Sunday, December 16, 2012

കല, ജൈവികത, മൗലികത

ഉന്മേഷിന്റെ കലാ-ചർച്ച ത്രെഡിൽ മധുസൂദനൻ എഴുതിയ ഒരുപോയിന്റ്

ഓറ്ഗാനിക് ആയിരിക്കുക എന്നത് മൌലികതയെ നിറ്വ്വചിക്കുന്ന ഗുണമാണ്. മൌലികത, സാംസ്കാരികപരിസ്ഥിതിപരമായ നൈസറ്ഗ്ഗികത എന്നിവ പിരിച്ചുപറയാനാവാത്തതാൺ. ഇതിൽ യാഥാസ്ഥിതികത്വം ഉണ്ടെന്നുവന്നാൽ മൌലികതയ്ക്കുവേണ്ടിയുള്ള നിർബ്ബന്ധങ്ങളെക്കുറിച്ചും അങ്ങിനെ പറയേണ്ടിവരും.

ഈ ആശയത്തോടുള്ള വിയോജിപ്പാണ് ഈ പോസ്റ്റ്.

കല ഓർഗാനിക് ആയിരിക്കുക എന്നതുകൊണ്ട് ഞാൻ മനസ്സിലാക്കുന്നത്, കലാസൃഷ്ടി അതു രൂപം കൊള്ളുന്ന സാമൂഹ്യ-സാംസ്കാരികചുറ്റുപാടുകളുടെ പ്രത്യേകതകൾ, സ്വാധീനങ്ങൾ ഒക്കെ നിലനിർത്തുക എന്നാണെന്നാണ്. അങ്ങനെയെങ്കിൽ മധുസൂദനൻ പറയുന്നത് ഇപ്രകാരം സാമൂഹ്യ-സാംസ്കാരിക സ്വാധീനങ്ങൾ നിലനിർത്തുന്നതാണു മൗലികതയെ നിർവചിക്കാനുള്ള ക്രൈറ്റീരിയ എന്നാണ്.
കലാസൃഷ്ടിയെ മനസ്സിലാക്കാൻ ഞാൻ സ്വയം ചോദിക്കുന്ന രണ്ടു ചോദ്യങ്ങളാണ്
What is it about?
How is it about 'what'?

ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ആശയപരവും(content), രണ്ടാമത്തെ ചോദ്യത്തിനുത്തരം ശൈലീപരവുമാണ്(form).

എന്റെ അഭിപ്രായത്തിൽ മൗലികത എന്നത് വളരെ ആപേക്ഷികമായ ഒന്നാണ്. കലാസൃഷ്ടി മുന്നോട്ടു വെക്കുന്ന ആശയത്തിലോ ശൈലിയിലോ മുൻപ് ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ആവിഷ്കാരത്തെയാണ് മൗലികത എന്നതുകൊണ്ട് ഞാൻ മനസ്സിലാക്കുന്നത്. കണ്ടന്റിലും ഫോമിലും പൂർണമായും മൗലികമായ ഒരു കലാസൃഷ്ടി ഞാനിനിയും കാണേണ്ടിയിരിക്കുന്നു. ഇതുവരെയുള്ളതൊക്കെയും മുൻപുണ്ടായിരുന്നതിന്റെ മോഡിഫിക്കേഷനാണ്, ആശയതലത്തിലോ ശൈലിയിലോ.

മൗലികമായ കലാസൃഷ്ടി എന്നതിന് രണ്ടുദാഹരണങ്ങൾ പറയാം.

1. Duchamp-ന്റെ Fountain
 ഈ കലാസൃഷ്ടിയിൽ ഞാൻ കണ്ട പ്രധാനപ്രത്യേകതകൾ ഇവയാണ്.

(ആശയപരമായി) അതിനു മുൻപുണ്ടായിരുന്ന സാമ്പ്രദായിക കലാസൃഷ്ടികളെ, കലാശീലങ്ങളെ Fountain പൊളിച്ചെഴുതുന്നു, കലഹിക്കുന്നു, വിമർശിക്കുന്നു.
(ശൈലീപരമായി) യാതൊരു ക്രാഫ്റ്റൂം നിർമ്മാണപ്രക്രിയയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഒരു വസ്തു കലാസൃഷ്ടിയായി അവതരിപ്പിക്കുന്നതിലൂടെ കലയിൽ ക്രാഫ്റ്റിനുണ്ടായിരുന്ന പ്രാധാന്യത്തെ അതു നിരാകരിക്കുന്നു.
(ചരിത്രപരമായി) ഒരു വസ്തുവിനെ, അതിന്റെ പശ്ചാത്തലത്തിൽ നിന്നും അടർത്തിമാറ്റുന്നതിലൂടെ മാത്രം പുതിയൊരർത്ഥം സാധ്യമാകുന്നുവെന്നുള്ള തിരിച്ചറിവ് അതുണ്ടാക്കുന്നു. ആ പുതിയ അർത്ഥസാധ്യതകൾ കൊണ്ട് മാത്രം സാമാന്യവ്യവഹാരത്തിൽ കലയെന്ന് വിശേഷിപ്പിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാതിരുന്ന ഒരു വസ്തുവിനെ പോലും കലാസൃഷ്ടിയാക്കി മനസ്സിലാക്കാനും മാത്രം കലയുടെ ചക്രവാളത്തെ പുതുക്കിനിശ്ചയിക്കുന്നു. ഇത് പുതിയ കലാപ്രസ്ഥാനങ്ങൾക്കുപോലും രൂപം നൽകുന്നു.

(ഇങ്ങനെ കലയെ ശൈലി(form) എന്നും ആശയം(content) എന്നും വിഭജിക്കുന്നതിൽ inherent ആയ ചില പ്രശ്നങ്ങളുണ്ടെന്നത് മറക്കുന്നില്ല. അത് മനസ്സിലാക്കാനുള്ള എളുപ്പത്തിനായി ചെയ്യുന്നതാണ്. ഉന്നതമായ കലാസൃഷ്ടികളുടെ കാര്യത്തിൽ ഫോമും കണ്ടന്റും വേർതിരിക്കാനാകാത്തവിധം ഉൾ‌ചേർന്നിരിക്കുന്നതിനാൽ ഈ വിഭജനം എപ്പോഴും പൂർണമാകണമെന്നില്ല. ഉദാഹരണത്തിന് ഇവിടെത്തന്നെ Fountain-ന്റെ ശൈലീപരമായ പ്രത്യേകത അതിൽത്തന്നെ ഒരാശയമാണെന്നു വരുന്നു. Fountain മുന്നോട്ടു വെക്കുന്ന ആശയമാകട്ടെ പുതിയ ശൈലിയ്ക്ക് രൂപം നൽകുന്നു. അങ്ങനെ ഫോമും കണ്ടന്റും വേർതിരിക്കാനാകാത്ത വിധം ഉൾ‌ചേർന്നിരിക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ട്.)

ഈ മൂന്നു പോയിന്റുകളിൽ (ഇപ്രകാരം വേർതിരിച്ചാൽ) ആശയപരമായി Fountain തികച്ചും മൗലികമായ ഒരു സൃഷ്ടിയാണെന്ന് എനിക്കഭിപ്രായമില്ല. കാരണം, നിലനിൽക്കുന്ന കലയോടുള്ള എതിർപ്പും പരിഹാസവും വിമർശനവും Duchamp-നു മുൻപും പലരും പലരീതിയിൽ ആവിഷ്കരിച്ചിട്ടുള്ള വിഷയമാണ്. എന്നാൽ ശൈലീപരമായും ചരിത്രപരമായും അതൊരു മൗലികമായ കലാസൃഷ്ടി തന്നെയാണ് (ചുരുങ്ങിയത് എന്റെ അറിവിൽ).

ഇനി എനിക്ക് പ്രത്യേകതാത്പര്യമുള്ള സിനിമയിലേക്ക് വരാം.


mubi-യിൽ വന്ന ഒരഭിമുഖത്തിൽ കിയരോസ്താമി പറയുന്നൊരു കാര്യമുണ്ട്.

“That comes from the fact that I'm loyal to reality. In reality, when you're having a one-on-one conversation you only see one person. Now, I can see the two of you [me and the translator] because I'm the third one, so of course if I have a third person I have a two shot. But if I have two people talking to each other, what you see is the person in front of you, you don't see yourself.“

സിനിമയെ സംബന്ധിച്ചിടത്തോളം, പൂർണമായ മൗലികത എന്നത് ഏറെക്കുറെ അസാധ്യമായ ഒന്നാണ്. Its almost impossible to compose a shot that no one has ever used. രണ്ടുപേരുള്ള ഒരു സംഭാഷണരംഗം, ഒന്നുകിൽ രണ്ടുപേരും ഉൾപ്പെടുന്ന ഒരു മാസ്റ്റർ ഷോട്ട് കമ്പോസ് ചെയ്ത് അവതരിപ്പിക്കുന്നതോ, രണ്ട് ആംഗിളിൽ നിന്നുള്ള ഷോട്ടുകൾ വെച്ച് എഡിറ്റ് ചെയ്യുന്നതോ, അല്ലെങ്കിൽ ക്യാമറ പാൻ ചെയ്ത് രണ്ടുപേരെയും കാണിക്കുന്നതോ (Tape-Linklater, Inglorious basterds-Tarantino), ഇതിൽ ഒന്നിലധികം സങ്കേതങ്ങൾ കലർത്തി ഉപയോഗിക്കുന്നതോ ഒക്കെയാണു സ്ഥിരം രീതികൾ. ഇവിടെയാണ് കിയരോസ്താമിയുടെ ഒറ്റ ഷോട്ട് വരുന്നത്. ഇത് വരുന്നതാകട്ടെ റിയാലിറ്റിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനത്തിൽ നിന്നാണ്. ഇതാണ് എന്റെ അഭിപ്രായത്തിൽ മൗലികത. (ടെൻ എന്ന ചിത്രത്തിൽ ഈ ഘടന കിയരോസ്താമി കാര്യമായി ഉപയോഗിക്കുന്നുണ്ട്.) നിലനിൽക്കുന്ന ഒരു ദൃശ്യപദ്ധതിയെ കിയരോസ്താമി പൊളിച്ചെഴുതുന്നു, പകരം നൂതനമായൊരു ദൃശ്യശൈലി സൃഷ്ടിക്കുന്നു. (ഈ ദൃശ്യശൈലി അതിൽത്തന്നെ ഒരാശയവുംകൂടിയാണ്).

എന്റെ അഭിപ്രായത്തിൽ കിയരോസ്താമിയുടെ സിനിമകളുടെ മൗലികത പ്രധാനമായും അവയുടെ ശൈലിയി(form)-ലാണ്. ആശയപരമായി, മുൻപ് പലരും പലരീതിയിൽ കൈകാര്യം ചെയ്ത വിഷയങ്ങളെയാണ് -എക്സിസ്റ്റെൻഷ്യലിസം(Taste of cherry, Life and Nothing More), ഒറിജിനലും പകർപ്പും(Through the olive trees, Certified copy), റിയാലിറ്റിയുടെ സ്വഭാവം(Wind will carry us, Ten, Close-up), കലാസൃഷ്ടിയുടെ സ്വഭാവം(Shirin, Ten) -കിയരോസ്താമി തന്റേതായ രീതിയിൽ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ സിനിമകൾ മുന്നോട്ടുവെക്കുന്ന ആശയങ്ങളിൽ നൂതനമായവയുണ്ട്, എങ്കിലും അവയെല്ലാം നിലനിൽക്കുന്ന ആശയങ്ങളുടെ മേലുള്ള കൂട്ടിച്ചേർക്കലുകളും നിലനിൽക്കുന്ന ആശയങ്ങളെ പുതിയൊരു പെഴ്സ്പെക്ടീവിലൂടെ വീക്ഷിക്കുന്നതുമാണ്.

To take a small detour, മൗലികം എന്നു വിശേഷിപ്പിക്കാവുന്ന ഒരേ ശൈലീപരീക്ഷണത്തിൽ രണ്ടു ആർട്ടിസ്റ്റുകൾ എത്തിച്ചേരുന്നത് രണ്ടു വ്യത്യസ്ഥ വഴികളിലൂടെയുമാകാം. ഗൊദാർദ് പ്ലാനിമെട്രിക് ഷോട്ടുകൾ ഉപയോഗിച്ചത് ചലച്ചിത്രഭാഷയെക്കുറിച്ചുള്ള ചരിത്രപരമായ അവബോധത്തിൽ നിന്നായിരുന്നുവെങ്കിൽ തകേഷി കിത്താനോ പ്ലാനിമെട്രിക് ഷോട്ടുകളിലെത്തുന്നത് ചലച്ചിത്രഭാഷയെകുറിച്ചുള്ള അവഗാഹമില്ലായ്മയിൽ നിന്നും, മാധ്യമത്തോടുള്ള സമീപനത്തിന്റെ പ്രത്യേകതകൾകൊണ്ടുമായിരുന്നു.

മധുസൂദനന്റെ വാദത്തിലേക്ക് തിരികെ വന്നാൽ, സാംസ്കാരികപരിസ്ഥിതിപരമായ നൈസർഗികത അഥവാ നിലനിൽക്കുന്ന ആശയ/ശൈലീലോകത്തോടുള്ള വിധേയത്വമാണ് മൗലികതയെന്നാണു മധുസൂദനൻ പറയുന്നത്. ഇതാകട്ടെ മൗലികത എന്ന ആശയത്തിനു തന്നെ കടകവിരുദ്ധമാണെന്നാണ് എന്റെ അഭിപ്രായം.

മധുസൂദനന്റെ അഭിപ്രായത്തിനു ഞാൻ കാണുന്ന മറ്റൊരു വായനാസാധ്യത, കലയുടെ ‘സാമൂഹ്യ-സാംസ്കാരിക പരിതസ്ഥിതികളോടുള്ള സര്‍ഗ്ഗാത്മക പ്രതികരണങ്ങൾ‘ എന്നാ നിലയിലുള്ള പ്രസക്തിയെ സംബന്ധിച്ചാണ്. ഈയൊരർത്ഥത്തിൽ കല, നിലനിൽക്കുന്ന ആശയ-ശൈലീലോകത്തോടുള്ള സ്വാഭാവിക പ്രതികരണത്തിൽ നിന്നും ഉളവാകുന്നതാണെങ്കിൽ അതാണു ജൈവികമായ കലയെന്നും, അങ്ങനെയുള്ളതാണ് മൗലികം എന്നുമായിരിക്കാം മധുസൂദനൻ പറയുന്നത്.
അങ്ങനെയെങ്കിൽ,

1. നിലനിൽക്കുന്നവയോടുള്ള സ്വാഭാവികപ്രതികരണങ്ങൾ ജൈവികമാണെങ്കിൽത്തന്നെ മൗലികമാകണമെന്നില്ല എന്നാണ് എന്റെ അഭിപ്രായം.
ഏറ്റവും ലേറ്റസ്റ്റ് ഉദാഹരണം, ഫ്രൈഡേ എന്ന മലയാളചലച്ചിത്രം. ആ ചിത്രത്തിലെ പല സെഗ്മെന്റുകളിലൊന്ന് സദാചാരപോലീസിംഗിനെപ്പറ്റിയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ഒരു പ്രവണതയ്ക്കെതിരെ സംവിധായകന്റെ/തിരക്കഥാകൃത്തിന്റെ സ്വാഭാവികപ്രതികരണമായാണ് ഞാനാ സെഗ്മെന്റിനെ മനസ്സിലാക്കുന്നത്. ഈ പ്രതികരണം ഓർഗാനിക് ആണോ എന്ന് ഉരച്ചുനോക്കാനുള്ള ഉരകല്ല് ഇല്ലാത്തതിനാൽ, ആണെന്ന് തന്നെ കരുതാം. എന്നാൽ പ്രസ്തുത ചലച്ചിത്രമോ അതിലെ ആ സെഗ്മെന്റോ ഏതെങ്കിലും തരത്തിൽ മൗലികമാണെന്ന് ആരെങ്കിലും അവകാശപ്പെടുമെന്ന് എനിക്കു തോന്നുന്നില്ല.

2. കലാസൃഷ്ടി നിലനിൽക്കുന്ന ആശയ-ശൈലീലോകത്തോടുള്ള/സാമൂഹ്യസാംസ്കാരിക പരിതസ്ഥിതികളോടുള്ള സ്വാഭാവിക പ്രതികരണത്തിൽ നിന്നും ഉളവാകുന്നതാകണമെന്ന ക്രൈറ്റീരിയയോട് ഞാൻ വിയോജിക്കുന്നു. അങ്ങനെയാകാം, എന്നാൽ അങ്ങനെയാകണമെന്ന് നിർബന്ധമില്ല. അങ്ങനെയുള്ള ക്രൈറ്റീരിയകൾ കലയുടെ സാധ്യതകളെത്തന്നെ പരിമിതപ്പെടുത്തുകയാണെന്ന് ഞാൻ കരുതുന്നു. ഒന്നിനോടുമുള്ള പ്രതികരണം എന്ന നിലയിലല്ലാതെ, വേറിട്ടു നിൽക്കുന്ന ഒരാശയം/അവതരണം എന്ന നിലയിലും കലാസൃഷ്ടികളുണ്ടാകാം എന്നു ഞാൻ കരുതുന്നു.

ഇതു തന്നെ ആസ്വാദനതലത്തിലും അപ്ലൈ ചെയ്യാവുന്നതാണ്. നിലനിൽക്കുന്ന ആശയ-ശൈലീലോകത്തോടുള്ള/സാമൂഹ്യസാംസ്കാരിക പരിതസ്ഥിതികളോടുള്ള സ്വാഭാവിക പ്രതികരണം എന്ന നിലയിൽ മാത്രം കലാസൃഷ്ടിയെ മനസ്സിലാക്കുന്നത് ചിലപ്പോഴെങ്കിലും ആ കലാസൃഷ്ടിയുടെ സാധ്യതകളെ പരിമിതപ്പെടുത്തലാകും.
ആദ്യം മനസ്സിൽ വരുന്ന ഉദാഹരണം, അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം എന്ന സിനിമയാണ്. ആ സിനിമയെ കേരളത്തിലെ ഇടതുപക്ഷപാർട്ടിയുടെ പിളർപ്പിനോടും സാമൂഹികമായ പരിവർത്തനങ്ങളോടുള്ള സ്വാഭാവികപ്രതികരണങ്ങളായി വായിക്കുന്നത് വളരെ എളുപ്പമാണ്. എന്നാൽ അതേ സിനിമ തന്നെ ഒറിജിനലും പകർപ്പും, വ്യക്തിയും പ്രതിഛായയും, പ്രതീതിയാഥാർത്ഥ്യവും യാഥാർത്ഥ്യവും എന്നീ തത്വചിന്താപരമായ ദ്വന്ദങ്ങൾ തമ്മിലുള്ള പാരസ്പര്യങ്ങളെക്കുറിച്ച് സംവിധായകൻ മുന്നോട്ട് വെക്കുന്ന ആശയലോകമെന്ന ഒരു symptomatic വായനയ്ക്കുള്ള സാധ്യതയും മുന്നോട്ടു വെക്കുന്നുണ്ട്. (ആദ്യത്തെ തലത്തിലുള്ള വായന, സാമൂഹ്യപ്രതികരണങ്ങളുമായി ചേർന്ന് സിനിമയുടെ സാധ്യതകളെ പരിമിതപ്പെടുത്തിയതും രണ്ടാമത്തെ തലത്തിലുള്ള വായനകളെ റദ്ദ് ചെയ്തതുമാണ് പു.ക.സ.യുടെ നേതൃത്വത്തിൽ കേരളത്തിൽ സംഭവിച്ചത്.)

ചുരുക്കത്തിൽ, ഓർഗാനിക് ആയിരിക്കുക എന്നത് മൗലികതയ്ക്കുള്ള പ്രീ-കണ്ടീഷനല്ല. ഓർഗാനിക്കായതെല്ലാം മൗലികമാകണമെന്നില്ല, മൗലികമായതെല്ലാം ഓർഗാനിക് ആയ പ്രതികരണങ്ങളാകണമെന്നുമില്ല. അവിടെ നിന്നും, മൌലികത, സാംസ്കാരികപരിസ്ഥിതിപരമായ നൈസറ്ഗ്ഗികത എന്നിവ പിരിച്ചുപറയാനാവാത്തതാണ് എന്നുകൂടി മധുസൂദനൻ എഴുതുമ്പോൾ, ആശയം തികച്ചും പ്രതിലോമപരമായ ഒന്നായി മാറുന്നു. മൗലികതയെ നിലനിൽക്കുന്ന സാമൂഹ്യസാംസ്കാരിക പരിതസ്ഥിതികളോടുള്ള വിധേയത്വമായി മനസ്സിലാക്കുന്നതിൽ നിന്നും പാരമ്പര്യവാദത്തിലേക്കും, അവിടുന്നു സാംസ്കാരികഫാസിസത്തിലേക്കും അധികം ദൂരമില്ല.

1 comment:

un said...

Duchamp-ന്റെ Fountain ന് വേറൊരു പ്രസക്തികൂടെയുണ്ട് റോബി. കലയുടെ unreproducibility യെയും അതു നിസ്സാരവത്കരിക്കുന്നുണ്ട്. മൗലികതക്ക് റീപ്രോഡക്റ്റ് ചെയ്യാൻ പറ്റാത്തത് എന്നൊരു വശവും ഉണ്ടെന്നല്ലേ വപ്പ്. അതിനു ശേഷം ആൻഡി വാർഹോളിനെപ്പോലുള്ളവർ മെക്കാനിക്കൽ/മാസ് റീപ്രൊഡക്ഷനിലൂടെ മൗലികത/യുണീക്നെസ്സിനെയൊക്കെ പൊളിച്ച് കയ്യിൽ കൊടുത്തിട്ടു കൊല്ലങ്ങളായിട്ടും നമ്മൾ ഇപ്പൊഴും മൗലികതയിൽ കടിച്ചുതൂങ്ങുകയാണ്. (കലയിലെ ലാവണ്യഭംഗിയെ പൊളിക്കാനാണു Duchamp റെഡിമേഡുകൾ അവതരിപ്പിച്ചതെങ്കിലും പിന്നീട് നിയോ ദാദായിസ്റ്റുകൾ അദ്ദേഹത്തിന്റെ യൂറിനലുകളേയും മറ്റും Aesthetic Beautyയുടെ പുറത്ത് പൊക്കിക്കൊണ്ട് നടന്നത് മറ്റൊരു വിരോധാഭാസവും.)മൗലികതയെക്കുറിച്ചുള്ള ചർച്ചയിൽ Duchamp നെ ഉദാഹരിച്ചതിലെ ഐറണി സൂചിപ്പിച്ചെന്നേയുള്ളൂ. :)

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.