Tuesday, July 1, 2008

അപ്പോള്‍ നമുക്ക് ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കാം..!

ഡിസ്‌ക്ലൈമര്‍: ഈ ലേഖനത്തില്‍ സിനിമയുടെ കഥ ചര്‍ച്ച ചെയ്യുന്നുണ്ട്‌; സിനിമ കാണാത്തവര്‍ സ്വന്തം റിസ്കില്‍ വായിക്കുക.

കമലഹാസന്‍ ശ്രീനിവാസനെപ്പോലെയാണ്‌. രണ്ടുപേരും നിരീശ്വരവാദികള്‍ എന്നതുമാത്രമല്ല, കഥയും തിരക്കഥയും സംഭാഷണവുമെല്ലാം വേണ്ടുവോളം എഴുതും, പക്ഷെ, ആശയപരമായി ചീറ്റിപോകില്ല എന്ന് ഉറപ്പുണ്ടെങ്കിലേ സിനിമ സംവിധാനം ചെയ്യൂ. തമിഴ്‌സിനിമയില്‍ പ്രവൃത്തിപരിചയമുള്ള ഒരു സുഹൃത്തു പറഞ്ഞത്‌ കമലിന്റെ രചനാരീതി ഹോളിവുഡ്‌ സ്റ്റെയിലിലാണെന്നാണ്‌; അതായത്‌ ടൈറ്റിലില്‍ തിരക്കഥ സ്പീല്‍ബെര്‍ഗ്‌, ലൂക്കാസ്‌ എന്നൊക്കെ മാത്രം കാണുമെങ്കിലും എഴുതുന്നത്‌ സ്ക്രിപ്റ്റ്‌ എഴുത്തുകാരുടെ ഒരു പടയായിരിക്കും. സിനിമയെ ഒരു ബിസിനസായി കൊണ്ടുപോകുമ്പോള്‍ ഇതുപോലെ കൂട്ടായ ശ്രമങ്ങള്‍ വലിയ വിജയമായിരിക്കും എന്നാണ്‌ ഹോളിവുഡിന്റെയും മറ്റ്‌ സ്റ്റുഡിയോ കേന്ദ്രീകൃത സിനിമകളുടെയും സാമ്പത്തികചരിത്രം പറയുന്നത്‌.

ഇതിപ്പോള്‍ പറയാന്‍ കാരണം കമലഹാസന്‍ അധ്യക്ഷനായുള്ള പുതിയ വാണിജ്യസംരംഭം 'ദശാവതാരം' കണ്ടുതീര്‍ത്തു. കണ്ടുതീര്‍ത്തു എന്നു പറയാന്‍ കാരണം രണ്ടുദിവസം കൊണ്ടാണ്‌ മൂന്നുമണിക്കൂറിലധികമുള്ള ഈ ചിത്രം കണ്ടുതീര്‍ത്തത്‌. (ഡൗണ്‍ലോഡ്‌ ചെയ്ത്‌ കാണുമ്പോള്‍ ഇങ്ങനെ പല സൗകര്യങ്ങളുമുണ്ട്‌).

മുഴുവന്‍ സിനിമയുടെ അഞ്ചുശതമാനം മാത്രം ദൈര്‍ഘ്യം വരുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ്‌നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്‌. ശേഷം വരുന്ന ഭാഗമെല്ലാം 2006-ലെ സുനാമിക്ക്‌ മുന്‍പുള്ള ഏതാനും ദിവസങ്ങളിലായുള്ള ഓട്ടമത്സരമാണ്‌. ഇതിനെയെല്ലാം ബന്ധിപ്പിക്കുന്നതാകട്ടെ കയോസ്‌ തിയറിയിലെ 'ബട്ടര്‍ഫ്ലൈ എഫക്ട്‌' എന്ന ഒരു ആശയവും.

ഇനി 'ബട്ടര്‍ഫ്ലൈ എഫക്ട്‌' എന്നോ കയോസ്‌ തിയറിയെപറ്റിയോ കേട്ടിട്ടില്ലാത്തവര്‍ ഒന്നു ഞെട്ടുക; ഇതെന്തോ വലിയ സംഭവമാണെന്നു കരുതുക. അത്രയൊക്കെയേ സിനിമയെടുത്തവരും ഉദ്ദേശിച്ചിട്ടുള്ളൂ. നിസ്സാരമെന്നു കരുതുന്ന ഒരു ചെറിയ സംഭവം ഒരു ഡൈനാമിക്‌ സിസ്റ്റത്തില്‍ ഗുരുതരമായ മാറ്റങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ കാരണമായേക്കാം എന്നതാണ്‌ ബട്ടര്‍ഫ്ലൈ എഫക്ടിനു സാധ്യമായ ഏറ്റവും ലളിതമായ വിശദീകരണം. ഇത്‌ ഈ സിനിമയില്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നാണെങ്കില്‍, പന്ത്രണ്ടാം നൂറ്റാണ്ടില്‍ ശൈവരും വൈഷ്ണവരും തമ്മില്‍ സംഘട്ടനങ്ങള്‍ നടന്നിരുന്ന ഒരു ദേശത്ത്‌ അധികാരം കൈയിലുണ്ടായിരുന്ന ശൈവര്‍ ഒരു വിഷ്ണുവിഗ്രഹത്തെയും രംഗരാജ നമ്പി എന്ന വൈഷ്ണവനേയും കടലിലെറിയുന്നു. അന്ന് സമുദ്രാന്തര്‍ഭാഗത്തുണ്ടായ ചെറിയ അനക്കങ്ങള്‍ പിന്നീട്‌ എട്ട്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം 2006 ഡിസംബര്‍ 26-ലെ സുനാമിയില്‍ കലാശിക്കുന്നു. അതിന്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ അമേരിക്കയിലെ ഒരു ലാബില്‍ നിന്ന് ഇന്ത്യയിലെത്തിയ, മാരകവൈറസുകള്‍ ഈ സുനാമി തിരകളില്‍ നിര്‍വീര്യമാകുകയും അങ്ങനെ ലക്ഷക്കണക്കിനു മരണങ്ങള്‍ ഒഴിവാകുകയും ചെയ്യുന്നു.

പിന്നെ കയോസ്‌ തിയറിക്കൊക്കെ മറ്റൊരു സൗകര്യം കൂടിയുണ്ട്‌; ഒരുവിധപ്പെട്ട എല്ലാ തമിഴ്‌-ഹിന്ദി മസാലകള്‍ക്കും അങ്ങേയറ്റം രജനീകാന്തിന്റെ സിനിമയ്ക്കു വരെ ഈ തിയറി വേണമെങ്കില്‍ ഉപയോഗിക്കാം. ഏതായാലും സിനിമ തുടങ്ങുമ്പോള്‍ തന്നെ കമല്‍ 'ബട്ടര്‍ഫ്ലൈ എഫക്ട്‌'ഒക്കെ സൂചിപ്പിക്കുന്നുണ്ട്‌. പിന്നെ ഇടയ്ക്കൊക്കെ ഒരു കമ്പ്യൂട്ടര്‍ പൂമ്പാറ്റയെ കാണിയ്ക്കുന്നുമുണ്ട്‌. ഇങ്ങനെ പറഞ്ഞുതരാതെ ഇതൊന്നും മനസ്സിലാക്കാന്‍ പ്രേക്ഷകനു മൂളയില്ലല്ലോ! പണ്ട്‌ സൈക്കോ എന്ന ചിത്രത്തില്‍ ഹിച്‌കോക്കും ചെയ്തിരുന്നു ഇതുപോലൊന്ന്; കഥയും ക്ലൈമാക്സുമൊക്കെ കഴിഞ്ഞ്‌ മന്ദബുദ്ധിയായ പ്രേക്ഷകനു വേണ്ടി സൈക്കോളജിസ്റ്റിനെക്കൊണ്ടൊരു വിശദീകരണം.

ചിത്രത്തിന്റെ ആരംഭത്തില്‍ അമേരിക്കയിലെ ഗവേഷണശാല കാണിക്കുമ്പോഴൊക്കെ മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ്‌. തമിഴ്‌സിനിമയാകുമ്പോള്‍ ഗവേഷകരും ഗൈഡും എല്ലാം തമിഴര്‍ തന്നെയാകണമല്ലോ; മാത്രമല്ല വിദേശികളായ മേലധികാരികളുള്ള കോണ്‍ഫറന്‍സില്‍ കമലിനു തമിഴ്‌ പറയുകയുമാകാം. ഏതായാലും ജോര്‍ജ്ജ്‌ ബുഷ്‌ തമിഴ്‌ പറയുന്നില്ല...ഭാഗ്യം ! ഇവിടെ അതിഗൗരവമുള്ള ഒരു ജൈവായുധ ഗവേഷകരെല്ലാം തമിഴരാണ്‌. എന്നാല്‍ സുരക്ഷാപ്രാധാന്യമുള്ള ഒരു ഗവേഷണത്തിലും വിദേശികളെ അടുപ്പിക്കില്ല എന്നത്‌ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഇവിടെ ജൈവായുധ ഗവേഷണം നടത്തുക മാത്രമല്ല അത്‌ കൂളായി തീവ്രവാദികള്‍ക്ക്‌ മറിച്ചു വില്‍ക്കുകയും ചെയ്യുന്നു; പകരം തീവ്രവാദി കാശുകൊടുക്കുന്നതാകട്ടെ മില്ല്യണ്‍ കണക്കിന്റെ ഡോളര്‍ ബില്ലുകള്‍ ഒരു സ്യൂട്ട്‌കേസിലും..പിന്നെ ഒരു കോമഡി സിനിമയില്‍ ഇത്തരം രംഗങ്ങള്‍ തെരയുന്നതില്‍ വലിയ കാര്യമില്ലെന്നു തോന്നുന്നു. ഏതായാലും ഓട്ടവും പാട്ടും ഡാന്‍സും തമാശയും അടിപിടിയും പോലെയുള്ള കൊമേഴ്‌സ്യല്‍ ചേരുവകള്‍ക്ക്‌ പുറമെ മതനിഷേധം, നിരീശ്വരവാദം, കേരളീയരൊഴികെയുള്ള തെക്കേ ഇന്ത്യക്കാര്‍ക്കിടയില്‍ സാധാരണകണ്ടുവരുന്ന language fanaticism, ദളിത്‌ ആക്ടിവിസം, തീവ്രവാദം, പരിസ്ഥിതി രാഷ്ട്രീയം, പുനര്‍ജന്മം തുടങ്ങിയ ആശയങ്ങളും കമല്‍ ഒരു മജീഷ്യനെപോലെ കൂടു തുറന്നു വിടുന്നുണ്ട്‌.

ഇതിനിടയിലും ചില വിശദാംശങ്ങളില്‍ അതീവശ്രദ്ധ ചെലുത്തിയിരിക്കുന്നതായും കാണാം. ജപ്പാന്‍കാരനായ അഭ്യാസിയുടെ (കമല്‍ തന്നെ) ശരീരഭാഷയും, വില്ലനായ ക്രിസ്റ്റ്യന്‍ ഫ്ലെച്ചറുടെ(കമല്‍ തന്നെ) ഉച്ചാരണവും ഉദാഹരണം. സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം സര്‍ട്ടിഫിക്കറ്റിന്റേതാണ്‌; 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒരു കാരണവശാലും കാണാന്‍ പാടില്ലാത്ത വയലന്‍സ്‌ നിറഞ്ഞ രംഗങ്ങളുള്ള ഈ ചിത്രത്തിനു ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ്‌...! ഇനി ഒരു A തന്നെ കിട്ടിയാലും ആര്‌ വക വെക്കാന്‍...അന്യന്‍, വേട്ടയാട്‌ വിളയാട്‌ തുടങ്ങി അതികഠിനമായ വയലന്‍സ്‌ ഉള്ള സിനിമകള്‍ കുട്ടികളുമായി വന്ന് കണ്ടുപോകുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. ആ കുട്ടികളുടെയൊക്കെ മാനസികാവസ്ഥ എന്തായിരിക്കുമോ? ഈ സിനിമകളുടെയൊക്കെ അക്രമരംഗങ്ങള്‍ ചിലപ്പോഴൊക്കെ ടിവിയിലും കാണാനിടയായിട്ടുണ്ട്‌. സിനിമ സെന്‍സറിങ്ങിനോടുള്ള നമ്മുടെ മനോഭാവം മാറേണ്ടതുണ്ട്‌...സെന്‍സറിംഗ്‌ മാനദണ്ഡങ്ങളും.


ഏതായാലും നമ്മളൊക്കെ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന നിസ്സാരപ്രവൃത്തികളാണ്‌ നമ്മുടെയും പ്രപഞ്ചത്തിന്റെ തന്നെയും ഭാവി നിര്‍ണയിക്കുന്നതെന്ന മനോഹരമായ ആശയം ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്‌. സുനാമി പോലുള്ള ദുരന്തങ്ങള്‍ ദൈവകോപമല്ല, മറിച്ച്‌ നമ്മുടെയൊക്കെ ചില പ്രവൃത്തികള്‍ കാരണം ആകാം എന്ന ആശയം ഇങ്ങനെ വളച്ചുകെട്ടിയാണെങ്കിലും, ദൈവവിശ്വാസം ആഴത്തില്‍ വേരോടിയിട്ടുള്ള സമൂഹത്തോടു പറയാന്‍ സാധാരണ ധൈര്യം പോര. നിരീശ്വരത്വവും മതനിരാസവും ഇത്ര കൃത്യമായി അവതരിപ്പിച്ച ഒരു സിനിമയും സമീപകാലത്തൊന്നും കണ്ടിട്ടില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന രംഗങ്ങളില്‍ കമലഹാസന്റെ ഒരു സംഭാഷണം ഉദാഹരണം: "പന്ത്രണ്ടാം നൂറ്റാണ്ട്‌, യേശുവും അള്ളായും ഇന്ത്യയെ അവരുടെ രാഷ്ട്രീയപ്രദേശങ്ങളാക്കി കരുതി തുടങ്ങിയിരുന്നില്ല. അതിനാല്‍ ശിവനും വിഷ്ണുവിനും കലഹിക്കാനും കളിക്കാനും മറ്റ്‌ ദൈവങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ അവരുടെ അരാധകരെ ഉപയോഗിച്ച്‌ ഒളിയുദ്ധങ്ങള്‍ നടത്തിപ്പോന്നു".


















ദശാവതാരത്തില്‍ അന്തിക്രിസ്തുവിന്റെ അടയാളവുമായി കമലഹാസന്‍



ഹൈന്ദവമതം എന്ന വികാരം ഉണ്ടാക്കി മറ്റ്‌ മതക്കാരോടു ശത്രുതയുണ്ടാക്കി അധികാരം ലക്ഷ്യം വെക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തോട്‌ ചായ്‌വുള്ള മധ്യവര്‍ഗത്തോട്‌ ഹിന്ദുക്കള്‍ തമ്മില്‍ കലഹിച്ചിരുന്ന ഒരു ചരിത്രം ഓര്‍മ്മിപ്പിക്കുന്നത്‌ ആര്‍ക്കാണു കൊള്ളുക എന്ന് കമലിനു നല്ല ബോധ്യമുണ്ടാവണം. അതുമാത്രമല്ല, സിനിമയിലുടനീളം മതങ്ങളെ പരിഹസിക്കാനായി കമല്‍ സിംബോളിസം ഉപയോഗിക്കുന്നുണ്ട്‌. വിനാശകാരിയായ വൈറസിനെ നിര്‍വീര്യമാക്കി ലോകത്തെ രക്ഷിക്കാന്‍ പുറപ്പെടുന്ന കമലിന്‌ നെറ്റിയില്‍ മുറിവേല്‍ക്കുന്നു. സുഹൃത്ത്‌ അത്‌ ഡ്രെസ്‌ ചെയ്യുമ്പോള്‍ അന്തിക്രിസ്തുവിന്റേത്‌ എന്നു വ്യാഖ്യാനിക്കാവുന്ന ഒരു ചിഹ്നമാണ്‌ പിന്നീട്‌ കമലിന്റെ നെറ്റിയില്‍...! ദശാവതാരം എന്ന പേരു തന്നെ ഡയരക്ടായി വിഷ്ണുവിന്റെ പത്ത്‌ അവതാരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. കമലിന്റെ അവതാരങ്ങളില്‍ നായകനും വില്ലനും വൃദ്ധയും അഴിമതിക്കാരനും കോമാളിയുമെല്ലാമുണ്ട്‌..സൂചനകള്‍ കൃത്യമാണല്ലോ..! അവസാനഭാഗത്ത്‌ തന്റെ നിരീശ്വരത്വം തുറന്നുപറയുന്നുണ്ട്‌ കമല്‍. ലോകത്തില്‍ ഭൂരിഭാഗം പേരും യുക്തിഭദ്രമായ ചിന്താശേഷി കൈവരിക്കും വരെ നിരീശ്വരത്വത്തെപ്രതി കലഹങ്ങള്‍ ഉണ്ടാകും, അതിനാല്‍ അതുവരെ പൊതുനന്മയായിരിക്കും തന്റെ മതമെന്ന്...


ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന്...

അപ്പോള്‍ എങ്ങനെ...ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കുകയല്ലേ...?

22 comments:

vadavosky said...

ദശാവതാരത്തിന്റെ ഈ ആങ്കിളിനെപ്പറ്റി എഴുതിയത്‌ വളരെ നന്നായി റോബി :)

അരവിന്ദ് :: aravind said...

സൂപ്പര്‍.
ഇനി പടം കാണും.

മൂര്‍ത്തി said...

പടം കണ്ടിട്ടു കത്തിക്കണോ കാണാതെ കത്തിക്കണോ എന്നാണിപ്പോഴത്തെ സംശയം..

ശ്രീലാല്‍ said...

കണ്ടിട്ട് വായിക്കാം. എന്നാലേ ഒരു കിക്ക് ഉണ്ടാവൂ.

Aisibi said...

എന്റെ സ്ഥിതിയും ഒരു കണ്ടു തീർക്കലായിരുന്നു!!! അല്ല തീർത്തില്ല, പടം കഴിയുന്നതിന്റെ ഒരു 30 മിനിട്ട് മുൻപ് സഹിക്കാൻ ഇനി കഴിയില്ല എന്നുറപ്പായപ്പോൾ ഇറങ്ങി നടന്നു. തുടക്കം കണ്ടപ്പോൾ ഒരു ആവേശമൊക്കെ തോന്നി...പിന്നെ ഒരൊറ്റയോട്ടമായിരുന്നു. പകുതി സമയവും യാതൊന്നും മനസ്സിലാകില്ല!! തീയറ്ററിൽ ഇരിക്കുന്ന വല്ലവരും പെട്ടന്ന് കൂവും, എടാ ഇതു....” അപ്പോഴാണ് ബാക്കിയുള്ളവർക്കും കത്തുക.
Maybe it was the overall hype and high expectations...I somehow am never disappointed with any of Rajnikanth's movies, because they portray and we expect what we expect of him..a little masala a little fantasy and a lot of "singam singlaa varen.." stuff!! :). Too much in too much with too much about too much is what I'd call dasavatharam.
OT: In the course of counting his Dasavatharam's, for a second I was tempted to count the monkey in the lab as one too :). The make-up for the rest of them were horrible!!! They really looked like the star trek people with faces bigger than their body!!!
Oh!! And the cancer treatment of the Kamal "singh"!!! Praise the Lord!!! Oops there's no God in this eh!?!!

Anonymous said...

നമ്മള്‍ തന്നെയാണ് സിനിമയേയും ചാനലിനേയും ഈ വിധമാക്കുന്നത്. നമ്മള്‍ അവക്കു വേണ്ടി പണം മുടക്കുന്നത് നിര്‍ത്തി നോക്കൂ. ഫലം തീര്ച്ച്യായും ഉണ്ടാകും. അതോടൊപ്പം ഇത് മൂന്നാം കിട ആള്‍ക്കരുടേതാണ് എന്ന ചിന്ത കുട്ടികളിലും കൂട്ടുകാരിലും എത്തിച്ച് നോക്കൂ. കാരണം കൂടുതല്‍ സിനിമയും ചനലുകളും കാണിക്കുന്നത് ഗുണ്ടകളുടേയും, കള്ളന്‍മാരുടേയും വേശ്യകളുടേയും കഥകളാണ്. ആ കഥയിലേപോലെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അങ്ങനെതന്നെയാണ്. അവര്‍ പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ മൃഗീയതയാണ്. അതുകൊണ്ട് പണം കൊടുത്ത് സിനിമ കാണരുത്. ഡൗണ്‍ലോഡ് ചെയ്തോ, കോപ്പിചെയ്തോ, ടീവീയില്‍ വരുമ്പോഴോ കാണുക.

Balu said...

ഈ പടം കണ്ട് ഇത്ര്യൌം ചിന്തിച്ച് കൂട്ടിയ മാഷിനെ സമ്മതിച്ചിരിക്കുന്നു..!

ബട്ടര്‍‌ഫ്ലൈ ഇഫക്ടിനെ കുറിച്ച് പറഞ്ഞത് നന്നായി.. ഇപ്പോഴാ സംഭവം കത്തിയത്.. നന്ദി!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കത്തിച്ചോ, ഞാന്‍ തീപ്പെട്ടി കത്തിച്ചുതരാം

Babu Kalyanam said...

"15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒരു കാരണവശാലും കാണാന്‍ പാടില്ലാത്ത വയലന്‍സ്‌ നിറഞ്ഞ രംഗങ്ങളുള്ള ഈ ചിത്രത്തിനു ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ്‌...! "

ഈ സിനിമയില് എന്ത് വയലന്സ് ആണോ ഉള്ളത്? ഞാന് ഒന്നും കണ്ടില്ല. ഒന്നു പറഞ്ഞു തന്നാല് കൊള്ളാമായിരുന്നു.!!!!
പിന്നെ എണ്ണം തികയ്ക്കാന് ആവശ്യമില്ലാത്ത കുറെ "കമല്" ഉള്ളതായി തോന്നി. cancer treatment ഉം വേണ്ടായിരുന്നു. Otherwise an ok movie.
തെലുങ്കന് കമല് കിടിലം!!!

Roby said...

ഒരു സ്ത്രീയടക്കം മൂന്നുപേരെ കഴുത്തുമുറിച്ചു കൊലചെയ്യുന്നു. ഒരാളെ തൊലിയില്‍ കോര്‍ത്ത് വായുവില്‍ ചുഴറ്റുന്നു. കണ്ണിലൂടെയും മൂക്കിലൂടെയും രക്തം ഒഴുക്കി ഒരാള്‍ പിടഞ്ഞ് മരിക്കുന്നു. ഒരു സ്ത്രീ കുന്തത്തിലെന്നപോലെ ഒരു കഴുക്കോലില്‍ കോര്‍ത്ത് പിടയുന്നു.
violent and gory images, intense action sequences

ഇതൊന്നും കല്യാണം കണ്ടില്ലേ?

ജയരാജന്‍ said...

മുകളില്‍ ഒരു ഡിസ്‌ക്ലൈമര്‍ ആവാമായിരുന്നു: "ഈ ലേഖനത്തില്‍ സിനിമയുടെ കഥ ചര്‍ച്ച ചെയ്യുന്നുണ്ട്‌; സിനിമ കാണാത്തവര്‍ സ്വന്തം റിസ്കില്‍ വായിക്കുക" എന്നോ മറ്റോ. ങാ...ഇനിയിപ്പോ പടം ഒരു 6 മാസം കഴിഞ്ഞു കാണാമല്ലേ? :)

ദലാല്‍ :-: dalal said...

:-)

വയലന്‍സ് കണ്ടുകണ്ട് ഇപ്പോള്‍ നമ്മള്‍ അത് വയലന്സാനെന്നു പോലും ശ്രദ്ധിക്കുന്നില്ല

un said...

റോബീ,
ഞാന്‍ ദശാവതാരം തീയെറ്ററിലിരുന്നു കണ്ടു. മുഴുവനായും. എത്രവരെ പ്പോകുമെന്നറിയാന്‍!
U സര്‍ട്ടിഫിക്കറ്റിന്റെ കാര്യം ഞാനും ശ്രദ്ധിച്ചിരുന്നു. രംഗരാജ നമ്പിയെകൊളുത്തിട്ടു തൂക്കുന്ന രംഗമടക്കം പലയിടങ്ങളിലും കണ്ണടച്ചു പിടിക്കേണ്ടി വന്നു.(വയലന്‍സ് ഇഷ്ടമായ രണ്ടു സിനിമകളെ ഞാന്‍ കണ്ടിട്ടുള്ളൂ, പാഷന്‍ ഓഫ് ദ ക്രൈസ്റ്റൂം, കില്‍ ബില്‍ സീരീസും)
രാഷ്ട്രീയമോ മതപരമോ ആയ അഭിപ്രായപ്രകടനങ്ങള്‍ മാത്രമേ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് നോക്കാറുള്ളൂ എന്നാണ് തോന്നുന്നത്. സെക്സും വയലന്‍സുമൊക്കെ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതു കൊണ്ടായിരിക്കുമല്ലോ റിയാലി ഷോകളില്‍ സ്വന്തം മക്കളെ കുട്ടിക്കുപ്പായവുമിടീപ്പിച്ച് ബാബൂജീ സരാ പാട്ടും പാടിപ്പിച്ച് ക്യാബറേ ഡാന്‍സ് ചെയ്യിപ്പിക്കുന്നത്. അതു കുടുംബസമേതം നോക്കി നിന്ന് ആനന്ദപുളകിതരായി കൈയ്യടിക്കുന്നത്! ബാബു കല്യാണത്തിന്റെ കമന്റിനെക്കുറിച്ച് കഷ്ടം അല്ലാതെന്തെന്തു പറയാന്‍?
കമലഹാസന്റെ അരോചകമായ മേക്കപ്പു പ്രഹസനങ്ങളെക്കുറിച്ച് ഒന്നും സൂചിപ്പിച്ചില്ല? അതോ അതും കോമഡിയുടെ ഭാഗം തന്നെയോ?

salil | drishyan said...

ഐറിസ്, വളരെ വളരെ നന്നായിരിക്കുന്നു താങ്കളുടെ ഈ വീക്ഷണം. കമലിന്‍‌റ്റെ അന്‍പേശിവം കണ്ടിട്ടില്ലേ. ദൈവത്തോടുള്ള തന്‍‌റ്റെ ഈ കാഴ്ചപ്പാട് അതില്‍ മനോഹരമായ് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ചില വിയോജിപ്പുകള്‍:
1. ഡോണ്‍‌ലോഡ് ചെയ്ത് സിനിമകള്‍ കാണുന്ന താങ്കളുടെ ശീലത്തിനോട് (ഡോണ്‍ലോഡ് ചെയ്തത് ഇല്ലീഗല്‍ കോപ്പിയാണെന്ന ധാരണയില്‍)
2. പ്രേക്ഷകന്‍ മന്ദബുദ്ധിയാണെന്ന് കരുതിയല്ല ചില കാര്യങ്ങള്‍ സംവിധാവകന്‍/എഴുത്തുകാരന്‍ വിവരിക്കാന്‍ മുതിരുന്നത്. മറിച്ച് മനസ്സിലാവാത്തവര്‍ക്ക് മനസ്സിലാവണം എന്ന നിര്‍ബന്ധബുദ്ധിയുള്ളത് കൊണ്ടാണ്‍. എല്ലാ പ്രേക്ഷകരും ‘ബട്ടര്‍ഫ്ലൈ എഫക്ടും’ ‘ഡ്യല്‍ പേഴ്സണാലിറ്റിയുമൊക്കെ‘ അറിയുന്നവര്‍ ആയിരിക്കണം എന്ന് നിര്‍ബന്ധമില്ലല്ലൊ.
3. കമലിന്‍‌റ്റെ നെറ്റിയില്‍ കാണുന്നതാണോ അന്തിക്രിസ്തുവിന്‍‌റ്റെ ചിഹ്നം?

സസ്നേഹം
ദൃശ്യന്‍

Roby said...

@ ജഗദീശ്,
ഗുണ്ടകളുടേയും, കള്ളന്‍മാരുടേയും വേശ്യകളുടേയും കഥകള്‍ ആരും പറയരുത്, ആരും കാണരുത് എന്നൊക്കെ നമ്മള്‍ വാശി പിടിക്കണമോ? സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ മൊറാലിറ്റി പ്രേക്ഷകന്റെ വിഷയമാണോ?
മൃഗീയതയെ പോഷിപ്പിക്കുന്ന സിനിമ കാണരുത് എന്നു തന്നെയാണ് ഞാനും കരുതുന്നത്. പക്ഷെ അത് ഡൌണ്‍‌ലോഡ് ചെയ്ത് കാണാമെന്നു പറയുന്നത് ഇരട്ടത്താപ്പല്ലേ? ഒന്നുകില്‍ കാണാം അല്ലെങ്കില്‍ കാണരുത്...ഞാന്‍ ജീവിക്കുന്ന സമൂഹത്തിന്റെ സാംസ്കാരികനീക്കങ്ങളറിയാന്‍ ഞാന്‍ ഇത് കാണുന്നു. അതിനു സാധ്യമായ വഴികള്‍ ഉപയോഗിക്കുകയും ചെയ്യുന്നു..

@ദൃശ്യന്‍, 1.അങ്ങനെയെങ്കില്‍ ഞാനൊന്നും ഒരു സിനിമയും കാണില്ലായിരുന്നു..:)
2. പ്രേക്ഷകന്‍ തന്നെക്കാളും ബുദ്ധിപരമായി താഴെയാനെന്ന് നമ്മുടെ കൊമേഴ്സ്യല്‍ സംവിധായകരെല്ലാം കരുതുന്നുണ്ട്. പല സിനിമ കണ്ട്പ്പോഴും ബുദ്ധിയെ ഇന്‍സള്‍ട്ട് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്.
3.അത് അന്തിക്രിസ്തുവിന്റെ അടയാളമായും മനസ്സിലാക്കാം..(വേണമെങ്കില്‍)

ദസ്തക്കിര്‍, സ്ലൂബി...സര്‍ട്ടിഫിക്കറ്റ് ഒക്കെ ഹോളിവുഡിലെ പോലെ കാശിനു പുറത്തു പോരുമെന്നു തോന്നുന്നു.
വിമലീകരിക്കുന്ന വയലന്‍സുമുണ്ട്. Gangs of New york ഒക്കെ കണ്ടാല്‍ നമ്മള്‍ മനുഷ്യന്റെ സംസ്കാരത്തെക്കുറിച്ചും അക്രമവാസനയെക്കുറിച്ചുമൊക്കെ ചിന്തിച്ചു പോകും.(പക്ഷെ കുട്ടികള്‍ കാണരുത്)
കമലിന്റെ മേക്കപ്പ് തിയറ്ററിലും മോശമായിരുന്നോ..ഞാനോര്‍ത്തു എനിക്ക് കിട്ടിയ പ്രിന്റിന്റെ കുഴപ്പമായിരിക്കുമെന്ന്...:)

ജയരാജന്‍, സോറി..ഡിസ്കോ കൈമള്‍ ഇട്ടിട്ടുണ്ട്. സസ്പെന്‍സിലല്ലല്ലോ ഇത് വര്‍ക്ക് ചെയ്യുന്നതെന്ന് ലാഘവത്തോടെ ചിന്തിച്ചു പോയി.

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി.

Unknown said...

നന്നായിരിക്കണൂ....
-----------------------------------------


title="വായിക്കൂ ‘അതെ ഇതു നീയും ഞാനും!">വായിക്കൂ ‘അതെ ഇതു നീയും ഞാനും!


Anonymous said...

90% ആളുകള്‍ക്കും വിവരങ്ങള്‍ എത്ത്ടിക്കുന്ന മാധ്യമം സിനിമയാണ്. ഒരു തൊഴില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ഒരു പുസ്തകവും വായിക്കില്ല. മിക്കവാറുംല്ലാവര്‍ക്കും ജീവിതം എന്നാല്‍ സിനിമാ താരങ്ങളെ അനുകരിക്കുകയാണ് . സ്വന്തമായി ഒരു വ്യക്തിത്ത്വം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. പക്വത വന്നവര്‍ ഈ സിനിമകള്‍ കണ്ടാല്‍ കുഴപ്പമൊന്നുമില്ല. അവരെ അത് ഒട്ടും സ്വാധീനിക്കുകയില്ല. അങ്ങനെയല്ല ഭൂരിഭാഗം ആളുകളുടേയും സ്ഥിതി. സിനിമയില്‍ കാണുന്ന മൃഗീയത അവര്‍ 100% അനുകരിക്കുന്നു. അത് കാരണം നിരപരാധികള്‍ക്കും ദുര്‍ബലര്‍ക്കും കഷ്ടതകള്‍ അനുഭവിക്കേണ്ടതായും വരുന്നു.

സിനിമാകാര്‍ ഇത് പ്രദര്‍ശിപ്പിക്കുന്നത് മനപ്പൂര്‍വ്വമല്ല. അവര്‍ക്ക് വേണ്ടത് എളുപ്പം കിട്ടുന്ന ലാഭമാണ്. ഇത്തരം സാമൂഹ്യ ദ്രോഹമാണെന്ന് അവരറിയണമെങ്കില്‍ ഈ വഴി അവര്‍ക്ക് കിട്ടുന്ന ലാഭം കുറച്ചങ്കില്‍ മാത്രമേ പറ്റുകയുള്ളു. അതുകൊണ്ട് സിനിമ കാണാതിരിക്കുക. എന്നാല്‍ ചില ആളുകള്‍ ഇതിന് അടിമകളാണ്. അത്തരം ആളുകള്‍ക്ക് വേണ്ടിയാണ് ഞാന്‍ പറഞ്ഞത് സിനിമ കാണണമെന്ന് അത്ര അത്യാവശ്യമെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്ത് കാണാമെന്നു. ഞാന്‍ സിനിമ കാണാറില്ല. പിന്നെ ചിലപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ 2,3 സിനിമ ഒന്നിച്ച് കാണും. പരസ്യവും, പാട്ടും, ബോറന്‍ നീളമുള്ള ഡയലോഗും റിമോട്ടും ഉള്ളതുകൊണ്ട് ഇത് എളുപ്പമാണ്. ഡോക്കുമെന്ററികളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. കാരണം അത് real and honest ആണ്. it really norishes your brain.

Anonymous said...

90% ആളുകള്‍ക്കും വിവരങ്ങള്‍ എത്ത്ടിക്കുന്ന മാധ്യമം സിനിമയാണ്. ഒരു തൊഴില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ഒരു പുസ്തകവും വായിക്കില്ല. മിക്കവാറുംല്ലാവര്‍ക്കും ജീവിതം എന്നാല്‍ സിനിമാ താരങ്ങളെ അനുകരിക്കുകയാണ് . സ്വന്തമായി ഒരു വ്യക്തിത്ത്വം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. പക്വത വന്നവര്‍ ഈ സിനിമകള്‍ കണ്ടാല്‍ കുഴപ്പമൊന്നുമില്ല. അവരെ അത് ഒട്ടും സ്വാധീനിക്കുകയില്ല. അങ്ങനെയല്ല ഭൂരിഭാഗം ആളുകളുടേയും സ്ഥിതി. സിനിമയില്‍ കാണുന്ന മൃഗീയത അവര്‍ 100% അനുകരിക്കുന്നു. അത് കാരണം നിരപരാധികള്‍ക്കും ദുര്‍ബലര്‍ക്കും കഷ്ടതകള്‍ അനുഭവിക്കേണ്ടതായും വരുന്നു.

സിനിമാകാര്‍ ഇത് പ്രദര്‍ശിപ്പിക്കുന്നത് മനപ്പൂര്‍വ്വമല്ല. അവര്‍ക്ക് വേണ്ടത് എളുപ്പം കിട്ടുന്ന ലാഭമാണ്. ഇത്തരം സാമൂഹ്യ ദ്രോഹമാണെന്ന് അവരറിയണമെങ്കില്‍ ഈ വഴി അവര്‍ക്ക് കിട്ടുന്ന ലാഭം കുറച്ചങ്കില്‍ മാത്രമേ പറ്റുകയുള്ളു. അതുകൊണ്ട് സിനിമ കാണാതിരിക്കുക. എന്നാല്‍ ചില ആളുകള്‍ ഇതിന് അടിമകളാണ്. അത്തരം ആളുകള്‍ക്ക് വേണ്ടിയാണ് ഞാന്‍ പറഞ്ഞത് സിനിമ കാണണമെന്ന് അത്ര അത്യാവശ്യമെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്ത് കാണാമെന്നു. ഞാന്‍ സിനിമ കാണാറില്ല. പിന്നെ ചിലപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ 2, 3 സിനിമ ഒന്നിച്ച് കാണും. പരസ്യവും, പാട്ടും, ബോറന്‍ നീളമുള്ള ഡയലോഗും റിമോട്ടും ഉള്ളതുകൊണ്ട് ഇത് എളുപ്പമാണ്. ഡോക്കുമെന്ററികളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. കാരണം അത് real and honest ആണ്. അത് നിങ്ങളുടെ തലച്ചോറിനെ പരിപോഷിപ്പിക്കുന്നു.

Babu Kalyanam said...

Agree with Slooby.

"വയലന്‍സ് കണ്ടുകണ്ട് ഇപ്പോള്‍ നമ്മള്‍ അത് വയലന്സാനെന്നു പോലും ശ്രദ്ധിക്കുന്നില്ല"

:-(

Promod P P said...

ഞാന്‍ ഈ സിനിമ ഒരു തവണ തിയേറ്ററില്‍ ചെന്നും 3-4 തവണ ഡി വി ഡി യിലും കണ്ടു.
കമലഹാസനില്‍ നിന്നും ജനം പ്രതീക്ഷിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇതില്‍ മിസ്സിങ് ആയി തോന്നാം.പല സ്ഥലങ്ങളിലും കൃത്രിമത്ത്വം പ്രകടമായി കാണാനുണ്ട്. മേക്കപ്പ് അറു ബോറായിട്ടുണ്ട്. ഇങ്ങനെ ഒക്കെയാണെങ്കിലും

“ കടവുള്‍ ഇല്ലൈ എന്റു നാന്‍ ശൊല്ലലൈ.. കടവുള്‍ ഇരുന്താല്‍ നല്ലായിരുക്കും എന്റ്രുതാന്‍ നാന്‍ ശൊന്നത്” (ദൈവം ഇല്ല എന്ന് ഞാന്‍ പറയുന്നില്ല.ദൈവം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്നാണ് ഞാന്‍ പറഞ്ഞത്) എന്ന സ്റ്റേറ്റ്മെന്റ് നടത്താ‍ന്‍ ഈ പറയുന്ന ചില്ലറ ധൈര്യം ഒന്നും പോര.

അതും അന്ധവിശ്വാസികളുടെ കളിത്തൊട്ടിലായ തമിഴനാട്ടില്‍

Unknown said...

റോബീ, വളരെക്കാലമായി ഇതുവഴി വന്നിട്ട്..നന്നായി...പൊതുവേ പൈങ്കിളി മതവും കളിക്കുടുക്ക മതേതരത്വവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണ് നാട്ടില്‍ നടന്നുകോണ്ടിരിക്കുന്നത്...പാഠപുസ്തക വിവാദവും മറ്റും അറിഞ്ഞുകാണുമല്ലോ..മതത്തിന്റെ പൈങ്കിളിവത്ക്കരണം വളരെപെട്ടെന്ന് വര്‍ഗ്ഗീയതയും ഹിംസയും ആകുന്നതിനാല്‍ ഭേദം കളിക്കുടുക്ക മതേതരത്വം തന്നെ..
പടം കണ്ടില്ല

Rajeeve Chelanat said...

റോബീ,

കുറച്ചുനാളായി ഞാനും ഇതുവഴി വന്നിട്ട്. ഇടക്കിടക്ക് ഇത്തരം ഷോക്ക് ട്രീറ്റ്മെന്റുകള്‍ കിട്ടണം ജനങ്ങള്‍ക്ക്. കമല്‍ അതിനു വഴിയൊരുക്കിയതില്‍ സന്തോഷം. അതിലധികമൊന്നും കമലില്‍നിന്ന് പ്രതീക്ഷിക്കുകയുമരുത്.

സുഖിച്ചിരുന്ന് സിനിമ കാണുന്നവര്‍ക്ക്, ഇത്തരം ദൃശ്യ-വ്യാഖ്യാനങ്ങളിലൂടെയുള്ള ഷോക്കും ആവശ്യമാണ്. perfect review as always.

abhivadyangalote

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.