അടുത്തകാലത്ത് നാട്ടിൽ പോയപ്പോൾ കയറിയ ബുക്ൿസ്റ്റാളുകളിലെല്ലാം തിരക്കഥാപുസ്തകങ്ങൾ. അങ്ങേയറ്റം അടൂരും ചന്ദ്രനും മുതൽ ഇങ്ങേയറ്റം 'വെറുതെ ഒരു ഭാര്യ' വരെ തിരക്കഥകൾ പുസ്തകരൂപത്തിൽ. വിദേശസിനിമകളുടേത് വേറെ. തമിഴിലെ സുബ്രമഹ്ണ്യപുരത്തിന്റെ തിരക്കഥ ആദ്യം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് മലയാളത്തിലാണെന്ന് നാട്ടുപച്ച എഴുതിയിരുന്നു. ഇതിനൊക്കെ വായനക്കാരും സാമാന്യം വിൽപനയുമുണ്ടെന്ന് ഒരു സുഹൃത്തു പറഞ്ഞത്, ഞെട്ടിക്കുന്ന വിവരമായി എനിക്ക്. സ്കൂളുകളിൽ തിരക്കഥ ഒരു പാഠ്യവിഷയമായതാവാം ഒരു കാരണമെന്നും സുഹൃത്ത് അഭിപ്രായപ്പെടുകയുണ്ടായി. ബിരുദത്തിനു പഠിക്കുമ്പോൾ 'നിർമ്മാല്യ'ത്തിന്റെ തിരക്കഥ സിലബസിലുണ്ടായിരുന്നതായി നേരിയ ഒരോർമ്മ. അതു പഠിപ്പിച്ച അധ്യാപകൻ ക്ലാസ്സിൽ വന്ന് തിരക്കഥ വായിച്ചു കേൽപ്പിച്ചതല്ലാതെ ആ സിനിമ ഒന്നു കാണിക്കാൻ ശ്രമിക്കുക പോലുമുണ്ടായില്ല.
തിരക്കഥ എന്നാൽ, തത്വത്തിൽ, സിനിമ ഒരുക്കുന്ന സംവിധായകനും മറ്റു സാങ്കേതികവിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നവർക്കുമുള്ള ലിഖിതരൂപത്തിലെ മാർഗ്ഗരേഖയാണ്. ചലചിത്രവിദ്യാർത്ഥികൾക്കും തിരക്കഥ എഴുതാനുദ്ദേശിക്കുന്നവർക്കും ഒരു 'സ്റ്റഡി മറ്റീരിയൽ' ആകാമെങ്കിലും തിരക്കഥകൾ പ്രാഥമികമായി സിനിമയുടെ പിന്നണി പ്രവർത്തകരെ ഉദ്ദേശിച്ചുള്ളവയാണ്. തിരക്കഥ അതിന്റെ ദൃശ്യരൂപം പ്രാപിച്ചുകഴിയുമ്പോൾ, സിനിമയായിക്കഴിയുമ്പോൾ, അതിന്റെ ലിഖിതരൂപത്തിനു പിന്നെ പ്രസക്തിയില്ല-മേൽ സൂചിപ്പിച്ച സിനിമാവിദ്യാർത്ഥികൾക്കല്ലാതെ-എന്നതു തന്നെയാണു വാസ്തവം.
ഈ തിരക്കഥാപുസ്തക രചയിതാക്കളുടെ മെത്തേഡും രസകരമാണ്. ഒരു വിദേശസിനിമയുടെ ഡിവിഡിയും പേനയും പേപ്പറും കൊണ്ടിരിക്കുന്നു. സീനുകൾ ഓരോന്നായി എഴുതിയെടുക്കുന്നു, ഡയലോഗുകൾ സബ്ടൈറ്റിൽ നോക്കി പരിഭാഷിക്കുന്നു. ഒരു തിരക്കഥ റെഡി. ഇങ്ങനെ മൂന്നോ നാലോ ആയാൽ ഒരു പുസ്തകം റെഡി. ഇനി 'കിം കി ഡുക്ക്' പോലെ ഡയലോഗ് അധികം ഉപയോഗിക്കാത്ത സംവിധായകരാണെങ്കിൽ എളുപ്പമായി. ഇങ്ങനെയെഴുതിയെടുക്കുന്നത് സിനിമയുടെ അസംസ്കൃത വസ്തുവായ തിരക്കഥ ആണോ അതോ സിനിമയുടെ ബൈപ്രൊഡക്ട് ആയ 'തെരക്കഥ'യോ?
സംവിധായകർ അവരവരുടെ ശൈലി അനുസരിച്ച് കൃത്യമായ തിരക്കഥയോടുകൂടിയോ അല്ലാതെയോ ആയിരിക്കും സിനിമ എടുക്കുന്നത്. അടൂരിനെ പോലുള്ള കോപ്പിബുക്ക് സംവിധായകർ വ്യക്തമായ തിരക്കഥ ആദ്യമെ എഴുതുമ്പോൾ ജോണിനെ പോലുള്ളവർ തിരക്കഥ എഴുതാറെ ഇല്ലായിരുന്നു. Mike Leigh പോലുള്ള സംവിധായകർ അഭിനേതാക്കളെയും ഛായാഗ്രാഹകനെയും കൂട്ടി ലൊക്കേഷനിലെത്തി, മനസ്സിലുള്ള ആശയം പോലെ സീനുകൾ രൂപപ്പെടുത്തി റിഹേഴ്സൽ തുടങ്ങുകയാണു ചെയ്യുക. സീനുകൾ വികസിക്കുന്നതിനനുസരിച്ച് സിനിമയും വികസിക്കും. ടെറൻസ് മാലിക്ക് ആകട്ടെ, 6-7 മണിക്കൂർ വരുന്ന ഒരു സ്ക്രിപ്റ്റ് എഴുതി, 90 മണിക്കൂറിനുള്ളത് ഷൂട്ട് ചെയ്ത്, എഡിറ്റിംഗിലൂടെ മൂന്നു മണിക്കൂറിൽ താഴെയായി വെട്ടിയൊരുക്കുകയാണു ചെയ്യുക. ഇവരുടെയൊക്കെ സിനിമകൾ നോക്കി 'തെരക്കഥ' എഴുതുന്നതിന്റെ പരിഹാസ്യത ആലോചിച്ചു നോക്കൂ.
മലയാളത്തിൽ ഈ കൃഷി തുടങ്ങിയത് എം.ടി വാസുദേവൻ നായരാണെന്നു തോന്നുന്നു. എം.ടിയുടെ തിരക്കഥകൾ അദ്ദേഹത്തിന്റെ ചെറുകഥകളിൽ നിന്നും വളരെയൊന്നും വ്യത്യസ്ഥമല്ല. കഥാപാത്രങ്ങൾ നിരന്നു നിന്ന് ഡയലോഗ് പറയുന്ന വെർബൽ സിനിമകളായതു കൊണ്ട് ചെറുകഥ വായിക്കുന്നതു പോലെ തന്നെ എം.ടിയുടെ തിരക്കഥകളും മലയാളത്തിൽ വായിക്കപ്പെട്ടു. എം.ടി തിരക്കഥാപുസ്തകങ്ങളുടെ ചുവടു പിടിച്ചു പ്രസിദ്ധീകരിക്കപ്പെട്ട ഇതര തിരക്കഥകളും മലയാളത്തിൽ വായിക്കപ്പെടുന്നത് നമ്മുടെ സാഹിത്യരോഗം കൊണ്ടോ, വികലമായ സിനിമാസ്വാദന ശീലം കൊണ്ടോ അതോ ഈ സിനിമകളുടെയെല്ലാം പൊതുവായ വെർബൽ സ്വഭാവം കൊണ്ടോ?
ഈ തിരക്കഥകളെല്ലാം അച്ചടിക്കപ്പെടുന്നത് സിനിമാവിദ്യാർത്ഥികൾക്കു വേണ്ടിയെങ്കിൽ, കേരളത്തിൽ ഇത്രമാത്രം സിനിമാവിദ്യാർത്ഥികളുണ്ടോ? 'വെറുതെ ഒരു ഭാര്യ'യും 'കീർത്തിചക്ര'യും 'വിനോദയാത്ര'യും പോലെ സാംസ്കാരികമോ സാമൂഹികമോ കലാപരമോ ആയ പ്രാധാന്യമേതുമില്ലാത്ത ചലചിത്രങ്ങളുടെ തിരക്കഥകൾ വായിച്ചു പഠിക്കുന്നവർ ഏതു തരം സിനിമയായിരിക്കും ഇനി ഉണ്ടാക്കുക? അതും നമ്മൾ കാണേണ്ടി വരുമോ?
തിരക്കഥ ലഭ്യമായ പല സിനിമകളും വീഡിയോ രൂപത്തിൽ ലഭ്യമല്ല എന്നതാണു മറ്റൊരു പ്രശ്നം. കാലക്രമേണ പല സിനിമകളുടെയും പ്രിന്റുകൾ തന്നെ നഷ്ടപ്പെടുന്നു. വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു പോകുന്ന സിനിമകളുടെ തിരക്കഥകളെങ്കിലും ബാക്കിയുണ്ടാകും എന്നതാണ്, ഇതുപോലെ തിരക്കഥകൾ പുസ്തകമാക്കുന്നതിന്റെ ഒരു ഗുണമെന്ന് ബാലചന്ദ്രമേനോൻ അഭിപ്രായപ്പെടുന്നു. സിനിമ കുഞ്ഞാണെങ്കിൽ തിരക്കഥ അതിന്റെ പ്ലാസെന്റ ആണ്. സിനിമ സംരക്ഷിക്കാതെ തിരക്കഥ സൂക്ഷിക്കുന്നത് പിള്ളയെ കളഞ്ഞിട്ട് മറുപിള്ളയെ സൂക്ഷിക്കുന്നതു പോലെയാണ്. സിനിമ ആസ്വദിക്കുന്നതിനു പകരം തിരക്കഥ വായിക്കുന്നവരും ഇത് ഓർമ്മിക്കുന്നതു നന്ന്.
21 comments:
നല്ല സിനിമകളുടെ തിരക്കഥ വായിക്കുന്നതും ഒരനുഭവം തന്നെയാണ്.
പക്ഷേ ആന-ആട് വ്യത്യാസം ഉണ്ട്.
കെ ജി ജോര്‍ജിന്റെ നല്ല തിരക്കഥകള്‍ പുസ്തരൂപത്തില്‍ ഉണ്ട്. എന്നും കരുതി സത്യന് അന്തിക്കാടും ബ്ലസ്സിയും ഒക്കെ തിരക്കഥ പുറത്തിറക്കാന്‍ തുടങ്ങിയാല്‍?
"വിനോദയാത്ര" പോലും....
tracking
ഒരു കാര്യം പറയാന്‍ വിട്ടു റോബീ...
സിനിമ കാണാന്‍ ഉള്ളതാണ്. വായിക്കാന്‍ ഉള്ളതല്ല. ഒരു കഥ പോലും സത്യത്തില്‍ സിനിമക്ക് ആവശ്യമില്ല ( കഥയില്ലാത്തതാണ് മലയാള സിനിമയുടെ പ്രതിസന്ധി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിരി വരും).
പക്ഷേ തിരക്കഥാരീതിയിലും ആസ്വദിക്കാവുന്ന കുറേയേറെ നല്ല ചിത്രങ്ങള്‍ ഉണ്ട്.
നാടകം സ്റ്റേജില്‍ കാണേണ്ടതാണെങ്കിലും സാഹിത്യശാഖയിലും സ്ക്രീന്‍ പ്ലേക്ക് അതിന്റേതായ സ്ഥാനമില്ലേ? ഷേക്സ്പിയറും കാളിദാസനും ഒക്കെയില്ലാതെ എന്ത് സാഹിത്യം?
സിനിമ കുറേക്കൂടി വിഷ്വല്‍ ഓറിയന്റഡ് ആണ്. എങ്കിലും നല്ല തിരക്കഥകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ല... (പളുങ്കും മഞ്ഞു പോലൊരു പെണ്‍കുട്ടിയും വിനോദയാത്രയും അല്ല ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കട്ടെ).
പിന്നെ റോബി പറഞ്ഞത് പോലെ ആദ്യം സിനിമകളെ ആര്‍കൈവ് ചെയത ശേഷം മതിയാകും തിരക്കഥ
Ranjithinte thirakkathakal, pappettante priyappetta thirakkadhakal vaangiyirunnu. vaayikkaan oru prethyeka sukham thanney aanu prethyekichu padam kandittudenkil.
തിരക്കഥകൾ വായിക്കപ്പെടുന്നത് അത്രവലിയ തെറ്റായി കാണേണ്ട റോബീ.രണ്ടു തരത്തിലുള്ള വായനക്കാരാണ് ഇവയ്ക്കുള്ളതെന്ന് തോന്നുന്നു.
1.എങ്ങനെയാണ് ഒരു സിനിമ പിറവിയെടുക്കുന്നത്,അതിൽ പിരിമുറുക്കം കൊണ്ടുവന്നിരിക്കുന്നത്,സസ്പെൻസ് നിലനിർത്തിയിരിക്കുന്നത്, സീനുകൾ പ്ലാൻ ചെയ്തിരിക്കുന്നത് എന്നൊക്കെ പഠിക്കാൻ- ചലച്ചിത്രനിർമ്മാണം സ്വപ്നം കാണുന്നവർ
2.രസകരമായ ഒരു സ്വതന്ത്ര ഭാവന അനുഭവിക്കുന്നതിൽ സുഖം കണ്ടെത്തുന്ന ശുദ്ധവായനക്കാർ.
വെറുതെ ഒരു ഭാര്യയൊക്കെ വാങ്ങിവായിക്കുന്നവർ കമേഴ്സ്യൽ സിനിമക്ക് തിരക്കഥ രചിക്കുന്നതെങ്ങനെ എന്ന് പഠിക്കാൻ ഇറങ്ങിത്തിരിച്ചവർ ആയിരിക്കും.
അവർ അത് ചെയ്യട്ടെ...
പത്മരാജന്റെയും,എം.ടിയുടേയും,രഞ്ജിത്തിന്റേയും ചില തിരക്കഥകൾ വായിക്കുമ്പോൾ ഭാവനയിൽ മറ്റൊരു സിനിമ തുറന്ന് വരുന്നത് പുതിയൊരനുഭവമാണ്.സിനിമയിലെ സ്ഥലവും,കാസ്റ്റിംഗും മനപ്പൂർവം മാറ്റിച്ചിന്തിക്കണം എന്ന് മാത്രം
മലയാള സിനിമയെക്കുറിച്ച് പറയുമ്പോൾ മൈക്ക് ലീ,ടെറൻസ് മാലിക്ക് എന്നിവരെ ഉദാഹരിക്കുന്നത് ചിരിയുണർത്തും.ഏതാണ്ടിതുപോലെ തന്നെയല്ലേ നമ്മളുടെയും കമേഴ്സ്യൽ സിനിമ.തിരക്കഥയില്ലാതെ ഷൂട്ടിംഗ് തുടങ്ങുക,2 മണിക്കൂർ സിനിമക്ക് 30 മണിക്കൂർ ചിത്രീകരിക്കുക ചിത്രീകരിച്ചത് വീണ്ടും ചിത്രീകരിക്കുക..പിന്നെ കഷ്ണിച്ച് കഷ്ണിച്ച് അത് 2 മണിക്കൂറാക്കി ചുരുക്കുക..എല്ലാം ഏതാണ്ട് അതുപോലെ തെന്നെ..അങ്ങനെ വരുമ്പോൾ നമ്മുടെ ഷാജികൈലാസൊക്കെ മൈക്ക് ലീക്ക് തൊട്ടുതാഴെ വരുമായിരിക്കണം!!!
എന്റെ വിശ്വാസം തിരക്കഥ ഒരു സിനിമയുടെ അസ്ഥികൂടം ആണെന്നാണ്.അതിൽ ഏതു രീതിയിൽ വേണമെങ്കിലും മാംസം വെച്ചുപിടിപ്പിക്കാം സുന്ദരികളെയും വിരൂപന്മാരെയും ആ സ്ഥികൂടം ഉപയോഗിച്ച് ഒരു സംവിധായകന് സൃഷ്ടിക്കാനാവും(അയാളുടെ കഴിവനുസരിച്ച്)
സനൽ ആദ്യം പറഞ്ഞതിൽ കാര്യമുണ്ട്.
മൈക്ക് ലെ, മാലിക് എന്നിവരെ ഉദാഹരിച്ചതിൽ ചിരിക്കണ്ട. എഴുതിയത് മലയാളസിനിമകളെ മാത്രം ഉദ്ദേശിച്ചല്ല. സിനിമ നോക്കി തിരക്കഥ സൃഷ്ടിക്കുന്നത് ചില സംവിധായകരുടെ കാര്യത്തിൽ എന്തു മാത്രം ഭീമാകാരമായ അബദ്ധമായിരിക്കും എന്നു സൂചിപ്പിക്കാനാണ് ഇവരെ ഉദാഹരിച്ചത്.
ഇവരുടെ രീതികളെ നേരിട്ടു ഷാജി കൈലാസുമായൊക്കെ താരതമ്യപ്പെടുത്തിയാൽ ഇനി ഞാനെന്തു പറയാൻ..:)
സംഭാഷണത്തെ തിരക്കഥയായി തെറ്റിദ്ധരിക്കുന്നതായിരിക്കും പ്രശ്നം റോബി. എംടിയുടെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതിൽ തന്നെ അത്യാവശ്യം സാങ്കേതിക വിശദാംശങ്ങൾ, ആംഗിൽ, ഷോട്ട് റേഞ്ച് തുടങ്ങിയവ നൽകിയിരുന്നു ആദ്യം. പിന്നെപിന്നെ ‘കഥ‘ വായിക്കുന്ന സുഖത്തിനാവണം അതൊക്കെ എഡിറ്റുചെയ്തു മാറ്റിത്തുടങ്ങി. മറ്റു തിരക്കഥാപുസ്തകങ്ങൾ അതാണ് പിന്തുടരുന്നത്.
റോബി പറഞ്ഞ പോലെ, ഡയലോഗാണ് സിനിമ എന്ന ധാരണ പരത്തിയത് എംടിയൻ തിരക്കഥ-സംഭാഷണങ്ങളാണ്.
ലേഖനം നന്നായി. എന്നാലും, മലയാളതിരക്കഥ/സംഭാഷണങ്ങളെക്കുറിച്ച് കുറച്ചുകൂടി എഴുതാമായിരുന്നു :)
സ്കൂളുകളിൽ തിരക്കഥ ഒരു പാഠ്യവിഷയമായതാവാം ഒരു കാരണമെന്നും സുഹൃത്ത് അഭിപ്രായപ്പെടുകയുണ്ടായി...അതൊരു കാരണം തന്നെയാവാം..ഇപ്പോള്‍ സ്കൂളുകളിലെ മലയാള പാഠപുസ്തകങ്ങളിലെയും പരീക്ഷകളിലേയും ഒരു പ്രധാന വിഷയമാണീ തിരക്കഥാരചനയും അനുബന്ധപ്രവര്‍ത്തനങ്ങളും..അങ്ങനെ റെഫറന്‍സ് തേടിയലയുന്ന കുട്ടികള്‍ക്ക് തിരക്കാഥാക്ഷാമം അനുഭവപ്പെടരുതല്ലോ എന്നു കരുതിയാവും തിരക്കഥാപുസ്തകങ്ങള്ക്ക് പെട്ടെന്നു വില്പന കൂടീത് ..:)
വായിച്ചു മനസ്സില്‍ കാണുന്നതും സ്ക്രീനില്‍ കാണുന്നതും വ്യത്യസ്ഥമാണെന്നു താങ്കള്‍ക്കു തന്നെ അറിയാമല്ലോ..?
ഒന്നാന്തരം ബോറ് പോസ്റ്റ്. വായിച്ചു കരഞ്ഞുപോയി. മലയാളം സിനിമ, ടെറന്‍സ് മലിക്, മൈക്ക് ലീ, ജിലേബി, മീന്‍കറി. സിനിമയുടെ കാര്യം പറയുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ടെറന്‍സ് മലിക്ക് എന്നൊക്കെ വെച്ച് കാച്ചുന്ന ഫ്രോഡ് മലയാളികളെ കാണുമ്പോള്‍ ഒക്കാനം വരാറുണ്ട് സാര്‍. സിനിമയെക്കുറിച്ചുള്ള അല്പജ്ഞാനത്തില് വിരിയുന്ന ഈ പൂക്കള്‍ എങ്ങിനെയാണ് വാടാതെ സൂക്ഷിക്കുന്നത്? എഴുതിയിരിക്കുന്നതിന്റെ ആധികാരിത വെച്ച് നോക്കുകയാണെങ്കില്‍ ഒരു പള്ളിക്കൂടത്തില്‍ പഠിച്ചതുപോലെയാണ്.
പിന്നേയ് സമയം കിട്ടുകയാണെങ്കില്‍ സിനിമയുടെ genre എന്നൊരു സാധനമുണ്ട്, സാറൊന്ന് വായിച്ച് അറിവ് വെക്കണം. സഹിക്കുന്നില്ല.
സിനിമകളുടെ തിരക്കഥകള്‍ പുസ്തകരൂപത്തില്‍ ആദ്യമായി അച്ചടച്ചിറങ്ങിയത് മലയാളത്തിലല്ല സാര്‍. മലയാളത്തില്‍ തന്നെ അതൊരു പുതിയ സംഭവവുമല്ല, പഴയ ആകാശവാണിയൊക്കെ എന്ത് ചെയ്യുമിനി? ഒഫീഷ്യലും അണ്ഒഫീഷ്യലും തിരക്കഥ അച്ചടിച്ചിറങ്ങുന്നത് സിനിമവിദ്യാര്ത്ഥികള്ക്കുമല്ല. ഇയാളെന്താ ബഹിരാകാശത്തു നിന്ന് കുറ്റിയും പറിച്ചാണോ കേരളത്തില്‍ എത്തിപ്പെട്ടത്?
ആകാശവാണിയുടെ കാര്യം പറഞ്ഞപ്പോഴാ സിനിമയുടെ ശബ്ദരേഖയുടെ കാര്യം ഓര്‍ത്തത്..
തിരക്കഥ പുസ്തകമാക്കുന്നതൊക്കെ എന്തര്? സിനിമ കേട്ടും ആസ്വദിക്കാം എന്നു നമ്മള് തെളിയിച്ചിട്ടുള്ളതാണ്.
സംഭാഷണം തന്നെ സിനിമ...
ഒരു നല്ല സിനിമയുടെ ബാക്ക് ബോൺ എന്ന് പറയുന്നത് സുചിന്തിതമായി എഴുതപെട്ട ഒരു തിരക്കഥയായിരിക്കും..സിനിമ സംവിധായകന്റെ
കലയെന്നൊക്കെ പറയുന്നത് വെറുതെ..ഇവർ തമ്മിലുള്ള ഒരു കെമിസ്ട്രിയാണ് എന്നു വേണമെങ്കിൽ പറയാം..ഉദാഹരണത്തിന് എംറ്റി-
ഹരിഹരൻ ടീമിന്റെ കാര്യമെടുക്കുക..ഹരിഹരൻ
തനിച്ച് സിനിമയെടുക്കാൻ തുടങിയപ്പോഴുള്ള അപചയം നമ്മൾ കണ്ടതല്ലെ!!അതുപോലെ ഭരതന്റെ മാസ്റ്റർ പീസ് എന്നു പറയാവുന്ന വൈശാലി ,താഴ്വാരം എന്നിവ എംടിയുടെ തിരക്കഥയിൽ സംഭവിച്ചതാണ്.
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടോ? സംഭാഷണം തന്നെ സിനിമ - പരിഹാസം! റേഡിയായില്‍ സിനിമ കാണാം എന്ന് കണ്ട് പിടിച്ചില്ല സാറേ. ഞങ്ങള്‍ അതിനു ടിവി ഓണാക്കി. സംഭാഷണം തന്നെ സിനിമ എന്ന് പറയുമ്പോള്‍ സംഭാഷണം മാത്രമുള്ള ചില പ്രത്യേക സിനിമയിലെ ഏറ്റവും നല്ല സീനുകളെക്കുറിച്ച് ഇയാളെന്തു പറയും? സിനിമ ഇയാളുടെ നിര്‍വ്വചനത്തില്‍ നില്‍ക്കണോ? വിഷ്യുവല്‍ മീഡിയ തന്റെയൊക്കെ തറവാട്ട് വക തന്നേ? സിനിമയുടെ തിരക്കഥയും സിനിമയുടെ ശബ്ദരേഖയും ഓരോ രീതിയുലുള്ള കലയാണ്, അതാസ്വദിക്കണമെങ്കില്‍ ഒരല്പം കലാവാസന വേണം. കഥകളിയെന്ന സങ്കീര്‍ണ്ണ കലയിലെ മേക്കപ്പ് മാത്രം ഒരു കലാരൂപമാണ്, അതിനെ ഇവന് എന്തു പറയും? മേക്കപ്പ് അല്ല കഥകളിയെന്നോ? റഹ്മാന്റെ സംഗീതത്തിന്റെ ഡ്രംസ് മാത്രം ഇഷ്ടപ്പെടുന്നവരുണ്ട്. ഇവന്റെയൊക്കെപ്പോലെയുള്ള പമ്പര വിഡ്ഡികള്‍ക്ക് ഉത്തരം പറയാനും ഒരിത് വേണം...
anonymous,
പോസ്റ്റ് വായിക്കാനും കരയാനും ബോറഡിക്കാനുമൊന്നും ആരും നിർബന്ധിച്ചില്ലല്ലോ...അതു കൊണ്ട് അതു വിട്.
മലയാളം സിനിമ, ടെറന്‍സ് മലിക്, മൈക്ക് ലീ, ജിലേബി, മീന്കറിഈ പോസ്റ്റ് മലയാളസിനിമയെക്കുറിച്ചല്ല. സനലിന്റെ കമന്റിനു എഴുതിയ മറുപടി വായിക്കൂ.
ഈ പോസ്റ്റ് genre-കളെ കുറിച്ചുമല്ല.
തിരക്കഥകൾ ആദ്യമായി അച്ചടിച്ചിറങ്ങിയത് മലയാളത്തിലാണെന്ന് ഞാൻ പറഞ്ഞുവോ? താങ്കൾ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണു പറയുന്നത്. I don't think I can be held responsible for you being a moron.
പിന്നെ ഈ സാറെ വിളി, തറവാട്ടു സ്വത്ത് പ്രയോഗമൊന്നും ഇവിടെ വേണ്ട. സ്വന്തം വീട്ടിൽ മതി.
മറ്റേതു സാധനവും പോലെ അതും ഒരു വ്യവസായമല്ലേ.. വായിക്കാനാളുള്ളതു കൊണ്ട് പുറത്തിറങ്ങുന്നു. സീരിയല്‍ വ്യവസായവും അനുബന്ധ വ്യവസായവും പുതിയ തൊഴില്‍ സാധ്യതകളാണ്. മുന്‍പേ ഗമിച്ചീടിന ഗോവു തന്റെ ലൈന്‍
റോബി,
നാട്ടിലുണ്ടോ...??? എന്നാ തിരിച്ചു പൊവുന്നെ..??
ഈയടുത്ത് ഗുല്‍മോഹറിന്റെ തിരക്കഥ വാങ്ങി വായിച്ചു..എനിക്കിഷ്ടമായി..സിനിമ കാണാന്‍ സാധിച്ചിരുന്നില്ല...രന്‍ജിത്ത് എന്ന നടന്റെ ഭാവന്ഗ്ഗള് മനസ്സില്‍ ക്രിയേറ്റ് ചെയ്തു വായിച്ചപ്പോള്‍ കൂടുതല്‍ ഇഷ്ടമായി..സൈക്കോ ഞാന്‍ തിരക്കഥ വായിച്ചതിനു ശേഷമാണു കണ്ടത്, കൂടുതല്‍ ആസ്വാദ്യം..പദ്മരാജന്റെ തിരക്കഥകള്‍ പുസ്തകരൂപത്തില്‍ പണ്ടു മുതല്‍ക്കെ പോപ്പുലറായിരുന്നല്ലോ..
പിന്നെ, തിരക്കഥ വായിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം അത് എത്രത്തോളം നമുക്ക് വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നൂ എന്നതിനെ അനുസരിച്ചിരിക്കും എന്നാണു തോന്നുന്നത്...
തിരക്കഥ/നോവല്‍ വായിച്ചതിനു ശേഷം സിനിമ കണ്ടപ്പോള്‍ ഇഷ്ടപ്പെടാതെ പോയത് ഗോഡ്-ഫാദര്‍ !!!!
ഞാന്‍ ധരിക്കുന്ന കണ്ണട വച്ചു തന്നെ എല്ലാവരും ഇതു വായിച്ചാ മതിയെന്ന് നിര് ബന്ധം ഉള്ളത് പോലെയുണ്ട് റോബിയുടെ എഴുത്ത് ;).
നിങ്ങള്‍ ധാരാളം സിനിമ കണ്ടിട്ടുണ്ട്, സിനിമയെക്കുറിച്ചറിയാം എല്ലാം സമ്മതിച്ചു അവസാന വാക്കാണെന്ന ഈഗോ ഒന്നു മാറ്റിയാല്‍ നന്നായിരിക്കും
അറിയുന്ന അനോണി :)
യോജിക്കുകയും വിയോജിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.
അറിയുന്ന അനോണി,
എന്റെ ആംഗിളില്‍ നിന്നു തന്നെ എല്ലാവരും വായിക്കണമെന്നുണ്ടെങ്കില്‍ ഈ ബ്ലോഗില്‍ അനോണി ഓപ്ഷന് പോയിട്ട് കമന്റ് ഓപ്ഷന് പോലും ഉണ്ടാകുമായിരുന്നില്ല. പിന്നെ ആദ്യത്തെ അനോണിയോട് അല്പം പരുഷമായി മറുപടി പറഞ്ഞത്, പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പരിഹസിക്കാന്‍ ശ്രമിച്ചതിനായിരുന്നു.
ഈ കുറിപ്പ് onesided ആണെന്ന് എനിക്കറിയാം. അതിനു കാരണം,
1. ഭേദപ്പെട്ട സിനിമകളുടെ തിരക്കഥകള്‍ ലഭ്യമാണെങ്കിലും ആ സിനിമകള്‍ ലഭ്യമല്ല. കാലക്രമേണ ഈ സിനിമകള്‍ നശിച്ചും നഷ്ടപ്പെട്ടും പോകും. സിനിമകള്‍ സംരക്ഷിക്കാത്തതിലുള്ള ഒരു തരം അമര്‍ഷമാണ് ഇതെഴുതിച്ചത്.
2. സിനിമ എന്നാല്‍ സാഹിത്യമോ ഫിലോസഫിയോ അല്ല. സാഹിത്യത്തിനും ഫിലോസഫിക്കും സ്വന്തമായ അസ്ഥിത്വം ഉള്ളതു പോലെ സിനിമയ്ക്കുമുണ്ട്. തിരക്കഥ ഒരു സാഹിത്യശാഖയാകുമ്പോള് സിനിമയെ സാഹിത്യത്തിന്റെ തൊഴുത്തില്‍ കൊണ്ടുചെന്ന് കെട്ടുകയാണ്. എംടിയൊക്കെ ചെയ്യാന്‍ ശ്രമിച്ചതും അതാണ്. ഈ തിരക്കഥാപ്രസാധനങ്ങള് ചെയ്തുകൊണ്ടിരിക്കുന്നതും അതു തന്നെ. ഈ ആശയം കണ്‍വെ ചെയ്യണമെങ്കില്‍ onesided ആയിത്തന്നെ എഴുതണമായിരുന്നു.
തിരക്കഥ പ്രസാധനത്തിന്റെ വ്യവസായിക വശമുണ്ട്. അത് നമത് ചൂണ്ടിക്കാട്ടി. സനല്‍ പറഞ്ഞതിലും ചില കാര്യങ്ങളുണ്ട്. തിരക്കഥ വായിക്കുന്നതിന്റെ രസത്തെപറ്റി കുട്ടന്സും വിന്‍സും പറഞ്ഞു. അതൊന്നും നിഷേധിക്കുന്നില്ല. അതിനോടൊന്നും എതിര്‍പ്പുമില്ല. അതൊക്കെ വേണം.
പക്ഷെ അതിനൊപ്പം സിനിമ സംരക്ഷിക്കാതെയും നല്ല സിനിമ ലഭ്യമാക്കാതെയും ഈ ഒരു വാണിജ്യവശം മാത്രം മുന്‍നിര്‍ത്തി തിരക്കഥകള്‍ ഇറക്കുമ്പോള്‍ സിനിമയ്ക്കു സംഭവിക്കുന്നതെന്തെന്ന് നമ്മള് ബോധവാന്മാരായിരിക്കേണ്ടേ?(ദേ പിന്നേം പുല്ലിംഗം..!)
ഇനി ഈഗോയുടെ കാര്യം പറഞ്ഞാല്‍, ഉണ്ടായിരിക്കാം. ഈഗോ അല്പജ്ഞാനിയുടെ ആയുധമല്ലേ? എന്റെ സ്വഭാവികമായുള്ള അല്പജ്ഞാനത്തിന്റെ അടയാളമായിരിക്കാം അത്.
ഞാന്‍ സിനിമയെക്കുറിച്ച് പറയുമ്പോള്‍ ആധികാരികതയുടെ സ്വരം വരുന്നുണ്ടെങ്കില്‍ അതു തിരുത്താന്‍ ശ്രമിക്കുന്നതാണ്.
പരാജിതനും കാലിക്കട്ടറും വെള്ളെഴുത്തും ഒക്കെ എഴുതുന്നതു പോലെ സിനിമയെക്കുറിച്ച് എഴുതണമെന്നുണ്ട്. പക്ഷെ അത്രയും അറിവ് വേണ്ടേ..അറിവ് മാത്രമല്ലല്ലോ വേണ്ടതും...
സാഹിത്യകാരന്മാര് മുഖ്യധാരാസിനിമയേയും സമാന്തര സിനിമയേയും ഒരു പോലെ നിയന്ത്രിച്ചിരുന്നത് കൊണ്ടാണോ തിരക്കഥക്ക് (നമുക്ക് തിരക്കഥ എന്ന് പറഞ്ഞാല്‍ വെറൂം സംഭാഷണങ്ങള്‍ മാത്രം) മലയാളത്തില്‍ ഇത്ര പ്രാധാന്യമുണ്ടായത് ? തിരക്കഥയിലൂടെ ക്യാമറ ഓടിക്കുന്നതാണ് നമുക്ക് പല്പ്പോഴും സിനിമ. രസകരമായ കാര്യം തിരക്കഥയേ ഇല്ലാതെ സിനിമ ഉണ്ടായ ഭാഷയാണ് മലയാളം എന്നതാണ്. അരവിന്ദന്റെ തമ്പ്.
അനോന്യ്മൌസ് നിങളുടെ അഭിപ്രയങള് നിങ്ങള്‍ എയുതണം പക്ഷെ അതിനു വീട്ടില്‍ ഉപ്പയോഗികുന വാകുകള്‍ ഇവിടെ ഉപയോഗികരുത്
Anonymity itself is cowardice. These yellow bellies will show extra courage in order to prove that they are brave. Why do you want to answer to such guys, who are hiding somewhere, whose only visible feature is their voice? Ignore them. Do not publish their opinions.
We really enjoy your sincere experiences.
Post a Comment