഥകളു(?)മായി മത്സരിക്കട്ടെ നമ്മുടെ സം‌വിധാന കഥാകൃത്ത് പുംഗവര്‍.
ശക്തിമാന്‍, അര്‍‌സലാന്‍, ചന്ത്രകാന്ത..കോ.....
അവരുടെ കാലു കഴുകി കൊടുക്കണം.

വിശാഖ് ശങ്കര്‍ said...

അടൂരും, അരവിന്ദനും, ജോണും ഉള്‍പ്പെടെയുള്ളവര്‍ ഫ്രോഡുകളാണെങ്കില്‍ പിന്നെ മലയാളത്തിലെ സത്യസന്ധരായ സിനിമക്കാര്‍ ആരൊക്കെയെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

തനിക്ക് മനസിലാവാത്തത് വേറെ ആര്‍ക്കും മനസിലാവില്ല എന്ന് ആദ്യമേ തീരുമാനിക്കും.പിന്നെ അത് മനസിലാവുന്നതായ് ആരെങ്കിലും പറഞ്ഞാല്‍ അതോട്കൂടി അവരെ കപട ബുജികളായി മുദ്രകുത്തും.
എത്ര എളുപ്പമുള്ള ആസ്വാദന പദ്ധതി..!

ഹോളിവിഡ് സിനിമകളുടെ ഹാങ് ഓവറുമായി കാണാനിരുന്നാല്‍, ബെര്‍ഗ്മാനും, തര്‍ക്കൊവ്സ്കിയും, സാനൂസിയും, കീസ്ലോവിസ്കിയുമൊക്കെ ബോറടിപ്പിക്കും.അതോ ഇനി ഇവരും ഫ്രോഡുകളാണോ? ആയിരിക്കില്ല. ഒന്നുമല്ലെങ്കിലും വേളുത്ത തൊലിയുള്ളവരല്ലേ..

Roby said...

@ കള്ളൻ പവിത്രൻ,
സുഹൃത്തെ കലാമൂല്യമുള്ള സിനിമ എന്നതു കൊണ്ടുദ്ദേശിച്ചതു കലാമൂല്യമുള്ള സിനിമ തന്നെ. ഇനി എന്താണു കല, എന്താണു സിനിമ എന്താണു കലാമൂല്യമുള്ള സിനിമ എന്നൊക്കെ തികച്ചും വ്യക്തിബോധത്തിലും ആസ്വാദനശേഷിയിലും ഒക്കെ അധിഷ്ഠിതമായ കാര്യമല്ലേ? ഇനി ആരാണു സാധാരണക്കാരൻ, എന്താണു മനസ്സിലാക്കൽ എന്നതിനൊക്കെ കൃത്യമായ നിർവചനങ്ങൾ സാധ്യമാണോ?

എപ്പോഴാണ് പ്രേക്ഷകനു കാശു മുതലാകുന്നത്?
ഇനി അടൂരിന്റെ ഒരു ചിത്രവും സാമ്പത്തികമായി നഷ്ടമായിരുന്നില്ല. പിന്നെ ഏതു നിർമ്മാതാവാണു പിച്ചച്ചട്ടിയെടുത്തത്? ഇവരുടെയൊക്കെ എല്ലാ സിനിമകളും ഉദാത്തമാണെന്ന അഭിപ്രായമൊന്നും എനിക്കുമില്ല്ല. പക്ഷെ എനിക്കു മനസ്സിലാകാത്തതിനെ തെറിപറയുന്ന സ്വഭാവവുമില്ല. ഞാനൊരു കാര്യം പറയുമ്പോൾ അതിലെന്റെ സെൻസിബിലിറ്റി പ്രകടമാകുന്നത് കാപട്യമാണോ ആണെങ്കിൽ അങ്ങനെ...സാങ്കേതികതനിമ, കഥയുടെ ഇന്റഗ്രിറ്റി ഒക്കെ വേറെ വിഷയം. ഏതു അന്താരാഷ്ടസിനിമയോടും കിടപിടിക്കുന്ന ഷോട്ടുകൾ നിഴൽക്കുത്തിലുണ്ടായിരുന്നു.

@ തൊമ്മൻ,
ഏത് സംവിധായകനും ഒരു ടാർഗറ്റ് ഓഡിയൻസ് ഉണ്ടാകും. അത് ആരാണെന്നുള്ളതാണോ ഇവിടെ പ്രശ്നം? ഓസ്കാറും കാൻസും ബെർളിനുമൊക്കെ ലക്ഷ്യമാക്കി സിനിമയെടുക്കുന്ന സംവിധായകർ ഹോളിവുഡിലുമുണ്ടല്ലോ...

തീ‍ണ്ടാരിക്കുളിയും ദാരിദ്ര്യവും മാത്രമല്ല മുണ്ടും മടക്കിക്കുത്തി തെറിയും വിളിച്ചു നടക്കുന്ന നായകനുമുണ്ടായിരുന്നു അടൂരിന്റെ സിനിമയിൽ..
കൃത്യമായ മറുപടി വിശാഖ് പറഞ്ഞു. പിന്നെ ആദ്യമെ ടൈപ്പു ചെയ്തത് കാരണം പോസ്റ്റു ചെയ്യുന്നു.
(പത്മരാജനൊക്കെ ജീനിയസ്സാകുന്ന നാട്ടിൽ ജീനിയസ് എന്ന വാക്കിന്റെ അർഥം എന്താണാവോ)

t.k. formerly known as thomman said...

വിശാഖ്/റോബി - നിങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്നതോടൊപ്പം തന്നെ അടൂരിനെ fraud എന്ന് വിളിക്കാനുള്ള എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന് ഒരു അടിവര കൂടി ഇവിടെ ഇടുന്നു :)

റോബി പറഞ്ഞതുശരിയാണ്: ഒരു വിഭാഗം പ്രേക്ഷകര്‍ അടൂരിന്റേതുപോലുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ,അത്തരം സംവിധായകരുടെ സിനിമകള്‍ കലാമൂല്യമുള്ളതാണ് എന്നൊക്കെ പറയുമ്പോള്‍ എതിരഭിപ്രായങ്ങള്‍ ഉണ്ടാകും. പിന്നെ സിനിമ ‘മനസ്സിലാക്കാനുള്ള’ ഒരുതരം കടംകഥയാകുമ്പോള്‍ അതിലെത്രമാത്രം കലയുടെ അംശമുണ്ടാകുമെന്ന കാര്യത്തിലും സംശയമുണ്ട്.

Anonymous said...

If somebody thinks Adoor is fraud, then what do we call the people who make commercial movies or so called popular movies. There is a wide-spread notion that he makes movies for the West. Probably they can better appreciate his films than the people in his own land. Dont you think the movies of Adoor are close to what we see everyday or close to what we are. Or do you think like Bollywood films where the entire location is in a beach in Brazil or South Africa where the movie looks like a third rate Hollywood movie for which the budget got cut in half. Can anybody relate to the actors in the movie? I have been to Mumbai and 99% of the people I see dont look like any of the Bollywood actors.

Movies are expressions of a film maker, and we as viewers cant dictate what kind of movies they should be making. As a matter of fact all of Adoor's movies made money.

If malayalee has issues at home or mental tension, there are always popular movies to quench his thirst, but at the same time, there are film makers who would like to make the movies what they think is art..let them do their part, and don't know if you can just call them frauds cos its like passing on prejudices for which we dont have a clue.

peace.

Haree said...

പോസ്റ്റെന്തുപറയുന്നു, കമന്റുകളെന്തു പറയുന്നു!!!

സിനിമയുടെ പ്രിന്റുകൾ നശിച്ചുപോവുന്ന അവസ്ഥ ഖേദകരമാണ്. അവ ഡി.വി.ഡി.യിലേക്കോ മറ്റോ പകർത്തി, ഡിജിറ്റലായി അതാതിന്റെ നിർമ്മാതാക്കളെങ്കിലും(അല്ലെങ്കിൽ അതിന്റെ ഇപ്പോളത്തെ അവകാശികൾ) സൂക്ഷിക്കേണ്ടതാണ്.

ഡൊൺലോഡ്‌ ചെയ്യുന്ന സിനിമകൾ കേബിൾ ഉപയോഗിച്ച്‌ ടി.വിയിലും കാണാം. ഒരു സിനിമ തിയറ്ററിൽ റിലിസു ചെയ്താൽ ക്യാമറ പ്രിന്റുകളും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്താൽ അത്‌ റെക്കോർഡ്‌ ചെയ്ത്‌ ടൊറന്റിലും ലഭ്യമാകുന്ന ഇക്കാലത്ത്‌... - കേബിൾ ഉപയോഗിച്ച് ടി.വി.യിലേക്ക് നൽകാമെങ്കിൽ തീർന്നില്ലേ! അതും റിക്കാർഡ് ചെയ്യുവാൻ സാധിക്കുമല്ലോ!

‘സിനിമായ’ വിജയിക്കുമെന്നു കരുതാം.
--
--

Roby said...

ഹരീ,
ഞാനാ വാചകം എഴുതുമ്പൊഴെ സംശയമുണ്ടായിരുന്നു എങ്ങനെ വായിക്കുമെന്ന്. സം‌പ്രേക്ഷണം ചെയ്യുന്ന കേബിളല്ല, കമ്പ്യൂട്ടറിൽ നിന്നും ടിവിയിലേക്കു കണക്ടു ചെയ്യുന്ന S-Video കേബിളാണ് ഉദ്ദേശിച്ചത്; കമ്പ്യൂട്ടറിൽ സിനിമ കാണുന്നത് താത്പര്യമിലാത്തവരെ ഉദ്ദേശിച്ച്..:)

Anonymous said...

‘അമ്മ അറിയാന്‍‘ സിഡിയുണ്ട് കയ്യിലുണ്ട് ( അത്ര നല്ല പ്രിന്റല്ല) അഗ്രഹാരത്തിലെ കഴുത ഡിവിഡിയുടെ ഓണ്‍ലൈനില്‍ കിട്ടാനുണ്ട്,ലിങ്ക്‌ തപ്പിപിടിച്ചു തരാ.

ഡിവിഡി ഇറങ്ങിതുടങ്ങിയിട്ടൂണ്ട് റോബി.കൊടിയേറ്റം,വാസ്തുഹാര,വിധേയന്‍,നീലക്കുയില്‍ തുടങ്ങിയ ചിത്രങ്ങള്‍ മാര്‍ക്കറ്റിലുണ്ട്.പിന്നെ കെ.ജി ജോര്‍ജ്ജ് പത്മരാജന്‍ ഭരതന്‍ ചിത്രങ്ങളും കുറേയെണ്ണം വന്നു കഴിഞ്ഞു.

Roby said...

തുളസി, അതു ഞാനറിഞ്ഞിരുന്നില്ല കേട്ടോ..നല്ല കാര്യം. ലിങ്ക് കിട്ടിയാൽ തരണം, ഞാനീ പോസ്റ്റിൽ അപ്ഡേറ്റ് ചെയ്തു ചേർക്കാം.

തുളസിക്കും ഹരീക്കും ഒരു സ്പെഷൽ നന്ദി...പോസ്റ്റിന്റെ ഉദ്ദേശ്യം തന്നെ വഴിതെറ്റി പോകുകയായിരുന്നു

t.k. formerly known as thomman said...

peace,
There is nothing wrong with "people who make commercial movies". They are very straight-forward in their intentions to make money, and there are no intellectual pretensions about what they are doing. For the latter, I call Adoor a fraud,and I repeat it.

May be you should watch some decent Bollywood movies like 'Chaandni Bar' and 'Dilpe Matle Yaar' (to know about realistic depictions of Bombay, if that is what you are looking for in Bollywood movies) before dumping all of them as inferior.

Ignited Words said...

“ഹോളിവിഡ് സിനിമകളുടെ ഹാങ് ഓവറുമായി കാണാനിരുന്നാല്‍, ബെര്‍ഗ്മാനും, തര്‍ക്കൊവ്സ്കിയും, സാനൂസിയും, കീസ്ലോവിസ്കിയുമൊക്കെ ബോറടിപ്പിക്കും.അതോ ഇനി ഇവരും ഫ്രോഡുകളാണോ? ആയിരിക്കില്ല. ഒന്നുമല്ലെങ്കിലും വേളുത്ത തൊലിയുള്ളവരല്ലേ“

തൊലിവെളുത്തവരെല്ലാം ജീനിയസാണെന്നുള്ള ഒരു അര്‍ഥം ഉണ്ടൊ എന്റെ വാക്കുകള്‍ക്ക് വിശാഖെ? തൊമ്മന്‍ പരഞ്ഞതു പോലെ തന്നെ അടൂരിനെ നിങ്ങള്‍ക്കു ക്ലാസ് സംവിധായകന്‍ എന്നു വിളിക്കാനുള്ള അവകാശത്തോടൊപ്പം തന്നെ അതല്ല അടൂര്‍ എന്നു പറയാനുള്ള അവകാശം എനിക്കു ഉണ്ട്. നിങ്ങളെപ്പോലെ കുറച്ചു ബുദ്ധിജീവികള്‍ക്കു മാത്രം കാണുവാനായിട്ടാണ് അടുരും അരവിന്ദനും സിനിമ എടുക്കുന്നതെന്നു അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ തന്നെ ഇവരാണൊ മലയാളസിനിമയുടെ വക്താക്കള്‍. അതുമറിഞ്ഞിരുന്നില്ല.

എം ടിയുടെ പ്രശസ്തമായ ഒരു സിനിമയുണ്ട്. വടക്കന്‍ വീരഗാഥ. അതും അവാര്‍ഡ് തന്നെ. അത്രയെങ്കിലും നിലവാരത്തില്‍ ഒരു സിനിമയേടുക്കാന്‍ അടൂരിനു കഴിഞ്ഞിട്ടുണ്ടൊ? എല്ലാവരും ക്ലാസ് സംവിധായകനെന്നു അടുരിനെ വിശേഷിപ്പിക്കുന്നതു കേട്ടിട്ടുണ്ട്. അതു കൊണ്ട് ചോദിച്ചു പോയതാണ്

@റോബി: റോബി മനസ്സിലാകാത്തതിനെ തെറി പറഞ്ഞുവെന്നു എന്തര്‍ത്ഥത്തിലാണ് താങ്കള്‍ പറയുന്നതെന്നു എനിക്കു മനസ്സിലാകുന്നില്ല, അടൂരിന്റെ സിനിമയെക്കുറീച്ചുള്ള എന്റെ നിലപാടാണ് പറഞ്ഞതു. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കണമെന്നില്ല. താങ്കള്‍ക്കു അടുരിനെ ക്ലാസ് സംവിധായകനെന്നു വിശേഷിപ്പിക്കാം. പക്ഷെ എല്ലാവരും അങ്ങനെയാവണമെന്ന് നിര്‍ബന്ധിക്കരുതു. ഞാനൊരു സാദാ പ്രേക്ഷകന്‍ മാത്രമാണ്.

വായനയുടെ പ്രശ്നമല്ല റോബി. റോബിയുടെ ആദ്യത്തെ പാരഗ്രാഫുകള്‍ വായിച്ചപ്പൊള്‍ കുറച്ച് ഓവറായി പുകഴ്ത്തുന്നതായി തോന്നി. അത്രമാത്രം..ഓഫാണെല്‍ റോബിക്കു ഡിലീറ്റ് ചെയ്യാം

Anonymous said...

പവിത്രാ,
അത് ബെസ്റ്റ്..
ഈ അടൂരിനൊന്നും ഒരു ബുദ്ധിയുമില്ലെന്നെ. അല്ലെങ്കില്‍ എം.ടി.യുടെ തിരക്കഥ വാങ്ങി സിനിമ പിടിക്കുകയല്ലെ ചെയ്യുള്ളു തലയില്‍ ആള്‍താമസമുള്ള മലയാളി സംവിധായകര്‍. എന്തായാലും ശക്തന്‍ തമ്പുരാന്‍ ഹരിഹരന്‍ കൊത്തി. ഇനി അടൂര്‍ വീരഗാഥയുടെയൊ തമ്പുരാന്റെയൊ രണ്ടാംഭാഗം സ്ക്രിപ്റ്റിനായി കോഴിക്കോട്ടെയ്ക്ക് വണ്ടി കേറട്ടെ...

പിന്നെ ജോണ്.... വെറും ജാഡ.. കുറെ കള്ളുകുടിയന്മാരും കഞ്ചാവടിക്കാരും കൂടി വെറുതെ പൊക്കി നടന്നു...

ഇപ്പൊ വിദേശത്തൊക്കെ നമ്മടെ കെ.എസ്. ഗോപാലകൃഷ്ണന്‍ സാറിന്റേം വിനയന്‍ സാറിന്റേം ഷാജി കൈലാസ്സേട്ടന്റേം പടങ്ങള്‍ക്ക് വല്ല്യ പേരാ, അറിഞ്ഞാരുന്നൊ മോന്‍ ?

ടി.കെ, പഴയ തൊമ്മി,
അടൂരിന്റെ സില്നിമയോടെയാണ് തൊമ്മി എന്ന പേര് മലയാളത്തില്‍ ഒരു പ്രയോഗമായത്. അപ്പൊ ഒരു ചിരി...
ഇനി അതുകൊണ്ടാണോ പണ്ട് തൊമ്മി എന്നറിയപ്പെട്ടിരുന്ന തൊമ്മിച്ചന്‍ പേരൊക്കെ ഒന്നു മാറ്റി ചുരുക്കപ്പേരില്‍ അറിയപ്പെടാന്‍ തീരുമാനിച്ചേ ?

റോബി, ക്ഷമിയ്ക്ക്.

prasanth kalathil said...

റോബി,

ഒരു നല്ല ഉദ്യമത്തെ പരിചയപ്പെടുത്തിയതിനു നന്ദി.

അനിലൻ said...

റോബി
ആരെങ്കിലും എന്തെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ പറയട്ടേന്ന്. അതിനത്ര പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. സാധാരണക്കാരന്റെ ഭാഗത്തുനിന്ന് എന്നു പറയുന്നവര്‍ ഏത് സാധാരണക്കാരന്റെ ഭാഗത്ത് നിന്നാണ് സിനിമയെക്കുറിച്ച് പറയുന്നതെന്നതൊക്കെ എല്ലാവര്‍ക്കും അറിയാം. ‍
നല്ല സിനിമകള്‍ പലതും ഇടയ്ക്കെങ്കിലും ടെലിവിഷനില്‍ വരുന്നുണ്ടല്ലോ. അവയുടെ ഒക്കെ പ്രിന്ന്റ്റുകള്‍ കിട്ടാന്‍ അത്ര ബുദ്ധിമുട്ടു വരില്ലെന്നു തോന്നുന്നു.
പ്രിന്റുകള്‍ എവിടെ കിട്ടുമെന്ന് ഗോപിയോട് ചോദിച്ചാല്‍ അറിയാന്‍ പറ്റണം.അല്ലെങ്കില്‍ സനലിനോട് (സനാതനന്‍).
നല്ല സംരഭം.

Rajeeve Chelanat said...

റോബി,

‘ഓളവും തീരവും‘ നഷ്ടമായതിനെക്കുറിച്ച് എം.ടി.യും എവിടെയോ സൂചിപ്പിച്ചിരുന്നത് ഓര്‍ക്കുന്നു.

നല്ല സിനിമയില്‍,ആര്‍ക്കും താത്‌പര്യമില്ല. അവിടെയും ഇവിടെയും പ്രിയനന്ദനനെയും, പി.ടിയെയും, ടി.വി.ചന്ദ്രനെപ്പോലെയും മറ്റും വിരലിലെണ്ണാവുന്നവര്‍ മാത്രം. പിന്നെയെന്ത് ആര്‍ക്കൈവിങ്ങ്? എന്തു സ്ഥാനം? എന്തു സംഭാവന? പൈറസിയാണ് അണ്ണന്മാരുടെ പ്രധാന കണ്‍സേണ്‍. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സിനിമകളും, കോടികള്‍ പ്രതിഫലമായി മേടിക്കുന്ന താരങ്ങളുമാണ് ഇന്നത്തെ സിനിമ. ആ സിനിമകള്‍ കണ്ടാലേ ചിലര്‍ക്ക് ഇക്കിളിയാകൂ..ദൈനംദിന ജീവിതത്തിലെ ടെന്‍ഷന്‍ ഒഴിവാക്കാനുള്ള വിനോദോപാധിയല്ലേ ചിലര്‍ക്ക് സിനിമ? എല്ലാം മറന്ന് ചിരിക്കാനും കരയാനും ഒരിടം. നമുക്ക് വേണ്ടി സൂപ്പര്‍താരങ്ങള്‍ എല്ലാം ചെയ്യുന്ന സ്ഥലം.

കൊച്ചുതൊമ്മനോടും കള്ളന്‍ പവിത്രനോടും ചര്‍ച്ചിക്കാനുള്ള മനക്കരുത്ത് എനിക്കില്ല. വിഷയവും മറ്റൊന്നല്ലേ?

ഏതായാലും സിനിമായയെ പരിചയപ്പെടുത്തിയത് നന്നായി. മുഴുവനും മനസ്സിലായി എന്നു പറയാനാവില്ല. മെയിലിലൂടെ ബന്ധപ്പെടാം.

അഭിവാദ്യങ്ങളോടെ

വിദുരര്‍ said...

ഇങ്ങിനെയൊന്ന്‌ പരിചയപ്പെടുത്തിയതിന്‌ റോബിന്‌ അഭിനന്ദനം

ഭൂമിപുത്രി said...

ഞാൻ പലപ്പോഴും വിചാരീയ്ക്കാറുള്ളൊരു കാര്യമാണിത് റോബി.വളരെ നന്ദി ഈ വിവരങ്ങൾക്ക്
‘അമ്മ അറിയാൻ’കാണണമെന്ന് വളരെ ആശിച്ചിട്ടുണ്ട്.
തുളസീ....:)
S-Video കേബിൾ ലാപ്പ്ടോപ്പിൽ നിന്ന് ടിവിയിലേയ്ക്ക് എടുക്കാൻ പറ്റ്വോ ആ‍വോ!

Anonymous said...

അഗ്രഹാരത്തില്‍ കഴുതൈ.
http://www.2dmovie.com/Movie.php?id=76

(നന്ദി, ലിങ്ക്‌ വീണ്ടും അയച്ചു തന്ന ദേവദാസിന് )

കണ്ണൂസ്‌ said...

റോബി, അവിടെപ്പോയി സൈന്‍-ഇന്‍ ചെയ്തു. കൂടുതല്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

എവിടന്നെങ്കിലും നല്ല സിനിമകളുടെ പ്രിന്റ് കണ്ടാല്‍ അറിയിക്കാം. പക്ഷേ ഈ സംരംഭം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു കൂടി ചുരുക്കമായി എഴുതാമോ? ഒരാഴ്ച എന്ന ലൈസന്‍സിംഗ് കാലാവധി (ഉപാധികള്‍ക്ക് വിധേയമായി) നീട്ടിക്കിട്ടാന്‍ വഴിയുണ്ടോ?

t.k. formerly known as thomman said...

>അടൂരിന്റെ സില്നിമയോടെയാണ്
>തൊമ്മി എന്ന പേര് മലയാളത്തില്‍
>ഒരു പ്രയോഗമായത്. അപ്പൊ ഒരു ചിരി...
>ഇനി അതുകൊണ്ടാണോ പണ്ട് തൊമ്മി >എന്നറിയപ്പെട്ടിരുന്ന തൊമ്മിച്ചന്‍ പേരൊക്കെ ഒന്നു >മാറ്റി ചുരുക്കപ്പേരില്‍ അറിയപ്പെടാന്‍ തീരുമാനിച്ചേ ?

The only thing I can say now, based this anonymous, cheap shot is that you are timid and intellectually servile. May be I can describe you little better when you would show up next time in a different garb.

ഗുപ്തന്‍ said...

Hugely needed attempt. Thanks for introducing it here Roby

Roby said...

കണ്ണൂസ്,
ലോഗിൻ ചെയ്ത ശെഷം ഡൌൺലൊഡ് ചെയ്യേണ്ട ഫിലിമിന്റെ/ഡോക്യുമെന്ററിയുടെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ paypal ഉപയോഗിച്ച് പണം കൊടുക്കാം. പണമടച്ച ഉടനെ ഡൌൺലൊഡ് ലിങ്ക് തരും. ഡൌൺലോഡ് ചെയ്യുന്ന സിസ്റ്റത്തിലേ ഉപയോഗിക്കാനാകൂ. ഡിവിഡിയിലാക്കി മറ്റൊരു സിസ്റ്റത്തിൽ പ്ലേ ചെയ്യില്ല.(ഇതൊരു പരിമിതിയാണെന്നു തോന്നുന്നു, ഡൌൺലോ‍ഡ് ചെയ്ത് മറ്റൊരു സിസ്റ്റത്തിലേക്കു കോപ്പി ചെയ്തിട്ട് രണ്ടാമത്തെ സിസ്റ്റത്തിൽ നിന്നും ലൈസൻസ് വാങ്ങാനാകുമോ എന്ന് ഞാനൊന്നു ചോദിക്കട്ടെ. റെന്റ് പീരിയഡ് നീട്ടുന്നത് സാധ്യമാണോ എന്നത് ഒറ്റവാക്കിലുത്തരം പറയാൻ പാടുള്ള ചോദ്യമല്ലേ...:) )
അവരുടെ FAQ ഒന്നു വായിക്കണേ.

ഭൂമിപുത്രി,
ലാപ്ടോപ്പിൽ S-Video port ഉണ്ടെങ്കിൽ കണക്ട് ചെയ്യാൻ സാധിക്കും.

തുളസി, ആ ലിങ്ക് ഞാൻ മുൻപ് കണ്ടിരുന്നു. പക്ഷെ അതു വർക്ക് ചെയ്യുന്നില്ല.

ജോണിന്റെ ഫിലിമുകൾ ഡിവിഡിയിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ 4 മാസം മുൻപ് വി.സി.ഹാരിസിന്റെ അധ്യക്ഷതയിൽ കോഴിക്കോടുവെച്ച് ഒരു യോഗം നടന്നിരുന്നതായി അറിയാൻ കഴിഞ്ഞു. ‘കഴുതൈ’, ‘അമ്മ അറിയാൻ’ എന്നിവയുടെ അവകാശം പലരുടെ കൈയിലായാണ്. ആദ്യ രണ്ടു സിനിമകളെക്കുറിച്ച് ഒരറിവുമില്ല.

അനിലൻ said...

റോബി
papillon കിട്ടാന്‍ എന്താ മാര്‍ഗ്ഗം? കാശ് കൊടുത്ത് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ?
കുറേ മുന്‍പ് കണ്ടതാണ്. പുസ്തകം വായിച്ചപ്പോള്‍ ഒന്നുകൂടി കാണാന്‍ ഒരാഗ്രഹം.

The Prophet Of Frivolity said...

ഏറണാകുളത്ത് മേനകേടവിടുള്ള പൈ&കൊ-യുടെ അതിലേയുള്ള, കറന്റ് ബുക്സിലേക്കെത്തുന്ന റോഡില്‍ ഇടത്ത് വശത്തായി ഒരു കടയുണ്ട്. ഈപ്പറയുന്ന പല സിനിമകളും അവിടെ കിട്ടും. മലയാളം മാത്രമല്ല, പല ലോകക്ലാസിക്ക് സിനിമകളും. കടയുടെയും റോഡിന്റെയും പേര് മറന്നുപോയി.(ഓര്‍മ്മ വന്നാ‍ല്‍ ഇവിടെ എഴുതാം) നന്നായി റോബി.
മറ്റൊന്ന് എനിക്കു മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യം. സാഹിത്യത്തില്‍ നമുക്ക് പൈങ്കിളി-നിലവാരമുള്ളവ എന്ന വ്യക്തമായ വേര്‍തിരിവുണ്ട്. ആരും ആനന്ദ് - മനസിലാവാത്തവര്‍ പോലും - മന്ദബുദ്ധിയാണ്, കപട ബുദ്ധിജീവിയാണ് എന്ന് പറയില്ല. സിനിമയിലെന്തേ അങ്ങനെയില്ല?

ഭൂമിപുത്രി said...

പ്രോഫറ്റേ,ആക്കടയുടെപേരൊന്ന് ഓർത്തെടുത്ത് തരണേ..
(തുളസിയ്ക്കറിയോ ആവോ!)

un said...

ഇപ്പൊഴാ കണ്ടത്. നല്ല സംരഭം. നന്ദി

ജോണിന്റെ സിനിമകള്‍ക്കായി ഇതുപോലൊരെണ്ണം തുടങ്ങുന്നതിനെക്കുറിച്ച് സനാതനന്‍ ഒരിക്കല്‍ സംസാരിച്ചിരുന്നു. കയ്യൂര്‍ സമരത്തിനെനെക്കുറിച്ച് ജോണ്‍ നിര്‍മ്മിക്കാനിരുന്ന ഒരു ചിത്രത്തിന്റെ തിരക്കഥയുടെ ചിലഭാഗങ്ങള്‍ കുഞ്ഞു നാളില്‍ അച്ഛന്റെ കൈവശം കണ്ടതിനെക്കുറിച്ച് ഓര്‍മ്മവന്നു. ഈയിടെ കുറേ തിരഞ്ഞെങ്കിലും തപ്പിയെടുക്കാന്‍ ക്കഴിഞ്ഞില്ല അതിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചതും എനിക്കോര്‍മ്മയുണ്ട്. ആ റീലുകള്‍ എവിടെയാണെന്ന് ഒന്നുകൂടേ ഒന്നന്വേഷിക്കട്ടെ.

Anonymous said...

Hi,
Elippathayam is available as Bittorrent file at thepiratebay.org
And there are umpteen instances of Ray's Apu Trilogy etc. as torrents.

I think it will be more useful and permanent to put up really worthy films for free downloading so that the copies will be available with all film buffs and for the coming generations too? Adoor movies, especially, if he has got back the money spent!
How many Malayalees do you think can afford dollars for a movie?

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.