Saturday, April 10, 2010

ദി ക്യൂരിയസ് കേസ് ഓഫ് ഗോപാലകൃഷ്ണൻ...!

പറയാൻ പോകുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിലെ ഡോ.ഗോപാലകൃഷ്ണനെക്കുറിച്ചുതന്നെയാണ്. സയന്റിഫിക് ഹെറിറ്റേജ് എന്ന വാക്ക് അതിൽതന്നെ ഒരു ഓക്സിമോറോൺ ആണെന്നു തോന്നുന്നു. കാരണം, ഹെറിറ്റേജ് എന്നുപറഞ്ഞാൽ ആഡ്യത്വം, തറവാടിത്തം എന്നൊക്കെപ്പോലെയുള്ള ഒരു ഫ്യൂഡൽ പദമാണെങ്കിൽ ശാസ്ത്രീയതയെന്നാൽ അങ്ങേയറ്റം ചലനാത്മകവും വ്യക്തിനിഷ്ഠതയ്ക്ക് ഒട്ടുമേ പ്രാധാന്യമില്ലാത്തതുമായ ഒന്നാണല്ലോ. ഇങ്ങനെ ചില വിരുദ്ധദ്വന്ദങ്ങൾ തമ്മിലുള്ള പാരസ്പര്യങ്ങൾ കണ്ടെത്തുക ദൌത്യമായി സ്വീകരിച്ച ഒരു സംഘടനയെ നയിക്കുന്ന ശ്രീ.ഗോപാലകൃഷ്ണന്റെ പേഴ്സണൽ കരിയറിലും ഒരുതരം ഓക്സീമോറോൺ സ്വഭാവം കാണാൻ കഴിയും. സ്വയം ഒരു ശാസ്ത്രജ്ഞനെന്ന് അവകാശപ്പെടുമ്പോഴും കുറെ ഫ്യൂഡൽ മൂല്യങ്ങളുടെ പ്രചാരകനെന്നതാണ് സമൂഹത്തിലെ അദ്ദേഹത്തിന്റെ റോൾ.

ശരിക്കും ഗോപാലകൃഷ്ണനും കൂട്ടരും അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ മഹത്തരമായിരുന്നോ ഇന്ത്യൻ പൌരാണികത? ഈ ചോദ്യത്തിനു ഉത്തരം തേടുമ്പോൾ, ഇന്ന് ഗോപാലകൃഷ്ണനും കൂട്ടരും പ്രതിയോഗികളുടെ സ്ഥാനത്ത് നിർത്തുന്ന യൂറോപ്പിന്റെയും അമേരിക്കയുടെയും അക്കാലത്തെ അവസ്ഥയുമായല്ല താരത‌മ്യം വേണ്ടത്, മറിച്ച് അക്കാലത്ത് നിലവിലുണ്ടായിരുന്ന മറ്റ് സംസ്കാരങ്ങളുമായാണ്. ഉദാഹരണത്തിന്, പ്രാചീന ഗ്രീക്ക് സംസ്കാരത്തെത്തന്നെയെടുക്കാം. ഒറ്റനോട്ടത്തിൽത്തന്നെ പ്രാചീന ഇന്ത്യൻ-പ്രാചീന ഗ്രീക്ക് സംസ്കാരങ്ങൾ തമ്മിൽ പല സാധർമ്യങ്ങളും കാണാൻ കഴിയും. ഹോമറിന്റെയും അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും ആർക്കിമിഡീസിന്റെയും കാലഘട്ടത്തേക്കാൾ പഴക്കമുള്ളതല്ല വ്യാസന്റെയും യാജ്ഞവൽക്യന്റെയും ആര്യഭടന്റെയും കാലമെങ്കിലും, അരിസ്റ്റോട്ടിൽ പ്ലേറ്റോ എന്നിവരുടെ പേരുകളിലില്ലാത്ത എന്തോ ഒരു മിസ്റ്റിക് എലമെന്റ് വ്യാസന്റെയും യാജ്ഞവൽക്യന്റെയും പേരിനെ ചുറ്റിപ്പറ്റിയുണ്ട്. അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും പേരുകൾ, യുക്തിയും ചിന്താശേഷിയുമുപയോഗിച്ച് ജീവിതത്തെയും പ്രപഞ്ചരഹസ്യങ്ങളെയും മനസ്സിലാക്കാൻ ശ്രമിച്ച സാധാരണ വ്യക്തികളുടെ ഓർമ്മകളുയർത്തുന്നുവെങ്കിൽ, വ്യാസനും യാജ്ഞവൽക്യനുമൊക്കെ, വർഷങ്ങളോളം തപസ്സും വ്രതവും അനുഷ്ഠിച്ച, ദേവന്മാരോട് നേരിട്ട് ഇടപെടുന്ന, അഭൌമമെന്നു വിശേഷിപ്പിക്കാവുന്ന കഴിവുകളുള്ള മഹർഷിമാരുടെ ഓർമ്മകളാണുയർത്തുന്നത്. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ ചൂഴ്ന്നു നിൽക്കുന്ന മിസ്റ്റിക് പരിവേഷത്തിലാണ് ഹിന്ദുമതത്തിന്റെ (എല്ലാ മതങ്ങളുടെയും) നിക്ഷേപങ്ങളിരിക്കുന്നത്. ഈ മിസ്റ്റിക് ഘടകത്തെ നിലനിർത്താൻ നമ്മുടെ നാടോടിക്കഥകളും ചിത്രകഥകളുമെല്ലാം കാരണമാകുന്നുണ്ടാകാം. ഇന്ത്യൻ ഹീറോകളെല്ലാം, ഇങ്ങേയറ്റത്ത് ഗാന്ധിയടക്കം, ഇതുപോലൊരു മിസ്റ്റിക് പരിവേഷം നിലനിർത്താൻ ബോധപൂർവ്വം ശ്രമിച്ചിട്ടുള്ളത് മനസ്സിലാക്കാം. ഗോപാലകൃഷ്ണന്മാരുടെ സുവിശേഷപ്രചാരണത്തിന്റെ ആകെത്തുകയും ഈ മിസ്റ്റിക് എലമെന്റുകൾ തന്നെ.


ബെഞ്ചമിൻ ബട്ടണും ഗോപാലകൃഷ്ണനും
ഡേവിഡ് ഫിഞ്ചറുടെ ‘ദി ക്യൂറിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ’ എന്ന ചലച്ചിത്രം പലരും കണ്ടിട്ടുണ്ടാകും. ബെഞ്ചമിൻ ബട്ടന്റെ കേസ് ക്യൂറിയസ് ആകുന്നത് അയാളുടെ ജീവിതത്തിന്റെ പ്രത്യേകത കൊണ്ടാണ്. വൃദ്ധനായിട്ടാണയാൾ ജനിക്കുന്നത്. അറിവും ജീവിതാനുഭവങ്ങളുമുള്ള വൃദ്ധന്മാരുടെ കൂടെയാണ് ഇതുരണ്ടുമില്ലാത്ത ബട്ടന്റെ കുട്ടിക്കാലം. ഒടുവിൽ അറിവും പക്വതയും ജീവിതാനുഭവങ്ങളുമാർജ്ജിക്കുന്ന കാലത്ത് ഇതൊന്നും പ്രയോഗിക്കാനാകത്ത ഒരു ശൈശവത്തിലേക്കാണയാൾ പോകുന്നത്. എല്ലാവരുടെയും ജീവിതം മുന്നോട്ടു പോകുന്നുവെങ്കിൽ ബട്ടന്റെ ജീവിതം പുറകോട്ടു പോകുന്നു.

ഏതാണ്ട് 30 കൊല്ലം മുൻപെയായിരിക്കണം ശ്രീ.ഗോപാലകൃഷ്ണൻ പി.എച്ച്ഡി പൂർത്തിയാക്കിയത്. ശാസ്ത്രസമൂഹം അതിനുശേഷം എത്രമാത്രം മുന്നോട്ടു പോയി. ഗോപാലകൃഷ്ണനാകട്ടെ പുറകോട്ടാണു പോയത്. അയാളുടെ പോക്ക് ഏതാണ്ട് ഒന്നാം നൂറ്റാണ്ടിലെത്തി നിൽക്കുന്നു. അക്കാലത്ത് ആളുകൾ സംസാരിച്ചിരുന്ന കാര്യങ്ങളാണ് ശ്രീ.ഗോപാലകൃഷ്ണൻ ഇന്നു സംസാരിക്കുന്നത്. പ്രശ്നമതല്ല. അയാൾ പുറകോട്ടു പോകുന്നതിനൊപ്പം ദിക്കറിയാത്ത ഒരു സമൂഹത്തെ പുറകോട്ടു പിടിച്ചു വലിക്കുകയും ചെയ്യുന്നു. പോകേണ്ട ദിശയെപ്പറ്റി ഒരു ധാരണയുമില്ലാത്തെ വലിയൊരു സമൂഹത്തെ നുണകൾ പറഞ്ഞും തരികിടവേലകൾ കാണിച്ചും താൻ നിൽക്കുന്ന പുരാതനകാലത്തേയ്ക്ക് ആകർഷിക്കുകയാണു ഗോപാലകൃഷ്ണൻ ചെയ്യുന്നത്.

സമൂഹവും ചരിത്രവും കെട്ടിക്കിടക്കുന്ന വെള്ളം പോലെയാകരുത്, ഒഴുകിക്കൊണ്ടേയിരിക്കണം. മുന്നോട്ടുപോകേണ്ട സമൂഹത്തെ തടഞ്ഞുനിർത്തുന്ന അണകളെ തകർത്തുവിടേണ്ടതുണ്ട്. അതിന് മലയാളം ബ്ലോഗിടത്തിൽ നിന്നും രണ്ടു ചെറുപ്പക്കാർ തയ്യാറായിരിക്കുന്നു. ഗോപാലകൃഷ്ണന്റെ വാദങ്ങൾ സയൻസ്, ജ്യോതിഷം, ചരിത്രം, സംസ്കൃതം എന്നീ ജ്ഞാനശാഖകളുമായി ബന്ധപ്പെട്ടുള്ളതായതിനാൽ, ഈ നാലു വിഷയത്തിലും ആഴവും പരപ്പുമുള്ള അറിവ് സ്വന്തമാക്കിയ ഉമേഷും സൂരജും. ഇതാ അവരുടെ രണ്ട് ലേഖനങ്ങൾ

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകൾ


സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ


അപ്പോൾ വായിക്കുക, വരിക്കാരാകുക

3 comments:

ചിത്രഭാനു Chithrabhanu said...

ഹ ഇതൊക്കെ എന്ത്..! MISH എന്നു കേട്ടിട്ടൂണ്ടോ..?
മായാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റ്റിഫിക് ഹെറിറ്റേജ്!!!! ആർഷ ഭാരതമൊക്കെ മായാവീടെ മുന്നിൽ പുയു അല്ലേ പുയു. ഇത് വായിച്ച് നോക്ക്
http://chithrabhanup.blogspot.com/2010/03/blog-post_11.html

നന്ദന said...

റോബി, താങ്കൾ പറഞ്ഞത് എത്രയോ വലി സത്യം കോപാലൻ പൂറ്കോട്ടാണു പോകുന്നത്.

Joker said...

വീട്ടിലൊക്കെ ചില പൂച്ചകളുണ്ട്. ഇണങ്ങാത്ത പൂച്ചകളാണവ വീടിന് മുന്‍ വശത്തു കൂടി വന്നാല്‍ വീട്ടുകാര്‍ ഓടിക്കും. അത് കൊണ്ട് അടുക്കള ജനല്‍, വെന്റിലേഷന്‍ എന്നീ സ്ഥലങ്ങളില്‍ കൂടിയൊക്കെയാണ് ഇവറ്റകള്‍ അകത്ത് കടക്കുക. നേരെ ചൊവ്വെ ഹിന്ദു ശാസ്ത്രവും കൊണ്ട് വന്നാല്‍ സംഗതി ആളുകള്‍ക്ക് തിരിയും , അത് കൊണ്ട് ‘ഇന്ത്യന്‍ ഹെറിറ്റേജ് എന്ന അഭ്യാസം’ ലോകത്ത് ഒട്ടുമിക്ക കണ്ട്റ്റു പിടുത്തങ്ങള്‍ക്കും ഒന്നിലേറെ രാജ്യങ്ങളുമായോ , വ്യക്തികളുമൊക്കെയായോ ബന്ധമുണ്ട്. ഇത് അറിയാത്തവനല്ല ഡോ.ഗോ. പക്ഷെ ഈ ശാസ്ത്ര ദേശീയതയില്‍ കൂടി ആളുകളില്‍ വിഷവും അന്ധ വിശ്വാസവും കുത്തി വെക്കുകയാണ് ഈ അഴകൊഴമ്പന്‍ വാദ ഗതികളിലൂടെ ഈ ശാസ്ത്രജ്ഞന്‍ ഉദ്ദേശിക്കുന്നത്. പൊരിച്ചെടുക്കാന്‍ എളുപ്പമുള്ള പപ്പടം ‘ദേശീയതയാണെന്ന്’സംഘപരിവാരക്കാരേ ആരും പഠിപ്പിക്കേണ്ട. അത് കൊണ്ട്റ്റ് ഇതൊരു തരം ശാസ്ത്ര ദേശീയതയായി ആഘോഷിക്കുന്നു. ഈ ഭീകരവാദത്തിന്റെ കാലത്ത് 90 ഡിഗ്രി ഉദ്ദാരണം ഈ ഹിന്ദു ഹെറിറ്റേജിലൂടെ സാധ്യമാക്കുന്നത് ചില്ലറ കാര്യമല്ലല്ലോ. ഇത് അറിയാതെയുള്ള അഭ്യാസമല്ല. ചില തിരക്കഥകളുടെ ഭാഗമാണ് എന്നാണ് എന്റെ പക്ഷം.

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.