Wednesday, July 23, 2008

വായനാശീലമുള്ള ഒരു തൊഴിലാളിയുടെ ചോദ്യങ്ങൾ

ഏഴു കവാടങ്ങളുള്ള തീബ്‌സ്‌ ആരാണു നിർമ്മിച്ചത്‌?
പുസ്തകങ്ങളിൽ നിങ്ങൾ രാജാക്കന്മാരുടെ പേരുകൾ കാണും.
കല്ലുകൾ ചുമന്നത്‌ രാജാക്കന്മാരായിരുന്നോ?
ഒരുപാട്‌ തവണ തകർക്കപ്പെട്ട ബാബിലോൺ, ഓരോ തവണയും പണിതുയർത്തിയത്‌ ആരായിരുന്നു?
സുവർണ്ണതിളക്കമുള്ള ലിമയുടെ പണിക്കാർ
ഏതു തരം വീടുകളിലായിരുന്നു ജീവിച്ചിരുന്നത്‌?
ചൈനയിലെ വന്മതിൽ പണി തീർന്നയന്ന്
കൽപണിക്കാർ എങ്ങോട്ടാണു പോയത്‌?മഹത്തായ റോമ,
വിജയകമാനങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.
ആരായിരുന്നു അവ പണിതുയർത്തിയത്‌?
സീസർ ആരുടെ മുന്നിലാണ്‌ വിജയശ്രീലാളിതനായത്‌?
പാട്ടുകളിൽ പ്രകീർത്തിക്കപ്പെട്ട ബൈസാന്റിയത്തിൽ,
എല്ലാ അന്തേവാസികൾക്കും കൊട്ടാരങ്ങളുണ്ടായിരുന്നോ?
കഥകളിൽ മാത്രമാണെങ്കിലും, അറ്റ്‌ലാന്റിസിനെ കടൽ വിഴുങ്ങിയ
അന്നും മുങ്ങിക്കൊണ്ടിരുന്നവർ അടിമകളെ ശകാരിക്കുന്നുണ്ടായിരുന്നു.

യുവാവായ അലൿസാണ്ടർ ഇന്ത്യ കീഴടക്കി.
അയാൾ തനിച്ചായിരുന്നോ?
സീസർ ഗ്വോളുകളെ പരാജയപ്പെടുത്തി.
ഒരു കുശിനിക്കാരൻ പോലും കൂടെയില്ലായിരുന്നോ?
തന്റെ അർമ്മദ താണു പോയപ്പോൾ സ്പെയിനിലെ ഫിലിപ്പ്‌ വിതുമ്പി.
അയാൾ മാത്രമേ കരയാനുണ്ടായിരുന്നുള്ളോ?
ഫ്രെഡറിക്‌ രണ്ടാമൻ ഏഴുവർഷങ്ങളുടെ യുദ്ധം ജയിച്ചു. കൂടെ ആരൊക്കെ ജയിച്ചു?

ഓരോ താളും ഓരോ വിജയം.
വിജയികൾക്ക്‌ അത്താഴമൊരുക്കിയത്‌ ആരായിരുന്നു?
ഓരോ പത്തുവർഷങ്ങളിലും ഒരു മഹാൻ?
ആരായിരുന്നു ബില്ലടച്ചത്‌?

ഒരുപാട്‌ റിപ്പോർട്ടുകൾ.
ഒരുപാട്‌ ചോദ്യങ്ങൾ.


ബ്രെഹ്‌ത്തിന്റെ പ്രശസ്തമായ Questions From a Worker Who Reads എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ.

17 comments:

Anonymous said...

ഇതും വഴങ്ങും,ല്ലേ ?

താജ്മഹല്‍ പണിതതാരായിരുന്നു എന്ന ചോദ്യത്തിന് തൊഴിലാളികള്‍ എന്ന ഉത്തരമുള്ള മുദ്രാവാക്യം ഡിഫിയുടെ ജാഥയില്‍ ഈണത്തോടെ ആവേശത്തോടെ വിളിക്കുന്നതുകേട്ടിട്ടുണ്ട്.

നരിക്കുന്നൻ said...

ഐറിസ് ഞെട്ടിച്ച് കളഞ്ഞു. ഇതൊരു വായനാശീലമുള്ള ഒരു വെറും തൊഴിലാളിയുടെ ചോദ്യങ്ങളല്ല. ഒരു ചിന്തകന്റെ ചോദ്യങ്ങളാണ്.

പലതും വെട്ടിപ്പിടിച്ച് കാൽക്കീഴിലാക്കി വാഴുമ്പോൾ തനിക്കു മുമ്പിൽ ചീറിവരുന്ന അസ്ത്രങ്ങൾ സ്വയം നെഞ്ചിൽ ഏറ്റ്വാങ്ങുന്ന പടയാളിയുടെ മുഖം ആരോർമ്മിക്കാൻ.

നരിക്കുന്നൻ

Sanal Kumar Sasidharan said...

ചൈനയിലെ വന്മതിൽ പണി തീർന്നയന്ന്
കൽപണിക്കാർ എങ്ങോട്ടാണു പോയത്‌?

ഹൊ!

Unknown said...

കൈത്തൊഴില്‍ ചെയ്യാന്‍ കഴിയുന്നവരുണ്ടു്. പ്ലാന്‍ നിര്‍മ്മിക്കാന്‍ കഴിയുന്നവരുണ്ടു്. ചിന്തിക്കാന്‍ കഴിയുന്നവരുണ്ടു്. നയിക്കാന്‍ കഴിയുന്നവരുണ്ടു്. പാടാന്‍, ആടാന്‍, സാഹിത്യരചനകള്‍ നടത്താന്‍ ഒക്കെ കഴിയുന്നവരുണ്ടു്. ഇവയിലൊക്കെ എത്രയോ അവാന്തരവിഭാഗങ്ങളുമുണ്ടു്. ഇവരെല്ലാം സഹകരിച്ചു് പ്രവര്‍ത്തിച്ചപ്പോഴാണു് സമൂഹങ്ങള്‍ അമാനുഷികം എന്നു് തോന്നുന്ന പല നേട്ടങ്ങളും കൈവരിച്ചതു്. അലക്സാണ്ടറുടെ വ്യക്തിത്വത്തിനു് പിന്നില്‍ ഒരു അരിസ്റ്റോട്ടില്‍ ഉണ്ടായിരുന്നു. പിരമിഡുകളുടെ പണിയുടെ പുറകില്‍ പണിക്കാരും പ്ലാനും ഫറവോയുമൊക്കെ ഉണ്ടായിരുന്നു. ഇതില്‍ ഏതെങ്കിലും ഒന്നു് മറ്റേതെങ്കിലും ഒന്നിനേക്കാള്‍ വലുതോ ചെറുതോ അല്ല. ചെയ്യുന്ന ജോലികൊണ്ടു് ഒരു ശരാശരി ജീവിതം നയിക്കാന്‍ എല്ല മനുഷ്യര്‍ക്കും കഴിയുന്ന അവസ്ഥയാവണം ഒരു ആധുനിക സമൂഹത്തിന്റെ ലക്‍ഷ്യം. അതിലേക്കു് ജനങ്ങളെ ‍ എത്തിക്കേണ്ടതു് നയിക്കുന്നവരുടെ ചുമതലയാണു്. ഈ “ജീവിതശരാശരി” സമൂഹത്തിനു് ന്യായമായി പ്രതിനിധീകരിക്കാന്‍ കഴിയണം. അതിനു് നിയമങ്ങള്‍ വഴി ജനങ്ങളെ സാമ്പത്തികമായി മുകളില്‍ നിന്നും താഴെ നിന്നും മദ്ധ്യത്തിലേക്കു് കൊണ്ടുവരാന്‍ കഴിയണം. “മുനകള്‍” മുറിക്കപ്പെടണം എന്നു് സാരം. സ്ഥിതിസമത്വം എന്നതു് കേള്‍ക്കാന്‍ മാത്രം കൊള്ളാവുന്ന, ഒരിക്കലും നേടാന്‍ കഴിയാത്ത ഒരു ആശയമാണു്. കാരണം, അതു് പ്രകൃതിനിയമത്തിനു് എതിരാണു്. അതേസമയം, “ഇടതുവശത്തു് മിടിക്കുന്ന ഒരു ഹൃദയം” ഒരു സമൂഹത്തിന്റെ നന്മയുടെയും ബൌദ്ധികതയുടെയും തെളിവുമാണു്.

ജനങ്ങള്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കിക്കൊണ്ടു്, അവരുടെ അജ്ഞത മുതലെടുക്കാന്‍, ആത്മീയവും അല്ലാത്തതുമായ ബലഹീനതകളെ കരുവാക്കുന്ന നേതൃത്വമാണു് ഏതൊരു സമൂഹത്തിന്റെയും ശാപം. അതേ അജ്ഞതയും ബലഹീനതകളും മൂലം ജനങ്ങള്‍ സ്വന്തം ആരാച്ചാരന്മാരെ വീണ്ടും വീണ്ടും തിരഞ്ഞെടുത്തു് കഴുത്തില്‍ പ്രതിഷ്ഠിക്കുന്നു! ജനങ്ങളോടു് എന്തു് ആവശ്യപ്പെടുന്നുവോ അതിന്റെ നേരെ വിപരീതമായതാണു് ഈ നേതാക്കള്‍ എപ്പോഴും ചെയ്യുന്നതു്. ഇടത്തെ ചെകിട്ടത്തു് അടിക്കുമ്പോള്‍ അവര്‍ വലത്തേതും കാണിക്കണം! ആരാണു് അവരെ അടിക്കുന്നതു് എന്നറിഞ്ഞാല്‍ ഈ കല്പനയുടെ അര്‍ത്ഥം കൂടുതല്‍ വ്യക്തമാവും. “നീ മോഷ്ടിക്കരുതു്!” കാരണം, നിനക്കു് മോഷ്ടിക്കാന്‍ തോന്നുന്ന, നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കാത്ത, ചിലതെല്ലാം ഞാന്‍‍ നിന്റെ ചിലവില്‍ ശേഖരിച്ചു് വച്ചിട്ടുണ്ടു്! ആര്‍ക്കാണു് ഈ കല്പന കൊണ്ടു് ഗുണം? ഒന്നുമില്ലാത്തവനെ ആരു് മോഷ്ടിക്കാന്‍? ഞാന്‍ മോഷണത്തെ നീതീകരിക്കുകയല്ല. നിയമങ്ങളുടെ ലക്‍ഷ്യം‍ ചൂഷണം എളുപ്പമാക്കാതിരിക്കലാവണം, അല്ലാതെ നേരേ തിരിഞ്ഞതാവരുതു് എന്നു് പറയാനാണു് ശ്രമിച്ചതു്.

ഈ ചൂഷണത്തിനു് ദൈവനാമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിനാലാണു് “ദൈവത്തെ” വിമര്‍ശിക്കേണ്ടിവരുന്നതു്. കാരണം, ഈ ചൂഷണം തടയാന്‍, ഈ ചൂഷകരെ ശിക്ഷിക്കാന്‍, സര്‍വ്വശക്തനായ ഒരു ദൈവത്തിനു് കഴിയേണ്ടതായിരുന്നു. ദൈവത്തിന്റെ ഈ കഴിവില്ലായ്മയെ “വാദമുഖങ്ങള്‍” കൊണ്ടു് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതു് ആരാണെന്നു് ചിന്തിച്ചാലേ‍ ‍ഈ ചൂഷണത്തിന്റെ പിന്നിലെ നിഗൂഢകാപട്യം മനസ്സിലാവൂ.

കമന്റ് ദീര്‍ഘിച്ചതിനു് ക്ഷമിക്കുമല്ലോ!

വര്‍ക്കേഴ്സ് ഫോറം said...

വളരെ സന്തോഷമുണ്ട്, ഇതു പോലൊരെണ്ണം ബ്ലോഗില്‍ കണ്ടതില്‍

t.k. formerly known as thomman said...

സി.കെ.ബാബു ആദ്യ ഖണ്ഡികയില്‍ പറയുന്നതാണ് ശരി.

a/c-യില്‍ ഇരുന്ന് തൊഴിലാളിയെപ്പറ്റി വ്യാകുലപ്പെടുന്ന ദന്തഗോപുരവാസിയുടെ grandiose ഭാഷയാണ് ഈ കവിതയുടേതും.

അലക്സാണ്ടറുടെ നിശ്ചയദാര്‍ഡ്യമുണ്ടായില്ലെങ്കില്‍ ഗ്രീക്കുകാര്‍ ഇന്ത്യയിലെത്തുമായിരുന്നില്ല. തികച്ചും ഖേദകരമാണെങ്കിലും സമൂഹത്തില്‍ രാജാക്കന്മാരും സൈനികരും ഉണ്ടാകുന്നത് പ്രകൃതിയുടെ ഒരു പരുക്കന്‍ നിയമമാണ്. സ്റ്റാലിനും ലെനിനും ഒന്നും ഉണ്ടായത് യാദൃശ്ചികമല്ലല്ലോ.

ഇത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് മാര്‍ക്സിസം വെറും pseudo-science ആവുന്നത്.

Pramod.KM said...

തുളസി പറഞ്ഞ ആ സംഗീത ശില്പം ബ്രെഹ്തിന്റെ ഈ കവിതയെ ആസ്പദമാക്കി ആണ് കരിവെള്ളൂര്‍ മുരളിയേട്ടന്‍ എഴുതിയത് .
അധ്വാനിക്കുന്ന മനുഷ്യന്‍
ചരിത്രത്തിന്‍ ചക്രം തിരിച്ച മനുഷ്യന്‍
അരുതുകളോടേറ്റുമുട്ടിയേറ്റുമുട്ടി
അവനവന്റെ പ്രതിരോധം പലകാലം നട്ടുവളര്‍ത്തീ.
എന്നു തുടങ്ങുന്ന ആ നാടകം,
“സപ്താത്ഭുതങ്ങളില്‍
ഉത്തുംഗം താജ് മഹല്‍ തീര്‍ത്തതാര്?
‘ഷാജഹാന്‍’.
അല്ല!!!...
തൊഴിലാളികള്‍..
വയര്‍ വിളികേട്ട് പൊരുതുന്ന പടയാളികള്‍
വിരലുകള്‍ മുറിഞ്ഞും
മുതുകുകളൊടിഞ്ഞും
തീര്‍ത്തത്
അവര്‍ തീര്‍ത്തത്”
എന്നൊക്കെ പുരോഗമിക്കുന്നത് ഇപ്പോളും ഓര്‍ക്കുന്നു. ഈ നാടകം പരിഷത്തിന്റെ കലാജാഥകളില്‍ നമ്മള്‍ പണ്ടെത്ര അവതരിപ്പിച്ചിരിക്കുന്നു!. റോബിക്ക് നന്ദി:)

Suraj said...

വായിച്ചു വരുമ്പോള്‍ ... നിറഞ്ഞ ഒരു പുഞ്ചിരി.
അത് ഇവിടെ :)

ജ്യോനവന്‍ said...

ചോദ്യങ്ങള്‍ ഗംഭീരം.
പരിഭാഷയ്ക്കു നന്ദി.

ഗുപ്തന്‍ said...

ഈ പരിഭാഷയ്ക്ക് നന്ദി റോബി. ലിറ്റെററി ട്രഡിഷന്റെ ഭാഗത്ത് നിന്ന് ഈ ചോദ്യം ഒരിക്കല്‍ വെള്ളെഴുത്തിന്റെ ഒരു പോസ്റ്റുമായി ബന്ധപ്പെട്ട് ചോദിച്ചിരുന്നതോര്‍ക്കുന്നു. കഥപറയാനുള്ള അവകാശം ആര്‍ക്കാണെന്ന് ചോദിച്ചിരുന്നു അതും അധികാരമുള്ളവന്റേതു മാത്രം അവകാശമാണ്. ചരിത്രം സൃഷ്ടിക്കുന്നവനും കൊണ്ടാടുന്നവനും കൊണ്ടാടപ്പെടുന്നവനും അധികാരമുള്ളവന്‍ മാത്രം.

Unknown said...

നന്നായി പരിഭാഷ

nalan::നളന്‍ said...

റോബി,
പരിഭാഷയ്ക്കു നന്ദി.

ചരിത്രം രചിച്ചിട്ടുള്ളത് അതിന്റെ വിജയികളാണു, എക്കാലത്തും.

ഇന്ന് തോല്‍ക്കുന്നവന്റെ ചരിത്രം പറയാനുമാളുണ്ട്.
സെബിന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയ പോലെ അതിനെ പൂഴ്ത്തിവയ്ക്കാനും ആ ചരിത്രത്തിന്റെ ലാഭം പിന്‍പറ്റുന്നവര്‍ മുന്നോട്ടു വരും.
അതുകൊണ്ട് പല വന്‍ അധികാരങ്ങളോടും സമരം ചെയ്യേണ്ടി വരും. പക്ഷെ തോറ്റുകൊടുക്കരുത്!!

Rajeeve Chelanat said...

ബ്രെഹ്തിന്റെ ഈ കവിത അതിന്റെ ആന്തരികശക്തി ഒട്ടും കുറഞ്ഞുപോകാതെ (കുറച്ചുകൂടി രൂക്ഷമായി ഉള്ളില്‍ തട്ടിയോ എന്നും സംശയമുണ്ട്)ഈ രൂപത്തില്‍ ആക്കിയതിനു നന്ദി റോബീ.

മനുഷ്യനെ, അവന്റെ അദ്ധ്വാനത്തെ (തൊഴിലാളിയെ)അടിസ്ഥാനശിലയായി കാണണമെങ്കില്‍, ചരിത്രത്തെ ഇങ്ങനെ തലകീഴായി പിടിക്കുക തന്നെ വേണം.

അഭിവാദ്യങ്ങളോടെ

Unknown said...

“ഇരുണ്ട കാലങ്ങളിലും പാട്ടുണ്ടാകുമോ?
ഉണ്ട്.ഇരുണ്ട കാലങ്ങളെ കുറിച്ചുള്ള പാട്ട്”
-ബ്രെഹ്ത്

ബ്രെഹ്തിനെക്കുറിച്ച് ഏറെ എഴുതിയ ടി.കെ.രാമചന്ദ്രന്‍ നമ്മെ പിരിഞ്ഞപ്പോള്‍ ഒരു അനുസ്മരണം പോലെ ഈ പോസ്റ്റ്..നന്ദി റോബീ

Mahi said...

വളരെ നന്നയിട്ടുണ്ട്‌ റോബി

tradeink said...
This comment has been removed by the author.
tradeink said...

Fuck damnation, man! Fuck redemption! We are God's unwanted children? So be it! We're the middle children of history, man. No purpose or place. We have no Great War. No Great Depression. Our Great War's a spiritual war... our Great Depression is our lives.
who was breht? the guy who messed our hostel room wall?
roby, create something new man. like malloo, a word, a culture, a wall, an old fashioned stock brilliance.

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.