ഐറിസ്

Sunday, November 8, 2015

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി: പെസ്സിമിസ്റ്റിന്റെ വീക്ഷണം !

ബീഹാറിലേത് വർഗീയതയ്‌‌ക്കെതിരായ ജനവിധിയാണെന്നു കരുതുന്നത് പൂർണമായ ശരിയല്ലെന്നു തോന്നുന്നു. കോർപ്പറേറ്റുകൾ കോർപ്പറേറ്റുകൾക്കായി നടത്തുന്ന ഭരണത്തിൽ അടിസ്ഥാനജനത്തിനുണ്ടാകുന്ന നഷ്ടങ്ങളെ അവർ തിരിച്ചറിയുന്നു. അതു ഇലക്ഷൻ റിസൾട്ടിലും പ്രതിഫലിക്കുന്നു. മോഡി കോർപ്പറേറ്റുകളുടെ പ്രധാനമന്ത്രിയാണ്. വർഗീയ അജണ്ടകൾ നടപ്പിലാക്കുന്നത് മോഡിയെ തെരഞ്ഞെടുത്ത പോളിറ്റിയാണ്. അതു ചെയ്യുന്നവർക്കുള്ള സംരക്ഷണമാണു മോഡി നൽകുന്ന വാഗ്ദാനം.

മോഡിയെ തെരഞ്ഞെടുത്ത മോബിനു വേണ്ടത് വർഗീയതയും ജാതീയതയും നടപ്പിലാക്കാനുള്ള അവസരം. ഇതു മോഡി ഉറപ്പാക്കുന്നു. കോർപ്പറേറ്റുകൾക്ക് വേണ്ടത് അവർക്കുവേണ്ടി തീരുമാനങ്ങളെടുക്കുന്ന ഗവൺമെന്റ്. ഇതും മോഡി ഉറപ്പാക്കുന്നു. ഈ രണ്ടു കൂട്ടരും കൂടി മോഡിയ്‌‌ക്കു വേണ്ട അധികാരം സംരക്ഷിക്കുന്നു. ഇങ്ങനെ മൂന്നു ലെവലുള്ള ഒരു സിംബയോസിസ് ആണു നിലവിലെ അവസ്ഥ.

പ്രശ്നം കോർപ്പറേറ്റുകൾ എന്ന മുകൾത്തട്ട് അടിസ്ഥാനപരമായി ജനവിരുദ്ധമാണ്. സാന്പത്തികമായി ഒരു കൂട്ടർക്ക് ലാഭമുണ്ടാകുന്പോൾ മറ്റേക്കൂട്ടർക്ക് നഷ്ടമുണ്ടാകാതെ വയ്യ. ഈ നഷ്ടത്തെ ജനം തിരിച്ചറിയുന്പോൾ, ദാലിനു വില കൂടുന്പോൾ ബീഹാറുണ്ടാകും. അല്ലാതെ 2014-ൽ മോഡിയ്‌‌ക്ക് വോട്ടു ചെയ്ത ജനം ഒരു കൊല്ലം കൊണ്ട് ജനാധിപത്യവാദികളായതല്ല.

സത്യത്തിൽ ഈ ഇലക്ഷൻ റിസൾട്ട് കൂടുതൽ പ്രശ്നങ്ങളിലേക്കാണു ഇന്ത്യയെ നയിക്കുന്നത്. ഇതിനു മുൻപു വന്ന പ്രധാനമന്ത്രിമാരെപ്പോലെ അഞ്ചുകൊല്ലം കഴിയുന്പോൾ അധികാരമൊഴിഞ്ഞ് ഇലക്ഷനെ നേരിടാനല്ല മോഡി വന്നത്. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന് ഫ്ലക്സടിച്ചാൽ ജനം വീണ്ടും തെരഞ്ഞെടുക്കുമെന്ന് മനക്കോട്ട കെട്ടാനും മാത്രം വിഡ്ഡിയല്ല മോഡിയും അമിത് ഷായും. ഹിന്ദുത്വയെ സംബന്ധിച്ചിടത്തോളം, വ്യക്തമായ ഭൂരിപക്ഷമുള്ള, ഇത്രയും അനുകൂലമായൊരു അവസരം ഇനി പ്രതീക്ഷിക്കാനുമാകില്ല.

അധികാരം നിലനിർത്താൻ മൂന്നു വഴികളാണു മോഡിയ്‌‌ക്കു മുന്നിലുള്ളത്.

൧. വർഗീയകലാപങ്ങൾ എന്ന ഇൻസെന്റീവ് കൊടുത്ത് മോബിനെ കൂടെ നിർത്തുക. ഇതിന്റെ കൂടെ വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചുനിർത്താനായാൽ ഈ ജനം തന്നെ മോഡിയെ പിന്നെയും തെരഞ്ഞെടുക്കും.
എന്നാൽ ബീഹാറുപോലെയുള്ള ഇടക്കാലതെരഞ്ഞെടുപ്പുകളിൽ പരാജയം ആവർത്തിക്കുകയാണെന്കിൽ...

൨. ലോക്സഭ ഇലക്ഷനാകുന്നതിനു മുൻപ്, അധികാരത്തിന്റെ നാലാം കൊല്ലം, യുദ്ധസമാനമായ സാഹചര്യം സൄഷ്ടിച്ച് ഇലക്ഷൻ സസ്പെൻഡ് ചെയ്യുകയും വീണ്ടുമൊരു അടിയന്തിരാവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകുകയുമാണു വഴി. 

൩. മൂന്നാമത്തെ ഓപ്ഷൻ ഇലക്ഷൻ റിഗ് ചെയ്യുകയാണ്. ആളുകളെ കൊല്ലാൻ മടിക്കാത്തവർ ഇതിനും മടിക്കില്ല.

ജനാധിപത്യത്തിലേക്ക് സ്വമേധയ പരിണമിച്ച സമൂഹമല്ല ഇന്ത്യയിലേത്. നെഹ്രുവിനെയും അംബേദ്കറിനെയും പോലെ കാലത്തിനു മുന്നെ നടന്ന മഹാൻമാർ നമുക്ക് തന്ന സമ്മാനമാണ്. ഇതു തന്നെയാണു ഇന്ത്യൻ ജനാധിപത്യത്തിലെ ആന്തരിക വൈരുദ്ധ്യവും. നെഹ്രുവിനും അംബേദ്കറിനും തുടർച്ചകളില്ലാതെ പോയി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയമെന്ന് തോന്നുന്നു.

രണ്ടാമത്തെ ഓപ്ഷനാണ് ഏറ്റവും സാധ്യത എന്നു ഞാൻ കരുതുന്നു. അതു സംഭവിക്കുകയാണെന്കിൽ, ഇന്ദിരയുടെ അടിയന്തിരാവസ്ഥ പോലെയായിരിക്കില്ല കാര്യങ്ങൾ. ഇന്ദിരയ്‌‌ക്കില്ലാതെപോയ ചില കാര്യങ്ങൾ മോഡിയ്‌‌ക്കനുകൂലമായുണ്ട്. പട്ടാളത്തിന്റെ പരിധികളില്ലാത്ത പിന്തുണ, കോർപ്പറേറ്റ് പിന്തുണ, ഭൂരിപക്ഷ മോബിന്റെ പിന്തുണ.
കാര്യങ്ങൾ അത്ര ശുഭകരമല്ല ! 

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.